Categories: India

ഖാനന റിപ്പോര്‍ട്ട്‌: മനോഹര്‍ പരീക്കിനെ പിഎസി അധ്യക്ഷസ്ഥാനത്തുനിന്ന്‌ നീക്കി

Published by

പനാജി: ഗോവ നിയമസഭയിലെ പ്രതിപക്ഷ നേതാവ്‌ മനോഹര്‍ പരീക്കിനെ പബ്ലിക്‌ അക്കൗണ്ട്സ്‌ കമ്മറ്റി (പിഎസി)യുടെ അധ്യക്ഷപദത്തില്‍ നിന്നും നീക്കി. അനധികൃത ഖാനനത്തെക്കുറിച്ചുള്ള റിപ്പോര്‍ട്ട്‌ മേശപ്പുറത്ത്‌ വക്കാത്ത സ്പീക്കറുടെ നടപടിയെ ബിജെപി അംഗമായ പരീക്കര്‍ ചോദ്യം ചെയ്തിരുന്നു. പുതിയ പബ്ലിക്‌ അക്കൗണ്ട്സ്‌ കമ്മറ്റിയുടെ ചെയര്‍മാനായി ബിജെപിയിലെ വിജയ്‌ പൈഖോട്ടിനെ തെരഞ്ഞെടുത്തു. പരിക്കര്‍ അധ്യക്ഷനായ പബ്ലിക്‌ അക്കൗണ്ട്സ്‌ കമ്മറ്റി 4000 കോടിയുടെ അനധികൃത ഖാനനം നടത്തുന്നവരെക്കുറിച്ച്‌ റിപ്പോര്‍ട്ടില്‍ പരാമര്‍ശിച്ചിരുന്നു. എന്നാല്‍ ഇത്‌ സഭയുടെ മേശപ്പുറത്ത്‌ വെക്കാന്‍ സ്പീക്കര്‍ പ്രതാപ്സിംഗ്‌ റാനെ വിസമ്മതിക്കുകയായിരുന്നു. മറ്റൊരു കമ്മറ്റി അംഗമായ മഹാരാഷ്‌ട്രവാദി ഗോമന്തക്‌ പാര്‍ട്ടിയിലെ ദീപക്‌ ദവാലിക്കറും റിപ്പോര്‍ട്ട്‌ അവതരിപ്പിക്കുന്നതിനെ എതിര്‍ത്തു. കോണ്‍ഗ്രസ്‌ ഭരിക്കുന്ന സംസ്ഥാന സര്‍ക്കാരിന്റെ ഒരു ഘടകകക്ഷിയാണ്‌ മഹാരാഷ്‌ട്രവാദി ഗോമന്തക്‌ പാര്‍ട്ടി. സഭ സമ്മേളിച്ചപ്പോള്‍ പരീക്കര്‍ സ്പീക്കര്‍ക്ക്‌ റിപ്പോര്‍ട്ട്‌ സമര്‍പ്പിച്ചെങ്കിലും ഭൂരിപക്ഷം വരുന്ന കോണ്‍ഗ്രസ്‌ അംഗങ്ങളുടെ എതിര്‍പ്പ്‌ ചൂണ്ടിക്കാട്ടി സ്പീക്കര്‍ അത്‌ സഭയുടെ മേശപ്പുറത്ത്‌ വെക്കാതിരിക്കുകയായിരുന്നു. തനിക്ക്‌ റിപ്പോര്‍ട്ട്‌ അപഗ്രഥിക്കേണ്ടതുണ്ടെന്ന്‌ സ്പീക്കര്‍ അഭിപ്രായപ്പെട്ടു. റിപ്പോര്‍ട്ട്‌ വെളിച്ചത്തുകൊണ്ടുവരാതിരിക്കുന്നത്‌ കോടിക്കണക്കിന്‌ രൂപയുടെ ഖാനന വിവാദത്തില്‍ ഉള്‍പ്പെട്ടെ ഒരാളെ രക്ഷിക്കാനാണെന്ന്പരീക്കര്‍ സ്പീക്കര്‍ക്കെതിരെ കഴിഞ്ഞദിവസം ആരോപണം ഉന്നയിച്ചിരുന്നു. റിപ്പോര്‍ട്ടില്‍ ഖാനന വിവാദത്തിലെ മുഖ്യമന്ത്രി ദിഗംബര്‍ കാമത്തിന്റെ ഈ വിവാദത്തില്‍ ഉള്‍പ്പെട്ടവരെ സംരക്ഷിക്കാന്‍ നടത്തുന്ന പങ്കും 3500 കോടിരൂപ വരുന്ന ഖാനന വിവാദത്തിലെ രാഷ്‌ട്രീയ-ഉദ്യോഗസ്ഥ-ഖനന ലോബികളുടെ പങ്കും പ്രതിപാദിക്കുന്നുണ്ട്‌. ഈയിടെ കോണ്‍ഗ്രസിലേക്ക്‌ ചേക്കേറാന്‍ ശ്രമം നടത്തിയ വിജയ്‌ പൈഖോട്ടിനെയാണ്‌ പുതിയ കമ്മറ്റിയുടെ അധ്യക്ഷനായി നിയമിച്ചത്‌.

Share
പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by