ചാലക്കുടി : സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്ന ഒമ്പത് ഹൈഡല്‍ ടൂറിസം കേന്ദ്രങ്ങളില്‍ ഏറ്റവും കൂടുതല്‍ വരുമാനമുള്ള പെരിങ്ങല്‍ക്കുത്ത് ഹൈഡല്‍ ടൂറിസം കേന്ദ്രത്തിലെ ബോട്ടിംഗ് നിരോധിച്ചു. എന്നാല്‍ സുരക്ഷാഭീഷണിയുണ്ടെന്ന് പറയുന്ന അണക്കെട്ടിന്റെ പരിസരത്ത് പ്രത്യേക സുരക്ഷാനടപടികള്‍ ഒന്നും തന്നെ ഏര്‍പ്പെടുത്തിയിട്ടില്ല. കാനനഭംഗിയും, നിറഞ്ഞ് പരന്ന് കിടക്കുന്ന ജലസംഭരണിയും ബോട്ടിങ്ങുമാണ് ഇവിടുത്തെ പ്രധാന ആകര്‍ഷണം.
കഴിഞ്ഞ ജൂലായ് 15ന് ഇതിന് മുമ്പ് ഇവിടുത്തെ ബോട്ടിങ്ങ് സുരക്ഷാ ഭീഷണിയെത്തുടര്‍ന്ന് നിര്‍ത്തിവെച്ചിരുന്നു. എന്നാല്‍ എംഎല്‍എയും മറ്റും വൈദ്യുതമന്ത്രി ആര്യാടന് മുഹമ്മദുമായും മറ്റും നടത്തിയ ചര്‍ച്ചയെത്തുടര്‍ന്ന് എട്ടിന് പുനരാരംഭിച്ചു. ഈ ഓണസീസണില്‍ 16 ദിവസം കൊണ്ട് ഒരു ലക്ഷത്തില്‍ പരം രൂപയാണ് ഇവിടെനിന്ന് പിരിഞ്ഞത്. എന്നാല്‍ ഇന്റലിജന്റ്സ് റിപ്പോര്ട്ടിനെത്തുടര്ന്നാണെന്ന് പറയുന്നു സപ്തംബര്‍ മുതല്‍ വീണ്ടും ബോട്ടിംഗ് നിരോധിച്ചത്.
2007 മുതലാണ് പെരിങ്ങല്‍ക്കുത്ത് ഡാമിന്റെ റിസര്‍വ്വോയറില്‍ ബോട്ടിംഗ് ആരംഭിച്ചത്. സ്പീഡ് ആന്റ് സ്ലോ ബോട്ടുകള്‍ ഓരോന്നുവീതവും രണ്ട് പെഡല്‍ ബോട്ടുകളുമാണ് ഇവിടെയുള്ളത്. അഞ്ച്പേര്ക്കിരിക്കാവുന്ന സ്പീഡ് ബോട്ടിന് 15 മിനിറ്റിന് 350രൂപയും, ആറ് പേര്‍ക്ക് ഇരിക്കാവുന്ന സ്ലോ ബോട്ടിന് 200രൂപയും രണ്ട് പേര്‍ക്കിരിക്കാവുന്ന പെഡല്‍ ബോട്ടിന് ഒന്നര മണിക്കൂര്‍ നേരത്തേക്ക് 60രൂപയുമാണ് ഈടാക്കുന്നത്. ഡാമിനോട് ചേര്‍ന്ന് 12 കിലോമീറ്റര്‍ വരെ വിനോദസഞ്ചാരികള്‍ക്ക് ബോട്ടില്‍ യാത്ര ചെയ്യാം സംസ്ഥാനത്തിനകത്ത്നിന്നും പുറത്തുനിന്നുമായി ദിനംപ്രതി നൂറുകണക്കിന് പേരാണ് ഇവിടെ വരുന്നത്.
ഇക്കഴിഞ്ഞ നവരാത്രി സീസണില്‍ ബോട്ടിങ്ങ് ഇല്ലാതിരുന്നതിനെത്തുടര്‍ന്ന് ആയിരങ്ങളാണ് നഷ്ടപ്പെട്ടത്. വിവിധ വകുപ്പുകളുടെ ഉദാസീനതയാണ് ഹൈഡല്‍ ടൂറിസത്തിന് ദുരിതമാക്കുന്നത്. ബോട്ടിങ്ങ് നിര്‍ത്തിയതോടെ ഇവിടുത്തെ പത്തോളം വരുന്ന ജീവനക്കാരുടെ ജീവിതവും വഴിമുട്ടിയിരിക്കുകയാണ്. ഇത്രയേറെ വിനോദസഞ്ചാരികളെ ആകര്‍ഷിക്കുന്ന സംസ്ഥാനത്തെ തന്നെ ഏറ്റവും പ്രധാന ഹൈഡല്‍ ടൂറിസം കേന്ദ്രമായ ഇവിടെ ബോട്ടിങ്ങ് പുനരാരംഭിക്കണമെന്നാണ് ആവശ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: