Categories: Ernakulam

ഭരണപരാജയം ആരോപിച്ച്‌ മരടില്‍ പ്രതിപക്ഷം ചെയര്‍മാനെ തടഞ്ഞുവെച്ചു

Published by

മരട്‌: നഗരസഭയിലെ ഭരണപക്ഷമായ യുഡിഎഫിന്റെ ഭരണപരാജയത്തിനെതിരെ പ്രതിപക്ഷം ചെയര്‍മാനെ തടഞ്ഞുവെച്ചു. പ്രതിപക്ഷ നേതാവ്‌ പി.കെ. രാജുവിന്റെ നേതൃത്വത്തിലാണ്‌ നഗരസഭാ ചെയര്‍മാന്‍ അഡ്വ. ടി.കെ. ദേവരാജനെ ഓഫീസില്‍ തടഞ്ഞുവെച്ചത്‌. മുനിസിപ്പല്‍ പ്രദേശത്ത്‌ വഴിവിളക്കുകള്‍ കത്തിക്കാത്തതും, ഒട്ടേറെ പ്രദേശങ്ങളില്‍ ശുദ്ധജലം ലഭ്യമാകാത്തതും നഗരസഭയുടെ പിടിപ്പുകേടുമൂലമാണെന്നാണ്‌ പ്രതിപക്ഷ ആരോപണം.

ഇന്നലെ രാവിലെ 10 മണിക്കാണ്‌ പ്രതിപക്ഷ നേതാവ്‌ പി.കെ. രാജുവിന്റെ നേതൃത്വത്തില്‍ പ്രതിപക്ഷ കൗണ്‍സിലര്‍മാര്‍ മുനിസിപ്പല്‍ മന്ദിരത്തിലെ ഓഫീസില്‍ പ്രതിഷേധ സമരം നടത്തിയത്‌. എല്‍ഡിഎഫ്‌ കൗണ്‍സിലര്‍മാരുടെ ഡിവിഷനുകളോട്‌ നഗരസഭ വിവേചനം കാട്ടുന്നതായും പ്രതിപക്ഷം ആരോപിച്ചു. സമരത്തെത്തുടര്‍ന്ന്‌ പ്രതിപക്ഷ കൗണ്‍സിലര്‍മാരുമായി ചെയര്‍മാന്‍ ചര്‍ച്ച നടത്തി. 12-ാ‍ം തീയതിക്കകം വഴിവിളക്കിന്റേയും കുടിവെള്ളത്തിന്റെയും പ്രശ്നം പരിഹരിക്കാമെന്ന ചെയര്‍മാന്റെ ഉറപ്പിന്മേലാണ്‌ സമരം പിന്‍വലിച്ചത്‌. പനങ്ങാട്‌ എസ്‌ഐ വിപിനന്റെ നേതൃത്വത്തില്‍ പോലീസും സ്ഥലത്തെത്തിയിരുന്നു. കൗണ്‍സിലര്‍മാരായ ടി.എ. വിജയകുമാര്‍, പി.ഡി. രാജേഷ്‌, ജലജാ ദിനേശന്‍, ശാന്താ മോഹനന്‍, സരള കൃഷ്ണന്‍, ദിഷ പ്രതാപന്‍, കെ.വി. സീമ, രതി ദിവാകരന്‍ എന്നിവര്‍ സമരത്തില്‍ പങ്കെടുത്തു.

നഗരസഭാ ഭരണത്തിനെതിരെ പ്രതിപക്ഷം നടത്തുന്ന സമരം രാഷ്‌ട്രീയപ്രേരിതമാണെന്ന്‌ നഗരസഭാ ചെയര്‍മാന്‍ അഡ്വ. ടി.കെ. ദേവരാജന്‍ അറിയിച്ചു. സിഎഫ്‌എല്‍ ലൈറ്റുകള്‍ കത്തിക്കുന്നതിന്‌ പ്രതിപക്ഷ കൗണ്‍സിലര്‍മാര്‍ സഹകരിക്കുന്നില്ല. കുടിവെള്ള പ്രശ്നം പൈപ്പ്‌ പൊട്ടിയതുമൂലം സംഭവിച്ചതാണ്‌. ഇത്‌ പരിഹരിച്ച്‌ ഉടന്‍ തന്നെ ജലവിതരണം പുനഃസ്ഥാപിക്കുമെന്നും ചെയര്‍മാന്‍ അറിയിച്ചു.

Share
പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by