കുട്ടനാടിന്റെ പുത്രനായ ലോകപ്രശസ്ത ശാസ്ത്രജ്ഞന് ഡോ. എം.എസ്. സ്വാമിനാഥന് വിഭാവനംചെയ്ത കുട്ടനാടിന്റെ സമഗ്ര വികസനത്തിനുള്ള 1840 കോടിയുടെ കുട്ടനാട് പാക്കേജ് കേന്ദ്രം അംഗീകരിച്ചു എന്ന വാര്‍ത്ത കേരളം വളരെ ആഹ്ലാദത്തോടെയാണ് സ്വാഗതംചെയ്തത്. കേരളത്തിന്റെ നെല്ലറ എന്ന് കേള്‍വികേട്ടിരുന്ന കുട്ടനാട് മലിനീകൃതമായി, പല മേഖലകളും കൃഷിക്ക് അനുയോജ്യമല്ലാതായിത്തീര്‍ന്നപ്പോള്‍ കുട്ടനാടിന്റെ നെല്ലുല്പാദനം കേരളത്തിലെ നെല്ലുല്പാദനത്തിന്റെ 18 ശതമാനമായി ചുരുങ്ങി. നെല്‍കൃഷി ആദായകരമല്ലാതായതും കാര്‍ഷികവൃത്തിക്ക് ആളെ കിട്ടാതായതും കാര്‍ഷികമേഖലയിലെ തൊഴിലാളികള്‍ അമിതകൂലി ഈടാക്കിയതും നെല്‍വില കുത്തനെ ഇടിഞ്ഞതും നെല്ലുശേഖരണത്തിന് സര്‍ക്കാര്‍തല പാളിച്ചകളുണ്ടായതും എല്ലാം കുട്ടനാടിന്റെ ശാപമായിമാറി. ഈ പശ്ചാത്തലത്തിലാണ് കുട്ടനാടിന്റെ സമഗ്രവികസനം- കൃഷിവികസനം, മത്സ്യസമ്പത്ത് വികസനം, തെങ്ങുകൃഷി വികസനം, താറാവുകൃഷി വികസനം മുതലായവക്ക് പുറമെ ഫാം ടൂറിസം എന്ന സങ്കല്‍പ്പവും കൂടി ഉള്‍ക്കൊള്ളുന്ന കുട്ടനാട് പാക്കേജ് ഡോ. എം.എസ്. സ്വാമിനാഥന് സമര്‍പ്പിച്ചത്. പാക്കേജ് ഉദ്ഘാടനം ചെയ്തത് അന്നത്തെ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദനായിരുന്നു. ഉദ്ഘാടനത്തിനപ്പുറം കുട്ടനാട് പാക്കേജ് പുരോഗമിച്ചില്ല. കുട്ടനാട് പാടശേഖരത്തിന്റെ പുറംബണ്ട് നിര്‍മാണമാണ് ആദ്യം തുടങ്ങിയത്. കുട്ടനാടിന്റെ ഒരു പ്രധാന പ്രശ്നം അവിടെ കയറുന്ന ഓരുവെള്ളമാണ്. ഇത് നെല്‍കൃഷിയെ നശിപ്പിക്കുന്നു. ഇതിനെ കുട്ടനാട് കര്‍ഷകര്‍ പ്രതിരോധിച്ചിരുന്നത് ഓരുമുട്ടുകളും മറ്റും നിര്‍മിച്ചാണ്. ഇതിനുള്ള പ്രായോഗികജ്ഞാനം ഈ തലമുറയിലെ കര്‍ഷകര്‍ക്കില്ല.
മറ്റൊരു പ്രധാന പ്രതിഭാസം തോട്ടപ്പള്ളി സ്പില്‍വേ നിര്‍മാണമാണ്. ഇത് കുട്ടനാട്ടിലേക്കുള്ള ഓരുവെള്ളക്കയറ്റം ക്രമീകരിക്കും എന്നും മറ്റുമാണ് പ്രതീക്ഷിച്ചിരുന്നതെങ്കിലും തോട്ടപ്പള്ളി സ്പില്‍വേ കുട്ടനാടിന്റെ മറ്റൊരു ശാപമായി മാറുകയായിരുന്നു. തോട്ടപ്പള്ളി സ്പില്‍വേയും പ്രായോഗികഗുണം ചെയ്തില്ല. ഈ പശ്ചാത്തലത്തിലാണ് ഡോ. സ്വമിനാഥന്‍ പുറംബണ്ട് ശക്തിപ്പെടുത്തല്‍ എന്ന ആശയം മുന്നോട്ടുവെച്ചിരിക്കുന്നത്. പുറംബണ്ടിന്റെ നിര്‍മാണച്ചെലവ് 840 കോടി രൂപയായി കണക്കാക്കി ആദ്യ സ്റ്റേജ്നിര്‍മാണം കഴിഞ്ഞാല്‍ 75 ശതമാനം ഫണ്ട് റിലീസ് ചെയ്യാം എന്നായിരുന്നു കേന്ദ്ര വാഗ്ദാനം. പുറംബണ്ട് നിര്‍മാണം ഒരു പ്രതിവര്‍ഷ പ്രക്രിയ ആകാതെ സ്ഥിരം ബണ്ട് നിര്‍മിച്ചാല്‍ ആവര്‍ത്തന പ്രക്രിയ ഒഴിവാക്കാം എന്നായിരുന്നു പ്ലാന്‍. ഇത് സ്റ്റാന്‍ഡേര്‍ഡ് ഡിസൈനില്‍ കരിങ്കല്ലുകളുടെ ഉപയോഗത്തിന് പകരം കട്ടിയുള്ള ചെളി ഉപയോഗിച്ച് ബയോകവര്‍കൂടി നിര്‍മിച്ച് നടത്തണമെന്നായിരുന്നു നിര്‍ദ്ദേശം. ഇത് നിശ്ചിത ഉയരത്തില്‍, അതായത് ഓരുവെള്ളം കയറുന്ന ലെവലിന്റെ 30 സെന്റീമീറ്റര്‍ മുകളില്‍ സ്ഥാപിക്കണം എന്നും നിര്‍ദ്ദേശമുണ്ടായിരുന്നു. ഇതിന് മൂന്ന് മീറ്റര്‍ വീതിയുണ്ടെങ്കില്‍ കൃഷി ആവശ്യത്തിനുള്ള വണ്ടികള്‍ക്ക് വരാന്‍ സാധ്യമാകുമെന്നും നിര്‍ദ്ദേശമുണ്ടായിരുന്നു. ഇതിനായി ചീഫ് സെക്രട്ടറി ചെയര്‍മാനായ ഒരു ടാസ്ക് ഇംപ്ലിമെന്റേഷന്‍ കമ്മറ്റിയെ ചുമതലപ്പെടുത്തണമെന്ന നിര്‍ദ്ദേശവുമുണ്ടായിരുന്നു. എന്നാല്‍ ഇപ്പോള്‍ പുറംബണ്ട് നിര്‍മാണം കോണ്ട്രാക്ടിന് നല്‍കിയതോടെ പണിതീര്‍ന്ന പുറംബണ്ട് പൊളിഞ്ഞുകഴിഞ്ഞു എന്ന വാര്‍ത്ത സര്‍ക്കാരിനെ വെട്ടിലാക്കിയിരിക്കുകയാണ്. ഈ കോണ്ട്രാക്ടില് അഴിമതിയുണ്ടെന്നും കമ്മറ്റി നിര്‍ദ്ദേശപ്രകാരമുള്ള സാധനങ്ങള്‍ ഉപയോഗിച്ചല്ല പുറംബണ്ട് നിര്‍മാണം നടത്തിയതെന്നും ആരോപിച്ച് കുട്ടനാട് സംരക്ഷണസമിതി ചെയര്മാന് ഫാ. പിലിയാനിക്കല്‍ രംഗത്തുവന്നുകഴിഞ്ഞു.
സ്വാമിനാഥന് കമ്മീഷന് റിപ്പോര്‍ട്ടില്‍ പറഞ്ഞിട്ടില്ലാത്ത പമ്പിങ് മോട്ടോറുകളുടെ വിതരണവും ആടുകളെ വിതരണം ചെയ്യാനുള്ള നടപടിയുമൊക്കെ പാക്കേജിന്റെ പ്രവര്‍ത്തനത്തെ താളംതെറ്റിക്കാനും പണം ധൂര്‍ത്തടിക്കാനും മാത്രമേ ഉതകൂവെന്നും ഇതിനകം ആക്ഷേപമുയര്‍ന്നിട്ടുണ്ട്. പശുക്കള്‍ക്ക് പകരം ആടുകളെ വിതരണം ചെയ്യാന്‍ മൃഗസംരക്ഷണ വകുപ്പ് നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ സുതാര്യമല്ല. മത്സ്യം വളര്‍ത്താന്‍ സ്വാമിനാഥന് കമ്മീഷന് നിര്‍ദേശിച്ച റാണി, ചിത്തിര കായലുകളില്‍ ബണ്ട് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത് പാക്കേജിന്റെ തുക കായലില്‍ കലക്കുന്നതിനു തുല്യമാണെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. ഇരിപ്പുകൃഷി ചെയ്തുകൊണ്ടിരിക്കുന്ന മറ്റു പാടശേഖരങ്ങളിലെ ബണ്ടുനിര്‍മാണം പൂര്‍ത്തിയാക്കാതെ റാണി, ചിത്തിര കായലിലെ ബണ്ടു നിര്‍മാണവുമായി മുന്നോട്ടു പോകുന്നതിനോടും എതിര്‍പ്പുണ്ട്. വന്‍ അഴിമതിയാണ് പുറം ബണ്ട് നിര്‍മാണത്തില്‍ നടക്കുന്നത്. പെയിലും സ്ലാബും ഉപയോഗിച്ച് നടത്തുന്ന കായല്‍നിലങ്ങളുടെ ബണ്ട് നിര്‍മാണത്തിലാണ് അഴിമതി ആരോപണം ഉയര്‍ന്നിട്ടുള്ളത്. ബണ്ട് നിര്‍മിച്ച് ആഴ്ചകള്‍ക്കുള്ളില്‍ തന്നെ പല സ്ഥലങ്ങളിലും സ്ലാബുകള്‍ തകര്‍ന്നുതുടങ്ങി. ബണ്ട് സ്ഥാപിക്കുന്ന അതത് സ്ഥലങ്ങളില്‍ തന്നെ പൊതുജനങ്ങളെ സാക്ഷ്യപ്പെടുത്തി സ്ലാബ് വാര്‍ക്കണമെന്നാണ് നിര്‍ദേശമെങ്കിലും അത് ലംഘിക്കപ്പെട്ടു. മറ്റ് സ്ഥലങ്ങളില്‍ വാര്‍ത്ത സ്ലാബുകള്‍ വള്ളങ്ങളിലും മറ്റുമെത്തിച്ച് ഇവിടെ സ്ഥാപിക്കുകയാണ് പതിവ്. കരിങ്കല്‍ ഉപയോഗിച്ച് പുതിയ ബണ്ട് നിര്‍മിക്കുന്നതിലും അഴിമതി ആരോപണമുയര്‍ന്നിട്ടുണ്ട്.
പഴയ ബണ്ടുകളുടെ നിര്‍മാണത്തിനുപയോഗിച്ച കരിങ്കല്ലുകള്‍ തന്നെ പുതിയ നിര്‍മാണത്തിന് ഉപയോഗിക്കുന്നതായും ആക്ഷേപമുണ്ട്. പുറംബണ്ട് നിര്‍മാണം കുട്ടനാട്, ഓണാട്ടുകര മുതലായ പ്രദേശങ്ങളിലാണ് പണിയേണ്ടിയിരുന്നത്. അതിന് പകരം കാര്‍ഷികയോഗ്യമല്ലാത്ത റാന്നി ചിത്തിര കായലരികത്താണ് കരാറുകാര്‍ ബണ്ട് നിര്‍മിച്ചതെന്നതും ശ്രദ്ധേയമാണ്. റോഡ് കരാര്‍ നല്കി പണി തീരുന്നതിന് മുമ്പേ തകരുന്ന പ്രക്രിയ ഈ പുറംബണ്ട് നിര്‍മാണത്തിലും സംഭവിച്ചിരിക്കുന്നു എന്നും ഏകോപനം ഇല്ലായിരുന്നുവെന്നും സര്‍ക്കാര്‍-കോണ്ട്രാക്ടര് മാഫിയാ ബന്ധം കുട്ടനാട് പാക്കേജിനെയും തകര്‍ക്കുമെന്നുമുള്ള ആശങ്ക ബലപ്പെടുകയാണ്. ഇപ്പോള്‍ ചീഫ് സെക്രട്ടറി ഈ ബണ്ട്നിര്‍മാണ പുരോഗതി നിരീക്ഷിക്കാന്‍ മൂന്ന് കമ്മറ്റികളെ നിശ്ചയിച്ചിരിക്കുകയാണ്. മുഖ്യമന്ത്രി, ചീഫ് സെക്രട്ടറി, അഡീഷണല്‍ ചീഫ് സെക്രട്ടറി എന്നിവര്‍ ഈ ചുമതല നിര്‍വഹിച്ച് ഏകോപനം ഉറപ്പാക്കുമത്രേ. ഫാ. പിലിയാനിക്കല്‍ ഇതിന് പ്രോജക്ട് ഓഫീസര്‍ വേണമെന്നും ഐഎഎസ് കാറ്റഗറിയായിരിക്കണമെന്നും ആവശ്യപ്പെട്ടിരുന്നു. ഇപ്പോള്‍ പുറംബണ്ടിന്റെ ഗുണനിലവാരം ഉറപ്പാക്കാന്‍ സര്‍ക്കാര്‍ സംവിധാനം തന്നെ രൂപപ്പെട്ടിരിക്കുകയാണ്. പക്ഷെ ഇതും ജനങ്ങളുടെ ആശങ്ക ശമിപ്പിക്കുന്നില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: