Categories: Varadyam

നവതിയുടെ നിറവില്‍

Published by

ശ്രീമാന്‍ നമ്പൂതിരി സാഹിത്യരംഗത്ത്‌ ശ്രദ്ധേയനായിട്ട്‌ ഏഴ്‌ പതിറ്റാണ്ടാകുന്നു. നിരന്തരമായ കഠിനാദ്ധ്വാനവും സംസ്കൃത പഠനത്തില്‍നിന്നും ആര്‍ജിച്ചെടുത്ത സാംസ്ക്കാരിക അവബോധവുമാണ്‌ ഡി.ശ്രീമാന്‍ നമ്പൂതിരിയെ കാവ്യജീവിതത്തില്‍ ഉത്തരോത്തരം ഉയര്‍ത്തിയത്‌.

മൂവാറ്റുപുഴയ്‌ക്കടുത്ത്‌ പെരിങ്ങഴ ഗ്രാമത്തില്‍ 1921 നവംബറിലാണ്‌ ജനനം. കൊട്ടുക്കല്‍ മനയില്‍ ദാമോദരന്‍ നമ്പൂതിരിയാണ്‌ പിതാവ്‌. വൈക്കത്ത്‌ മുട്ടസ്സുമനയില്‍ പാര്‍വതി അന്തര്‍ജനമാണ്‌ മാതാവ്‌. ജീവിതസാഹചര്യം അനുകൂലമല്ലാത്തതുകൊണ്ട്‌ ഹൈസ്കൂള്‍ പഠനത്തോടെ ഔപചാരിക വിദ്യാഭ്യാസം അദ്ദേഹത്തിന്‌ അവസാനിപ്പിക്കേണ്ടിവന്നു. എന്നാല്‍ വളരെ ചെറുപ്പംതൊട്ട്‌ സംസ്കൃത പഠനത്തിന്‌ അനുകൂലമായ സാഹചര്യം കുടുംബത്തില്‍ ലഭിച്ചിരുന്നു. അങ്ങനെ ചെറുപ്പത്തില്‍ത്തന്നെ സംസ്കൃതത്തിലെ പ്രധാന കാവ്യങ്ങളും വ്യാകരണവും അഷ്ടാംഗഹൃദയവും പഠിച്ചു. കുറച്ചുകാലം ആയുര്‍വേദവും അഭ്യസിച്ചു. ഇതിനിടെ ഇംഗ്ലീഷിലും ഹിന്ദിയിലും പരിജ്ഞാനം നേടി. തുടര്‍ന്ന്‌ കോട്ടയത്തുനിന്നും പ്രസിദ്ധീകരിച്ചിരുന്ന ‘ദേശബന്ധു’ ദിനപത്രത്തില്‍ സഹപത്രാധിപരായി ജോലി ചെയ്തു. ഇത്‌ ഒരു വ്യാഴവട്ടക്കാലം തുടര്‍ന്നു. പത്രപ്രവര്‍ത്തനകാലത്ത്‌ ഹിന്ദി വിദ്വാന്‍ പരീക്ഷയും ജയിച്ചു. പിതാവിന്റെ മരണശേഷം പത്രപ്രവര്‍ത്തനം ഉപേക്ഷിച്ച്‌ നാട്ടിലേക്ക്‌ മടങ്ങുകയും കാര്‍ഷികവൃത്തിയില്‍ വ്യാപൃതനാകുകയും ചെയ്തു. എഴുത്തില്‍ സജീവമാകുന്നത്‌ ഇക്കാലത്താണ്‌. ഇന്നും തെല്ല്‌ അഭിമാനത്തോടെ ശ്രീമാന്‍ നമ്പൂതിരി പറയുന്നു താന്‍ ഒരു കര്‍ഷകനാണെന്ന്‌, തകഴി പറഞ്ഞിരുന്നതുപോലെ.

വിവര്‍ത്തകനും ബാലസാഹിത്യകാരനുമായിരുന്ന ശ്രീമാന്‍ നമ്പൂതിരി ഏറെ ശ്രദ്ധേയനായത്‌ കവി എന്ന നിലയിലാണ്‌. സംസ്കൃത സാഹിത്യത്തിന്റെ അന്തര്‍ധാരയില്‍നിന്നും ആര്‍ജിച്ചെടുത്തതാണ്‌ അദ്ദേഹത്തിന്റെ കാവ്യസംസ്ക്കാരം. അതുകൊണ്ടാണ്‌ വൃത്താലങ്കാരപ്രാസാര്‍ത്ഥ പ്രയോഗസമന്വിതമായ ശുദ്ധ കവിതാഘടനയില്‍നിന്നും പുറത്തുകടക്കാന്‍ നമ്പൂതിരി കവിതകള്‍ക്ക്‌ കഴിയാത്തത്‌. ആധുനിക-ആധുനികോത്തര രചനാ സമ്പ്രദായങ്ങള്‍ അരങ്ങത്ത്‌ ആടിത്തളര്‍ന്ന്‌ കിതച്ച്‌ വീണപ്പോഴും നിരന്തരം കവിതകളെഴുതാന്‍ അദ്ദേഹത്തിന്‌ കഴിഞ്ഞു, പാലാ നാരായണന്‍ നായര്‍ക്ക്‌ കഴിഞ്ഞതുപോലെ.

ഈ അര്‍ത്ഥത്തില്‍ നമ്പൂതിരി കവിതകള്‍ക്ക്‌ കാലത്തിനനുസരിച്ച്‌ വികാസമില്ലെന്ന്‌ ചിലര്‍ പറയുമായിരിക്കാം. സാങ്കേതികാര്‍ത്ഥത്തില്‍ ഈ നിഗമനം ശരിയാണ്‌. എന്നാല്‍ മാറിമാറിവരുന്ന പരീക്ഷണ രചനാ സങ്കേതങ്ങളെ ഉപയോഗപ്പെടുത്താതെതന്നെ കാളിദാസ-ഭവഭൂതി-കാവ്യ സംസ്കൃതിയില്‍ ഉറച്ചുനിന്നുകൊണ്ട്‌ ഇന്നും കവിതകളെഴുതാന്‍ കഴിയുന്നിടത്താണ്‌ മറ്റാര്‍ക്കും അവകാശപ്പെടാനില്ലാത്ത പ്രാഗത്ഭ്യവും സ്ഥിരോത്സാഹവും നാം തിരിച്ചറിയേണ്ടത്‌.

ശ്രീമാന്‍ നമ്പൂതിരിയുടെ കവിതകള്‍: മാതൃഭൂമിയുടെ പാദങ്ങളില്‍, എന്റെ ഉപഹാരം, ബാലകവിതകള്‍, കവിഹൃദയം, പൂജാപുഷ്പങ്ങള്‍ എന്നീ കവിതാ സമാഹാരങ്ങളിലായി മുന്നൂറില്‍പ്പരം കവിതകളുണ്ട്‌. എന്റെ ഉപഹാരം എന്ന കവിതയില്‍ തന്റെ ഹൃദയം തുറന്നുകാണിക്കുകയാണ്‌ കവി.

“സാത്വിക ചിന്തയില്‍ മുക്കിയ കൈത്തിരി

മാത്രമേ കൈവശമാര്‍ന്നതുള്ളൂ

വൈദ്യുത ദീപപ്പകിട്ടില്ലതിന്‍ ജ്വാല

വിദ്യതന്‍ ധാടിയുമൊന്നുമില്ല”.

സാമാന്യമായി പറഞ്ഞാല്‍ ശ്രീമാന്‍ നമ്പൂതിരിയുടെ കവിതകള്‍ ഒറ്റപ്പെട്ട പ്രതിഭാസമാണ്‌. അനന്യസാദൃശ്യത എന്ന മഹത്തായ ഗുണവിശേഷംകൊണ്ട്‌ വായനക്കാര്‍ക്ക്‌ വിഭവസമൃദ്ധമായ നവാതിഥ്യമരുളാന്‍ സമര്‍ത്ഥമാണ്‌. ശബ്ദാര്‍ത്ഥങ്ങളുടെ സംയഗ്യോഗാവും അലങ്കാര കല്‍പ്പനകളുടെ സുഖസന്നിവേശവുമാണ്‌ നമ്പൂതിരിക്കവിതകളെ വേറിട്ട്‌ നിര്‍ത്തുന്നത്‌.

പാശ്ചാത്യ കാവ്യവിഭജനത്തെ അനുസരിച്ചാണെങ്കില്‍ നമ്പൂതിരിയുടെ കവിതകള്‍ നിയോ ക്ലാസിസത്തിന്റെയോ ക്ലാസിസത്തിന്റെയോ വലയത്തില്‍ ഉള്‍പ്പെടുന്നു. ഈ രണ്ട്‌ ഇസങ്ങള്‍ക്കും അര്‍ഹിക്കുന്ന ഗുണവും ദോഷവുമുണ്ട്‌. ശബ്ദാര്‍ത്ഥങ്ങളുടെ നിഷ്കൃഷ്ടതയും അലങ്കാരങ്ങളുടെ അസാധാരണ കല്‍പ്പനയും ഗുണങ്ങളാണ്‌. ഇതുതന്നെയാണ്‌ ശ്രീമാന്‍ നമ്പൂതിരി കവിതകളുടെ ശാശ്വത സൗന്ദര്യത്തിന്റെ ഊര്‍ജപ്രഭാവം.

കവിത്രയത്തിനൊപ്പം ഖണ്ഡകാവ്യ പ്രസ്ഥാനത്തിന്‌ വിലമതിക്കാനാകാത്ത സംഭാവന ശ്രീമാന്‍ നമ്പൂതിരി നല്‍കിയിട്ടുണ്ട്‌. ഗ്രാമീണ കുസുമം, സാവിത്രി എന്നീ രണ്ട്‌ ഖണ്ഡകാവ്യങ്ങള്‍ ലക്ഷണയുക്തം രചിക്കപ്പെട്ടതാണ്‌. പക്ഷേ ഇവ രണ്ടും പ്രസിദ്ധീകരിച്ച കാലത്ത്‌ വേണ്ടത്ര പ്രചാരം ലഭിക്കാതെപോയി. അതിനുള്ള കാരണം മറ്റൊന്നാണ്‌. അരനൂറ്റാണ്ടിന്‌ മുമ്പ്‌ കവിത്രയങ്ങളുടെ ഖണ്ഡകാവ്യങ്ങള്‍ ഉച്ചസൂര്യന്റെ ജ്വാലയോടെ അരങ്ങത്ത്‌ നിറഞ്ഞുനില്‍ക്കുകയായിരുന്നല്ലോ. അതിനിടയ്‌ക്ക്‌ ശ്രീമാന്‍ നമ്പൂതിരിയെപ്പോലെ ഒരു തുടക്കക്കാരന്റെ കൃതി ശ്രദ്ധിക്കപ്പെടാതെ പോയത്‌ സ്വാഭാവികം.

ഇവിടെ ഒരു കാര്യം, അര്‍ത്ഥശങ്കയ്‌ക്കിടയില്ലാത്തവിധം പറഞ്ഞുകൊള്ളട്ടെ. ഗ്രാമീണകുസുമം, സാവിത്രി എന്നീ ഖണ്ഡകാവ്യങ്ങള്‍ വീണ്ടും മുദ്രണം ചെയ്ത്‌ പഠനത്തിന്‌ വിധേയമാക്കിയാല്‍ ഇന്നത്തെ കവികളില്‍ അഗ്രഗണ്യന്‍ ശ്രീമാന്‍ നമ്പൂതിരിയാണെന്ന്‌ അംഗീകരിക്കേണ്ടിവരും.

അവഗണിക്കാനാകാത്ത സംഭാവനകളാണ്‌ വിവര്‍ത്തന സാഹിത്യത്തിന്‌ ശ്രീമാന്‍ നമ്പൂതിരി നല്‍കിയിട്ടുള്ളത്‌. ഒരുകാലത്ത്‌ പാശ്ചാത്യ സാഹിത്യഗ്രന്ഥങ്ങള്‍ മലയാളത്തിലേക്ക്‌ വിവര്‍ത്തനം ചെയ്ത്‌ കേരളത്തിലെ സാഹിത്യകാരന്മാരുടെ ഗ്രന്ഥപരിചയത്തിന്റെ വിസ്തൃതി വര്‍ധിപ്പിച്ചതില്‍ കേസരി വഹിച്ച പങ്ക്‌ നിസ്തുലമാണല്ലോ? തകഴിയും ദേവും ഇക്കാര്യം തുറന്നുസമ്മതിച്ചിട്ടുണ്ട്‌. ഒരുപക്ഷേ ഈ രംഗത്ത്‌ കേസരിയെത്തുടര്‍ന്ന്‌ ഏറെ മുന്നോട്ടുപോയത്‌ ശ്രീമാന്‍ നമ്പൂതിരിയാണ്‌. റഷ്യന്‍ നോവലിസ്റ്റായ അലക്സാണ്ടര്‍ പുഷ്കിന്റെ ‘ദ ബ്രോവ്സ്കി, ക്യാപ്റ്റന്റെ പുത്രി, ടോള്‍ സ്റ്റോയിയുടെ ഠവല ജീംലൃ ീ‍ള റമൃസിലൈ ന്റെ സ്വതന്ത്രാനുകരണ നാടകരൂപമായ ഇരുട്ടും വെളിച്ചവും, ഉപേന്ദ്രനാഥ്‌ ആഗ്കയുടെ വലിപ്പമേറിയ കണ്ണുകള്‍, കെ.എം.മുന്‍ഷിയുടെ ജയസോമനാഥ്‌, ചെക്കോവിന്റെ ഒരുകൂട്ടം കഥകള്‍, ടോള്‍സ്റ്റോയിയുടെ കഥകള്‍, ദോസ്തയോ വിസ്കിയുടെ ഭൂമിപുത്രി (ഘമിറ ഘമറ്യ) എന്നിങ്ങനെ വിശ്വസാഹിത്യത്തിലെ എത്രയോ മികച്ച കൃതികള്‍ മലയാളത്തിലേക്ക്‌ മൊഴിമാറ്റം നടത്താന്‍ നമ്പൂതിരിക്ക്‌ കഴിഞ്ഞു.

കുട്ടികള്‍ക്കുവേണ്ടി ഇത്രയേറെ താല്‍പ്പര്യത്തോടെ രചന നടത്തിയ മറ്റൊരു എഴുത്തുകാരനെ പഴയ തലമുറയില്‍നിന്നും ചൂണ്ടിക്കാണിക്കാനാവില്ല. ആശാന്‍, വള്ളത്തോള്‍, ഉള്ളൂര്‍, പാലാ നാരായണന്‍ നായര്‍, ജി,വൈലോപ്പിള്ളി തുടങ്ങിയവരെല്ലാം സാഹിത്യസപര്യയുടെ മഹാപ്രയാണത്തിനിടയില്‍ കുട്ടികള്‍ക്കുവേണ്ടി കവിതകളെഴുതിയിട്ടുള്ളവരാണ്‌. എന്നാല്‍ ഇവരുടെ ആരുടെയും സജീവശ്രദ്ധ ബാലസാഹിത്യത്തില്‍ പതിഞ്ഞിട്ടില്ല. ഇവിടെയാണ്‌ ശ്രീമാന്‍ നമ്പൂതിരിയുടെ പ്രാധാന്യം നാം തിരിച്ചറിയേണ്ടത്‌. ഇന്നും കുട്ടികള്‍ക്കുവേണ്ടി എഴുതാനാണ്‌ ഇഷ്ടമെന്ന്‌ അദ്ദേഹം തുറന്നുപറയുന്നു. തേനൂറുന്ന കുട്ടിക്കവിതകളിലൂടെ കടന്നുപോകുക എന്നത്‌ എത്ര ആനന്ദകരമാണെന്നോ?

തുമ്പിക്കൈയും കൊമ്പുംനിന്നുടെ

കുമ്പയുമെത്ര വിചിത്രം,

എന്തു കൊഴുപ്പാണെന്ത്‌ തുടിപ്പും

മത്തുപിടിച്ച നടപ്പും,

അടര്‍ന്നുവീണ മഴക്കാറോ നീ

നിരന്ന പാറക്കെട്ടോ

അത്ഭുതമാര്‍ക്കും നല്‍കാന്‍പോന്നൊരു

ശില്‍പ്പത്തിന്റെ പകിട്ടോ?

കുത്തിമറിച്ചേക്കല്ലേ പാവം

കുട്ടികളാണേ ഞങ്ങള്‍.

കല്‍പ്പനാ വൈഭവം നിറഞ്ഞൊഴുകുന്ന ഇത്തരം പ്രയോഗങ്ങള്‍ കുഞ്ഞുങ്ങളെ നന്നായി അറിയുന്നൊരു മനസ്സില്‍നിന്ന്‌ മാത്രമേ പുറത്തുവരൂ. പശുക്കിടാവിന്റെ കുസൃതികള്‍ കണ്ട്‌ ആസ്വദിക്കുന്ന ഒരു കുട്ടിയെ ‘കിടാവ്‌’ എന്ന കവിതയില്‍ അവതരിപ്പിക്കുന്നത്‌ നോക്കൂ

“വാലും പൊക്കി കൂത്താടീടും

വാരഞ്ചുന്ന കിടാവേ

എന്തുവിചാരിച്ചെന്തുരസംകൊ-

ണ്ടെങ്ങും കുതികൊണ്ടോടുന്നു.

കാലുകള്‍ നൊന്തോ കൈകള്‍ തരിച്ചോ

വാലിന്‌ വേദനയാര്‍ന്നോ?

പേടികലര്‍ന്നിത നോക്കീടുന്നു

പേര്‍ത്തും നിന്നെത്തള്ള

അതിശയമല്ലാതില്ലെമ്പാടും

കുതികൊള്ളുന്ന മനസ്സും

പക്ഷേ കാലം ചെന്നാലറിയാം

കഷ്ടപ്പാടേ കാണ്‍മൂ!”

ശ്രീമാന്‍ നമ്പൂതിരിയുടെ പ്രതിഭ ഏറ്റവും കൂടുതല്‍ പ്രകാശം ചൊരിഞ്ഞ്‌ നില്‍ക്കുന്നത്‌ ‘മുക്തകങ്ങള്‍’ എന്ന ഒറ്റശ്ലോകനിര്‍മിതിയിലാണ്‌. ഇതിനെ സംബന്ധിച്ച്‌ പാലാ നാരായണന്‍ നായര്‍ പറഞ്ഞു “ഒരു ബിന്ദു ഒരു ആശയവൃത്തമായി വികസിച്ചുനില്‍ക്കുന്ന ഒറ്റശ്ലോകം ഒരു ശുക്ര നക്ഷത്രത്തെപ്പോലെ ചേതോഹരിയത്രെ. ഒരേ നാളത്തിലൂടെ പൊന്തിനിന്ന്‌ മന്ദഹസിക്കുന്ന ചെന്താമരപ്പൂക്കള്‍പോലെ മധുനിഷ്യതികളത്രെ”. ഇതിലെ ഓരോ മുക്തകവും ഓരോ ലഘുകാവ്യമായി വളരാന്‍തക്കവിധം ആശയസമ്പുഷ്ടങ്ങളാണ്‌.

കാണാനെത്ര രസം കുതിച്ചൊഴു-

കുമീ നീര്‍ച്ചാലതില്‍ ശീതള

ഛായാമാര്‍ഗവുമെങ്ങുമെങ്ങു

മുയരും വൃക്ഷങ്ങള്‍ വന്‍ പാറകള്‍

നടനാശൃംഗ വിതാനമഭ്രനിരയെ

ചുംബിച്ചുണര്‍ത്തുന്ന പോ-

തേണാങ്കന്റെ മധുരസ്മിതത്തി

ലൊഴുകിപായുന്ന മേഘങ്ങളും.

നന്നെ ചെറുപ്പത്തില്‍ തന്നെ ആര്‍ജിച്ചെടുത്ത സംസ്കൃത പാണ്ഡിത്യത്തെ വേണ്ട രീതിയില്‍ ഉപയോഗപ്പെടുത്തി ഭാഷയുടെ വളര്‍ച്ചക്ക്‌ പ്രയോജനപ്പെടുത്തുന്നതില്‍ ശ്രീമാന്‍ നമ്പൂതിരി വിജയിച്ചിട്ടുണ്ടെന്ന്‌ പറയാം. നിരവധി സംസ്കൃത കൃതികള്‍ മലയാളത്തിലേക്ക്‌ വിവര്‍ത്തനം ചെയ്യാനും ആയിരത്തിലേറെ സുഭാഷിതങ്ങള്‍ക്ക്‌ വ്യാഖ്യാനം നല്‍കാനും അദ്ദേഹത്തിന്‌ കഴിഞ്ഞു. 1988 ല്‍ പുറത്തുവന്ന 600 സുഭാഷിതങ്ങളുടെ വിവര്‍ത്തനവ്യാഖ്യാനവും കേരള സാഹിത്യ അക്കാദമി പ്രസിദ്ധീകരിച്ച സുഭാഷിത സഹസൃയും സവിശേഷ പ്രാധാന്യമര്‍ഹിക്കുന്നു.

കബീറിന്റെ സത്യവിശിഷ്ടങ്ങളായ 800 സൂക്തങ്ങളുടെ പദ്യവിവര്‍ത്തനം, ഹിന്ദി സാഹിത്യത്തിലെ സര്‍വോത്തമ ശൃംഗാര കാവ്യമായ ബിഹാരരീസതിയുടെ സ്വതന്ത്രപരിഭാഷ ഹിന്ദി സാഹിത്യകാരനായ ഉപേന്ദ്രനാഥ ആശതിയുടെ “ഗിര്‍ത്തി ദിവാരോം” എന്ന നോവലിന്റെ പരിഭാഷ, മുതലായ വിവര്‍ത്തന കൃതികള്‍ വായനാസമൂഹം ശ്രദ്ധിച്ചതാണ്‌. ഹിന്ദുമത വിജ്ഞാനകോശം, ചികിത്സാ മഞ്ജരി എന്നിവയും ബ്രഹത്തായ രചനകളാണ്‌.

ശ്രീമാന്‍ നമ്പൂതിരിയുടെ സ്വതന്ത്രവും വിവര്‍ത്തനവുമായ കൃതികളുടെ അന്തര്‍ധാര മനഃസംസ്ക്കാരമാണ്‌. മനുഷ്യമനസ്സിനെ സാത്വികതയുടെ ശ്രീകോവിലിനുള്ളിലേക്ക്‌ നയിക്കാന്‍ ഉപകരിക്കുന്ന വിനയം, ഭക്തി, പ്രകൃത്യുപാസന, സൗന്ദര്യോപാസന എന്നിവ നമ്പൂതിരി സാഹിത്യത്തെ വേര്‍തിരിച്ചുനിര്‍ത്തുന്നു.

പ്രതിഭാധനനായ കവി, ബാലസാഹിത്യകാരന്‍, വിവര്‍ത്തകന്‍, സംസ്കൃത പണ്ഡിതന്‍ എന്നിങ്ങനെ പല നിലകളില്‍ ശ്രദ്ധേയനായ ശ്രീമാന്‍ നമ്പൂതിരിയെ നാം വേണ്ടതുപോലെ മനസ്സിലാക്കിയോ? ആദരിച്ചോ?

നവതിയുടെ നിറവില്‍ നമുക്ക്‌ തെല്ല്‌ കുറ്റബോധത്തോടെ ചിന്തിക്കാം.

കടാതി ഷാജി

Share
പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by

Recent Posts