മരട്: ഇന്ത്യന്‍ മാരിടൈം സര്‍വകലാശാല സ്ഥാപിക്കുന്നതിനായുള്ള സ്ഥലം ഏറ്റെടുക്കല്‍ നടപടികള്‍ക്ക് തുടക്കമായി. സര്‍വ്വകലാശാല സ്ഥാപിക്കുന്നതിനായി കുമ്പളം പഞ്ചായത്തിലാണ് 60 ഏക്കര്‍സ്ഥലം ഏറ്റെടുക്കുന്നത്. ഒട്ടേറെജോലി സാധ്യതകളുള്ള മാരിടൈം രംഗത്തെ സര്‍വകലാശാല കേരളത്തില്‍ തന്നെ സ്ഥാപിക്കണമെന്ന് സംസ്ഥാന സര്‍ക്കാര്‍ ആവശ്യം ഉന്നയിക്കുകയും, ഇതിനായി സമ്മര്‍ദ്ദം ചെലുത്തുകയും ചെയ്തിരുന്നു. ഇപ്പോള്‍ സ്വകാര്യ സ്ഥാപനങ്ങളുടെ കുത്തകയാണ് മാരിടൈം രംഗത്തെ പഠനം.
ഇപ്പോള്‍ ചെന്നൈ ആസ്ഥാനമായാണ് സര്‍വകലാശാല പ്രവര്‍ത്തിച്ചുവരുന്നത്. യൂണിവേഴ്സിറ്റിയുടെ കീഴിലുള്ള മാരിടൈം അക്കാദമിയുടെ മെയിന്‍ കാമ്പസ് കുറച്ചുദിവസങ്ങള്‍ക്കുമുമ്പ് എറണാകുളത്ത് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ശിലാസ്ഥാപനം നിര്‍വഹിച്ച് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിരുന്നു. തേവരക്ക് സമീപമുള്ള ഈ കാമ്പസിന് 10 ഏക്കര്‍ സ്ഥലം സംസ്ഥാന സര്‍ക്കാര്‍ വിട്ടുനല്‍കിയിരുന്നു.
പൂര്‍ണതോതിലുള്ള സര്‍വ്വകലാശാലാ ആസ്ഥാനവും, വിവിധ വിഭാഗങ്ങള്‍ക്കായുള്ള കാമ്പസും നിര്‍മിക്കുവാന്‍ 100 ഏക്കര്‍ സ്ഥലമാണ് മാരിടൈം യൂണി. അധികൃതര്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നത്. എന്നാല്‍ കൊച്ചിയുടെ ഇന്നത്തെ അവസ്ഥയില്‍ 60 ഏക്കര്‍ ഭൂമി ഏറ്റെടുത്തുനല്കുവാന് ജില്ലയില്‍ നിന്നുള്ള കേന്ദ്രമന്ത്രി പ്രൊഫ.കെ.വി.തോമസിന്റേയും എക്സൈസ് മന്ത്രി കെ. ബാബുവിന്റെയും സാന്നിധ്യത്തില്‍ മുഖ്യമന്ത്രി കൊച്ചിയില്‍ വച്ച് സര്‍വ്വകലാശാലാ അധികൃതര്‍ക്ക് ഉറപ്പുനല്‍കുകയായിരുന്നു.
മാരിെടെം സര്‍വ്വകലാശാലക്കായി കുമ്പളം പഞ്ചായത്തില്‍ വടക്കുവശത്തായി തീരദേശറെയില്പാതയുടെ കിഴക്കുവശത്താണ് 60 ഏക്കര്‍ സ്ഥലം കണ്ടെത്തിയിരിക്കുന്നത്. മാരിടൈം യൂണി. ഡയറക്ടര്‍ സുധീര്‍, കുമ്പളം പഞ്ചായത്ത് പ്രസിഡന്റ് എ.ജെ.ജോസഫ്, കണയന്നൂര്‍ തഹസില്‍ ദാര്‍ റഷീദ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം കഴിഞ്ഞ ദിവസം ഭൂമി ഏറ്റെടുക്കാന്‍ ഉദ്ദേശിക്കുന്ന സ്ഥലം സന്ദര്‍ശിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: