Categories: Ernakulam

മെട്രോ റെയില്‍: ബാനര്‍ജി റോഡ്‌ വീതികൂട്ടല്‍ യോഗം അടുത്തയാഴ്ചയെന്ന്‌ കളക്ടര്‍

Published by

കൊച്ചി: മെട്രോ റെയില്‍ നിര്‍മാണത്തിന്‌ മുന്നോടിയായുള്ള അനുബന്ധ പദ്ധതികളില്‍ ബാനര്‍ജി റോഡ്‌ മാധവ ഫാര്‍മസി ജംഗ്ഷന്‍വരെയുള്ള വീതികൂട്ടല്‍ നടപടികള്‍ക്ക്‌ മുന്നോടിയായി ബന്ധപ്പെട്ടവരുടെ യോഗം അടുത്ത ആഴ്ച വിളിച്ചുചേര്‍ക്കുമെന്ന്‌ ജില്ലാ കലക്ടര്‍ ഷെയ്ക്‌ പരീത്‌ പറഞ്ഞു.

ബാനര്‍ജി റോഡില്‍ ഭൂമി ഏറ്റെടുക്കല്‍ കാര്യമായി വേണ്ടതില്ല. വ്യാപാരസ്ഥാപനങ്ങളുമായി ഇതുസംബന്ധിച്ചുണ്ടായ തര്‍ക്കങ്ങള്‍ പരിഹരിക്കപ്പെട്ടുകഴിഞ്ഞു. റോഡ്‌ വീതികൂട്ടുന്നതുമായി ബന്ധപ്പെട്ട്‌ മാധവ ഫാര്‍മസി ജംഗ്ഷന്‍വരെയുള്ള മാര്‍ക്കിംഗ്ജോലികള്‍ കഴിഞ്ഞിട്ടുണ്ട്‌.

എംജി റോഡില്‍ ജോസ്‌ ജംഗ്ഷന്‍വരെയുള്ള വീതികൂട്ടല്‍ ജോലികള്‍ ദല്‍ഹി മെട്രോ റെയില്‍ കോര്‍പ്പറേഷന്‍ നേരിട്ടാണ്‌ നടത്തുന്നത്‌. ഈ പ്രദേശത്തും കാര്യമായ ഭൂമി ഏറ്റെടുക്കല്‍ വേണ്ടിവരില്ലെന്നാണ്‌ വിലയിരുത്തിയിട്ടുള്ളത്‌.

നോര്‍ത്ത്‌ മേല്‍പ്പാലം പൊളിക്കുന്നതുമായി ബന്ധപ്പെട്ട്‌ ഏര്‍പ്പെടുത്തിയ ഗതാഗതനിയന്ത്രണങ്ങള്‍ ഫലപ്രദമായെന്നാണ്‌ പ്രതികരണങ്ങള്‍ തെളിയിക്കുന്നത്‌. ഇടറോഡുകള്‍ കൂടുതല്‍ ഗതാഗതയോഗ്യമാക്കുന്നതോടെ നിലവിലുള്ള ചെറിയ കുരുക്കുകള്‍കൂടി ഇല്ലാതാവും. ചിറ്റൂര്‍ റോഡ്‌ പൂര്‍ണമായും ഗതാഗതായോഗ്യമല്ലാത്തത്‌ പ്രശ്നങ്ങള്‍ക്ക്‌ കാരണമാകുന്നുണ്ടെന്ന്‌ കളക്ടര്‍ പറഞ്ഞു.

നേരത്തെ ബാനര്‍ജി റോഡില്‍ മാധവ ഫാര്‍മസി ജംഗ്ഷന്‍ മുതല്‍ ജോസ്‌ ജംഗ്ഷന്‍വരെയുള്ള പ്രദേശത്ത്‌ മെട്രോ റയിലിനായി റോഡ്‌ വീതികൂട്ടുന്നതു സംബന്ധിച്ച്‌ വ്യാപാരികളുമായി തര്‍ക്കങ്ങള്‍ നിലനിന്നിരുന്നു. ഇപ്പോഴത്തെ കണക്കനുസരിച്ച്‌ രണ്ടു മീറ്റര്‍വരെയുള്ള സ്ഥലംമാത്രമേ വ്യാപാരസ്ഥാപനങ്ങള്‍ക്ക്‌ നഷ്ടമാവുകയുള്ളൂവെന്നാണ്‌ കണക്കാക്കുന്നത്‌.

Share
പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by