കണ്ണൂറ്: കോണ്‍ഗ്രസിലെ ഗ്രൂപ്പ് പോര് മുറുകുന്നു. സംസ്ഥാന-ദേശീയ നേതൃത്വങ്ങളെ വെല്ലുവിളിച്ചുകൊണ്ട് ഗ്രൂപ്പിന് നേതൃത്വം നല്കുന്ന കെ.സുധാകരന് എംപിയും ഡിസിസി പ്രസിഡണ്ട് പി.രാമകൃഷ്ണനും പരസ്പരം ആരോപണ പ്രത്യാരോപണങ്ങളുമായി വീണ്ടും രംഗത്ത്. പയ്യന്നൂറ് ഗാന്ധി പാര്‍ക്കില്‍ കോണ്‍ഗ്രസ് ബ്ളോക്ക് കമ്മറ്റി സംഘടിപ്പിച്ച ഗാന്ധിജയന്തി വാരാഘോഷത്തോടെയാണ് ഗ്രൂപ്പ് പോര് വീണ്ടും രൂക്ഷമായിരിക്കുന്നത്. വിശാല ഐ ഗ്രൂപ്പ് സംഘടിപ്പിച്ച യോഗത്തില്‍ നിന്ന് ‘എ’ വിഭാഗം വിട്ടുനില്‍ക്കുകയും പരിപാടിയില്‍ പങ്കെടുത്ത സുധാകരനടക്കമുള്ള നേതാക്കള്‍ ഒളിഞ്ഞും തെളിഞ്ഞും ഡിസിസി പ്രസിഡണ്ടിനെതിരെ പ്രസംഗിച്ചു. ഇതിന് മറുപടിയായി കെ.സുധാകരനെ രൂക്ഷമായി വിമര്‍ശിച്ചുകൊണ്ട് ഡിസിസി പ്രസിഡണ്ട് പി.രാമകൃഷ്ണന് ഇന്നലെ പത്രസമ്മേളനം നടത്തി. ജില്ലയിലെ കോണ്‍ഗ്രസുകാര്‍ അനുഭവിച്ച ദുരിതത്തിനെല്ലാം ഉത്തരവാദി സുധാകരനാണെന്നും കൂത്തുപറമ്പ് വെടിവെയ്പ്പ് സംഭവത്തിനും എകെജി ആശുപത്രി തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പ്രശ്നങ്ങളുടെ പേരില്‍ ജില്ല കലാപകലുഷിതമായതുമെല്ലാം സുധാകരണ്റ്റെ ഗുണ്ടായിസമായിരുന്നു കാരണമെന്ന് രാമകൃഷ്ണന് പറഞ്ഞു. താന്‍ ഡിസിസി പ്രസിഡണ്ടായ 1992 മുതലാണ് കോണ്‍ഗ്രസ് ജില്ലയില്‍ വളര്‍ന്നതെന്നും അതുവരെ ബൂത്തിലിരിക്കാന്‍ പോലും കോണ്‍ഗ്രസിലാളുണ്ടായിരുന്നില്ലെന്നുമുള്ള സുധാകരണ്റ്റെ പയ്യന്നൂറ് പ്രസംഗം ശുദ്ധ അസംബന്ധമാണെന്ന് രാമകൃഷ്ണന് പറഞ്ഞു. പൊതുജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയും കോണ്‍ഗ്രസിണ്റ്റെ ചരിത്രത്തിന് നേര്‍വിപരീതമായി പ്രവര്‍ത്തിക്കുകയുമാണ് സുധാകരന്. സ്വാര്‍ത്ഥമോഹങ്ങളുടെ സാക്ഷാത്കാരത്തിനായി ചരിത്രത്തെ അട്ടിമറിക്കുകയാണ്. ഇത് തികഞ്ഞ അച്ചടക്കലംഘനമാണ്. പാര്‍ട്ടി ബോധമില്ലാത്ത ചരിത്രമറിയാത്ത നാണംകെട്ട വിവരദോഷിയെ പോലെ പ്രസംഗിക്കുകയാണ് സുധാകരനെന്നും രാമകൃഷ്ണന് പറഞ്ഞു. 1986ല്‍ ഊരുചുറ്റി കോണ്‍ഗ്രസിലെത്തിയ സുധാകരന് 60-70 കളിലെ ത്യാഗപൂര്‍ണമായ കോണ്‍ഗ്രസ് ചരിത്രമറിയില്ലെന്നും ക്വട്ടേഷന്‍ സംഘത്തെയും ഗുണ്ടാ സംഘത്തെയും ഉപയോഗിച്ച് സുധാകരനെ പോലെ പ്രവര്‍ത്തിക്കുകയായിരുന്നില്ല പഴയകാല നേതാക്കള്‍. ചരിത്രം മറച്ചുവെച്ച് പഴയ നേതാക്കളെ മുഴുവന്‍ അപമാനിച്ച് ഞാനാണ് കണ്ണൂരില്‍ കോണ്‍ഗ്രസിനെ ഉണ്ടാക്കിയതെന്ന് അഹങ്കരിക്കുകയാണ് സുധാകരനെന്നും അദ്ദേഹം പറഞ്ഞു. സുധാകരന് ജയിച്ചാല്‍ അത്ഭുതമെന്ന് പറയുന്നത് തികഞ്ഞ മണ്ടത്തരമാണ്. സുധാകരന് മുമ്പും പിമ്പും നിരവധി മണ്ഡലങ്ങളില്‍ കോണ്‍ഗ്രസ് ജയിച്ചിട്ടുണ്ട്. ജില്ലയില്‍ പല കോണ്‍ഗ്രസുകാരും രക്തസാക്ഷികളായത് സുധാകരനെ രക്ഷിക്കാന്‍ ശ്രമിച്ചപ്പോഴാണ്. പാര്‍ട്ടിയെ രക്ഷിക്കാന്‍ വേണ്ടിയല്ലെന്നും രാമകൃഷ്ണന് പറഞ്ഞു. താന്‍ മാത്രമാണ് എല്ലാത്തിനും കാരണക്കാരന്‍ എന്ന ധാര്‍ഷ്ട്യം അനുവദിക്കാന്‍ കഴിയില്ല. സംഘടനാ വിരുദ്ധ പ്രസംഗങ്ങള്‍ കെപിസിസിയെ അറിയിക്കും. എം.വി.ആറിനെ രക്ഷിക്കാന്‍ സുധാകരന് നടത്തിയ ശ്രമത്തിണ്റ്റെ ദുരിതം അനുഭവിച്ചത് കോണ്‍ഗ്രസുകാരാണെന്നും ഒരൊറ്റ സിഎംപിക്കാരനും പോറലേറ്റില്ലെന്നും അതിനാലാണ് ബര്‍ലിന്‍ കുഞ്ഞനന്തന് നായരെ പോലീസ് രക്ഷിച്ചോളും കോണ്‍ഗ്രസ് ഏറ്റെടുക്കേണ്ടെന്ന് താന്‍ പറഞ്ഞതെന്നും രാമകൃഷ്ണന് പറഞ്ഞു. താന്‍ ഡിസിസി പ്രസിഡണ്ട് സ്ഥാനം ഒഴിയണമെന്ന് ആവശ്യപ്പെടുന്നവരില്‍ ഭൂരിപക്ഷം തണ്റ്റെ മുന്നില്‍ വന്നാവശ്യപ്പെട്ടാല്‍ അതിന് തയ്യാറാകും. അല്ലാതെ യാതൊരു കാരണവശാലും രാജിവെക്കില്ല. സ്കാന്‍ ചെയ്ത ഒപ്പുമായി വന്നാല്‍ ഇത് സാധ്യമല്ല. അവിശ്വാസം കൊണ്ടുവരാന്‍ ഡിസിസി അംഗങ്ങള്‍ തെരഞ്ഞെടുക്കപ്പെട്ടവരല്ലാത്തതിനാല്‍ അധികാരമില്ലെന്നും അദ്ദേഹം പറഞ്ഞു. താന്‍ കഴിഞ്ഞ കാലങ്ങളില്‍ നടത്തിയ പ്രവര്‍ത്തനങ്ങളെ തമസ്കരിക്കാനുള്ള സുധാകരണ്റ്റെ ശ്രമമാണ് ഇത്തരം ആരോപണങ്ങള്‍ക്ക് പിന്നില്‍. അക്രമം ഭീരുത്വമാണ്. അതിനെന്നും കോണ്‍ഗ്രസ് എതിരാണ്. ഇതുപറയുമ്പോള്‍ സിപിഎമ്മിനെ സഹായിക്കലാണെന്ന് ചിലര്‍ കുറ്റപ്പെടുത്തുകയാണ്. ഗാന്ധിജയന്തി ദിനത്തില്‍ ഉപവാസ പന്തലില്‍ സ്ഥാപിച്ച ഗാന്ധിയുടെ ഫോട്ടോടെയുത്ത് മാറ്റി മറ്റൊരു മഹാനായ വിദ്വാണ്റ്റെ പടം വെച്ച യൂത്ത് കോണ്‍ഗ്രസുകാരെ സുധാകരന് തണ്റ്റെ അടിമ പട്ടാളമാക്കിയിരിക്കുകയാണെന്നും രാമകൃഷ്ണന് പറഞ്ഞു. ഇത്തരത്തില്‍ സുധാകരനെതിരെ നിരവധി ആരോപണങ്ങളുയര്‍ന്ന സാഹചര്യത്തില്‍ വരും ദിവസങ്ങളില്‍ ജില്ലയിലെ കോണ്‍ഗ്രസിനകത്ത് വന്‍പൊട്ടിത്തെറിക്ക് വഴിയരുങ്ങുമെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ കണക്കുകൂട്ടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: