Categories: India

യുപിയില്‍ ബിജെപിക്ക്‌ വിജയപ്രതീക്ഷ

Published by

ന്യൂദല്‍ഹി: അഴിമതിക്കെതിരെയുള്ള ജനവികാരം ഉത്തര്‍പ്രദേശില്‍ പാര്‍ട്ടിക്ക്‌ നേരിയ മുന്‍തൂക്കം ലഭിച്ചുവെന്ന രഹസ്യ സര്‍വേയുടെ പശ്ചാത്തലത്തില്‍ ഈ വികാരം അടുത്തവര്‍ഷം നടക്കുന്ന തെരഞ്ഞെടുപ്പില്‍ വോട്ടുകളാക്കി മാറ്റാന്‍ ബിജെപി നീക്കമാരംഭിച്ചു.

സംസ്ഥാനത്തെ മായാവതി സര്‍ക്കാരിന്റേയും കേന്ദ്രത്തിലെ യുപിഎ സര്‍ക്കാരിന്റെയും ഭരണത്തിന്‍ കീഴില്‍ അഴിമതിയോടുള്ള ജനങ്ങളുടെ പ്രതികരണമാണ്‌ സര്‍വേയില്‍ പ്രതിഫലിച്ചതെന്ന്‌ ബിജെപി നേതാക്കള്‍ വ്യക്തമാക്കി. കഴിഞ്ഞ ഏതാനും മാസങ്ങള്‍ക്കുള്ളില്‍ നടത്തിയ രണ്ട്‌ സര്‍വേകളും 2007 ലെ 51 സീറ്റ്‌ വിജയത്തേക്കാള്‍ പാര്‍ട്ടിയുടെ നില പുരോഗമിച്ചുവെന്ന്‌ തെളിഞ്ഞതായി നേതാക്കള്‍ വ്യക്തമാക്കി.

ഒരു സ്വതന്ത്ര ഏജന്‍സിയും ബിജെപിയും നടത്തിയ സര്‍വേകളിലാണ്‌ പാര്‍ട്ടിക്ക്‌ വിജയിക്കാനാവുമെന്ന്‌ കണ്ടെത്തിയത്‌. സംസ്ഥാനത്തെ 403 അസംബ്ലി മണ്ഡലങ്ങളിലെയും ജനാഭിപ്രായം ബിജെപിക്ക്‌ അനുകൂലമാണെന്നാണ്‌ ഈ രണ്ട്‌ സര്‍വേകളുടെയും മൊത്തം ഫലങ്ങള്‍ സൂചിപ്പിക്കുന്നത്‌. സമ്മതിദായകരുടെ ഈ മനോഗതിയെ വോട്ടാക്കി മാറ്റലാണ്‌ തങ്ങളുടെ മുന്നിലുള്ള വെല്ലുവിളിയെന്ന്‌ ഒരു മുതിര്‍ന്ന പാര്‍ട്ടി നേതാവ്‌ വ്യക്തമാക്കി.

അടല്‍ബിഹാരി വാജ്പേയിയും കല്യാണ്‍സിംഗും അടങ്ങുന്ന ഒരു കൂടുകെട്ടിന്റെ ആവശ്യകത 2012 ലെ തെരഞ്ഞെടുപ്പില്‍ തങ്ങള്‍ക്കുണ്ടെന്ന്‌ നേതാക്കള്‍ അറിയിച്ചു. കല്യാണ്‍സിംഗിന്‌ പകരം ഉമാഭാരതിയെ ഉയര്‍ത്തിക്കാട്ടാനാണ്‌ പാര്‍ട്ടി ആഗ്രഹിക്കുന്നത്‌. മായാവതി സര്‍ക്കാരിന്‌ പിന്തുണ കുറയുന്നുവെന്നും 2007 ല്‍ നേടിയ 206 സീറ്റ്‌ വിജയം അവര്‍ക്ക്‌ ആവര്‍ത്തിക്കാനാവില്ലെന്നും ബിജെപി കരുതുന്നു.

രാംദേവിന്റെയും അണ്ണാ ഹസാരെയുടെയും അഴിമതിവിരുദ്ധ പ്രക്ഷോഭങ്ങള്‍ കോണ്‍ഗ്രസ്‌ കൈകാര്യം ചെയ്ത രീതി ജനങ്ങളെ ആ പാര്‍ട്ടിയില്‍നിന്ന്‌ അകറ്റിയിരിക്കുകയാണ്‌. പാര്‍ലമെന്റിന്റെ ശൈത്യകാല സമ്മേളനത്തില്‍ ലോക്പാല്‍ ബില്ല്‌ പാസാക്കിയില്ലെങ്കില്‍ താന്‍ ഉത്തര്‍പ്രദേശ്‌ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനെതിരായി പ്രചാരണത്തിനിറങ്ങുമെന്ന ഹസാരെയുടെ പ്രസ്താവന ബിജെപിക്ക്‌ അനുകൂലമാണ്‌. പാര്‍ട്ടി സംസ്ഥാനത്ത്‌ നല്ല അവസ്ഥയിലാണെന്നും ഒറ്റക്കുതന്നെ സര്‍ക്കാര്‍ രൂപീകരിക്കുമെന്ന്‌ പ്രതീക്ഷിക്കുന്നതായും ബിജെപി വൈസ്‌ പ്രസിഡന്റ്‌ മുക്താര്‍ അബ്ബാസ്‌ നഖ്‌വി അറിയിച്ചു.

Share
പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by