ആലുവ: വരാപ്പുഴ പെണ്‍വാണിഭക്കേസില്‍ അറസ്റ്റിലായ ശോഭാ ജോണിനെ ആലുവ കോടതി റിമാന്റ് ചെയ്തു. കാക്കനാട് മാവേലിപുരം കൈലവീട്ടില് ബെച്ചു റഹ്മാന്, ശാസ്തമംഗലം കാഞ്ഞിരംവീട്ടില്‍ അനില്‍കുമാര്‍ എന്നിവരെയും ശോഭാ ജോണിനൊപ്പം റിമാന്റ് ചെയ്തു. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ വിലക്ക് വാങ്ങി പല സ്ഥലങ്ങളില്‍ പലര്‍ക്കായി കാഴ്ചവെച്ച കേസിലാണ് ശോഭാ ജോണിനെ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തത്. ഇന്നലെ രാവിലെ 11.30 ഓടെയാണ് ഇവരെ കോടതിയില്‍ ഹാജരാക്കിയത്. ഇരുവരെയും ആലുവ ജുഡീഷ്യല്‍ ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ് കവിത ഗംഗാധരന് 21 ദിവസത്തേക്ക് റിമാന്റ് ചെയ്തു.
വരാപ്പുഴ പീഡനവുമായി ബന്ധപ്പെട്ട് പ്രതികളുടെ എണ്ണം ഇനിയും കൂടുമെന്നാണ് പോലീസ് നല്കുന്ന സൂചന. പെണ്‍കുട്ടിയെ സഹോദരിയില്‍നിന്നും വിലക്കുവാങ്ങിയ ശോഭ ജോണ്‍ നൂറുകണക്കിന് പേര്‍ക്ക് പെണ്‍കുട്ടിയെ കൈമാറി ലക്ഷങ്ങള്‍ കൊയ്യുകയായിരുന്നു. പെണ്‍കുട്ടിയെ വിവിധ സ്ഥലങ്ങളിലേക്ക് എത്തിച്ചുനല്‍കിയിരുന്നത് കൂട്ടാളികളായ ബച്ചു റഹ്മാനും കേപ്പ് അനിയുമായിരുന്നു. ദല്‍ഹി തുടങ്ങിയ വന്‍ നഗരങ്ങളില്‍പോലും പെണ്‍കുട്ടിയെ എത്തിച്ചിട്ടുണ്ട്.
പെണ്‍കുട്ടിയെ കൈമാറിയ ചിലരുടെ പേരുകളും ഫോണ്‍നമ്പറുകളും ശോഭ പോലീസിന് കൈമാറിയിട്ടുണ്ടെന്നറിയുന്നു. സമൂഹത്തിന്റെ ഉന്നതശ്രേണികളില്‍ വാഴുന്ന ചിലരും അവരുടെ കാര്യസാധ്യത്തിനുവേണ്ടി മറ്റ് പലര്‍ക്കുമായി പെണ്‍കുട്ടിയെ ആവശ്യപ്പെട്ടിട്ടുണ്ട്. ഇതേത്തുടര്‍ന്ന് ഇവരില്‍ ചിലരെ പിടികൂടുന്നതിനുള്ള ശ്രമങ്ങളും ആരംഭിച്ചിട്ടുണ്ട്. വരാപ്പുഴ കേസില്‍ പ്രതിയാക്കപ്പെട്ടതിനെത്തുടര്‍ന്ന് ശോഭ താമസിയാതെ കോയമ്പത്തൂരിലേക്കും പിന്നീട് ബംഗളൂരുവിലേക്കും താവളം മാറ്റുകയായിരുന്നു. പെണ്‍കുട്ടിയെ ഉപയോഗപ്പെടുത്തിയ പ്രമുഖരായ ചിലരാണ് ഇതുവരെയും ശോഭയെ ഒളിച്ചുതാമസിക്കുന്നതിന് സഹായിച്ചത്. പലരുടെയും പേര് പറയാതിരിക്കുന്നതിന് ലക്ഷക്കണക്കിന് രൂപ ഇവര്‍ കൈപ്പറ്റിയതായും പറയപ്പെടുന്നു. കള്ളനോട്ട് ഇടപാടുകളുള്പ്പെടെയുള്ളവയിലും ശോഭ പങ്കാളിയായിട്ടുണ്ടോയെന്നതിനെക്കുറിച്ചും അന്വേഷിക്കുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: