Categories: Vicharam

ജനചേതനയുണര്‍ത്താന്‍

Published by

അനന്തമായ യാത്രകളുടെ രൂപപരിണാമമായി ജീവിതത്തെ ചിത്രീകരിച്ച നാടാണ്‌ ഭാരതം. യാത്രകള്‍ അവസാനിക്കുന്നില്ല. സത്യത്തെ ഈശ്വരനായി ഉപാസിക്കുന്നവര്‍ക്ക്‌ അതു തേടിയുള്ള യാത്രകള്‍ ഒഴിവാക്കാനാവില്ല. ആദിശങ്കരന്‍ മുതല്‍ മഹാത്മാഗാന്ധിജിവരെ മനുഷ്യമനസ്സുകളില്‍ അന്തര്‍ലീനമായ സത്യത്തെ കണ്ടെത്താന്‍ ഭാരതപര്യടനം നടത്തിയവരാണ്‌. രാഷ്‌ട്രീയ സ്വയംസേവകസംഘത്തിന്റെയും ഭാരതീയ ജനസംഘത്തിന്റെയും സാരഥികള്‍ മുറതെറ്റാതെ ദേശമാസകലം എപ്പോഴും യാത്രാ ദൗത്യത്തെ കൃത്യമായി ഏറ്റെടുത്ത്‌ വിജയിപ്പിക്കുകയും പരിപോഷിപ്പിക്കുകയും ചെയ്ത ചരിത്രമുള്ളവരാണ്‌. രാഷ്‌ട്ര പുനര്‍നിര്‍മ്മാണമാഗ്രഹിക്കുന്ന ഏതൊരു ദേശീയ നേതാവും ഇന്ത്യയുടെ വൈവിധ്യത്തിലൂന്നിയ ഏകതയെ സ്വാംശീകരിച്ചുകൊണ്ട്‌ ഭാരതാംബയുടെ സര്‍വ്വാംഗീണമായ ഉയര്‍ത്തെഴുന്നേല്‍പ്പ്‌ ഉറപ്പുവരുത്തേണ്ടതുണ്ട്‌.

കാലമായി, ചരിത്രമായി, ജനിമൃതികളായി, രാപ്പകലുകളെ സാക്ഷികളാക്കി പൂര്‍വ്വസൂരികള്‍ കാട്ടിയ യാത്രാ സംസ്കാരത്തിന്റെ തിരുശേഷിപ്പ്‌ ലാല്‍കൃഷ്ണ അദ്വാനിയിലൂടെ ഒക്ടോബര്‍ 11 മുതല്‍ വീണ്ടും ദൃശ്യമാവുകയാണ്‌. അഴിമതിയെന്ന കൊടുംപാപം നാടിന്റെ ഒടുങ്ങാത്ത ശാപമായി ഇടനെഞ്ചുതകര്‍ത്ത ദേശത്തിന്റെ വിലാപങ്ങള്‍ ഏറ്റുവാങ്ങാന്‍ ജനനായകന്‍ വീണ്ടുമെത്തുകയാണ്‌. നാടിനെ സ്വതന്ത്രമാക്കാന്‍ സുരാജ്യമാക്കാന്‍; സ്വാതന്ത്ര്യത്തിന്റെ ബലിവേദിയില്‍ പുഞ്ചിരിച്ചുകൊണ്ട്‌ ജീവാര്‍പ്പണം ചെയ്ത ധീര ദേശാഭിമാനികളുടെ അനുഗ്രഹാശിസ്സുകള്‍ ഈ യാത്രാസംഘത്തിനുണ്ട്‌. അഴിമതികാര്‍ന്ന്‌ തിന്ന്‌ ഇല്ലാതാക്കുന്ന ഭാരതഭൂമിയെ ഇനിയതിനനുവദിക്കില്ലെന്ന വിളംബരമാണ്‌ രഥയാത്ര ഉദ്ഘോഷിക്കുന്നത്‌. ഈ യാത്രാ സംഘത്തില്‍ അണിചേരാനും പിന്തുണക്കാനും ജനങ്ങള്‍ മുന്നോട്ടുവരേണ്ടത്‌ ഈ കാലഘട്ടത്തിന്റെ ആവശ്യമാണ്‌.

നിസ്സംഗത ഒരു സമൂഹത്തിന്റെ മുഖമുദ്രയാകുന്നത്‌ ആപത്കരമാണ്‌. പൊതുപ്രവര്‍ത്തകര്‍ കൊള്ളക്കാരായി മാറുമ്പോള്‍ ആ കൊടിയ അന്ധകാരത്തെ പഴിച്ച്‌ മാറി നില്‍കുന്നതിനുപകരം കഴിയുംവിധം കൈത്തിരിവെളിച്ചമെങ്കിലും കൊളുത്തി അനീതിയെ പ്രതിരോധിക്കയാണ്‌ വേണ്ടത്‌. ധര്‍മ്മം ക്ഷയിക്കുമ്പോള്‍ ആസുരികത തിമിര്‍ത്താടുമ്പോള്‍ സ്വയം ഉള്‍വലിയുന്ന നേതാക്കളുടെ പട്ടികയിലല്ല എല്‍.കെ.അദ്വാനിയുള്ളത്‌. സോമനാഥം മുതല്‍ അയോദ്ധ്യവരെ ലക്ഷ്യമിട്ട്‌ അദ്ദേഹം നടത്തിയ ഐതിഹാസിക യാത്ര നാടിന്റെ ഭാഗധേയം തന്നെ മാറ്റിമറിച്ച ഒന്നായിരുന്നു. ഇതിനെക്കുറിച്ച്‌ അദ്ദേഹമെഴുതി ‘അയോദ്ധ്യയിലെ രാമജന്മഭൂമിയില്‍ ഉചിതമായ ക്ഷേത്രം ഉയര്‍ന്നുവരേണ്ടത്‌ ഒരു നിയോഗമാണെന്ന്‌ എനിക്ക്‌ ബോധ്യമുണ്ട്‌. അത്‌ എപ്പോള്‍ എങ്ങനെയെന്നതിന്‌ കുറഞ്ഞ പ്രാധാന്യമേയുള്ളു. അത്‌ തീരുമാനിക്കുന്നത്‌ ചരിത്രത്തിന്റെ ശക്തികളായിരിക്കും’. ഹിന്ദുസ്ഥാനത്തില്‍ ഹിന്ദുത്വപ്രസ്ഥാനത്തിന്റെ അമരക്കാരന്‍ നടത്തിയ ആ മഹായാത്രയെ സ്വാതന്ത്ര്യത്തിലേക്കുള്ള തീര്‍ത്ഥാടനമായിട്ടാണ്‌ ചരിത്രം വിശേഷിപ്പിച്ചിട്ടുള്ളത്‌.

രാഷ്‌ട്ര പുനര്‍നിര്‍മ്മാണത്തെക്കുറിച്ച്‌ സര്‍വ്വധര്‍മ്മസമഭാവത്തിലൂന്നിയ ഭാരതീയ കാഴ്ചപ്പാടിനെക്കുറിച്ചും വ്യക്തമായ ദിശാബോധമുള്ള അദ്വാനിജി കപടമതേതരം ദേശീയതയെ എങ്ങനെ തകര്‍ക്കുന്നു എന്നത്‌ ചൂണ്ടിക്കാട്ടാന്‍ നെഹ്‌റുവിനെകുറിച്ച്‌ ഡോക്ടര്‍ കെ.എം.മുന്‍ഷി എഴുതിയത്‌ തന്റെ ജീവചരിത്രഗ്രന്ഥത്തില്‍ ഉദ്ധരിച്ചിട്ടുണ്ട്‌. സോമനാഥക്ഷേത്ര പുന:പ്രതിഷ്ഠയ്‌ക്ക്‌ രാഷ്‌ട്രപതി ഡോ.രാജേന്ദ്രപ്രസാദിനെ പങ്കെടുപ്പിക്കാതിരിക്കാന്‍ നെഹ്‌റു ശ്രമിച്ചിരുന്നു. കെ.എം.മുന്‍ഷിയുടെ ശ്രമത്തെ എതിര്‍ത്തുകൊണ്ട്‌ അദ്ദേഹത്തോട്‌ നെഹ്‌റു പറഞ്ഞതിപ്രകാരമായിരുന്നു. ‘സോമനാഥ്‌ പുന: സ്ഥാപിക്കാനുള്ള താങ്കളുടെ ശ്രമത്തെ ഞാന്‍ ഇഷ്ടപ്പെടുന്നില്ല. ഇത്‌ ഹിന്ദു പുനരുത്ഥാനവാദമാണ്‌’. അവസാനം ഡോ.രാജേന്ദ്രപ്രസാദ്‌ തന്നെ പരസ്യമായി ആ ചടങ്ങില്‍ പങ്കെടുത്തുകൊണ്ട്‌ കപടമതേതരക്കാരെ ഇളിഭ്യരാക്കി. ലാല്‍കൃഷ്ണ അദ്വാനി നടത്തിയിട്ടുള്ള എല്ലാ യാത്രകളും കക്ഷിരാഷ്‌ട്രീയത്തിനതീതമായി പൊതുസമൂഹത്തെ നാടിനുവേണ്ടി സംഘടിപ്പിക്കാനുള്ളവയായിരുന്നു.

നമ്മുടെ സ്വാതന്ത്ര്യ സമര പ്രസ്ഥാനത്തിന്റെ മര്‍മ്മമായിരുന്ന ‘സുരാജ്‌’ ഇന്നും ബഹുദൂരത്തിലാണുള്ളത്‌. സ്വരാജിനെ സുരാജ്യമാക്കാന്‍ കാര്യമായ ശ്രമമുണ്ടായില്ല. വെള്ളക്കാരന്‍ പോയപ്പോള്‍ പകരം വന്ന വെള്ളത്തൊപ്പിക്കാരന്‍ അഴിമതിയിലും അവസരവാദത്തിലും സ്വാര്‍ത്ഥതയിലും ആണ്ടുപോകയാണുണ്ടായത്‌. നഷ്ടസ്മൃതികളുടെ കൂമ്പാരവും പേറി രാഷ്‌ട്രീയ നേതൃത്വം അടിച്ചേല്‍പ്പിച്ച നുകത്തിന്‍ കീഴില്‍ നരകയാതന അനുഭവിക്കുന്ന ഒരു വലിയ വിഭാഗം ജനങ്ങളാണിന്നുള്ളത്‌. സേവനം ഉരുവിട്ട്‌ ഗാന്ധിജിയെന്ന പുജാവിഗ്രഹത്തെപോലും വില്‍പനച്ചരക്കാക്കി കാശുണ്ടാക്കുന്നവരായി കോണ്‍ഗ്രസ്സും നെഹ്‌റു കുടുംബവും മാറിയിരിക്കുന്നു. കോമണ്‍വെല്‍ത്ത്‌ ഗെയിംസ,്‌ ടു ജി സ്പെക്ട്രം, ഭക്ഷ്യരംഗ കുംഭകോണം തുടങ്ങിയ വന്‍ കൊള്ളകള്‍ കോണ്‍ഗ്രസിന്റ സൃഷ്ടികളാണ്‌. ഇതെല്ലാം കണ്ട്‌ മനുഷ്യമനസ്സുകള്‍ സംഘര്‍ഷഭരിതമോ നിരാശാജനകമോ ആണ്‌. നാടിനെ കൊള്ളയടിച്ച്‌ സ്വയം വീര്‍ക്കുന്ന കള്ളനാണയങ്ങള്‍ക്കെതിരെയാണ്‌ അദ്വാനിജിയുടെ പടപുറപ്പാട്‌. രാഷ്‌ട്രീയം നാട്ടില്‍ അങ്ങോട്ടുകൊടുക്കുന്നവരുടേതായിരുന്നു. ഇന്നത്‌ മറിച്ചാകുന്നു. രാഷ്‌ട്രം എന്നത്‌ ലോപിച്ച്‌ തന്നിലേക്കു ചുരുങ്ങാന്‍ വ്യക്തികളെ അനുവദിച്ചുകൂടാ.

ദല്‍ഹിയിലെ അതിശക്തരായ ഉദ്യോഗസ്ഥന്മാരും രാഷ്‌ട്രീയോപജീവികളും ചേര്‍ന്ന്‌ നാടിനെ കൊള്ളയടിക്കാന്‍ തുടങ്ങിയിട്ട്‌ നാളേറെയായി. വര്‍ത്തമാനഭാരതത്തിന്റെ രാജശില്‍പിയായി വാഴ്‌ത്തപ്പെടുന്ന ജവഹര്‍ലാല്‍നെഹ്‌റുപോലും അഴിമതിക്കെതിരെ ദണ്ഡനീതിയ്‌ക്ക്‌ വേണ്ടി കയ്യൊപ്പു വെയ്‌ക്കേണ്ടി വന്നപ്പോള്‍ കൈവിറച്ച്‌ കൃത്യവിലോപം കാട്ടിയ ചരിത്രമാണ്‌ സ്വതന്ത്ര ഇന്ത്യയ്‌ക്കുള്ളത്‌. വ്യക്തി സത്തയുടെ സര്‍ഗചൈതന്യം അഴിമതി പ്രശ്നങ്ങള്‍ കൈകാര്യം ചെയ്യുമ്പോള്‍ കോണ്‍ഗ്രസ്സ്‌ നേതൃത്വങ്ങള്‍ക്ക്‌ എക്കാലത്തും ചോര്‍ന്നുപോയ നാടാണിത്‌. അഴിമതി അധാര്‍മ്മികതയും കേവല കുറ്റവുമായി മാത്രം പരിഗണിക്കപ്പെട്ടിരുന്ന ഭാരതമിപ്പോള്‍ പൊതുപ്രവര്‍ത്തനത്തിന്റെ മേലങ്കിയണിഞ്ഞ പകല്‍കൊള്ളക്കാരുടെ കരാളഹസ്തങ്ങളില്‍പ്പെട്ടുഴലുകയാണ്‌.

മദ്രാസ്സില്‍ ഇടക്കാല ഭരണം നയിച്ച ടി.പ്രകാശം മന്ത്രിസഭ പൊതുധനം ദുരുപയോഗം ചെയ്തകുറ്റത്തില്‍ അകപ്പെട്ട സംഭവം 1946 ലായിരുന്നു. 1948ലെ ജീപ്പ്പ്‌ സ്കാന്‍ഡല്‍, 1949ലെ പ്ലേറ്റ്‌ സ്കാന്‍ഡല്‍, 1950 കളിലെ മുന്‍ഡ്ര എല്‍ഐസി സ്കാന്‍ഡല്‍, 1956 മൈന്‍സ്‌ കുംഭകോണം തുടങ്ങിയെത്രയോ കുത്സിത സംഭവങ്ങള്‍ കോണ്‍ഗ്രസ്സിന്റെ അകത്തളങ്ങള്‍ സംരക്ഷിച്ച ഹീന കൃത്യങ്ങളുടെ പട്ടികയിലുണ്ട്‌. പഞ്ചാബ്‌ മുഖ്യമന്ത്രി സര്‍ദാര്‍ പ്രതാപ്‌ സിംഗ കീ്റോണിനെതിരെ ഉയര്‍ന്ന അഴിമതികേസ്സുകള്‍ ജുഡീഷ്യല്‍ കമ്മീഷന്‍ കണ്ടെത്തിയിട്ടും പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റു കുറ്റക്കാരനെതിരെ ചെറുവിരല്‍പോലുമനക്കിയിരുന്നില്ല. നെഹ്‌റുജിയ്‌ക്കുശേഷം അധികാരത്തില്‍ വന്ന ലാല്‍ ബഹദൂര്‍ ശാസ്ത്രിയായിരുന്നു കീ്റോണ്‍ സിംഗിനെതിരെ മേല്‍ നടപടി സ്വീകരിച്ചത്‌.

ഇന്ദിരാഗാന്ധിയുടെ കാലത്ത്‌ നടന്ന നഗര്‍വാലാകേസ്‌, രാജീവ്‌ ഗാന്ധിയുടെ ഭരണത്തെ തകര്‍ത്ത ബോഫോഴ്സ്കേസ്‌, നരസിംഹറാവു നടത്തിയ വന്‍ അഴിമതികള്‍ തുടങ്ങിയവ നമ്മുടെ കുറ്റാന്വേഷണ- നീതി മേഖലകളുടെ വിശ്വാസ്യതയെപ്പോലും തകര്‍ക്കത്തക്കവിധം കോണ്‍ഗ്രസ്സ്‌ അട്ടിമറിച്ച കേസുകളാണ്‌. വര്‍ത്തമാന ഇന്ത്യയെ ഞെട്ടിച്ച ഇപ്പോഴത്തെ പൊതുധന കൊള്ളകള്‍ തമസ്കരിക്കാനും കുറ്റക്കാരെ വെള്ളപൂശി സംരക്ഷിക്കാനും യുപിഎ ഭരണകൂടം ആവനാഴിയിലെ സമസ്ത ശരങ്ങളും പ്രയോഗിച്ചിട്ടുള്ളതാണ്‌. എന്നാല്‍ പൊതുജന വികാര പ്രക്ഷുബ്ധതയും സുപ്രീംകോടതിയുടെ കര്‍ശനനിലപാടും കാരണം നില്‍ക്കക്കള്ളിയില്ലാതെ സ്പെക്ട്രം കേസ്സും മറ്റും ഇപ്പോള്‍ ചാര്‍ജുചെയ്യപ്പെടുന്ന അവസ്ഥയിലെത്തിയിട്ടുള്ളതാണ്‌.

1.76 ലക്ഷം കോടിയുടെ നഷ്ടം ടു ജി സ്പെക്ട്രം ഇടപാടില്‍ നാടിനുണ്ടായി എന്ന്‌ കണ്ടെത്തിയത്‌ സിഎജിയാണ്‌. ഇപ്പോള്‍ ജനങ്ങളെ വ്യാകുലരാക്കിയിട്ടുള്ള മിക്ക കേസുകളും സിഎജി റിപ്പോര്‍ട്ടുപ്രകാരം ഉന്നയിക്കപ്പെട്ടിട്ടുള്ളതാണ്‌. എന്നാല്‍ ബന്ധപ്പെട്ട സിഐജി റിപ്പോര്‍ട്ടുകളെ ഉള്‍ക്കൊള്ളുന്നതിനുപകരം അവയെ കുഴിച്ചുമൂടാനാണ്‌ കോണ്‍ഗ്രസ്‌ പണിപ്പെടുന്നത്‌. ടു ജി സ്പെക്ട്രം കേസ്സില്‍ കഴിഞ്ഞ കൊല്ലം പൊതു താല്‍പര്യക്കേസ്‌ സുപ്രീം കോടതിയിലെത്തിയപ്പോള്‍ കേന്ദ്ര ഭരണകൂടം നല്‍കിയ സത്യവാങ്ങ്‌ മൂലത്തില്‍ സിഎജി റിപ്പോര്‍ട്ട്‌ ശരിയല്ലെന്നും രാജ്യത്തിന്‌ യാതൊരുവിധ നഷ്ടവുമുണ്ടായിട്ടില്ലെന്നും എ.രാജ കുറ്റകാരനല്ലെന്നുമാണ്‌ സത്യമൊഴിയില്‍ പറഞ്ഞിരുന്നത്‌. കോണ്‍ഗ്രസ്സും അഴിമതിയും വേര്‍തിരിച്ചുകാണാനാവാത്ത വിധം ഇരട്ടപെറ്റ മക്കളെപ്പോലെയാണ്‌ ഇന്ത്യയില്‍ കാണപ്പെടുന്നത്‌.

1957ലെ ഇഎംഎസ്‌ മന്ത്രിസഭയ്‌ക്കെതിരെ ആന്ധ്രാ അരികുംഭകോണമുയര്‍ന്നുവരികയും ആരോപണമന്വേഷിച്ച ജി.രാമന്‍നായര്‍ കമ്മീഷന്‍ കുറ്റം കണ്ടെത്തുകയും ചെയ്തിട്ടും റിപ്പോര്‍ട്ട്‌ കോള്‍ഡ്‌ സ്റ്റോറേജില്‍ വെച്ചതല്ലാതെ യാതൊരുവിധ നടപടികളുമുണ്ടായില്ല. 1967ലെ ഇടതു പക്ഷ മന്ത്രിസഭാംഗങ്ങള്‍ക്കെതിരേ ഉയര്‍ന്നുവന്ന അഴിമതിക്കേസുകള്‍ അന്വേഷിച്ച വേലുപിള്ള കമ്മീഷന്‍, എ.എല്‍ മുള്ള കമ്മീഷന്‍, പി.ഗോവിന്ദമേനോന്‍ കമ്മീഷന്‍, ഐസക്‌ കമ്മീഷന്‍ എന്നീ ജൂഡീഷ്യല്‍ അന്വേഷണ റിപ്പോര്‍ട്ടുകളും ‘അബോര്‍ട്ടു’ ചെയ്യുകയായിരുന്നു.

കോണ്‍ഗ്രസ്സിന്റെയും കമ്യൂണിസ്റ്റ്‌ പാര്‍ട്ടികളുടെയും നിലപാടില്‍ നിന്നും തികച്ചും വ്യത്യസ്തമായ സമീപനമാണ്‌ ജനസംഘ- ബിജെപി സര്‍ക്കാരുകള്‍ അഴിമതികാര്യത്തില്‍ അവലംബിച്ചിട്ടുള്ളത്‌. കോടതിയോ ജുഡീഷ്യല്‍ ഫോറങ്ങളോ അഴിമതിചെയ്തു എന്ന്‌ വിധിച്ച ഒരു കേസ്സുപോലും ബിജെപിക്കെതിരെ ആര്‍ക്കും ഉയര്‍ത്തിക്കാട്ടാനുണ്ടാവില്ല. രാഷ്‌ട്രീയ പ്രതിയോഗികള്‍ എതിരാളികള്‍ക്കെതിരെ ഉന്നയിക്കുന്ന കേവല ആരോപണങ്ങള്‍ക്കപ്പുറം ഗൗരവമുള്ള കുറ്റാരോപണങ്ങള്‍ എവിടെയും ബിജെപി ഭരണകൂടങ്ങള്‍ക്കെതിരെ നിലനില്‍ക്കുന്നില്ല. ഗൗരവമുള്ളതോ ജുഡീഷ്യല്‍ സംവിധാനം പരാമര്‍ശം നടത്തുകയോ ചെയ്യപ്പെട്ട കേസ്സുകളില്‍ കുറ്റാരോപണത്തിനു വിധേയരായവരെ നിരപരാധിത്വം തെളിയിക്കും വരെ ചുമതലയില്‍ നിന്ന്‌ മാറ്റി നിര്‍ത്തിയ ചരിത്രമാണ്‌ ബിജെപിക്കുള്ളത്‌. എന്നാല്‍ ഇന്ന്‌ രാജ്യം കൊള്ളയടിച്ച കോണ്‍ഗ്രസ്സ്‌ ഭരണാധിപന്‍മാരെയും ബിജെപിയില്‍ കേവല ആരോപണത്തിനു വിധേയരായ പലരെയും താരതമ്യപ്പെടുത്തി ഇരുപാര്‍ട്ടികളും ഒരുപോലെയാണെന്ന്‌ വരുത്തിത്തീര്‍ക്കാന്‍ ചിലര്‍ ശ്രമിക്കുകയാണ്‌. അഴിമതിയോട്‌ സന്ധിചെയ്യാന്‍ ഒരിക്കലും തയ്യാറായിട്ടില്ല. ബിജെപിക്ക്‌ സുരാജ്യത്തിനുവേണ്ടിയുള്ള പോരാട്ടം നയിക്കാന്‍ സര്‍വ്വഥാ യോഗ്യതയുണ്ട്‌.

അഡ്വ. പി.എസ്‌. ശ്രീധരന്‍പിള്ള

Share
പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by