പള്ളുരുത്തി: പശ്ചിമകൊച്ചിയുടെ വിവിധ പ്രദേശങ്ങളില്‍ കുടിനീര്‍ക്ഷാമം രൂക്ഷമായി. വേനല്‍കടുക്കും മുന്‍പേ പൊതുടാപ്പുകളിലൂടെയുള്ള കുടിവെള്ളം കിട്ടാതായതോടെ നാട്ടുകാര്‍ ദുരിതത്തിലായി. മട്ടാഞ്ചേരി, ഫോര്‍ട്ടുകൊച്ചി, പള്ളുരുത്തി, കുമ്പളങ്ങി തുടങ്ങിയ പ്രദേശങ്ങളുള്‍പ്പെട്ട പശ്ചിമകൊച്ചി മേഖലയില്‍ കരുവേലിപ്പടി വാട്ടര്‍ അതോറിറ്റി സബ് ഡിവിഷന് ഓഫീസിന് കീഴിലാണ് ശുദ്ധജല വിതരണം നടക്കുന്നത്. വേനല്‍ കനത്തതോടെ പകര്‍ച്ചവ്യാധികള്‍ പടരുന്നതിനാല്‍ ക്ലോറിനേഷന് നടക്കുന്നതിനാല്‍ ശുദ്ധജലവിതരണ പമ്പിങ്ങിന്റെ സമയം ക്രമീകരിച്ചിട്ടുണ്ടെന്നാണ് ഔദ്യോഗിക ഭാഷ്യമെങ്കിലും വാട്ടര്‍ അതോറിറ്റിയുടെ സമീപപ്രദേശത്തുപോലും ജലവിതരണം നടക്കുന്നില്ലെന്ന് നാട്ടുകാര്‍ കുറ്റപ്പെടുത്തി. കുടിവെള്ളം കിട്ടാതായതോടെ കുമ്പളങ്ങി ഗ്രാമപഞ്ചായത്തിന്റെ പടന്നക്കരി, അഴിക്കകം, കല്ലഞ്ചേരി, കുമ്പളങ്ങി സൗത്ത്, നോര്‍ത്ത് പ്രദേശങ്ങളിലും വെള്ളം കിട്ടുന്നില്ലെന്ന് കാട്ടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഉഷാ പ്രദീപ് ജില്ലാ കളക്ടര്‍ക്കും വകുപ്പ് മന്ത്രിക്കും പരാതി നല്കി.
ഫോര്‍ട്ടുകൊച്ചി, മട്ടാഞ്ചേരി, പള്ളുരുത്തി പ്രദേശങ്ങളില്‍ പമ്പിങ്ങ് നടക്കുന്ന സമയങ്ങളില്‍ കലക്കവെള്ളമാണ് ലഭിക്കുന്നതെന്ന് നാട്ടുകാര്‍ പരാതിപ്പെട്ടു. പള്ളുരുത്തിയുടെ വിവിധ പ്രദേശങ്ങളായ ഇടക്കൊച്ചി, കോണം, കെ.എം.പി. നഗര്‍, പെരുമ്പടപ്പ്, എസ്എന്‍ റോഡ്, കുപ്പക്കാട്ട് പ്രദേശം, വെട്ടിക്കാട്ട് പ്രദേശം ഇവിടങ്ങളിലും കുടിവെള്ളം തീരെ ലഭിക്കുന്നില്ലെന്ന് നാട്ടുകാര്‍ പറഞ്ഞു. പമ്പിങ്ങ് സമയം പത്രമാധ്യമങ്ങള്‍ വഴി അറിയിച്ച് നാട്ടുകാരുടെ ദുരിതം ഒഴിവാക്കണമെന്നും നാട്ടുകാര്‍ ആവശ്യപ്പെടുന്നു. കുടിവെള്ളം വിതരണം ചെയ്യുന്ന സമയങ്ങളില്‍ ശക്തിയേറിയ മോട്ടോര്‍ ഘടിപ്പിച്ച് ഗാര്‍ഹിക ഉപഭോക്താക്കളും സ്ഥാപനങ്ങളും കുടിവെള്ളം ഊറ്റുന്നതാണ് നിലവിലെ പ്രതിസന്ധിക്ക് കാരണമെന്ന് വാട്ടര്‍ അതോറിറ്റി ഉദ്യോഗസ്ഥര്‍ ചൂണ്ടിക്കാട്ടി. ഇത്തരക്കാരെ കണ്ടെത്താന്‍ നടപടി തുടങ്ങിയിട്ടുണ്ടെന്നും ഇവര്‍ സൂചിപ്പിച്ചു. കുടിവെള്ള ക്ഷാമം രൂക്ഷമായ പഞ്ചായത്തുകളിലും നഗരസഭാ പ്രദേശങ്ങളിലും ടാങ്കറുകളില്‍ കുടിവെള്ളം എത്തിക്കണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാര്‍ ജനപ്രതിനിധികള്‍ക്കും ഉദ്യോഗസ്ഥര്‍ക്കും പരാതി നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: