ന്യൂദല്‍ഹി: വ്യവസായ കേന്ദ്രങ്ങളുടെ ഉപയോഗത്തിനായുള്ള സ്ഫോടകവസ്തുക്കള്‍ നക്സലൈറ്റുകള്‍ക്ക് ലഭിക്കുന്നതായി റിപ്പോര്‍ട്ടുകള്‍ വെളിപ്പെടുത്തുന്നു. ഇത്തരം സ്ഫോടകവസ്തുക്കള്‍ നക്സല്‍ വിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്ന പോലീസുകാര്‍ക്കെതിരെ പ്രയോഗിക്കപ്പെടുന്നതായി ചില കേന്ദ്രങ്ങളില്‍നിന്നും അറിയാന്‍ കഴിഞ്ഞു. വ്യാവസായിക ആവശ്യത്തിനായി ഉപയോഗിക്കപ്പെടുന്ന സ്ഫോടകവസ്തുക്കളുടെ കണക്ക് ലഭിക്കുക എളുപ്പമല്ല. അതിനാല്‍ തന്നെ തങ്ങള്‍ക്ക് ഒരുമാസം 100 കിലോഗ്രാം സ്ഫോടക വസ്തുക്കള്‍ ആവശ്യമാണെന്ന് ഒരു വ്യവസായശാലക്ക് അവകാശപ്പെടാം. എന്നാല്‍ ഇത്രയും സ്ഫോടകവസ്തുക്കള്‍ യഥാര്‍ത്ഥത്തില്‍ ആ പ്രത്യേക വ്യവസായശാല ഉപയോഗിച്ചോ എന്നു കണ്ടെത്താന്‍ മറ്റു മാര്‍ഗങ്ങളില്ലെന്നും വക്താവ് അറിയിച്ചു. മാവോ ഭീകരരുടെ ഭീഷണിയുള്ള മേഖലയില്‍ ഉപയോഗം കഴിഞ്ഞു മിച്ചം വരുന്ന സ്ഫോടക വസ്തുക്കള്‍ ഇത്തരം ഭീകരര്‍ക്ക് വ്യവസായശാലകള്‍ തന്നെ കൈമാറ്റം ചെയ്യാനുള്ള സാധ്യതകള്‍ തള്ളിക്കളയാനാവില്ല.
ഇങ്ങനെ ചെയ്യുന്ന വ്യവസായശാലകള്‍ തീര്‍ച്ചയായും തങ്ങളുടെ ആവശ്യത്തില്‍ കൂടുതല്‍ സ്ഫോടകവസ്തുക്കള്‍ കരസ്ഥമാക്കാനും ശ്രമിച്ചേക്കാമെന്ന് വക്താവ് തുടര്‍ന്നു. കഴിഞ്ഞകാലങ്ങളില്‍ സ്ഫോടക വസ്തുശേഖരങ്ങള്‍ പലതും നക്സലുകള്‍ ആക്രമിച്ചിട്ടുണ്ട്. 2009 ല്‍ ഒഡിഷയിലെ ഒമാന്‍ ജോഡി ഖാനിയില്‍ നക്സലുകള്‍ 10 സിഐഎസ്എഫ് ജവാന്മാരെ വക വരുത്തിയിരുന്നു. ഛത്തീസ്ഗഡിലെ കിരണ്ഡൂല് പ്രദേശത്തും ഇത്തരം ആക്രമണങ്ങള്‍ നടന്നു. വ്യവസായശാലകള്‍ക്ക് ലഭിക്കുന്ന സ്ഫോടകവസ്തുക്കളാണ് നക്സലെറ്റുകള്ക്ക് ലഭിക്കുന്നതെന്ന് അന്വേഷണത്തിലൂടെ കണ്ടെത്തിയാല്‍ അവര്‍ക്കെതിരെ നടപടി സ്വീകരിക്കേണ്ടിവരും. നക്സലുകള്‍ക്ക് ധനസഹായം നല്‍കിയതിന് കഴിഞ്ഞമാസം ഒരു വ്യവസായ ഗ്രൂപ്പിന്റെ മുതിര്‍ന്ന ഉദ്യോഗസ്ഥനെ പോലീസ് അറസ്റ്റു ചെയ്തിരുന്നു. എന്നാല്‍ ഈ ആരോപണം അടിസ്ഥാനരഹിതമാണെന്നാണ് കമ്പനി അധികൃതരുടെ നിലപാട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: