ശുചിത്വകേരളം-ആരോഗ്യ കേരളം പദ്ധതികള്‍ എല്ലാം തന്നെ സംസ്ഥാനത്തെ ഖരമാലിന്യ സംസ്ക്കരണത്തെ മാത്രം അടിസ്ഥാനപ്പെടുത്തിയാണ് വിഭാവനം ചെയ്തിട്ടുള്ളത്. കേരളം പനിച്ചൂടില്‍ എത്തിയതിന് പ്രധാന കാരണം കുടിവെള്ളത്തിലൂടെയുണ്ടായ രോഗാണുബാധയാണ്. മലിനജലം കാനകളില്‍ ഒതുക്കി നിര്‍ത്തിയിരിക്കുന്നതിനാല്‍ നമ്മുടെ നേരിട്ടുള്ള ദൃഷ്ടിയില് ഗോചരമല്ലെന്നുമാത്രം. ഖരമാലിന്യങ്ങളാണെങ്കില്‍ നഗരങ്ങളെയും ഗ്രാമങ്ങളെയും ഒരുപോലെ വൃത്തിഹീനമാക്കിയിരിക്കുന്നതിനാല്‍ പെട്ടെന്ന് കണ്ണില്‍ പെടുന്നു എന്നുമാത്രം. സംസ്ഥാനത്ത് ഏതാണ്ട് നാല് പതിറ്റാണ്ട് മുമ്പ് തിരുവനന്തപുരം, കോഴിക്കോട്, കൊച്ചി എന്നീ നഗരങ്ങളില്‍ ദ്രവമാലിന്യ സംസ്ക്കരണത്തിന് ബൃഹത്തായ പദ്ധതികള്‍ തയ്യാറാക്കി നടപ്പാക്കുവാന്‍ ശ്രമിച്ചിരുന്നു. എന്നാല്‍ ഈ നഗരങ്ങളില്‍ ഉല്‍പ്പാദിപ്പിക്കുന്ന മലിനജലത്തിന്റേയും ദ്രവമാലിന്യത്തിന്റേയും ചെറിയൊരംശം മാത്രമാണ് സംസ്ക്കരിക്കപ്പെടുന്നത്.
2010 ലെ കേന്ദ്രമലിനീകരണനിയന്ത്രണ ബോര്‍ഡിന്റെ കണക്കനുസരിച്ച് ഇന്ത്യയിലെ ക്ലാസ് ക, കക ടൗണുകളില്‍ പ്രതിദിനം 38254 ദശലക്ഷം ലിറ്റര്‍ ദ്രവമാലിന്യങ്ങളാണ് ഉല്‍പ്പാദിപ്പിക്കപ്പെടുന്നത്. അതില്‍ 11787 ദശലക്ഷം ലിറ്റര്‍ മാത്രമാണ് ഏതെങ്കിലും തരത്തില്‍ സംസ്ക്കരിക്കുന്നതത്രെ. ബാക്കി 26467 ദശലക്ഷം ലിറ്റര്‍ സംസ്ക്കരിക്കുവാന്‍ പദ്ധതികള്‍ ആസൂത്രണം ചെയ്യേണ്ടതുണ്ടെന്ന് കണക്കാക്കിയിട്ടുണ്ട്. ദ്രവമാലിന്യങ്ങള്‍ സംഭരിച്ച് വേണ്ടവിധം സംസ്ക്കരിച്ച് പുറത്തുവിട്ടില്ലെങ്കില്‍ ആരോഗ്യപ്രശ്നങ്ങളും പരിസ്ഥിതി പ്രശ്നങ്ങളും ഉണ്ടാകുമെന്ന് പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്. 2006 ല്‍ ആലുവ-എറണാകുളം വൈറ്റില-തൃപ്പൂണിത്തുറ എന്നിവിടങ്ങളിലെ 16 കിണറുകളില്‍ നടത്തിയ പഠനത്തില്‍ രോഗകാരികളായ സാള്‍മോണല്ല എന്ന ബാക്ടീരിയയും കോളിഫോം ബാക്ടീരിയയും അനുവദനീയമായതില്‍ പല മടങ്ങ് കിണര്‍ വെള്ളത്തില്‍ കണ്ടെത്തുകയുണ്ടായി. സെപ്ടിക് ടാങ്ക് മാലിന്യങ്ങളും ഖരമാലിന്യങ്ങളും കിണറുകളില്‍ അരിച്ചിറങ്ങിയതാകാം എന്ന നിഗമനത്തിലാണ് പഠനം എത്തിച്ചേര്‍ന്നത്.
മിക്കവാറും സ്ഥലങ്ങളില്‍ വെള്ളം പൊങ്ങിയാല്‍ സെപ്റ്റിക് ടാങ്കുകളും കിണറുകളും ഒരുമിച്ച് നിറയുകയും ഒന്നാവുകയും ചെയ്യുന്നത് രോഗാണുക്കളുടെ വ്യാപനത്തിനും രോഗബാധയ്ക്കും കാരണമാകുന്നുണ്ട്. കൊച്ചി നഗരത്തിലെ 85 ശതമാനം ആളുകള്‍ക്ക് മാത്രമാണ് ശരിയായ കക്കൂസുള്ളതെന്ന് നാം മനസ്സിലാക്കണം. അലഞ്ഞുതിരിയുന്നവരും അന്യസംസ്ഥാനക്കാരും വീടില്ലാത്തവരും വഴിപോക്കരും മലമൂത്രവിസര്‍ജ്ജനം നടത്തുന്നത് നഗരപ്രാന്തങ്ങളിലും കാനകളിലും കായലുകളിലുമാണ്. കേട്ടുകേള്‍വിയില്ലാത്ത രോഗങ്ങളുടെ വ്യാപനത്തിന് ഇത് കാരണമാകുന്നുണ്ട്. നഗരങ്ങളില്‍ പ്രത്യേകിച്ചും കൊച്ചി നഗരത്തില്‍ സെപ്റ്റിക് ടാങ്കുകളുടെ ഓവര്‍ഫ്ലോ ജലം കാനകളിലാണ് എത്തുന്നത്. കാനകളില്‍ വെള്ളം കയറുമ്പോള്‍ വെള്ളം സെപ്റ്റിക് ടാങ്ക് വരെ എത്തുകയും മലമടക്കം പൊതുകാനകളില്‍ എത്തുന്നുണ്ടെന്ന യാഥാര്‍ത്ഥ്യവും നാം മനസ്സിലാക്കേണ്ടതായിട്ടുണ്ട്. അതായത് നഗരങ്ങളിലെ കാനകളുടെ ശൃംഖലയില്‍ രോഗാണുക്കള്‍ കലരുന്നുണ്ടെന്നതിന് വലിയ തെളിവിന്റെ ആവശ്യമൊന്നുമില്ല. കാരണം നഗരത്തിലെ ആശുപത്രികള്‍, ഹോട്ടലുകള്‍, ഭക്ഷണ വ്യവസായങ്ങള്‍, ബേക്കറികള്‍, അറവുശാലകള്‍ ഡയറികള്‍, തട്ടുകടകള്‍ തുടങ്ങിയ സ്ഥാപനങ്ങളിലെ അഴുക്കു ജലം കാനകളിലാണ് എത്തിപ്പെടുന്നത്. ഒഴുക്കില്ലാത്ത കാനകളില്‍ അവ കെട്ടിക്കിടക്കുകയും രോഗാണുക്കളുടെ പെരുകലിന് കാരണമാകുകയും ചെയ്യുന്നു. ഇക്കാരണങ്ങളാല്‍ മഴക്കാലങ്ങളേക്കാള്‍ രോഗബാധ വേനലിലാണ് കൂടുതല്‍ കണ്ടുവരുന്നത്.
ഏകദേശം 55 ലക്ഷം ആളുകള്‍ക്കെങ്കിലും കുടിവെള്ളം പമ്പ് ചെയ്യുന്ന പെരിയാറ്റിലേയ്ക്കാണ് ആലുവ നഗരത്തിലെ നൂറുകണക്കിന് ഓടകള്‍ എത്തിച്ചേരുന്നത്. ഓടകളില്‍ എത്തിച്ചേരുന്ന മലിനജലം പലപ്പോഴും കുടിവെള്ളത്തില്‍ കലരുന്നതായി റിപ്പോര്‍ട്ടുകളുണ്ട്. കാനകളിലൂടെ വീടുകളിലെത്തുന്ന ശുദ്ധജലപൈപ്പുകള്‍ പലപ്പോഴും പൊട്ടിയൊലിക്കുന്നതു കാണാം. പമ്പിംഗ് പലപ്പോഴും വൈദ്യുതി നിലയ്ക്കുന്നതുമൂലം നിന്നു പോകുമ്പോള്‍ ഉണ്ടാകുന്ന വായു സംഗ്രാസ മര്‍ദ്ദം നേര്‍വിപരീത ദിശയിലാകുകയും മലിനജലം ശുദ്ധജല പൈപ്പുകളില്‍ കയറുകയും ചെയ്യും. നഗ്നനേത്രങ്ങള്‍ക്ക് ഗോചരമല്ലാത്ത രോഗാണുക്കള്‍ കുടിവെള്ളത്തിലൂടെ നമ്മുടെ ശരീരത്തിലെത്തുന്നു. ഇതുകൂടാതെയാണ് നഗരങ്ങളില്‍ വിതരണം ചെയ്യുന്ന ടാങ്കര്‍ ലോറികളില്‍ സെപ്റ്റിക് ടാങ്ക് മാലിന്യം നിറയ്ക്കുന്നതായുള്ള വാര്‍ത്ത പുറത്തുവന്നിരിക്കുന്നത്. കുടിവെള്ളം എന്ന പേരില്‍ നഗരങ്ങളില്‍ വിതരണം ചെയ്യുന്ന വെള്ളത്തിന് യാതൊരു പരിശോധനയോ, ട്രീറ്റ്മെന്റോ ഇല്ലായെന്നത് രോഗങ്ങള്‍ പടര്‍ന്നുപിടിക്കുവാന്‍ കാരണമാണ്. ഖരമാലിന്യം, അറവുശാലാ മാലിന്യം എന്നിവ നിക്ഷേപിക്കുന്ന പല തോടുകളില്‍നിന്നും നദികളില്‍നിന്നും കിണറുകളില്‍നിന്നും കുളങ്ങളില്‍നിന്നും എടുക്കുന്ന മലിനജലമാണ് പലപ്പോഴും ശുദ്ധമായ കുടിവെള്ളം എന്ന പേരില്‍ ഫ്ലാറ്റുകളിലും വീടുകളിലും വിതരണം ചെയ്യുന്നത്. ഒരു തരത്തിലുള്ള ഗുണമേന്മാ പരിശോധനയ്ക്കും വിധേയമാക്കാത്ത ടാങ്കര്‍ ലോറി ജലം പലപ്പോഴും രോഗാണുക്കളുടെ ഉറവിടമാണ്.
കൊച്ചി നഗരത്തിന്റെ ഭൂമിശാസ്ത്രപരമായ സവിശേഷത നഗരത്തിന്റെ ജല-മലിനജല നിര്‍മാര്‍ജ്ജനത്തിന് തടസ്സം സൃഷ്ടിക്കുന്നുണ്ട്. നഗരത്തിലെ കിഴക്കന്‍ മേഖല അതായത് രവിപുരം-തെക്കു കിഴവന റോഡിനും സൗത്ത് ഓവര്‍ബ്രിഡ്ജിനും കിഴക്ക് റെയില്‍വേ ലൈനിനും പടിഞ്ഞാറ് എംജി റോഡിനും ഇടയ്ക്കുള്ള പ്രദേശങ്ങളില്‍ മഴക്കാലങ്ങളില്‍ രൂക്ഷമായ വെള്ളക്കെട്ട് അനുഭവപ്പെടുന്നുണ്ട്. സൗത്ത് റെയില്‍വെ സ്റ്റേഷന് പ്രദേശം സ്ഥിരമായി വെള്ളക്കെട്ടുള്ള സ്ഥലമാണ്. നോര്‍ത്ത് ടൗണ്‍ഹാള്‍ പ്രദേശം, കലൂര്‍ പ്രദേശം, പാലാരിവട്ടം പ്രദേശം കൂടാതെ നഗരത്തിന്റെ പടിഞ്ഞാറന്‍ മേഖലയിലും മഴക്കാലങ്ങളില്‍ രൂക്ഷമായ വെളളക്കെട്ട് അനുഭവപ്പെടുന്ന പ്രദേശങ്ങളാണ്. ഇടപ്പള്ളിത്തോട്, പുഞ്ചത്തോട്, തേവര-പേരണ്ടൂര്‍ കനാല്‍, മുല്ലശ്ശേരി കനാല്‍, തേവര ചമ്പക്കര കനാല്‍, വൈറ്റില കാരണക്കോടം തോട്, ചങ്ങാടം പോക്ക് തോട്, രാമേശ്വരം കനാല്‍, കല്‍വത്തി കനാല്‍, മാന്ത്രത്തോട്, ചെറളായി തോട്, പുല്ലാരത്തോട്, കണ്ണങ്ങാട്ട് തോട്, പഷ്ണിത്തോട്, അറനാട് തോട് എന്നിവ കയ്യേറിയതിനാലും ആഴം കുറഞ്ഞതിനാലുമാണ് മഴക്കാലത്തെ വെള്ളക്കെട്ടിന് കാരണമാകുന്നത്. എന്നാല്‍ വേനല്‍ക്കാലങ്ങളില്‍ ഈ പ്രധാന തോടുകളിലെ മലിനജലം കെട്ടികിടക്കലാണ് രോഗാതുരമായ നഗരജീവിതത്തിന് വഴിയൊരുക്കുന്നത്. ഈ പ്രധാനപ്പെട്ട തോടുകളിലെല്ലാം ആശുപത്രികളില്‍നിന്നുള്ള മലിനജലം ഒഴുകിയെത്തുന്നുണ്ടെന്നത് പ്രശ്നത്തിന്റെ ഗൗരവം വര്‍ധിപ്പിക്കുന്നു.
കെട്ടിക്കിടക്കുന്ന മലമൂത്ര വിസര്‍ജ്യമടക്കമുള്ള കാനകളിലെ മലിനജലത്തിലാണ് കൊതുക് മുട്ടയിട്ട് പെരുകുന്നത്. കൊച്ചി നഗരത്തിലെ കൊതുകു ശല്യത്തിന് ഒരുകാലത്തും പരിഹാരമുണ്ടാകാത്തതും മലിനജലം കെട്ടിക്കിടക്കുന്നതുമൂലമാണ്. കേരളത്തിലെ നഗരങ്ങളില്‍ മലിനജലം കൈകാര്യം ചെയ്യുന്നതിന് സാങ്കേതിക പരിഹാരങ്ങള്‍ക്കുമപ്പുറം ശാസ്ത്രീയ പരിഹാരമാണ് ആവശ്യം. അതിനുമാത്രമെ രോഗങ്ങളെ തടയുവാനാകൂ. സംസ്ഥാനത്തെ പ്രധാനപ്പെട്ട നഗരങ്ങളിലെങ്കിലും മലിനജല സംസ്ക്കരണ പ്ലാന്റുകള്‍ സ്ഥാപിക്കാനായില്ലെങ്കില്‍ ദൂരവ്യാപകമായ പ്രത്യാഘാതങ്ങള്‍ക്ക് നാം വിധേയരാകും. നമ്മുടെ ആരോഗ്യമേഖല ദിനംപ്രതി കൂടുതല്‍ പ്രശ്നബാധിതമാകുന്നതിനു കാരണവും ദ്രവമാലിന്യസംസ്ക്കരണത്തിന്റെ അഭാവം തന്നെയാണ്. തിളപ്പിച്ച് ആറ്റിയ വെള്ളം കുടിയ്ക്കുവാന്‍ ജനങ്ങളെ ബോധവല്‍ക്കരിച്ചാലും സമൂഹത്തിലെ എത്ര ശതമാനം പേര്‍ക്ക് അതിനുള്ള അവസരമുണ്ട് എന്നുകൂടി നാം മനസ്സിലാക്കണം.
മാലിന്യരഹിത ചുറ്റുപാടും ശുദ്ധജല വിതരണവും മാത്രമാണ് ആരോഗ്യരംഗത്തെ ഇന്നത്തെ പ്രശ്നങ്ങള്‍ക്ക് പരിഹാരമായിട്ടുള്ളൂ. കാനകള്‍, തോടുകള്‍ എന്നിവയിലെ ചെളിയും മറ്റു മാലിന്യങ്ങളും നീക്കം ചെയ്യുക, സെപ്റ്റിക് ടാങ്ക് ഔട്ട്ലെറ്റുകള് കാനകളുമായി ബന്ധിപ്പിക്കുന്നത് തടയുക, ഡ്രെയിനേജുകളുടെ ചെരിവ് ഒഴുക്കുണ്ടാക്കുവാന്‍ പര്യാപ്തമാക്കുക, കന്നുകാലികളെ വളര്‍ത്തുന്ന തൊഴുത്തുകളില്‍നിന്നുള്ള വിസര്‍ജ്ജ്യങ്ങള്‍ നിക്ഷേപിക്കുന്നത് തടയുക, കാനകളും തോടുകളും കയ്യേറിയിട്ടുള്ളത് ഒഴിപ്പിക്കുക, കനാലുകളുടെയും തോടുകളുടെയും ആഴം കൂട്ടി ഒഴുക്ക് വര്‍ധിപ്പിക്കുക, ഇന്റര്‍ ലിംങ്കിംഗ് ഡ്രൈനേജുകളിലെ തടസ്സങ്ങള്‍ നീക്കി അറ്റകുറ്റപ്പണികള്‍ നടത്തുക, സ്ലൂയിഡുകള്‍ ശാസ്ത്രീയമായി പുതുക്കുക, വെള്ളക്കെട്ട് ഒഴിവാക്കുവാനുള്ള കള്‍വര്‍ട്ടുകള്‍ അടിയന്തരമായി പണിതീര്‍ക്കുക എന്നീ പ്രവൃത്തികള്‍ യുദ്ധകാലാടിസ്ഥാനത്തില്‍ പൂര്‍ത്തിയാക്കിയാല്‍ മാത്രമെ വൃത്തിയുള്ളതും ആരോഗ്യകരവും ദുര്‍ഗന്ധം വമിക്കാത്തതുമായ ഒരു ചുറ്റുപാട് നമ്മുടെ നഗരങ്ങളില്‍ ഉണ്ടാക്കുവാനാകൂ. മഴവെള്ളം ഒഴുകിപ്പോകുവാനുള്ള സംവിധാനങ്ങള്‍ നവീകരിക്കുകയും ദ്രവമാലിന്യ സംസ്ക്കരണത്തിന് സംവിധാനം ഒരുക്കുകയും മാത്രമാണ് കേരളത്തിലെ പനിക്കാലത്തിന് ശമനമുണ്ടാക്കുവാനുള്ള ഏക പോംവഴി.
കേരളത്തിലെ സാധാരണക്കാരായ ജനങ്ങള്‍ പനി മൂലവും മറ്റു ആരോഗ്യപ്രശ്നങ്ങളാലും കഷ്ടപ്പെടുമ്പോഴും നമ്മുടെ ഭരണകൂടവും രാഷ്ട്രീയ നേതൃത്വങ്ങളും യാതൊരു പ്രയോജനവുമില്ലാത്ത ചര്‍ച്ചകളിലും പ്രവര്‍ത്തനങ്ങളിലും വ്യാപൃതരാകുന്നത് ജനദ്രോഹപരമാണ്. ജനങ്ങളുടെ യഥാര്‍ത്ഥ പ്രശ്നങ്ങളില്‍ കാര്യമാത്ര പ്രസക്തമായ ഒരു ചര്‍ച്ചയും നടപടിയും ഭരണകൂടം കൈക്കൊള്ളുന്നില്ല. റോഡുകളുടെ ശോച്യാവസ്ഥയെക്കുറിച്ചോ, ജനങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ കാര്‍ഷിക മേഖലയുടെ വളര്‍ച്ചയെക്കുറിച്ചോ പരമ്പരാഗത തൊഴിലവസരങ്ങളെക്കുറിച്ചോ പുതിയ സാങ്കേതിക വിദ്യ ഉപയോഗിച്ചുള്ള തൊഴിലവസരം സൃഷ്ടിക്കുന്നതിനെക്കുറിച്ചോ ഗതാഗത സൗകര്യങ്ങള്‍ വര്‍ധിപ്പിക്കുന്നതിനെക്കുറിച്ചോ കുടിവെള്ള വിതരണം കാര്യക്ഷമമാക്കുന്നതിനെക്കുറിച്ചോ ഖര-ദ്രവ മാലിന്യ പ്രശ്നങ്ങള്‍ കൈകാര്യം ചെയ്യുന്നതിനെക്കുറിച്ചോ, ആരോഗ്യകരമായ ചര്‍ച്ചകള്‍ നടക്കാത്തത് കേരളീയരുടെ ഗതികേടായി മാത്രമേ കാണുവാനാകൂ. മലിനജലം കുടിച്ച് രോഗാതുരമായ ജീവിതം നയിക്കുവാനുള്ള നമ്മുടെ വിധിയെക്കുറിച്ച് പഴിക്കുകയല്ലാതെന്തു പറയാന്‍?
ഡോ.സി.എം.ജോയി
പ്രതികരിക്കാൻ ഇവിടെ എഴുതുക: