ഇസ്ലാമാബാദ്: ജമ്മുകാശ്മീര്‍ പ്രശ്നം വീണ്ടും കുത്തിപ്പൊക്കാന്‍ പാക്കിസ്ഥാന് ശ്രമം തുടങ്ങി. ജമ്മുകാശ്മീര്‍ ഒരിക്കലും ഇന്ത്യയുടെ അവിഭാജ്യ ഘടകമായിരുന്നില്ലെന്ന കാലഹരണപ്പെട്ട പ്രസ്താവന കഴിഞ്ഞ ദിവസം പാക്കിസ്ഥാന് വീണ്ടും യുഎന്നില്‍ ആവര്‍ത്തിച്ചു. ജമ്മുകാശ്മീരിലെ ജനങ്ങളാണ് തങ്ങള്‍ ഏതു രാജ്യത്തോടാണ് ചേരേണ്ടതെന്ന് തീരുമാനിക്കേണ്ടതെന്നും ജനഹിതമറിയുന്നതിനായി മേഖലയില്‍ പ്രത്യേക വോട്ടെടുപ്പ് നടത്തണമെന്നും യുഎന്നിലെ പാക് കൗണ്‍സിലര്‍ താഹിര്‍ ഹുസൈന് അന്ദ്രാബി അഭിപ്രായപ്പെട്ടു. പൊതുസഭയില്‍ നടന്ന ചര്‍ച്ചക്കിടെയാണ് അദ്ദേഹം ഇക്കാര്യങ്ങള്‍ പറഞ്ഞത്. എന്നാല്‍ ഇതേസമയം സഭയിലുണ്ടായിരുന്ന ഇന്ത്യന്‍ കൗണ്‍സിലര്‍ താഹിറിന്റെ ആവശ്യങ്ങള്‍ തികച്ചും അപ്രായോഗികങ്ങളെന്ന് വിലയിരുത്തി.
ഇതോടൊപ്പം കാശ്മീരിലെ ജനങ്ങള്‍ക്ക് മേല്‍ അധികാരം അടിച്ചേല്‍പ്പിക്കാനാണ് ഇന്ത്യ ശ്രമിക്കുന്നതെന്ന് യുഎന്നിലെ പാക് സ്ഥിരാംഗം റാസ ബഷീര്‍ പറഞ്ഞു. ജമ്മുകാശ്മീര്‍ പ്രശ്നത്തില്‍ ശക്തമായ ഒരു പ്രമേയം രൂപീകരിക്കാന്‍ യുഎന്‍ മുന്‍കൈയെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ജമ്മുകാശ്മീരില്‍ സമാധാനം പുനഃസ്ഥാപിക്കാന്‍ പാക്കിസ്ഥാന് പ്രതിജ്ഞാബദ്ധമാണെന്നും ജമ്മുകാശ്മീരിനെച്ചൊല്ലി പാക്കിസ്ഥാന് യുഎന്നില്‍ നടത്തുന്ന വാദപ്രതിവാദങ്ങള്‍ തികച്ചും അപ്രായോഗികവും അനാവശ്യവുമാണെന്ന് ഇന്ത്യന്‍ പ്രതിനിധി ആര്.രവീന്ദ്ര പ്രതികരിച്ചു. ജമ്മുകാശ്മീരിലെ ജനങ്ങള്‍ക്ക് ഭരണഘടനാപരമായ അവകാശങ്ങളെല്ലാം തന്നെ ഇന്ത്യ നല്‍കിവരുന്നുണ്ടെന്നും സ്വതന്ത്രമായ ക്രമാനുഗത ഇടവേളകളില്‍ രാജ്യം നടത്തുന്ന തെരഞ്ഞെടുപ്പുകളില്‍ കാശ്മീരിലെ ജനത തൃപ്തരാണെന്നിരിക്കെ പാക്കിസ്ഥാന് കാശ്മീര്‍ പ്രശ്നത്തില്‍ വീണ്ടും അനാവശ്യ ഇടപെടലുകള്‍ നടത്തുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: