Categories: World

സമ്പദ്‌വ്യവസ്ഥ സംരക്ഷിക്കാന്‍ യുഎസ്‌ ദ്വീപ്‌ ലേലത്തിന്‌

Published by

ഡാലസ്‌: അനുദിനം തകര്‍ന്നടിയുന്ന സാമ്പത്തിക വ്യവസ്ഥയെ സുരക്ഷിതമാക്കുവാനായി യു എസ്‌ സര്‍ക്കാര്‍ ഒരു ദ്വീപ്‌ ലേലത്തിനു വെച്ചു.ന്യൂയോര്‍ക്കിന്‌ സമീപം സഫോള്‍ക്ക്‌ പ്രവിശ്യയില്‍ ഏകദേശം മൂന്ന്‌ മെയിലോളം നീളത്തില്‍ അറ്റ്ലാന്റിക്‌ സമുദ്രത്തില്‍ പരന്നു കിടക്കുന്ന ‘പ്ലം’ എന്ന ദ്വീപാണ്‌ കടബാധ്യത തീര്‍ക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായി സര്‍ക്കാര്‍ ലേലം ചെയ്യുന്നത്‌. 5കോടി ഡോളര്‍ മുതല്‍ 8 കോടി ഡോളര്‍ വരെ ദ്വീപിന്‌ ലഭിച്ചേക്കാമെന്ന പ്രതീക്ഷയിലാണ്‌ അധികൃതര്‍.

മൃഗഗവേഷണ കേന്ദ്രമായി വളരെക്കാലം ഉപയോഗിച്ചിരുന്ന ഈ ദ്വീപില്‍ അമേരിക്കയിലെ ഭക്ഷണവിതരണം അണുവിമുക്തമാക്കുന്നതു സംബന്ധിച്ച വിഷയത്തില്‍ ഗവേഷണങ്ങളും നടന്നിരുന്നു. സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ഉപയോഗ ശൂന്യമായ വസ്തുക്കള്‍ വില്‍പ്പന നടത്തുന്നതിലൂടെ രണ്ട്‌ കോടി ഡോളറിലേറെ സമാഹരിക്കാനാകുമെന്നും ഒബാമ ഭരണകൂടം പ്രതീക്ഷിക്കുന്നുണ്ട്‌. പെന്റഗണ്‍, പോസ്റ്റല്‍ സര്‍വ്വീസ്‌ എന്നീ ഡിപ്പാര്‍ട്ട്മെന്റുകള്‍ ഉപയോഗശൂന്യമായ കെട്ടിടങ്ങള്‍ അടുത്തിടെ വിജയകരമായി വിറ്റഴിച്ചിരുന്നു. ഇതിന്‌ തൊട്ടുപിന്നാലെയാണ്‌ ഇത്തരം കൂടുതല്‍ ഇടപാടുകള്‍ നടത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്‌. കഴിഞ്ഞ 20 വര്‍ഷത്തിനുള്ളില്‍ അമേരിക്കന്‍ സേനയും ഇത്തരം വില്‍പ്പനകളിലൂടെ വന്‍ തുകകള്‍ സമാഹരിച്ചിട്ടുണ്ട്‌.

ഒബാമ ഭരണകൂടം വെളിപ്പെടുത്തുന്ന കണക്കുകള്‍ അനുസരിച്ച്‌ ഇതേവരെ ഏകദേശം 12,000 വസ്തു വില്‍പ്പനയ്‌ക്കായിട്ടുണ്ട്‌.ഉപയോഗ ശൂന്യമായ ആകെ വസ്തുക്കളില്‍ കേവലം ഒരു ശതമാനം മാത്രമാണിത്‌. അമേരിക്കന്‍ സാമ്പത്തിക സ്ഥിതി പുനരുദ്ധരിക്കുന്നതിന്‌ ഒബാമ സ്വീകരിക്കുന്ന നടപടികളില്‍ ജനങ്ങള്‍ തൃപ്തരാണെങ്കിലും രാഷ്‌ട്രീയ തലത്തില്‍ ഇത്തരം നടപടികള്‍ക്കെതിരായ നീക്കങ്ങളും ശക്തമാണ്‌

Share
പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by