മൂവാറ്റുപുഴ: വിദ്യാരംഭ ദിനത്തില്‍ ആദ്യാക്ഷരമധുരം നുകരാന്‍ മൂവാറ്റുപുഴ ശ്രീമഹാദേവന് മുന്നില്‍ ഒരു മറാഠി കുരുന്നെത്തി. ആയുധപൂജയുടെ നാടായ മറാഠയുടെ മണ്ണില്‍ നിന്ന് വന്ന് മലയാള നാട്ടില്‍ കൂടു കൂട്ടിയ രമേഷിന്റെയും വര്‍ഷയുടെയും രണ്ടാമത്തെ മകള്‍ ആര്യ. വാക്ദേവതയായ സരസ്വതിയെ നമിച്ച് അമ്പിളികല ചൂടുന്ന മഹാദേവനുമുന്നില്‍ അവളുടെ നാവില്‍ പ്രൊഫ. വിശ്വനാഥന് എഴുതി ഹരി ശ്രീ ഗണ പതയെ നമ:. കുഞ്ഞു ആര്യയ്ക്ക് ഒന്നും മനസ്സിലായില്ല, പിന്നെ പിഞ്ചു ചൂണ്ടുവിരലാല്‍ ഉണക്കലരിയില് കുറിപ്പിച്ചു, അ ആ ഇ ഈ…വിദ്യയുടെ ആദ്യപാഠം ചൊല്ലി നല്കിയ ഗുരുവിനെ നമസ്കരിച്ച് എഴുന്നേല്ക്കുമ്പോള് ആര്യയുടെ കണ്ണുകളില്‍ അത്ഭുതം കൂറി.
നവരാത്രി ആഘോഷം മറാഠ നാട്ടിലുണ്ടെങ്കിലും അത് ആയുധ പൂജയും ഐശ്വര്യപൂജയുമാണ്. കഴിഞ്ഞ പതിനഞ്ച് വര്‍ഷമായി തുഞ്ചന്റെ നാട്ടില്‍ ജീവിക്കുന്ന രമേഷും ഭാര്യ വര്‍ഷയും തീരുമാനിച്ചിരുന്നു മകള്‍ ആര്യയ്ക്ക് മാതൃഭാഷയ്ക്ക് മുന്‍പെ മലയാളം ചൊല്ലികൊടുക്കണമെന്ന്. മലയാളത്തോടുള്ള മമതയോ, ജീവിതവൃത്തി തരുന്ന നാടിനോടുള്ള സ്നേഹമോ മലയാളി പോലും മറക്കുന്ന ഹരിശ്രീ കുറിക്കലിന് ഇവരെ പ്രേരിപ്പിച്ചത് എന്നറിയില്ല, എന്നാലും മലയാളം നന്നായി സംസാരിക്കുന്ന രമേഷും തീരെ അറിയില്ലാത്ത വര്‍ഷയും ഇവരുടെ മൂത്തമകന് മൂവാറ്റുപുഴ കോ ഓപ്പറേറ്റീവ് സ്കൂള്‍ യു കെ ജി വിദ്യാര്‍ത്ഥി ശ്രേയസ്സും ചേര്‍ന്ന് ഇവിടെ നടത്തിയ ഈ ആദ്യാക്ഷരം കുറിക്കല്‍ മലയാള മറാത്ത സംസ്കൃതികളുടെ മഹത്തായ പാരസ്പര്യത്തില്‍ മഹോന്നതമായ ഒരു അധ്യായമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: