ന്യൂദല്‍ഹി: തെലുങ്കാന പ്രശ്നം ചര്‍ച്ച ചെയ്യാനായി വിളിച്ച കോണ്‍ഗ്രസ് കോര്‍ കമ്മിറ്റിയോഗം നാളത്തേയ്ക്ക് മാറ്റി. ഇക്കാര്യത്തില്‍ സമവായം ഉണ്ടാകാത്തതിനാലാണ് യോഗം മാറ്റി വച്ചത്. കഴിഞ്ഞ ദിവസം ആന്ധ്രാ മുഖ്യമന്ത്രി ഉള്‍പ്പടെയുള്ള നേതാക്കളുമായി കോണ്‍ഗ്രസ് നേതാക്കള്‍ ചര്‍ച്ച നടത്തിയിരുന്നു.
28 ദിവസമായി തുടരുന്ന സമരം ആന്ധ്രാപ്രദേശിലെ ഭരണത്തെ ബാധിച്ചിട്ടുണ്ടെന്ന് ഗവര്‍ണര്‍ ഇ.എസ്.എല്‍ നരസിംഹന് കേന്ദ്ര മന്ത്രിമാരെ അറിയിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസം നടന്ന ചര്‍ച്ചകളുടെ അടിസ്ഥാനത്തില്‍ ഇന്ന് കോര്‍കമ്മിറ്റി യോഗം ചേര്‍ന്ന് തീരുമാനം എടുക്കുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍ സമവായം ഉണ്ടാകാത്ത സാഹചര്യത്തില്‍ യോഗം മാറ്റുകയായിരുന്നു.
പ്രശ്നത്തിന് താത്ക്കാലിക പരിഹാരം ഉണ്ടാക്കാനുള്ള ശ്രമങ്ങളും കോണ്‍ഗ്രസ് നേതാക്കള്‍ നടത്തുന്നുണ്ട്. ഇപ്പോഴത്തെ മുഖ്യമന്ത്രി കിരണ്‍ കുമാര്‍ റെഡ്ഡിയെ മാറ്റി പുതിയ മുഖ്യമന്ത്രിയെ കൊണ്ടു വരുക എന്നതാണ് താത്ക്കാലിക ഫോര്‍മുല എന്ന നിലയില്‍ ചര്‍ച്ച ചെയ്യുന്നത്. തെലുങ്കാന മേഖലയില്‍ നിന്നുള്ള ഒരാളെ മുഖ്യമന്ത്രിയാക്കാമെന്നാണ് കോണ്‍ഗ്രസിനുള്ളിലെ ആലോചന.
എന്നാല്‍ താത്ക്കാലിക പ്രശ്നപരിഹാരം കൊണ്ടൊന്നും സമരം അവസാനിപ്പിക്കില്ലെന്ന നിലപാടിലാണ് സംയുക്ത സമര സമിതി. നാളെ നടക്കുന്ന കൂടിയാലോചനകള്‍ക്ക് ശേഷം കോണ്‍ഗ്രസ് കോര്‍കമ്മിറ്റി യോഗം ചേര്‍ന്ന് പരിഹാര മാര്‍ഗ്ഗം തീരുമാനിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: