Categories: Samskriti

ആന്തരമായ അനാസക്തി

Published by

ശാരീരികമായി ലോകത്തില്‍നിന്ന്‌ അകന്നുനിന്നതുകൊണ്ട്‌ മാത്രം നാം പെട്ടെന്ന്‌ ചിന്തയിലും വാക്കിലും കര്‍മത്തിലും പരിശുദ്ധരാവുന്നില്ല. ആദ്യം ദുഷ്കര്‍മങ്ങള്‍ ഉപേക്ഷിക്കുക, പിന്നെ ദുഷ്ടചിന്തകള്‍. രണ്ടാമത്തേത്‌ ആദ്യത്തേതിനേക്കാള്‍ വിഷമമാണ്‌. ഒരു ദുഷ്ടശീലം ഉപേക്ഷിക്കുന്നതിലും വിഷമമാണ്‌ ഒരു ദുഷ്ടചിന്ത ഉപേക്ഷിക്കുന്നത്‌. ചിന്തയില്‍ ശുദ്ധിയാര്‍ജ്ജിക്കുന്നതാണ്‌ ഏറ്റവും വലിയ വിഷമം. നാം സാപേക്ഷമായ സദാചാരതലത്തില്‍ വര്‍ത്തിക്കുന്നേടത്തോളം കാലം ഇതാണ്‌ സ്ഥിതി. അവിടെ നന്മയും തിന്മയും രണ്ടും സത്യമാണ്‌. നാം തിന്മയെ തള്ളി നന്മ കൈവരുത്താന്‍ ശ്രമിക്കുന്നു. പൂര്‍വസംസ്ക്കാരങ്ങള്‍ കാരണം തിന്മ അകത്ത്‌ കടക്കാന്‍ ശ്രമിക്കുകയും ചിലപ്പോള്‍ അതില്‍ വിജയിക്കുകയും ചെയ്യുന്നു. ഇച്ഛാശക്തിയുപയോഗിച്ച്‌ നമുക്കതിന്റെ സ്ഥാനത്ത്‌ നല്ല ചിന്തകളെ പ്രതിഷ്ഠിക്കണം. ഈ വടംവലി ഒരാള്‍ക്കും ഒഴിവാക്കാന്‍ പറ്റില്ല. നാം പുരോഗമിക്കുമ്പോള്‍ അത്‌ കൂടുതല്‍ സുക്ഷ്മാവുന്നു എന്ന്‌ മാത്രം. അപ്പോള്‍ നന്മതിന്മകളുടെ സ്ഥൂലമായ പ്രാകൃതരൂപങ്ങള്‍ക്കതീതരായി സുക്ഷ്മരൂപങ്ങളുമായി മല്ലിടേണ്ടിവരുന്നു.

ദുര്‍ജ്ജനസംസര്‍ഗം എളുപ്പത്തിലുപേക്ഷിക്കാം. ബാഹ്യമായ സഹവാസവും ലൗകികവാര്‍ത്തയും എളുപ്പത്തിലുപേക്ഷിക്കാം. എന്നാല്‍ നമ്മുടെ പഴയ സുഹൃത്തുക്കളുടെ ഓര്‍മയും അവരോട്‌ ബന്ധപ്പെട്ട അശുദ്ധചിന്തകളും വളരെക്കൂടുതല്‍ ഉപദ്രവകരമാണ്‌. ഒഴിവാക്കാന്‍ കൂടുതല്‍ വിഷമവുമാണ്‌. ഉപേക്ഷിക്കപ്പെട്ട ചങ്ങാതിമാരുടെ ആന്തരസഹവാസം ശരിക്കുള്ള ബാഹ്യസഹവാസത്തെക്കാള്‍ എത്രയോ കൂടുതല്‍ ആപത്കരമാണെന്ന്‌ വിചാരം ചെയ്തറിയുക. ആദ്യമായി പഴയ സഹവാസങ്ങളില്‍നിന്നെല്ലാം നിശ്ചയപൂര്‍വം അകന്നുനില്‍ക്കുക. ബാഹ്യലോകത്തില്‍നിന്ന്‌ പുതിയ പ്രേരണകള്‍ കിട്ടുന്നതൊഴിവാക്കുക. പിന്നെ കുറച്ച്‌ ആത്മവിശകലനം ചെയ്യുക. നിങ്ങളുടെ മനസ്സില്‍ പഴയ സ്മരണകള്‍ എങ്ങനെ പൊന്തുന്നു എന്ന്‌ കണ്ടെത്തുക. നിരന്തരവിവേചനം വഴി മനസ്സില്‍ പൊന്തിവരുന്ന പഴയ രൂപങ്ങളില്‍നിന്നെല്ലാം വിട്ടകലുക. നിരന്തരം ശക്തിയേറിയ സത്പ്രേരണകള്‍ മനസ്സിന്‌ കൊടുക്കുക. രാഗദ്വേഷഭരിതമായ ജീവിതം എത്ര ദയനീയമാണെന്ന്‌ അതിനെ ബോദ്ധ്യപ്പെടുത്തുക. പഴയ മാലിന്യങ്ങളെല്ലാം നീക്കിക്കളയുക. പുതതായി മാലിന്യങ്ങള്‍ ശേഖരിക്കാതിരിക്കാന്‍ ശ്രദ്ധിക്കുക. ക്രമേണ നിങ്ങളുടെ മനസ്സ്‌ കൂടുതല്‍ ശുദ്ധവും ശക്തവുമാകുന്നു.

യതീശ്വരാനന്ദസ്വാമികള്‍

Share
പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by