Categories: Kerala

സൗമ്യ വധക്കേസ്‌ പുതിയ വഴിത്തിരിവില്‍

Published by

തൃശൂര്‍ : സമൂഹമനസ്സാക്ഷിയെ ഞെട്ടിച്ച സൗമ്യ വധക്കേസ്‌ പുതിയ വഴിത്തിരിവില്‍. കേസ്‌ അട്ടിമറിക്കാന്‍ ഗൂഢ നീക്കം നടക്കുന്നതിന്റെ ഭാഗമായി സൗമ്യയുടെ മൃതദേഹം പോസ്റ്റ്മോര്‍ട്ടം ചെയ്തത്‌ താനാണെന്ന അവകാശവാദവുമായി മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍ കോടതിയില്‍ മൊഴി നല്‍കി. ഇന്നലെയാണ്‌ വിചാരണ നടക്കുന്ന ഫാസ്റ്റ്‌ ട്രാക്ക്‌ കോടതിയില്‍ എത്തി സമൂഹം വെറുക്കുന്ന ഗോവിന്ദച്ചാമിക്ക്‌ അനുകൂലമായി വന്നേക്കാവുന്ന തരത്തില്‍ ഫോറസന്‍സിക്‌ അസി. പ്രൊഫ. ഡോ.ഉന്മേഷ്‌ മൊഴി നല്‍കിയത്‌.

മെഡിക്കല്‍ കോളേജിലെ പോസ്റ്റ്‌ മോര്‍ട്ടത്തിന്‌ മേല്‍നോട്ടം വഹിക്കുന്ന ഡോ.ഷേര്‍ളി വാസുവല്ല സൗമ്യയുടെ മൃതദേഹം പോസ്റ്റ്മോര്‍ട്ടം ചെയ്തതെന്നായിരുന്നു ഡോ.ഉന്മേഷിന്റെ മൊഴി. പോസ്റ്റ്മോര്‍ട്ടം തുടങ്ങിയതും അവസാനിപ്പിച്ചതും താനാണെന്നും ഡിഎന്‍എ ടെസ്റ്റിനുള്ള സാമ്പിളുകള്‍ ശേഖരിച്ചതും താനായിരുന്നുവെന്നും ഇയാള്‍ കോടതിയില്‍ പറഞ്ഞിട്ടുണ്ട്‌. പോസ്റ്റ്മോര്‍ട്ടത്തിന്റെ ഫൈനല്‍ റിപ്പോര്‍ട്ട്‌ തയ്യാറാക്കിയതും ഉന്മേഷാണെന്നാണ്‌ ഇന്നലെ പറഞ്ഞത്‌. എന്നാല്‍ ഇത്‌ സംബന്ധിച്ച്‌ ഇയാള്‍ നല്‍കിയിരിക്കുന്ന മൊഴി കള്ളമാണെന്നാണ്‌ രേഖകളിലൂടെയും തെളിവുകളിലൂടെയും വ്യക്തമാകുന്നത്‌.

കേസ്‌ അട്ടിമറിക്കാന്‍ പ്രതിഭാഗം പയറ്റുന്ന അടവുകളില്‍ ഉത്തരവാദിത്തപ്പെട്ട ഉദ്യോഗസ്ഥര്‍ പോലും വഴങ്ങിയതിന്റെ പ്രത്യക്ഷ സൂചനയാണ്‌ ഇതിലൂടെ പുറത്തുവന്നിരിക്കുന്നത്‌. പോസ്റ്റ്‌ മോര്‍ട്ടത്തില്‍ യാതൊരുതരത്തിലും ഭാഗമായിട്ടില്ലെന്നാണ്‌ ഇയാള്‍ കോടതിയില്‍ പറഞ്ഞത്‌. എന്നാല്‍ ഐജി ബി.സന്ധ്യ അന്നത്തെ ഡിവൈഎസ്പിയായിരുന്ന രാധാകൃഷ്ണന്‍ നായര്‍ എന്നിവരുടെ ശക്തമായ മേല്‍നോട്ടത്തിന്റെ അടിസ്ഥാനത്തിലാണ്‌ ഡോ.ഷേര്‍ളി വാസു പോസ്റ്റ്‌ മോര്‍ട്ടം നടത്തിയതെന്നാണ്‌ തെളിവുകളിലൂടെ വ്യക്തമാകുന്നത്‌. ഇതിന്റെ എല്ലാ രേഖകളും പോലീസ്‌ കോടതിയില്‍ ഹാജരാക്കിയിട്ടുണ്ട്‌. ഇതിനിടയിലാണ്‌ തുടക്കം മുതല്‍ തന്നെ വിവാദമായ കേസന്വേഷണത്തില്‍ പ്രതിഭാഗം വക്കീല്‍ ഉദ്യോഗസ്ഥരെ തന്റെ വലയില്‍ വീഴ്‌ത്തിയിരിക്കുന്നത്‌.

101 രേഖകളും 43 തൊണ്ടിമുതലുകളും അടക്കം പ്രോസിക്യൂഷന്‍ ഹാജരാക്കിയിട്ടുണ്ട്‌ ഇതില്‍ ഷേര്‍ളി വാസു പോസ്റ്റ്മോര്‍ട്ടം നടത്തിയതിന്റെ സിഡിയും ഹാജരാക്കിയിട്ടുണ്ട്‌. നേരത്തെ പ്രധാനപ്പെട്ട സാക്ഷികളെ വലയിലാക്കാന്‍ ഇയാള്‍ ശ്രമിച്ചിരുന്നെങ്കിലും ആരുംതന്നെ ഗോവിന്ദച്ചാമിയെന്ന നിഷ്ഠൂരനനുകൂലമായി മൊഴിമാറ്റിപ്പറയാന്‍ തയ്യാറായില്ല. അവസാനം പരമാവധി ശിക്ഷ തെളിവുകളുടെ അടിസ്ഥാനത്തില്‍ ലഭിക്കുമെന്നായപ്പോഴാണ്‌ മെഡിക്കല്‍ കോളേജില്‍ ഇപ്പോള്‍ നടക്കുന്ന ശീതസമരം മുതലെടുത്ത്‌ ഇത്തരമൊരു മൊഴി നല്‍കിക്കാന്‍ ഡോ.ഉന്മേഷിനെ കൊണ്ടുവന്നതെന്നും ആരോപണമുണ്ട്‌. ഇതിനിടയില്‍ സൗമ്യ മരിച്ച ദിവസം വൈകിട്ട്‌ 6ന്‌ പോസ്റ്റ്മോര്‍ട്ടം നടത്തണമെന്നാവശ്യപ്പെട്ട്‌ ഡോ.ഉന്മേഷ്‌ ഡോ.ഷേര്‍ളിവാസുവില്‍ സമ്മര്‍ദ്ദം ചെലുത്തിയതായി അറിയുന്നു.

ഇത്രയും പ്രമാദമായ കേസ്‌ പകല്‍വെളിച്ചത്തില്‍ മാത്രമേ പോസ്റ്റ്‌ മോര്‍ട്ടം നടത്താന്‍ സാധിക്കൂ എന്ന്‌ ഡിപ്പാര്‍ട്ട്മെന്റ്‌ ഹെഡായ ഡോ.ഷേര്‍ളിവാസു പറഞ്ഞു.എന്നാല്‍ ഏറെ നേരം ഇതിനുവേണ്ടി വാശിപിടിച്ചെങ്കിലും ഉന്മേഷിന്റെ ആവശ്യത്തിന്‌ വഴങ്ങിയില്ല. പിറ്റേന്ന്‌ രാവിലെ പോസ്റ്റ്മോര്‍ട്ടം നടക്കുമ്പോള്‍ എല്ലാ ചുമതലകളും വഹിച്ചിരുന്നത്‌ ഡോ.ഷേര്‍ളി വാസു തന്നെയാണെന്നാണ്‌ കേസന്വേഷിച്ചിരുന്ന ഉന്നത ഉദ്യോഗസ്ഥരും നല്‍കുന്ന മറുപടി.
ഇത്തരത്തിലൊരു മൊഴിനല്‍കാന്‍ ഇയാളെ പ്രേരിപ്പിച്ച ഘടകം എന്താണെന്ന്‌ ദുരൂഹതയുണര്‍ത്തുന്നുണ്ട്‌. ഇത്‌ കള്ളസാക്ഷിയാണെന്ന്‌ തെളിഞ്ഞാല്‍ സര്‍വ്വീസില്‍ നിന്ന്‌ നീക്കം ചെയ്യുന്നതുള്‍പ്പെടെയുള്ള നടപടികള്‍ക്ക്‌ വിധേയനായേക്കുമെന്നും അറിയുന്നു.

അതേസമയം ഇയാളുടെ മൊഴി കോടതിയെ സംബന്ധിച്ച്‌ മുഖവിലക്കെടുക്കാതിരിക്കാനും സാധിക്കില്ല. അതുകൊണ്ടുതന്നെ പ്രോസിക്യൂഷന്റെ ഭാഗത്തുനിന്നുള്ള തെളിവുകളാണ്‌ നിര്‍ണായകമായിരിക്കുന്നത്‌. നേരത്തെ സമൂഹത്തെ നടുക്കിയ സൗമ്യ വധക്കേസില്‍ പ്രതിഭാഗത്തിനുവേണ്ടി ബോംബെയില്‍ നിന്നും എത്തിയ ബിഎ ആളൂര്‍ എന്ന അഡ്വക്കേറ്റിനെ കൊണ്ടുവന്നത്‌ ആരാണെന്ന്‌ സംബന്ധിച്ച്‌ ഇപ്പോഴും സംശയം നിലനില്‍ക്കുന്നുണ്ട്‌. തുടക്കം മുതല്‍തന്നെ കേസ്‌ അട്ടിമറിക്കാന്‍ ഗൂഢനീക്കം നടക്കുന്നുണ്ടെന്ന്‌ ആരോപണം ഉയര്‍ന്നിരുന്നു.

കൃഷ്ണകുമാര്‍ ആമലത്ത്‌

Share
പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by