Categories: Samskriti

വിദ്യാഭ്യാസത്തില്‍ ആദ്ധ്യാത്മികതയുടെ പങ്ക്‌

Published by

ആദ്ധ്യാത്മികവും സന്മാര്‍ഗ്ഗികവുമായ വിദ്യാഭ്യാസത്തിന്റെ കുറവ്‌ ഇന്ന്‌ വിദ്യാര്‍ത്ഥികളില്‍ ഒരു വിഭാഗത്തെ ആത്മഹത്യാ പ്രവണതയിലേക്കും മറ്റൊരു വിഭാഗത്തെ നക്സലൈറ്റ്‌ പ്രസ്ഥാനങ്ങളിലേക്കും തിരിക്കുന്നു. എല്ലാത്തരം വിപ്ലവ പ്രവണതകളും അവരില്‍ ഉണര്‍ത്തുന്നു. ഇതിന്‌ മദ്ധ്യേ ശരിയായ വഴി സ്വീകരിക്കാന്‍ അവര്‍ക്ക്‌ അവരെക്കുറിച്ച്‌, അവരുടെ മനസ്സ്‌, ശ്വാസം, ആശയം, അസ്ഥിത്വം ഇവയെക്കുറിച്ചുള്ള അറിവ്‌ അത്യാവശ്യമാണ്‌.

ഇത്തരം വിദ്യാഭ്യാസത്തിന്റെ വേരുകള്‍ സ്കൂള്‍ പരിസരങ്ങളിലാണ്‌ പച്ച പിടിക്കുന്നത്‌. വിദ്യാര്‍ത്ഥിയെ വിദ്യ അഭ്യസിപ്പിക്കുക എന്നത്‌ ഒരു സ്കൂളിന്റെ ഉത്തരവാദിത്വമാണ്‌. അതോടൊപ്പം അതിനേക്കാള്‍ ഒരു പടി മുന്നിലായി, അവനിലെ ജന്മസിദ്ധമായ കഴിവുകള്‍ നശിപ്പിക്കാതെ നോക്കുക എന്നതും വലിയ ഉത്തരവാദിത്തമാണ്‌. അവരിലെ മൂല്യങ്ങള്‍, നിഷ്കളങ്കത, എല്ലാവരും തന്റെ സ്വന്തമാണെന്ന വിചാരം ഇവയൊക്കെ പരിപോഷിപ്പിക്കുന്നു എന്ന്‌ സ്കൂളുകള്‍ ഉറപ്പുവരുത്തേണ്ടതാണ്‌. വിവരങ്ങളുടെ ഒരു കേന്ദ്രബ്യൂറോയായി മാറിയിട്ടുണ്ട്‌ ഇന്നത്തെ സ്കൂളുകള്‍. പക്ഷേ വ്യക്തിത്വ വികസനത്തിന്‌ അവിടെ ഒരു സ്ഥാനവുമില്ല. മിക്ക സ്കൂളുകളും ഇന്ന്‌ അറിവുകള്‍ കുത്തിനിറച്ച കമ്പ്യൂട്ടറുകളെയാണ്‌ പടച്ചുവിടുന്നത്‌, നല്ല വ്യക്തികളെയല്ല.

സ്കൂളുകളിലെ അദ്ധ്യാപകര്‍ വിദ്യാര്‍ത്ഥികളെ സന്മാര്‍ഗ്ഗബോധം പഠിപ്പിക്കുന്നു. എന്നാല്‍ സ്കൂളിന്‌ പുറത്ത്‌ അവര്‍ മദ്യം, മയക്കുമരുന്ന്‌, അശ്ലീലത എന്നിവ വില്‍ക്കപ്പെടുന്നു. അവിടെ സ്കൂളിനോ വിദ്യാര്‍ത്ഥികള്‍ക്കോ അസന്മാര്‍ഗ്ഗികതയില്‍ നിന്നും മോചനമില്ല. സ്കൂളില്‍ പഠിച്ചതുകൊണ്ടുമാത്രം അവര്‍ക്ക്‌ ഉയരാനാവില്ല. സമൂഹത്തിലെ ഈ ദുഷ്പ്രവണതകള്‍ക്ക്‌ സ്കൂളുകള്‍ അറിഞ്ഞോ അറിയാതെയോ ഉത്തരവാദികളാണ്‌.

സമൂഹത്തിനും വിദ്യാര്‍ത്ഥികള്‍ക്കും മാര്‍ഗ്ഗനിര്‍ദ്ദേശം നല്‍കുന്ന ഒരു ശക്തിയായിരിക്കണം അദ്ധ്യാപകന്‍. മേല്‍പറഞ്ഞ ദുഷ്പ്രവൃത്തികള്‍ സമൂഹത്തില്‍ പൊട്ടിമുളയ്‌ക്കുന്നില്ല എന്ന്‌ അവര്‍ക്ക്‌ ഉറപ്പിക്കാനാകണം. സ്കൂളുകള്‍ക്ക്‌ അതിന്‌ പുറത്തുള്ള സമൂഹവുമായി സഹകരണത്തോടെ പ്രവര്‍ത്തിക്കാനാവണം.

സ്കൂളുകളിലെ അക്രമ പ്രവൃത്തികള്‍ക്ക്‌ സമൂഹവും ഉത്തരവാദികളാണ്‌. ഒരു കുട്ടിയോട്‌ തോക്ക്‌ സ്കൂളിലേക്ക്‌ കൊണ്ടുവന്ന്‌ തന്റെ സഹപാഠിയെ വെടിയ്‌ക്കാന്‍ ഒരദ്ധ്യാപകനും പഠിപ്പിക്കുന്നില്ല. പിന്നെ എന്തുകൊണ്ടാണ്‌ കുട്ടികളില്‍ ഇത്തരം അക്രമ പ്രവണത കാണുന്നത്‌. അവര്‍ വളര്‍ത്തുന്ന സമൂഹം; ആ സമൂഹത്തില്‍ നിന്നും ഒറ്റപ്പെട്ട്‌ മാറിനില്‍ക്കുന്ന ആളാണ്‌ ഇതിനുത്തരവാദികള്‍. സ്കൂളുകള്‍ സമൂഹത്തില്‍ നിന്നും വേര്‍പെട്ടുനില്‍ക്കുമ്പോള്‍ അവിടെ മാനസിക പിരിമുറുക്കങ്ങളും പ്രശ്നങ്ങളും ഉണ്ടാകും. അതുകൊണ്ട്‌ രക്ഷിതാക്കളും അദ്ധ്യാപകരും, സമൂഹത്തില്‍ ഭരണ ചുമതലതകള്‍ വഹിക്കുന്ന മറ്റ്‌ ഏജന്‍സികളുമായി നിരന്തര സമ്പര്‍ക്കം പുലര്‍ത്തണം.

സ്കൂളില്‍ നിന്നും ഒരു വിദ്യാര്‍ത്ഥി മാനുഷികമൂല്യങ്ങള്‍ പഠിക്കണം, പരിശീലിക്കണം. അവര്‍ വിശാല മനസ്കരായിരിക്കണം. ലോകത്തിലെ വിവിധ സംസ്കാരങ്ങളെയും മതങ്ങളെയും കുറിച്ച്‌ അവര്‍ത്ത്‌ ചെറുതായൊരു അവബോധം വേണം. ചെറുപ്പത്തിലേ അവര്‍ വൈവിധ്യങ്ങളുമായി പരിചിതനാകണം. എങ്കില്‍ വലുതാകുമ്പോള്‍ അവരൊരിക്കലും മതഭ്രാന്തന്മാരാകില്ല. വിശാലമായ വീക്ഷണവും ആഴത്തില്‍ വേരുകളുള്ള ഒരു സംസ്കാരവും നാം പടുത്തുയര്‍ത്തണം. നാം നമ്മുടെ ആദ്ധ്യാത്മികത വളര്‍ത്തിയെടുക്കുകയും വ്യക്തിഗത ഉന്നമനത്തിനായി വര്‍ത്തിക്കുകയും ചെയ്യുമ്പോള്‍, കുട്ടികളില്‍ ഈ മൂല്യങ്ങള്‍ രൂഢമൂലമാകുകയും, അവസാനം അത്‌ വരുതലമുറകള്‍ക്കായി പുഷ്പിക്കുകയും ചെയ്യും. നമ്മുടെ കുട്ടികള്‍ക്ക്‌ അങ്ങനെയൊരു ഭാവിയാണ്‌ വേണ്ടത്‌. അത്‌ സൃഷ്ടിക്കാന്‍ അവരെ സഹായിക്കണമെന്ന്‌ നാം ഓരോരുത്തരും പ്രതിജ്ഞയെടുക്കണം.

– ശ്രീ ശ്രീ രവിശങ്കര്‍

Share
പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by