ക്രൂരതയില്‍ ആനന്ദം കണ്ടെത്തുന്നവരായി മലയാളി മാറുകയാണോ എന്ന സംശയം ഉയര്‍ത്തുന്നതാണ് പെരുമ്പാവൂരില്‍വച്ച് ബസ്സില്‍ പോക്കറ്റടിച്ചുവെന്നാരോപിച്ച് പാലക്കാട് തണ്ടായം വീട്ടില്‍ ചന്ദ്രന്റെ മകന് രഘു (40)വിനെ കെ.സുധാകരന് എംപിയുടെ ഗണ്മാന് സതീഷും കൊലക്കുറ്റത്തിന് കേസ് നിലവിലുള്ള സന്തോഷും മറ്റൊരാളുംകൂടി ക്രൂരമായി തല്ലിക്കൊന്ന സംഭവം. പെരുമ്പാവൂരിനടുത്ത് തൊടാപറമ്പിലുള്ള ഒമേഗ പ്ലാസ്റ്റിക് കമ്പനിയിലെ ജീവനക്കാരനാണ് രഘു. തന്റെ ഒന്നര പവന്റെ മോതിരം സുഹൃത്തായ ബാലനെക്കൊണ്ട് പെരുവെമ്പ് സഹകരണ ബാങ്കില്‍ പണയംവെച്ച് ലഭിച്ച 19,000 രൂപയുമായി പെരുമ്പാവൂരിലേക്ക് വരികയായിരുന്ന രഘുവിനെയാണ് ഇവര്‍ പേപ്പട്ടിയെ തല്ലിക്കൊല്ലുംപോലെ മൃഗീയമായി തല്ലിച്ചതച്ച് മനുഷ്യക്കുരുതി എന്ന് മുഖ്യമന്ത്രി പോലും വിശേഷിപ്പിക്കുന്ന അരുംകൊല നടത്തിയത്. സന്തോഷിന്റെ മൊബെയില്‍ മോഷണം പോയെന്നും അത് രഘുവാണ് എടുത്തതെന്നും പറഞ്ഞ് തുടങ്ങിയ ആക്രമണം മൊബെയില്‍ ബസ്സില്നിന്നുതന്നെ കണ്ടുകിട്ടിയതോടെ അവസാനിപ്പിച്ചിരുന്നു. മൊബെയില്‍ അന്വേഷണത്തിലാണ് രഘുവിന്റെ കയ്യിലെ പണം കണ്ടതും അത് മോഷ്ടിച്ചതാണെന്നും ആരോപിച്ച് മര്‍ദ്ദനം തുടര്‍ന്നത്. സഹയാത്രികര്‍ തങ്ങളുടെ പണം നഷ്ടപ്പെട്ടിട്ടില്ലെന്ന് പറയുകയുണ്ടായി.
പക്ഷെ പെരുമ്പാവൂരില്‍ ഇറങ്ങിയപ്പോള്‍ കൂടെയിറങ്ങിയ സന്തോഷും സതീഷും മൂന്നാമനും ചേര്‍ന്ന് രഘുവിനെ ‘കള്ളാ’ എന്ന് വിളിച്ച് നാട്ടുകാരുടെ മുമ്പില്‍വെച്ച് ഒരു ബെഞ്ചില്‍ കിടത്തി കൈ പുറകോട്ട് വച്ച്, മുട്ടുകാല്‍കൊണ്ട് നെഞ്ചില്‍ ഇടിക്കുകയും മുതുകില്‍ ചവിട്ടുകയും ചെയ്തുവത്രെ. താന്‍ പോലീസാണെന്ന് ഗണ്മാന് സതീഷ് ആക്രോശിച്ചിരുന്നു. ഇത്ര ക്രൂരമായി മര്‍ദ്ദിച്ച് കൊല്ലാനുള്ള ഒരു കാരണവുമുണ്ടായിരുന്നില്ല. ഒരു ക്രിമിനല്‍ പശ്ചാത്തലവുമില്ലാത്ത, മോഷണശീലമില്ലാത്ത രഘുവിനെ കെഎസ്ആര്‍ടിസി ജീവനക്കാരുടെ മുമ്പില്‍വച്ചാണ് തല്ലിക്കൊന്നത്. കുഴഞ്ഞുവീണ രഘു ‘വെള്ളം വെള്ളം’ എന്ന് പറഞ്ഞ് കരഞ്ഞപ്പോള്‍ നാട്ടുകാരാണ് വെള്ളം കൊടുത്തത്. രഘു കുഴപ്പക്കാരനല്ലെന്ന് തൊഴിലുടമയും സ്ഥിരീകരിച്ചിട്ടുണ്ട്. ഗണ്മാന് സതീഷിനെയും സന്തോഷിനെയും കൊലക്കുറ്റം ചാര്‍ജ് ചെയ്ത് പോലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. കെഎസ്ആര്‍ടിസി ജീവനക്കാരുടെയും നാട്ടുകാരുടെയും മുന്നിലാണ് ഈ നരഹത്യ നടത്തിയത്. എങ്കിലും കെ. സുധാകരന് എംപി തന്റെ ഗണ്മാന് കുറ്റക്കാരനല്ല എന്നാണ് വാദിക്കുന്നത്. പക്ഷെ നിയമസഭയില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞത് ഗണ്മാന് നടത്തിയത് മനുഷ്യക്കുരുതിയാണെന്നും മരിച്ച രഘുവിന്റെ കുടുംബത്തിന് സഹായം നല്‍കുമെന്നുമാണ്. ഇത് മനസാക്ഷിയെ ഞെട്ടിക്കുന്ന സംഭവമാണെന്നും അദ്ദേഹം പറഞ്ഞു. മര്‍ദ്ദനത്തെത്തുടര്‍ന്നാണ് മരണം സംഭവിച്ചിരിക്കുന്നതെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് തെളിയിക്കുന്നുണ്ട്. അറസ്റ്റിലായ സന്തോഷിനെയും സതീഷിനെയും പെരുമ്പാവൂര്‍ ഫസ്റ്റ്ക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് റിമാന്റ് ചെയ്തിരിക്കുകയാണ്.
ഒരു മൊബെയിലിന്റെ വില പോലുമില്ലാതായി മനുഷ്യജീവന് കേരളത്തില്‍ എന്നാണ് ദൃക്സാക്ഷികളുടെ മുമ്പില്‍വച്ച് നടത്തിയ ഈ നരഹത്യ തെളിയിക്കുന്നത്. രഘു പണം അപഹരിച്ചിട്ടില്ല എന്ന് സഹയാത്രികര്‍ പറഞ്ഞിട്ടും ഏത് ചേതോവികാരമാണ് ഈ ക്രൂരന്മാരെ ഈ നിരപരാധിയെ അരുംകൊല ചെയ്യാന്‍ പ്രേരിപ്പിച്ചത്? രഘുവിന്റെ കയ്യില്‍ കണ്ട പണം പോക്കറ്റടിച്ചതാണെന്ന നിലപാടില്‍ കൊലയാളികള്‍ ഉറച്ചുനില്‍ക്കുകയാണത്രെ? അഥവാ പോക്കറ്റടിച്ചതാണെങ്കില് പോലീസിന് കൈമാറുന്നതിന് പകരം സ്വയം വധശിക്ഷ നടപ്പാക്കാന്‍ ആര് ഇവര്‍ക്ക് അധികാരം നല്കി? രഘു മോതിരം പണയംവെച്ച് കിട്ടിയ മുഴുവന്‍ തുകയും രഘുവിന്റെ പക്കല്‍നിന്ന് ലഭിച്ചില്ല എന്നും പോലീസുകാര്‍ പറയുന്നു. ജീവന്റെ വില ഇത്ര തുഛമോ? കെഎസ്ആര്‍ടിസി ജീവനക്കാര്‍ തടഞ്ഞുവെച്ചതു കാരണമാണ് കൊലയാളികളെ പിടിക്കാന്‍ പോലീസിന് സാധിച്ചത്. ഇവരെപ്പറ്റി വിശദാംശങ്ങള്‍ നല്‍കാനും ഇവരുടെ ചിത്രം എടുക്കാന്‍പോലും പോലീസ് ആദ്യം സമ്മതിക്കാതിരുന്നത് മുകളില്‍നിന്നുള്ള നിര്‍ദ്ദേശപ്രകാരമാണത്രേ. ഭരണസ്വാധീനവും ഗണ്മാന് പോലീസുമായുള്ള ബന്ധവും ഉപയോഗപ്പെടുത്തി കൊലയാളികള്‍ രക്ഷപ്പെടുമോ എന്നാണ് ജനം ആശങ്കപ്പെടുന്നത്.
വീണ്ടും പോലീസ്രാജ്
അതിവേഗം ബഹുദൂരം സഞ്ചരിച്ച് നൂറുദിന പദ്ധതികള്‍ പൂര്‍ത്തീകരിച്ച് നേടിയ പ്രതിഛായ ഉമ്മന്‍ചാണ്ടിക്ക് ഒരു ദിവസം കൊണ്ട് നഷ്ടപ്പെടുന്ന കാഴ്ചയാണ് കേരളം കാണുന്നത്. കോഴിക്കോട് സര്‍ക്കാര്‍എഞ്ചിനീയറിംഗ് കോളേജില്‍ മൂന്നും നാലും സെമസ്റ്റര്‍ പരീക്ഷ എഴുതാത്ത നിര്‍മ്മല്‍ മാധവ് എന്ന വിദ്യാര്‍ത്ഥിക്ക് അഡ്മിഷന് നല്‍കിയതിനെതിരെ പ്രതിഷേധിച്ച എസ്എഫ്ഐ പ്രവര്‍ത്തകര്‍ക്കുനേരെ എക്സിക്യൂട്ടീവ് മജിസ്ട്രേറ്റിന്റെ ഉത്തരവില്ലാതെ വെടിവെച്ച കോഴിക്കോട് പോലീസിന്റെ നടപടി നാടാകെ എസ്എഫ്ഐ-ഡിവൈഎഫ്ഐക്കാരെ സമരത്തിലേക്ക് നയിച്ചിരിക്കുകയാണ്.
കണ്ണീര്‍വാതക ഷെല്ലും ഗ്രനേഡും പ്രയോഗിച്ചശേഷം പിന്മാറാതിരുന്നതിനാലും സമരക്കാരുടെ ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ പോലീസുകാരെ ആശുപത്രിയിലേക്ക് മാറ്റുന്നത് തടഞ്ഞതിനാലുമാണ് കോഴിക്കോട് അസിസ്റ്റന്റ് കമ്മീഷണര്‍ രാധാകൃഷ്ണപിള്ള നാലുപ്രാവശ്യം വിദ്യാര്‍ത്ഥികള്‍ക്കുനേരെ നിറയൊഴിച്ചത്. രാധാകൃഷ്ണപിള്ളയെ സസ്പെന്റ് ചെയ്തതായി മുഖ്യമന്ത്രി പ്രഖ്യാപിച്ചെങ്കിലും ഇതിലെ കാതലായ പ്രശ്നം പരിഹാരം കാണാതെ നിലനില്ക്കുന്നു.
നിര്‍മ്മല്‍ മാധവ് എന്ന എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥിക്ക് മൂന്നും നാലും സെമസ്റ്റര്‍ ഒഴിവാക്കി അഞ്ചാം സെമസ്റ്ററില്‍ പ്രവേശനം നേടിക്കൊടുത്തതിെന്റ ഉത്തരവാദിത്തം തനിക്കാണ് എന്ന് ഏറ്റുപറയുന്ന മുഖ്യമന്ത്രി നടത്തിയത് ചട്ടലംഘനമാണെന്ന് അഡ്മിഷന് സംബന്ധിച്ച കാര്യങ്ങള്‍ അന്വേഷിക്കുന്ന വിദഗ്ധസമിതി കണ്ടെത്തി. നിര്‍മ്മല്‍ മാധവിന്റെ പൊതുപ്രവേശനപരീക്ഷയിലെ റാങ്ക് 22787 ആണ്. കോഴിക്കോട് സര്‍ക്കാര്‍ എഞ്ചിനീയറിംഗ് കോളേജില്‍ 5646-ാം റാങ്കുവരെയാണ് അഡ്മിഷന് നടത്തിയത്. മൂന്നും നാലും സെമസ്റ്റര്‍ ഒഴിവാക്കിയാണ് മെറിറ്റ് അടിസ്ഥാനത്തില്‍ മാത്രം പ്രവേശനമുള്ള കോളേജില്‍ അഞ്ചാം സെമസ്റ്ററില്‍ പ്രവേശനം മുഖ്യമന്ത്രി നേടിക്കൊടുത്തത്. മാത്രമല്ല നിര്‍മ്മല്‍ മാധവിന് സ്പെഷ്യല്‍ ഇന്റേണല്‍ പരീക്ഷയും ചട്ടവിരുദ്ധമായി നടത്താന്‍ മുഖ്യമന്ത്രി ഉത്തരവിട്ടു.
എസ്എഫ്ഐ റാഗിംഗ് മൂലമാണ് നേരത്തെ പഠിച്ചിരുന്ന കോളേജുകള്‍ ഉപേക്ഷിക്കേണ്ടിവന്നതും പരീക്ഷ എഴുതാത്തത് എസ്എഫ്ഐ തടഞ്ഞതിനാലും ആണെങ്കിലും ഈ ഇടപെടല്‍ മുഖ്യമന്ത്രിക്ക് കളങ്കമായി എന്നതാണ് സത്യം. എസ്എഫ്ഐ പ്രതിഷേധത്തെത്തുടര്‍ന്ന് മുഖ്യമന്ത്രി ഒരു സെല്‍ഫ് ഫൈനാന്‍സിംഗ് കോളേജിലേക്ക് വിദ്യാര്‍ത്ഥിയെ മാറ്റുകയാണ്. പക്ഷെ അഞ്ചാം സെമസ്റ്ററില്‍ ചേരുകയാണെങ്കില്‍ അയാളെ പഠിക്കാന്‍ അനുവദിക്കുകയില്ലെന്നാണ് എസ്എഫ്ഐ നിലപാട്. അനീതിയുണ്ടെങ്കിലും ഒരു വിദ്യാര്‍ത്ഥിയുടെ പഠനം മുടക്കുന്നത് മറ്റൊരു അനീതിയാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: