Categories: India

അദ്വാനിയുടെ രഥയാത്രയ്‌ക്ക്‌ പൂര്‍ണ പിന്തുണ: നിതീഷ്‌

Published by

ന്യൂദല്‍ഹി: രാജ്യത്തുനിന്നും അഴിമതിയെ പൂര്‍ണമായും തുടച്ചു നീക്കുക എന്ന ലക്ഷ്യവുമായി മുതിര്‍ന്ന ബിജെപി നേതാവ്‌ എല്‍.കെ.അദ്വാനി നടത്തുന്ന രഥയാത്രയ്‌ക്ക്‌ ബീഹാര്‍ മുഖ്യമന്ത്രിയും ജെഡിയു നേതാവുമായ നിതീഷ്‌ കുമാര്‍ പൂര്‍ണ പിന്തുണ ഉറപ്പു നല്‍കി.

രാജ്യത്തെ ഗ്രസിച്ചിരിക്കുന്ന അഴിമതി ജനങ്ങളെ അത്യധികം അസ്വസ്ഥരാക്കിക്കഴിഞ്ഞു. അഴിമതിക്കെതിരായ രഥയാത്ര ബീഹാറില്‍ നിന്നും ആരംഭിക്കാനുള്ള തീരുമാനം സംസ്ഥാനത്തിനുള്ള ബഹുമതിയായി കണക്കാക്കുന്നു, നിതീഷ്‌ പറഞ്ഞു. രഥയാത്ര യോടനുബന്ധിച്ച്‌ ബീഹാറിലെ ജയപ്രകാശ്‌ നാരായണന്‍ ഗ്രാമത്തില്‍ ഒരുക്കിയ സമ്മേളനത്തില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. അഴിമതിക്കെതിരെ പാക്‍യുദ്ധം മാത്രം പയറ്റി ശീലിച്ചിട്ടുള്ള കപട രാഷ്‌ട്രീയവാദികള്‍ക്ക്‌ അദ്വാനിയുടെ യാത്ര മാതൃകയാണെന്നും അഴിമതി വീരന്മാരായ യുപിഎ നേതാക്കളോടുള്ള ജനരോഷമാണ്‌ രഥയാത്രക്ക്‌ ലഭിക്കുന്ന പിന്തുണയില്‍ പ്രതിഫലിക്കുന്നതെന്നും നിതീഷ്‌ പ്രസംഗിച്ചു. അഴിമതിക്കെതിരെ പോരാടുന്ന ആള്‍രൂപമായി ജനങ്ങള്‍ അദ്വാനിജിയെ തെരഞ്ഞെടുത്തിരിക്കുകയാണ്‌. അദ്ദേഹത്തിന്റെ യാത്ര ലക്ഷ്യമാകുമെന്ന കാര്യത്തില്‍ സംശയമേതുമില്ല, അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇതോടൊപ്പം അഴിമതിക്കാരായ ഉദ്യോഗസ്ഥരുടെ വീടുകള്‍ സ്കൂളുകളാകുന്നതിനുള്ള നടപടി സംസ്ഥാനത്ത്‌ പുരോഗമിച്ച്‌ വരികയാണെന്നും അഴിമതിക്കാരെ സംരക്ഷിക്കാന്‍ നടക്കുന്ന കേന്ദ്രനേതാക്കളുടെ നിലപാടുകള്‍ ലജ്ജാവഹമാണെന്നും നിതീഷ്‌ പറഞ്ഞു. സല്‍ഭരണമാണ്‌ ജനങ്ങള്‍ക്ക്‌ വേണ്ടത്‌, അഴിമതിയെ നഖശിഖാന്തം എതിര്‍ക്കുന്ന ഹസാരയെപ്പോലുള്ളവര്‍ ജനങ്ങള്‍ക്ക്‌ പ്രിയങ്കരരാകുവാന്‍ കാരണവും ഇതുതന്നെയാണ്‌. അദ്ദേഹം വ്യക്തമാക്കി. പ്രമുഖ സാമൂഹിക പ്രവര്‍ത്തകനായിരുന്ന ജയപ്രകാശ്‌ നാരായണന്റെ ജന്മദേശത്തുനിന്നുമാണ്‌ അദ്വാനി 38 ദിവസം നീണ്ടുനില്‍ക്കുന്ന രഥയാത്രക്ക്‌ തുടക്കം കുറിച്ചിരിക്കുന്നത്‌.

Share
പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by