തൃശൂര്‍ : വി.ആര്. കൃഷ്ണയ്യരുടെ ലോകം ചുരുങ്ങി ചുരുങ്ങി അരിവാള്‍ വട്ടത്തിലായെന്ന് കത്തോലിക്ക സഭയുടെ വിമര്‍ശനം. വനിതാകോഡുമായി ബന്ധപ്പെട്ട് ചെയര്‍മാനായ ജസ്റ്റിസ് വി.ആര്.കൃഷ്ണയ്യര്‍ക്കെതിരെ ക്രൈസ്തവ സഭ നടത്തുന്ന വിമര്‍ശനങ്ങളുടെ ഭാഗമായാണ് ക്രൈസ്തവ സഭയുടെ മുഖപത്രമായ ‘കത്തോലിക്ക സഭ’യിലൂടെ വിമര്‍ശനമുയര്‍ത്തിയിരിക്കുന്നത്. പ്രായാധിക്യം വരുമ്പോള്‍ പ്രായോഗികതയും ചിന്താരീതിയും കുഴഞ്ഞു മറിയും. പണ്ട് ആനപ്പുറത്തിരുന്നതിന്റെ തഴമ്പുണ്ടെന്ന് പറഞ്ഞിട്ട് കാര്യമില്ലെന്നും കൃഷ്ണയ്യരെക്കുറിച്ച് നേരും നുണയും എന്ന പംക്തിയിലൂടെ പ്രസിദ്ധീകരണം പറയുന്നു.
ചൈനയെ 1957മുതല്‍ ഊണിലും ഉറക്കത്തിലും സ്വപ്നം കണ്ടിരുന്ന ഒരു സാദാ സഖാവിന്റെ ഇത്തിരിവെട്ടം കാഴ്ചയെ ഇപ്പോള്‍ കൃഷ്ണയ്യര്ക്കുള്ളൂ എന്നാണ് കത്തോലിക്ക സഭയുടെ ഭാഷ്യം. കുട്ടികള്‍ രണ്ടുമതി എന്ന ജസ്റ്റിസ് കൃഷ്ണയ്യരുടെ റിപ്പോര്‍ട്ടിനെതിരെ മുന്‍ സര്‍ക്കാരിനെ വിമര്‍ശിക്കുന്ന സഭാലേഖനത്തില് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയോട് കൃഷ്ണയ്യര്‍ ചെയര്‍മാനായ കമ്മീഷന് പിരിച്ചുവിടണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. ജീവപര്യന്തം പെന്ഷന് കൊടുത്താലും കമ്മീഷനില്‍ ഇനി കൃഷ്ണയ്യര്‍ പാടില്ല എന്ന നിലപാടിലാണ് സഭ.
എല്‍ഡിഎഫ് പൊടിതട്ടിയെടുത്ത വനിതകളുടേയും കുട്ടികളുടേയും ക്ഷേമം, ജനസംഖ്യാപെരുപ്പം നിയന്ത്രിക്കല്‍ റിപ്പോര്‍ട്ട് തുടങ്ങിയവ ഉമ്മന്‍ചാണ്ടിയുടെ കയ്യിലെ ബോംബായിമാറിയെന്ന് സഭ ചൂണ്ടിക്കാണിക്കുന്നു. കൃഷ്ണയ്യര്‍ തയ്യാറാക്കിയ റിപ്പോര്‍ട്ട് കുപ്പത്തൊട്ടിയിലേക്ക് പോയി എന്നും സഭാ ലേഖനത്തില്‍ പറയുന്നുണ്ട്. നേരത്തെ മുഖ്യമന്ത്രിക്ക് വനിതാകോഡിന്റെ റിപ്പോര്‍ട്ട് നല്‍കിയതുമുതല്‍ കൃഷ്ണയ്യര്‍ക്കെതിരെ ക്രൈസ്തവ സഭ നിരന്തരം വിമര്‍ശനം ഉയര്‍ത്തിവരികയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: