മഹാഭാരതം വനപര്‍വത്തില്‍ 52-ാം അദ്ധ്യായം മുതല്‍ 70 -ാം വരെയുള്ള ഭാഗത്ത് നളചരിതം പ്രതിപാദിച്ചിരിക്കുന്നു. പാണ്ഡവരുടെ വനവാസക്കാലത്ത് അര്ജ്ജുനന് ദിവ്യാസ്ത്രങ്ങള് നേടിയെടുക്കുന്നതിന് ശിവനെ തപസ്സുചെയ്യുവാന്‍ കൈലാസത്തിലേക്ക് പോയി. ഇക്കാലത്ത് യുധിഷ്ഠിരന് വളരെ വ്യാകുലചിത്തനായി കഴിഞ്ഞു. ഒരിക്കല്‍ ബൃഹദശ്വന് എന്ന മുനി പാണ്ഡവരുടെ ഭവനത്തിലേക്ക് വരികയുണ്ടായി. യുധിഷ്ഠിരന് മുനിയെ പൂജിച്ചിരുത്തി. സംഭാഷണമദ്ധ്യേ തന്നെപ്പോലെ ഭാഗ്യഹീനയായി ലോകത്ത് ആരുമുണ്ടാകില്ല എന്ന് പറഞ്ഞു. ഇതുകേട്ട് മുനി അദ്ദേഹത്തെ സാന്ത്വനിപ്പിക്കാന്‍ വേണ്ടി നളചരിതം പറയുവാന്‍ തുടങ്ങി.
നിഷേധരാജാവായ വീരസേനന്റെ പുത്രനായിരുന്നു സല്‍ഗുണസമ്പന്നനായ നളന്. അദ്ദേഹം സത്യവാദിയും, ചൂതുകളിയില്‍ അതിസമര്‍ത്ഥനുമായിരുന്നു. അതേപ്പോലെ തന്നെ, വേദസ്ത്രീകളെ തോല്പിക്കുന്ന സൗന്ദര്യത്തോടുകൂടിയവളും, ഗുണസമ്പന്നയുമായിരുന്നു വിദര്‍ഭരാജാവായ ഭീമന്റെ പുത്രിയായിരുന്നു ദമയന്തി. വിദര്‍ഭരാജാവ് ഒരിക്കല്‍ ദമനന് എന്ന മുനിയെ ഭക്തിയോടെ പൂജിക്കുകയുണ്ടായി. അദ്ദേഹത്തിന്റെ അനുഗ്രഹംകൊണ്ട് രാജാവിന് ദമന്‍, ദാന്തന്‍, ദമനന് എന്നീ മൂന്ന് പുത്രന്മാരും ദമയന്തി എന്നൊരു പുത്രിയും ജനിച്ചു.ദമയന്തിയുടെ സൗന്ദര്യത്തെക്കുറിച്ച് കേട്ടറിഞ്ഞ നളന് അവളില്‍ അതിയായ അനുരാഗം ജനിച്ചു. ഒരിക്കല്‍ അദ്ദേഹം ഉദ്യാനത്തില്‍ നടക്കുമ്പോള്‍ സ്വര്‍ണ്ണ വര്‍ണ്ണത്തിലുള്ള ഏതാനും അരയന്നങ്ങളെ കാണുകയുണ്ടായി. രാജാവ് കൗതുകത്തിനുവേണ്ടി അവയില്‍ ഒന്നിനെ പിടികൂടി. അപ്പോള്‍ ആ അരയന്നം നൃപനോദ് മൃദുവായി പറഞ്ഞു – “അല്ലയോ രാജാവേ, എന്നെ വെറുതെ വിടുകയാണെങ്കില്‍ ഞാന്‍ അങ്ങേയ്ക്ക് അത്യധികം പ്രിയംകരമായ ഒരു കാര്യത്തെ ചെയ്യാം. ഞാന്‍ വിദര്‍ഭരാജാവിന്റെ പുത്രിയായ ദമയന്തിയോട് അവള്‍ക്ക് മറ്റാരോടും അനുരാഗം തോന്നാത്ത വിധത്തില്‍ അങ്ങയുടെ ഗുണലാവണ്യങ്ങളെ പുകഴ്ത്തി പറയാം.” തന്റെ ഹൃദയാഭിലാഷം നിറവേറ്റാമെന്നേറ്റ ഹംസത്തെ നളന് മോചിപ്പിച്ചു.
പിന്നെ നളന്റെ അരയന്നങ്ങള്‍ ദമയന്തിയുടെ അന്തഃപുരത്തിന് സമീപത്ത് ചെന്നിരുന്നു നളന്റെ ഗുണങ്ങളെ വാഴ്ത്തിപ്പാടി. മര്‍ത്ത്യാകാരം പൂണ്ട കാമദേവന് തന്നെയാണ് നളമഹാരാജാവ്. ഭഗവതിയാണെങ്കില്‍ സ്ത്രീരത്നവുമാണ്. ഭഗവതിയുടെ പതി നളനാവുകയാണെങ്കില്‍ ജീവിതം സഫലമായിത്തീരും. ശ്രേഷ്ഠരും തുല്യഗണത്തോട് കൂടിയവരുമായ സ്ത്രീപുരുഷന്മാര് തമ്മിലുള്ള സംഗമം മാത്രമാണ് ഗുണപൂര്‍ണ്ണമായിത്തീരുക. നളന്റെ ഗുണഗണങ്ങള്‍ കേട്ടറിഞ്ഞ് ദമയന്തി അദ്ദേഹത്തില്‍ അനുരാഗബദ്ധയായിത്തീര്‍ന്നു. ദമയന്തി തന്റെ അനുരാഗത്തെ നളനെ അറിയിക്കുവാന്‍ ഹംസങ്ങളോട് അഭ്യര്‍ത്ഥിച്ചു. നളനോടുള്ള അനുരാഗം മൂലം ദമയന്തി അത്യധികം അസ്വസ്ഥയായിത്തീര്‍ന്നു. മകളുടെ ഈ അവസ്ഥ കണ്ട് വിദര്‍ഭരാജന്‍ അവളുടെ സ്വയംവരം നടത്താന്‍ തീരുമാനിച്ചു. ദമയന്തിയുടെ സ്വയംവരത്തില്‍ പങ്കുകൊള്ളുന്നതിനായി നിരവധി രാജാക്കന്മാര് എത്തിച്ചേര്‍ന്നു. സ്വയംവരത്തിനായി വന്നുചേര്‍ന്ന നൃപന്മാരെയും അവരുടെ ചതുരംഗസൈന്യത്തെയും കൊണ്ട് കുണ്ഡിനപുരം നിറഞ്ഞുപോയി. ഭീമരാജാവ് എല്ലാവരെയും ആദരവോടെ സ്വീകരിച്ച് അതിഥിമന്ദിരങ്ങളില്‍ വസിപ്പിച്ചു. ദമയന്തിയുടെ സ്വയംവരത്തില്‍ നളനും അവളെ വേള്‍ക്കുന്നതിനുവേണ്ടി വിദര്‍ഭരാജ്യത്തിന്റെ തലസ്ഥാനമായ കുണ്ഡിനപുരിയിലേക്ക് തിരിച്ചു. അങ്ങിനെയിരിക്കേ ഒരിക്കല്‍ ദേവര്‍ഷിയായ നാരദനും, മിത്രമായ പര്‍വ്വതനും കൂടി ഇന്ദ്രനെ ദര്‍ശിക്കുന്നതിനായി ദേവലോകത്തേക്ക് ചെല്ലുകയുണ്ടായി. മുനിമാരെ ആദരവോടുകൂടി സ്വീകരിച്ചിരുത്തിയശേഷം ഇന്ദ്രന് ചോദിച്ചു. “അല്ലയോ മഹാമുനേ, ഭൂമിയിലെ വീരന്മാര നൃപന്മാരെല്ലാം ഇപ്പോള്‍ സമാധാനത്തോടുകൂടി കഴിയുകയാണോ? ആരും തന്നെ യുദ്ധം ചെയ്ത് വീരമൃത്യുവിനെ പ്രാപിച്ച് ഇങ്ങോട്ടു വരുന്നില്ലല്ലോ?”
നാരദമുനി പറഞ്ഞു – “അല്ലോയോ ദേവരാജന്‍, ഭൂമിയിലെ സംഭവവികാസങ്ങളൊന്നും അവിടുന്ന് അറിയുന്നില്ലേ. വിദര്‍ഭ രാജകുമാരിയുടെ സ്വയംവരത്തില്‍ പങ്കുകൊള്ളുന്നതിനായി സര്‍വനൃപന്മാരും കുണ്ഡിനപുരത്തില്‍ചെന്ന് വസിക്കുകയാണ്. സുന്ദരീരത്നമായ അവളെ ആഗ്രഹിക്കാത്തവരായി ആരും തന്നെയില്ല.” ദമയന്തിയുടെ സൗന്ദര്യത്തെപ്പറ്റി നാരദനില്‍ നിന്നും കേട്ടറിഞ്ഞ ഇന്ദ്രന്, അഗ്നി, വരുണന്, യമന്‍ എന്നീ ദേവന്മാരും സ്വയംവരരംഗത്തേക്ക് തിരിച്ചു. ഇടയ്ക്കുവച്ച് അവര്‍ നളനെ കണ്ടുമുട്ടി. ദമയന്തി നളനില്‍ അനുരക്തയാണെന്നുള്ള വിവരം ദേവന്മാര്ക്ക് അറിയാമായിരുന്നു. പുരുഷസൗന്ദര്യത്തിന്റെ ഉത്കൃഷ്ടസ്വരൂപമായിരിക്കുന്ന നളനെക്കണ്ട് ദേവന്മാര് വളരെയധികം വിസ്മരിച്ചുപോയി. ദേവന്മാര് തങ്ങളടെ ദേവയാനത്തെ ആകാശത്തുനിറുത്തി ഭൂമിയിലേക്ക് വന്ന് നളനോട് പറഞ്ഞു – “അല്ലയോ നിഷധരാജാവേ, സത്യവ്രതനായ ഭവാന് ദൂതനായി ഞങ്ങളെ സഹായിക്കേണമേ.”നളന് സഹായിക്കണമെന്നേറ്റപ്പോള്‍ ഇന്ദ്രാദികള്‍ തങ്ങളെ ഓരോരുത്തരെയും പരിചയപ്പെടുത്തിയതിന് ശേഷം ഇങ്ങനെ പറഞ്ഞു – “അല്ലയോ രാജാവേ, ഞങ്ങള്‍ ദമയന്തിയെ വരിക്കാന്‍ അഗ്രഹിക്കുന്നു. സ്വയംവരത്തില്‍ എത്തിച്ചേരുന്ന ഞങ്ങളില്‍ ആരെയെങ്കിലും വരിക്കുവാന്‍ ഭവാന് ദമയന്തിയെ അറിയിക്കുക.”
– രാജേഷ് പുല്ലാട്ടില്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: