Categories: India

ഹസാരെ സംഘം കോണ്‍ഗ്രസിനെതിരെ പ്രചരണം തുടങ്ങി

Published by

ഹിസാര്‍: അണ്ണാ ഹസാരെ സംഘം കോണ്‍ഗ്രസിനെതിരായ പരസ്യ തെരഞ്ഞെടുപ്പ്‌ പ്രചരണം തുടങ്ങി. ഹരിയാനയിലെ ഹിസാര്‍ ലോക്സഭാ ഉപതെരഞ്ഞെടുപ്പിലാണ്‌ കോണ്‍ഗ്രസ്‌ സ്ഥാനാര്‍ത്ഥിക്കെതിരായി ഹസാരെ സംഘം പ്രചരണം നടത്തുന്നത്‌. ഹിസാറില്‍ കോണ്‍ഗ്രസിന്‌ വോട്ടുചെയ്യരുതെന്ന്‌ ഹസാരെ കഴിഞ്ഞ ദിവസം ആഹ്വാനംചെയ്തിരുന്നു.

അണ്ണാ സംഘത്തില്‍പ്പെട്ട അരവിന്ദ്‌ കേജ്‌രിവാള്‍, മനീഷ സിസോദിയ എന്നിവര്‍ ഇന്നലെ മണ്ഡലത്തില്‍ പ്രചരണത്തിനെത്തി. കിരണ്‍ ബേദി, പ്രശാന്ത്‌ ഭൂഷണ്‍ എന്നിവരും കോണ്‍ഗ്രസ്‌ വിരുദ്ധ പ്രചാരണത്തിനായി മണ്ഡലത്തില്‍ എത്തുന്നുണ്ട്‌.

മുന്‍മുഖ്യമന്ത്രി ഭജന്‍ലാലിന്റെ മരണത്തെത്തുടര്‍ന്നാണ്‌ ഹിസാറില്‍ ഉപതെരഞ്ഞെടുപ്പ്‌ വേണ്ടിവന്നത്‌. പൊതുതെരഞ്ഞെടുപ്പില്‍ ഹരിയാനയിലെ ഒമ്പത്‌ സീറ്റുകളും നേടിയ കോണ്‍ഗ്രസിന്‌ ഹിസാര്‍ മണ്ഡലമാണ്‌ നഷ്ടമായത്‌. ഈ സീറ്റുകൂടി നേടാനുള്ള കോണ്‍ഗ്രസിന്റെ മോഹങ്ങള്‍ക്ക്‌ തിരിച്ചടിയായിരിക്കുകയാണ്‌ ഹസാരെ സംഘത്തിന്റെ സാന്നിധ്യം.

ഇതിനിടെ, ഹസാരെയെ അനുനയിപ്പിക്കുന്നതിന്റെ ഭാഗമായി മഹാരാഷ്‌ട്ര കോണ്‍ഗ്രസ്‌ അധ്യക്ഷന്‍ മണിക്‌റാവു താക്കറെ ഇന്നലെ അദ്ദേഹത്തെ കണ്ട്‌ ചര്‍ച്ച നടത്തി. ജന്‍ലോക്പാല്‍ ബില്‍ കൊണ്ടുവരുന്നതില്‍ പരാജയപ്പെട്ട കോണ്‍ഗ്രസ്‌ തോല്‍ക്കണമെന്ന അഭ്യര്‍ത്ഥനയാണ്‌ താന്‍ നടത്തിയിരിക്കുന്നതെന്ന്‌ ഹസാരെ അറിയിച്ചു. സിനിമാനടന്‍ വിവേക്‌ ഒബ്‌റോയിയും ഇന്നലെ ഹസാരെയെ സന്ദര്‍ശിച്ചു.

അതേസമയം, ഹസാരെയുടെ പ്രചാരണം കോണ്‍ഗ്രസിന്റെ സാധ്യതകളെ ബാധിക്കില്ലെന്ന്‌ ഹരിയാന കോണ്‍ഗ്രസ്‌ അധ്യക്ഷന്‍ ഫൂല്‍ചന്ദ്‌ മുല്ലാന അവകാശപ്പെട്ടു. കേന്ദ്രത്തിലേയും സംസ്ഥാനത്തിലെയും കോണ്‍ഗ്രസ്‌ സര്‍ക്കാരുകള്‍ നടത്തുന്ന വികസനപദ്ധതികളായിരിക്കും ജനങ്ങളെ സ്വാധീനിക്കുക. ഹസാരെയുടെ പിന്നില്‍ ആര്‍എസ്‌എസ്‌ ആണെന്ന കാര്യം ഞങ്ങള്‍ പുറത്തുകൊണ്ടുവരും, മുല്ലാന പറഞ്ഞു.

മൂന്നുതവണ എംപിയായിരുന്ന ജയ്പ്രകാശ്‌ ആണ്‌ ഇവിടെ കോണ്‍ഗ്രസ്‌ സ്ഥാനാര്‍ത്ഥി. ഭജന്‍ലാലിന്റെ പുത്രന്‍ കുല്‍ദീപ്‌ ബിഷ്ണോയി ബിജെപി പിന്തുണയോടെയും മുന്‍മുഖ്യമന്ത്രി ഓംപ്രകാശ്‌ ചൗത്താലയുടെ മകന്‍ അജയ്‌ ചൗത്താല നാഷണല്‍ ലോക്ദള്‍ സ്ഥാനാര്‍ത്ഥിയായും മത്സരരംഗത്തുണ്ട്‌.

Share
പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by