ഖര്‍ടോം: സുഡാന്റേയും തെക്കന്‍ സുഡാന്റേയും പ്രസിഡന്റുമാര്‍ തങ്ങള്‍ ഇനി യുദ്ധത്തിനില്ലെന്ന് പ്രതിജ്ഞ ചെയ്തു. തെക്കന്‍ സുഡാന് പ്രസിഡന്റ് സാല്വകിര് സുഡാന് തലസ്ഥാനമായ ഖര്‍ടോം സന്ദര്‍ശിച്ചപ്പോഴായിരുന്നു ഇരുവരുടേയും തീരുമാനം. രണ്ടുപതിറ്റാണ്ടുകാലത്തെ ആഭ്യന്തര കലാപത്തില്‍ 1.5 മില്ല്യണ്‍ ആളുകള്‍ തെക്കന്‍ സുഡാനില്‍ കൊല്ലപ്പെട്ടിരുന്നു. രാജ്യത്തിന് കഴിഞ്ഞ ജൂലൈ മാസത്തിലാണ് സ്വാതന്ത്ര്യം ലഭിച്ചത്. എന്നാലും ബാദ്ധ്യതകള്‍ പങ്കുവെക്കുന്നതിനെക്കുറിച്ചും അതിര്‍ത്തിയെക്കുറിച്ചും വിവാദപ്രദേശമായ അബേയിയെക്കുറിച്ചുമുള്ള തര്‍ക്കം നിലനില്ക്കുന്നു. 2005 ലെ സമാധാന ഉടമ്പടിയില്‍നിന്നാണ് തങ്ങള്‍ക്ക് പ്രചോദനം ലഭിച്ചതെന്ന് ഇരുരാഷ്ട്രങ്ങളിലേയും നേതാക്കള്‍ വ്യക്തമാക്കി.
തങ്ങള്‍ ഇനി യുദ്ധത്തിലേക്കു മടങ്ങുന്നില്ലെന്ന ഉറച്ച തീരുമാനത്തിന്റെ പ്രതീകമാണ് സൗത്ത് സുഡാന് പ്രസിഡന്റ് സാല്വകറിന്റെ സന്ദര്‍ശനമെന്ന് സുഡാന് പ്രസിഡന്റ് ഒമര്‍ അല്‍ ബഷീര്‍ അഭിപ്രായപ്പെട്ടു. പ്രശ്നങ്ങള്‍ക്ക് യുദ്ധം ഒഴിവാക്കിയുള്ള പരിഹാരങ്ങള്‍ തേടുമെന്ന് ഇരുരാജ്യത്തെയും പ്രസിഡന്റുമാര്‍ അറിയിച്ചു.
രണ്ടുദിവസം നീണ്ടുനില്‍ക്കുന്ന സൗത്ത് സുഡാന് പ്രസിഡന്റിന്റെ സന്ദര്‍ശനം ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം ദൃഢമാക്കുവാന്‍ ഉതകുമെന്ന് നയതന്ത്രജ്ഞര്‍ കരുതുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: