അതിവേഗം ബഹുദൂരം എന്ന മുദ്രാവാക്യവുമായി മുന്നോട്ടു കുതിച്ച് പ്രഖ്യാപിച്ച 100 ദിന കര്‍മപരിപാടി ഏറെക്കുറെ പ്രായോഗികമാക്കാന്‍ സാധിച്ച ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ ഇപ്പോള്‍ നിശ്ചലാവസ്ഥയിലായത് വിവാദക്കൊടുങ്കാറ്റില്‍ അകപ്പെട്ടാണ്. സംസ്ഥാനത്ത് ഇന്ന് ഭരണചക്രം തിരിയുന്നില്ലെങ്കില്‍ അതിന്റെ ഉത്തരവാദിത്തം ഭരണപക്ഷ-പ്രതിപക്ഷങ്ങള്ക്കാണ്. പ്രതിപക്ഷത്തിന്, പ്രത്യേകിച്ച് പ്രതിപക്ഷ നേതാവിന്, വിവാദക്കുരുക്കില്‍ ഈ സര്‍ക്കാരിനെ പുറത്താക്കി എങ്ങനെയെങ്കിലും മുഖ്യമന്ത്രിക്കസേരയും അധികാരവും കൈക്കലാക്കണം എന്ന ഏക അജണ്ട മാത്രമാണ്. ഭരണ സുതാര്യതയോ ഭരണക്ഷമതയോ ജനക്ഷേമമോ അല്ല പ്രതിപക്ഷത്തിന്റെ ലക്ഷ്യം. അതാണ് സഭ പോലും നിശ്ചലമാകുന്നത്. ഭരണപക്ഷമാകട്ടെ ഒന്നിന് പുറകെ ഒന്നായി പിന്തുടരുന്ന വിവാദങ്ങളെ പ്രതിരോധിക്കാനല്ലാതെ പ്രഖ്യാപിത നയങ്ങള്‍ നടപ്പിലാക്കാന്‍ സാധിക്കാതെ കുഴങ്ങുന്നു. സംസ്ഥാനത്ത് പിന്നെയും പകര്‍ച്ചപ്പനി പിടിമുറുക്കി രോഗികള്‍ മരണത്തിന് കീഴടങ്ങുമ്പോഴും പനി പ്രതിരോധത്തിന് എവിടെ പിഴക്കുന്നു എന്നോ ആശുപത്രികളില്‍ ആവശ്യത്തിന് ഡോക്ടര്‍മാരുണ്ടോ എന്നോ, മരുന്നുകള്‍ ലഭ്യമാകാത്തതാണോ ഇപ്പോള്‍ സംസ്ഥാനത്ത് വ്യാപകമാകുന്ന ‘ചാത്തന്’ മരുന്നുകളാണോ മരുന്നുവിപണി കയ്യടക്കിയിരിക്കുന്നത് എന്നോ പരിശോധിക്കാന്‍ സര്‍ക്കാരിന് സമയമില്ല. വയനാട്ടില്‍ ആദിവാസിഭൂമി കയ്യേറിയതായി കണ്ടെത്തിയ എംഎല്‍എ ശ്രേയാംസ്കുമാറില്നിന്നും ഭൂമി തിരിച്ചെടുത്ത് മൂന്ന് മാസത്തിനുള്ളില്‍ ആദിവാസികള്‍ക്ക് തിരിച്ചുനല്‍കണം എന്ന കോടതി ഉത്തരവ് പോലും നടപ്പിലാക്കാന്‍ രണ്ട് മെമ്പര്‍മാരുടെ മാത്രം ഭൂരിപക്ഷമുള്ള യുഡിഎഫിനായിട്ടില്ല. ആദിവാസിഭൂമി തട്ടിപ്പ് കേസില്‍ എംഎല്‍എ ജയിലില്‍ പോയാല്‍ ഭൂരിപക്ഷം നഷ്ടപ്പെടുമല്ലോ. ഭരണതലത്തില്‍ ഈവിധം ബഹുമുഖ പ്രതിസന്ധിയെ തരണം ചെയ്യാന്‍ ആസൂത്രണം നടത്താത്ത ഭരണകക്ഷിയുടെ പരാജയങ്ങളെയാണ് ക്രിയാത്മകമായ ഒരു പ്രതിപക്ഷവും പ്രതിപക്ഷനേതാവും ചൂണ്ടിക്കാണിക്കേണ്ടത്.
പകരം പ്രതിപക്ഷ നേതാവിന് സ്വയം അഭിമുഖീകരിക്കുന്ന അഴിമതി ആരോപണങ്ങളും സ്വജനപ്രീണന നയങ്ങളും മന്ത്രിസഭയുടെ അന്ത്യഘട്ടത്തില്‍ നടത്തിയ ഭരണഘടനാലംഘനാപരമായ വിവാദ നിയമനങ്ങളും പ്രതിരോധിക്കാന്‍ മുന്‍മന്ത്രി ബാലകൃഷ്ണപിള്ളയുടെ നിയമവിരുദ്ധമായ ഫോണ്‍വിളിയും അദ്ദേഹത്തിന്റെ ഉടമസ്ഥതയിലുള്ള സ്കൂളിലെ അധ്യാപകനുണ്ടായ അപകടത്തിന്റെയും ഉത്തരവാദിത്തം ബാലകൃഷ്ണപിള്ളയുടെയും മകന് മന്ത്രി ഗണേഷ്കുമാറിന്റെയും തലയില്‍ ആരോപിച്ച് മുഖ്യമന്ത്രിയുടെയും ഗണേഷ്കുമാറിന്റെയും രാജി ആവശ്യപ്പെട്ട് മുറവിളി കൂട്ടുന്നതിനാണ് ശ്രദ്ധ. ഈ ശബ്ദമുഖരിതമായ ആരോപണങ്ങളില്‍ ഒന്നുപോലും ജനപക്ഷത്തുനിന്ന് ഏറ്റുപിടിക്കുന്ന പ്രതിപക്ഷത്തെ ജനങ്ങള്‍ക്ക് കാണാന്‍ സാധിക്കുന്നില്ല. അധ്യാപകന്റെ ദേഹത്തെ മുറിവുകള്‍ ആക്രമണം കൊണ്ടല്ല വാഹനാപകടത്തെത്തുടര്ന്നാകാം എന്നാണ് മെഡിക്കല്‍ വിദഗ്ധസംഘത്തിന്റെ ഇപ്പോഴത്തെ നിഗമനം. വാഹനം ഇടിച്ചതാണോ ഇടിപ്പിച്ചതാണോ എന്നതും ഇപ്പോള്‍ അന്വേഷണവിധേയമാണ്. പക്ഷെ അപകടം എന്ന വാക്ക് കേട്ടതോടെ പ്രതിപക്ഷ നേതാക്കള്‍ ബാലകൃഷ്ണപിള്ളയെ കുറ്റവാളിയാക്കി പ്രഖ്യാപിച്ചത് സുഗമവും സുതാര്യവുമായ അന്വേഷണത്തെ തടസപ്പെടുത്തലാണ്. ഇപ്പോള്‍ നിഷ്പക്ഷമായ പോലീസ് അന്വേഷണം ഉപപ്രതിപക്ഷനേതാവ് ആവശ്യപ്പെടുമ്പോള്‍ മുത്തൂറ്റ് കേസിലെ എസ്-കത്തിയാണ് ജനങ്ങള്‍ക്ക് ഓര്‍മവരുന്നത്. പ്രതിപക്ഷനേതാവ് മുഖ്യമന്ത്രിയായിരിക്കുമ്പോള്‍ സ്വന്തം മകന് വഴിവിട്ട നിയമനവും പ്രമോഷനും നല്‍കിയത് അന്വേഷണവിധേയമായപ്പോള്‍ തന്റെയും ഓഫീസിന്റെയും റോള്‍ മറച്ചുവെച്ച് മകന്റെ നിയമനം മാത്രം അന്വേഷണപരിധിയില്‍ വരാത്ത ലോകായുക്തക്ക് വിട്ടത് ഹൈക്കോടതിയുടെ നിശിതവിമര്‍ശനത്തിന് പാത്രമായി. ആരുടെയെങ്കിലും നേരെ കോടതി വിമര്‍ശനമുണ്ടായാല്‍ അപ്പോള്‍ രാജി ആവശ്യപ്പെടുന്ന പ്രതിപക്ഷനേതാവ് എന്നിട്ടും രാജിക്കൊരുങ്ങുന്നില്ല. ഇപ്പോള്‍ അദ്ദേഹത്തിന്റെ ഭരണത്തിന്റെ കാലത്ത് ഇന്‍ഫോപാര്‍ക്ക് മേധാവിയാക്കിയത് വിവാദമായിരിക്കുകയാണ്.
ഈ നിയമനത്തിനുവേണ്ടി ലഭിച്ച 99 അപേക്ഷകരില്‍നിന്നും മൂന്നുപേരെ ഷോര്‍ട്ട്ലിസ്റ്റ് ചെയ്ത് ശിവപ്രസാദ് എന്നയാളെ ഐഎഎസ് ഉദ്യോഗസ്ഥരടങ്ങുന്ന മൂന്നംഗ സെലക്ഷന് സമിതി തെരഞ്ഞെടുത്തിട്ടും അന്ന് ഐടി വകുപ്പ് കൈകാര്യം ചെയ്തിരുന്ന മുഖ്യമന്ത്രി മൂന്നുപേരുടെയും ബയോഡാറ്റ പരിശോധിച്ച് ഒന്നാംസ്ഥാനക്കാരന്റെ അപേക്ഷ ഒരു ദിവസം താമസിച്ച് ലഭിച്ചു എന്ന് കാരണം ചൂണ്ടിക്കാട്ടി രണ്ടാംസ്ഥാനക്കാരനെ നിയമിച്ചതും സ്വജനപക്ഷപാതമാണെന്ന് ആക്ഷേപമുയര്‍ന്നിരുന്നു. ഒന്നാം സ്ഥാനാര്‍ത്ഥി ഒരു ദിവസം താമസിച്ച് അപേക്ഷിച്ചു എന്നതിന് തെളിവുകളില്ലാതിരിക്കെ അയാള്‍ അന്തരിച്ച മുന്‍മുഖ്യമന്ത്രി കരുണാകരന്റെ ബന്ധു ആയതിനാല്‍ അപേക്ഷ തള്ളി തന്റെ അനുഭാവിയായ ആളിന്റെ ബന്ധുവിന് കൊടുത്തു എന്ന ആരോപണം ഉയര്‍ത്തിയിരിക്കുന്നത് ചീഫ്വിപ്പ് പി.സി.ജോര്‍ജ് ആണ്. അച്യുതാനന്ദന് എന്ന പ്രതിഭാസം അടിസ്ഥാനപരമായി മിമിക്രിക്കാരുടെയും മാധ്യമങ്ങളുടെയും സൃഷ്ടിയായിരിക്കെ, അച്യുതാനന്ദന് മാധ്യമങ്ങള്‍ ലഹരിയായിരിക്കെ, പി.സി. ജോര്‍ജ് മാധ്യമശ്രദ്ധ കിട്ടാന്‍ വിവാദം ഉണ്ടാക്കുന്നു എന്നാരോപിക്കുന്ന പ്രതിപക്ഷനേതാവിന്റെ ആരോപണങ്ങള്‍ക്ക് മറുപടി പക്ഷെ മൗനമാണ്. പ്രതിപക്ഷ നേതാവായിരുന്ന കാലത്ത് വിമര്ശനവിധേയമാകാത്ത അച്യുതാനന്ദന് മുഖ്യമന്ത്രിയായശേഷം സുരേഷ്കുമാറിന് വേണ്ടിയും ചന്ദനക്കൊള്ള കേസിലും എല്ലാം നിയമവിരുദ്ധമായി പ്രവര്‍ത്തിച്ചു എന്ന ആരോപണവും ഉയരുന്നുണ്ട്. ആരോപണങ്ങള്‍ ഉയരുന്നതല്ല കേരളത്തിന്റെ പ്രശ്നം, ആരോപണങ്ങള്‍ ജനക്ഷേമകരമായ പദ്ധതികള്‍ വേഗത്തിലാക്കുകയോ പനിബാധ നിയന്ത്രണവിധേയമാക്കാന്‍ സഹായിക്കുകയോ ചെയ്യില്ല. ഇവിടെ ഭരണ-പ്രതിപക്ഷ ദുര്‍ഭരണമാണ് നടക്കുന്നത്. കേന്ദ്രത്തില്‍ യുപിഎ ഭരണം എങ്ങനെ അഴിമതിയില്‍ ആറാടി പ്രവര്ത്തനരഹിതമാകുന്നുവോ അതേവിധം കേരളത്തിലും ഭരണം നിശ്ചലാവസ്ഥയിലേക്ക് നീങ്ങുന്നതിനെതിരെയാണ് ജനങ്ങള്‍ രംഗത്തുവരേണ്ടത്.
പ്രഖ്യാപിക്കപ്പെട്ട പല പദ്ധതികളും നിശ്ചലാവസ്ഥയിലാകുന്നത് തടയേണ്ട സമയമാണിത്. കേരളത്തിന്റെ നശീകരണത്തിന് പ്രധാന ഹേതു മലിനീകരണമാണ്. അത് നിര്‍മാര്‍ജനം ചെയ്യാന്‍ ഭരണ-പ്രതിപക്ഷ ഏകോപനമാണ് വേണ്ടത്. മാലിന്യനിര്‍മാര്‍ജന പിഴവ് ഇവിടെ വിവാദംപോലുമാകുന്നില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: