Categories: India

ലോക്പാല്‍ സമരത്തില്‍ സ്റ്റീവ്‌ ജോബ്സ്‌ സഹായിച്ചെന്ന്‌ ഹസാരെ

Published by

ന്യൂദല്‍ഹി: താന്‍ നിരാഹാരസത്യഗ്രഹത്തിലായിരുന്നപ്പോള്‍ പാര്‍ലമെന്റില്‍ നടന്ന നിര്‍ണായക ലോക്പാല്‍ ചര്‍ച്ചകള്‍ ഐ പാഡിലൂടെയാണ്‌ അറിഞ്ഞതെന്ന്‌ ആ കണ്ടുപിടിത്തത്തിന്റെ ഉപജ്ഞാതാവായ സ്റ്റീവ്‌ ജോബ്സിന്‌ നിര്‍ലോഭം പ്രശംസകളര്‍പ്പിച്ച്‌ പ്രമുഖ ഗാന്ധിയന്‍ അണ്ണാ ഹസാരെ വെളിപ്പെടുത്തി. ലോക സാങ്കേതിക രംഗത്തിന്‌ നല്‍കിയ അനുപമമായ സംഭാവനകള്‍ മൂലം സ്റ്റീവ്‌ ജോബ്സ്‌ എക്കാലവും ഓര്‍മിക്കപ്പെടുമെന്നും അദ്ദേഹത്തിന്റെ മരണം തന്നെ ദുഃഖത്തിലാഴ്‌ത്തുന്നുവെന്നും തന്റെ ഏറ്റവും പുതിയ ബ്ലോഗിലൂടെ ഹസാരെ ലോകത്തെ അറിയിച്ചു. ആപ്പിളിന്റെ സഹസ്ഥാപകനായ ജോബ്സ്‌ വികസിപ്പിച്ചതാണ്‌ ഐപാഡ്‌. പാന്‍ക്രിയാസിലെ ക്യാന്‍സര്‍ബാധ മൂലം അദ്ദേഹം ഒക്ടോബര്‍ ആറിനാണ്‌ നിര്യാതനായത്‌.

ലോകത്തെ ഒരുമിപ്പിക്കാന്‍ കഴിയുന്ന തരത്തില്‍ സാങ്കേതികരംഗത്ത്‌ വിപ്ലാവാത്മകമായ മാറ്റങ്ങള്‍ വരുത്തിയ വ്യക്തിയായി ജോബ്സിനെ ഹസാരെ അനുസ്മരിക്കുന്നു. വ്യത്യസ്ത പ്രദേശങ്ങളില്‍ പല നിലകളില്‍ സ്ഥാനങ്ങള്‍ വഹിക്കുന്നവരുടെ വ്യക്തിപരമായ ആശയവിനിമയം അദ്ദേഹം സാധ്യമാക്കി. തന്റെ ഭാവനയും ദീര്‍ഘവീക്ഷണവും ഗവേഷണങ്ങളില്‍ പ്രതിഫലിപ്പിച്ച അദ്ദേഹത്തിന്റെ വിപ്ലവകരമായ ചിന്തകള്‍ക്ക്‌ ആധുനിക ചരിത്രത്തില്‍ പ്രസക്തിയുണ്ട്‌, ഹസാരെ തുടര്‍ന്നു.
അഴിമതിക്കും അന്യായത്തിനുമെതിരെ ജനങ്ങളെ സംഘടിപ്പിക്കാന്‍ സഹായകമായ സാങ്കേതികവിദ്യക്ക്‌ നന്ദിപറഞ്ഞുകൊണ്ട്‌ ഈ കണ്ടുപിടിത്തങ്ങള്‍ വിപ്ലവകരമായ മാറ്റങ്ങള്‍ വരുത്തിയതായി അദ്ദേഹം ചൂണ്ടിക്കാട്ടി. ഈ വസ്തുത ജന്‍ലോക്പാല്‍ ബില്ലിനുവേണ്ടിയുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തവേ എനിക്ക്‌ നേരിട്ട്‌ ബോധ്യപ്പെട്ടതാണ്‌. നമ്മുടെ ജീവിതത്തിന്റെ ഓരോ കാല്‍വെപ്പിലും അത്തരം സാങ്കേതികവിദ്യ അത്യന്താപേക്ഷിതവുമാണ്‌. ഭൗതികമായി നമ്മെ വിട്ടുപിരിഞ്ഞെങ്കിലും തന്റെ കണ്ടുപിടിത്തങ്ങളിലൂടെ അദ്ദേഹം അനശ്വരനായിരിക്കുന്നു. മഹാരാഷ്‌ട്രയിലെ സന്യാസി ശ്രേഷ്ഠനായ സമര്‍ത്ഥ രാംദാസിന്റെ ഒരുവന്‍ ഇല്ലാതാകുമ്പോള്‍ അയാളുടെ കീര്‍ത്തിയാല്‍ ഓമിപ്പിക്കപ്പെടണം എന്ന വരികള്‍ ഉദ്ധരിച്ചുകൊണ്ട്‌ ഹസാരെ പറഞ്ഞു.

Share
പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by