ട്രിപ്പോളി: ലിബിയയില്‍ വിമത സൈന്യത്തിനെതിരേ പ്രക്ഷോഭം നടത്താന്‍ മുവാമര്‍ ഗദ്ദാഫിയുടെ ആഹ്വാനം. പരിവര്‍ത്തന സമിതിയുടെ നേതൃത്വത്തിലുളള വിമത സൈന്യത്തിന്റെ ഭരണം അസഹനീയമെന്നും ജനങ്ങള്‍ തെരുവിലിറങ്ങി യുദ്ധം ചെയ്യണമെന്നും ഗദ്ദാഫി ശബ്ദ സന്ദേശത്തിലൂടെ ആവശ്യപ്പെട്ടു.
ഉണരൂ, ശക്തരാകൂ, തെരുവിലേക്കിറങ്ങൂ എന്നു പറഞ്ഞുകൊണ്ടാണു ഗദ്ദാഫിയുടെ സന്ദേശം ആരംഭിക്കുക. പാശ്ചാത്യ ശക്തികളുടെ പിന്‍ബലത്തില്‍ രാജ്യത്തു പുതിയ ഭരണസമിതി ഉടലെടുക്കുമെന്നും അതിനായി വിമതസൈന്യം തയാറായിക്കൊളളാനും ഗദ്ദാഫി വെല്ലുവിളിക്കുന്നുണ്ട്.
ലിബിയന്‍ ജനത നിയമിച്ചതല്ല എന്ന കാരണത്താല്‍ ദേശീയ പരിവര്‍ത്തന കൗണ്‍സില്‍ നേതൃത്വം നല്കുന്ന ഇപ്പോഴത്തെ സര്‍ക്കാരിന് നിയമപരമായ യാതൊരു അധികാരവുമില്ല. അതുകൊണ്ടുതന്നെ ഈ അനധികൃത ഭരണകൂടത്തിനെതിരെ നിയമം ലംഘിച്ച് തെരുവിലിറങ്ങണം – ഗദ്ദാഫി ജനങ്ങളോട് ആഹ്വാനം ചെയ്തു.
സിറിയയിലെ അല്‍ റായി ടി.വിയാണ് ഗദ്ദാഫിയുടെ പ്രസംഗത്തിന്റെ ശബ്ദടേപ്പ് സംപ്രേഷണം ചെയ്തത്. ഇതിന് മുമ്പ് കഴിഞ്ഞ മാസം 20നാണ് ഗദ്ദാഫി ശബ്ദസന്ദേശത്തിലൂടെ ജനങ്ങളെ അഭിസംബോധന ചെയ്തത്. സ്ഥാനഭ്രഷ്ടനായ ശേഷം നിരവധി തവണ ഗദ്ദാഫിയുടെ സന്ദേശങ്ങള്‍ പുറത്തു വന്നിട്ടുണ്ട്. എന്നാല്‍ ആദ്യമായാണ് ലിബിയന്‍ ജനതയോടു യുദ്ധാഹ്വാനം നടത്തുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: