മന്ത്രിമാരുടെയും പത്രപ്രവര്‍ത്തകരുടെയും ധാര്‍മികതയും നിയമസഭയോടുള്ള മന്ത്രിമാരുടെ സുതാര്യത സംബന്ധിച്ച ബാധ്യതയും ഏറെ വിവാദമായിരിക്കുകയാണ്. സര്‍ക്കാര്‍ ചീഫ് വിപ്പുതൊട്ട് മുഖ്യമന്ത്രിവരെയുള്ള സംസ്ഥാനത്തെ ഭരണ നിര്‍വഹണ നേതാക്കളും മാധ്യമ പ്രവര്‍ത്തകരും ഇപ്പോള്‍ കേരളത്തില്‍ ഈ വിവാദത്തില്‍ കക്ഷികളോ കക്ഷി ചേര്‍ക്കപ്പെട്ടവരോ ആണ്.
ഈ സാഹചര്യത്തില്‍ മുഖ്യമന്ത്രിയോടും ബഹുമാനപ്പെട്ട സ്പീക്കറോടും ഒരു എളിയ ശുപാര്‍ശയുണ്ട്. മന്ത്രിമാര്‍ക്ക് മാനേജുമെന്റ് പഠനവും എംഎല്‍എമാര്‍ക്ക് പെര്‍ഫോമന്‍സ് ഓഡിറ്റും ഏര്‍പ്പെടുത്തിയിട്ടുള്ള സ്ഥിതിയില്‍ ഒരു പുസ്തകം കൂടി ശുപാര്‍ശചെയ്യുന്നു. എം.സി. ഛഗ്ലയുടെ ആത്മകഥയായ ‘ റോസസ് ഇന്‍ ഡിസംബര്‍’ ഇവരെല്ലാം വായിക്കുമെന്ന് ഉറപ്പുവരുത്താന്‍.
പാര്‍ലമെന്റില്‍ വിവരം മറച്ചുപിടിച്ചതിന് പ്രധാനമന്ത്രി നെഹ്റുവിന്റെ ഏറ്റവും വലിയ വിശ്വസ്തനായ ധനമന്ത്രി ടി.ടി. കൃഷ്ണമാചാരി രാജിവെക്കേണ്ടിവന്നത് എം.സി. ഛഗ്ലയുടെ ലൈഫ് ഇന്‍ഷുറന്‍സ് കോര്പ്പറേഷന് സംബന്ധിച്ച അന്വേഷണ റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ്. സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തിലെ ആദ്യത്തേതായിരുന്നു ‘മുണ്ടറ കുംഭകോണം’ എന്ന പേരില്‍ അറിയപ്പെട്ട ആ അഴിമതി ആരോപണം. തനിക്കു കീഴിലുള്ള വകുപ്പില്‍ നിയമലംഘനമോ അഴിമതിയോ നടന്നാല്‍ ഉത്തരവാദിത്തം മന്ത്രി ഏറ്റെടുക്കേണ്ടതുണ്ടെന്ന തത്വവും കീഴ്വഴക്കവും സൃഷ്ടിച്ചത് ഛഗ്ലയുടെ റിപ്പോര്‍ട്ടാണ്. അഴിമതിക്കെതിരായ ധാര്‍മിക പോരാട്ടം മാധ്യമങ്ങള്‍ എങ്ങനെ ഏതറ്റംവരെ കൊണ്ടുപോകും എന്നതിന്റെ അനുഭവസാക്ഷ്യവും ഈ ആത്മകഥ വെളിപ്പെടുത്തുന്നു. സര്‍വോപരി ഒരു ജഡ്ജി തന്റെ കര്‍ത്തവ്യത്തിനിടയില്‍ അവശ്യം പാലിക്കേണ്ട ധാര്‍മ്മികതയുടെ വിശുദ്ധിയും അത് പകര്‍ന്നു നല്കുന്നു.
ബോംബെ ഹൈക്കോടതി ചീഫ് ജസ്റ്റിസ് ആയിരുന്ന എം.സി. ഛഗ്ല ആ ചുമതല നിര്‍വഹിച്ചുകൊണ്ടുതന്നെയാണ് എല്‍ഐസി വിവാദം സംബന്ധിച്ച ഏകാംഗ ട്രിബ്യൂണലായും പ്രവര്‍ത്തിച്ചത്. ഏറ്റവും പ്രാധാന്യമുള്ള ഒരു ജുഡീഷ്യല്‍ ജോലി എന്ന നിലയില്‍ പ്രധാനമന്ത്രിയുടെ ആഗ്രഹപ്രകാരം കേന്ദ്ര ആഭ്യന്തരമന്ത്രി പണ്ഡിറ്റ് ഗോവിന്ദ് ബല്ലഭ് പന്ത് വിളിച്ചുവരുത്തി ഏല്‍പ്പിച്ചതായിരുന്നു ചുമതല. മൂന്നാഴ്ചകൊണ്ട് തെളിവെടുപ്പുപൂര്ത്തിയാക്കി റിപ്പോര്‍ട്ട് പ്രത്യേക ദൂതന്‍വശം അദ്ദേഹം ഗവണ്മെന്റിന് ദില്ലിയിലെത്തിച്ചു.
വേഗതയുടെ ഈ ചരിത്ര റിക്കോര്‍ഡ് പൂര്‍ത്തിയാക്കിയതിന്റെ പിറ്റേന്നു കാലത്ത് ചീഫ് ജസ്റ്റിസ് ഛഗ്ലയുടെ ഔദ്യോഗിക വസതിയില്‍ രണ്ടു വിശിഷ്ട സന്ദര്‍ശകരെത്തി. രാജ്യത്തെ ഏറ്റവും പ്രശസ്തനായ പത്രപ്രവര്‍ത്തകനും എഴുത്തുകാരനുമായിരുന്നു അവരിലൊരാള്‍. ഇന്ത്യന്‍ എക്സ്പ്രസ്സിന്റെ മുഖ്യ പത്രാധിപര്‍ ഫ്രാങ്ക് മൊറൈസ്. നെഹ്റുവിന്റെ ഉടമസ്ഥതയിലുള്ള നാഷണല്‍ ഹെറാള്‍ഡ് പത്രത്തിന്റെ പത്രാധിപരായിരുന്ന, അതിലേറെ ലോക്സഭയില്‍ ഭരണകക്ഷിയുടെ ഏറെ ശ്രദ്ധേയനായ നേതാവ് ഫെറോസ് ഗാന്ധിയായിരുന്നു കൂടെ. രാം കിഷന് ഡാല്‍മിയ അഴിമതി പ്രശ്നങ്ങള്‍ക്കു പിറകെ ഹരിദാസ് മുണ്ടറ കുംഭകോണം വിവാദക്കൊടുങ്കാറ്റാക്കി അന്വേഷണത്തിലേക്കെത്തിച്ചത് ഫെറോസ് ഗാന്ധിയായിരുന്നു.
ധനമന്ത്രി ടി.ടി. കൃഷ്ണമാചാരി വസ്തുതകള്‍ മറച്ചുപിടിച്ച് പാര്‍ലമെന്റിനെ തെറ്റിദ്ധരിപ്പിക്കുകയായിരുന്നു എന്ന നിര്‍ണായക തെളിവ് കണ്ടെടുത്തായിരുന്നു, ബോംബെയിലേക്കുള്ള അവരുടെ വരവ്. ഹരിദാസ് മുണ്ടറയുടെ സ്ഥാപനങ്ങളില്‍ എല്‍ഐസി പണം നിക്ഷേപിച്ചതിന്റെ വിവരങ്ങള്‍ ലോക്സഭയില്‍ ചോദ്യത്തിനു മറുപടി പറഞ്ഞ ടി.ടി. കൃഷ്ണമാചരി മറച്ചുപിടിച്ചിരുന്നു. മറുപടി പറയുമ്പോള്‍ മന്ത്രിയുടെ പാഡില്‍ എല്ലാ വിവരങ്ങളും ഉണ്ടായിരുന്നു എന്ന നിര്‍ണ്ണായക രേഖയാണ് അവര്‍ ചീഫ് ജസ്റ്റിസിനെ കാണിച്ചത്.
അന്വേഷണകമ്മീഷന് എന്ന തന്റെ അധികാരം അവസാനിച്ചു എന്നറിയിക്കുന്ന ‘ളൗിര്െ ീളളശരശീ’ എന്ന ലാറ്റിന്‍ പദമാണ് ഛഗ്ലയുടെ നാവില്‍നിന്ന് മറുപടിയായി വീണത്. അന്വേഷണമോ, റിപ്പോര്‍ട്ടോ അതിന്റെ ഫലമോ സംബന്ധിച്ച് ഇനി തനിക്കൊന്നും ചെയ്യാനില്ല. ഒപ്പിട്ട റിപ്പോര്‍ട്ട് രാത്രി അയച്ചുകഴിഞ്ഞു. ഇനി തീരുമാനമെടുക്കേണ്ടത് ഗവണ്മെന്റാണ്. രേഖയുമായി സര്ക്കാ്നെ സമീപിക്കുക. – ചീഫ് ജസ്റ്റിസ് ഛഗ്ല അവരെ അറിയിച്ചു.
ആര്. ബലകൃഷ്ണപിള്ളയുടെ ഫോണ്‍വിളി വിവാദവുമായി ഈ സംഭവം താരതമ്യം അര്‍ഹിക്കുന്നു. ബാലകൃഷ്ണപിള്ളയ്ക്ക് ഫോണ്‍ ചെയ്യാന്‍ പത്രപ്രവര്ത്തകന് ആരാണ് അധികാരം നല്‍കിയത്? പത്രപ്രവര്‍ത്തനത്തിന്റെ ധാര്‍മികതയുടെ ലംഘനമാണത്. തടവും പിഴയും ശിക്ഷ വിധിക്കേണ്ട കുറ്റമാണത് – എന്നൊക്കെയാണ് സംസ്ഥാനത്തെ ഗവണ്മെന്റിന്റെയും ഭരണമുന്നണിയുടെയും നേതാക്കള്‍ ആരോപിക്കുന്നത്.
മുണ്ടറ കുംഭകോണം കേരളത്തിലായിരുന്നെങ്കില്‍ ഫ്രാങ്ക് മൊറൈസും ഫെറോസ് ഗാന്ധിയും അന്വേഷണ ട്രിബ്യൂണലിനെ ചെന്നുകണ്ടത് എങ്ങനെയൊക്കെ വ്യാഖ്യാനിക്കപ്പെടുമെന്ന് ഊഹിക്കാവുന്നതാണ്. ജഡ്ജിയെ സ്വാധീനിക്കാനും മന്ത്രിയെ പെടുത്താനും രാഷ്ട്രീയ മുതലെടുപ്പിനു ശ്രമം നടത്തി എന്നായിരിക്കും ആരോപണം. തന്റെ ഭാര്യാ പിതാവായ നെഹ്റുവിന്റെ പ്രതിച്ഛായ തകര്‍ക്കാനാണ് ഫെറോസ് ഗാന്ധി ശ്രമിക്കുന്നതെന്ന് അന്നുതന്നെ കോണ്‍ഗ്രസ്സിലെ ഒരു വിഭാഗം കുശുകുശുത്തിരുന്നു.
എന്നാല്‍ പതിനഞ്ചു വര്‍ഷങ്ങള്‍ക്കുശേഷം ആത്മകഥയിലൂടെ സംഭവം വെളിപ്പെടുത്തുമ്പോള്‍ ഫെറോസ്ഗാന്ധിയെ ഛഗ്ല വിശേഷിപ്പിച്ചത് ഇങ്ങനെയായിരുന്നു:’ ഗാന്ധിയാണ് (ഫെറോസ്) വിഷയം പാര്‍ലമെന്റില്‍ ഉന്നയിച്ചത്. പൊതുഭരണരംഗത്തെ സത്യസന്ധതയ്ക്കുവേണ്ടി യുദ്ധം നടത്തിയത്. അദ്ദേഹത്തിനു സാധ്യമായിരുന്ന അത്യാവേശത്തോടും നിര്‍ബന്ധബുദ്ധിയോടും കൂടിയായിരുന്നു അത്. ‘നിര്‍ണ്ണായക തെളിവു സംബന്ധിച്ച രേഖ കണ്ടെത്തിയെന്ന വാര്‍ത്തയുമായി അവര്‍ വന്നത് ആ ലക്ഷ്യത്തോടെയാണ്. അന്വേഷണത്തിനിടയില്‍ ആ തെളിവ് കണ്ടെത്തിയിരുന്നില്ല.
കേന്ദ്ര ധനമന്ത്രിയുടെ കൈവശം സൂക്ഷിച്ചിരുന്ന ഔദ്യോഗിക രഹസ്യരേഖകള്‍ മോഷ്ടിച്ചതിനും തങ്ങളുടെ ലക്ഷ്യം കാണാന്‍ ഉപയോഗപ്പെടുത്തിയതിനും വേണമെങ്കില്‍ മൊറൈസിനും ഫെറോസിനുമെതിരെ കേസെടുക്കാമായിരുന്നു. മോഷണത്തിനും ശിക്ഷാനിയമവും ഒദ്യോഗിക രഹസ്യ നിയമവും മറ്റും അനുസരിച്ച്. ചുരുങ്ങിയത് അന്വേഷണ റിപ്പോര്‍ട്ട് സ്വാധീനിക്കാന്‍ ശ്രമിച്ചതുവഴി ഫ്രാങ്ക് മൊറൈസിനേപ്പോലെ ഉന്നതനായ ഒരു പത്രപ്രവര്ത്തകന് സദാചാര ലംഘനം നടത്തിയെന്ന് കുറ്റപ്പെടുത്താമായിരുന്നു.
സുപ്രീംകോടതി ശിക്ഷിച്ച് ജയിലിലടച്ച ബാലകൃഷ്ണപിള്ളയ്ക്ക് കേരളം ഭരിക്കുന്ന രാഷ്ട്രീയ മുന്നണിയുടെ നേതാവെന്നനിലയ്ക്ക് മറ്റൊരു തടവുകാരനും ലഭിക്കാത്ത സവിശേഷ പരിഗണനകള്‍ ഉണ്ടെന്ന് ജനങ്ങള്‍ സംശയിക്കുന്നു. നിയമപ്രകാരം രോഗഗ്രസ്ഥനായ ഒരു തടവുകാരന് ലഭിക്കാത്ത സൗകര്യങ്ങള്‍. മകന് മന്ത്രിയാണെന്നതും മരുമക്കള്‍ സര്‍ക്കാരിലെ ഉന്നത ഉദ്യോഗസ്ഥരാണെന്നതുമടക്കം പല ഘടകങ്ങളും ഇതിനിടയാക്കിയിട്ടുണ്ട്.
ഒരു വര്‍ഷത്തെ തടവുശിക്ഷയ്ക്ക് മൊത്തം നല്കാവുന്ന പരോള്‍ മുന്‍കൂട്ടി നല്‍കിയത്. ജയില്‍ ശിക്ഷ ഒഴിവാക്കികിട്ടാന്‍ പ്രായത്തിന്റെ പേരില്‍ നല്കിയ അപേക്ഷ സവിശേഷ സാഹചര്യത്തില്‍ പരിഗണിക്കുന്നത്. അതിനു സഹായകമായ തരത്തില്‍ സര്‍ക്കാരും ജയില്‍ അധികൃതരും കത്തിടപാടുകള്‍ നടത്തിയത്. മെഡിക്കല്‍ കോളജിലെ സൗകര്യങ്ങള്ക്കുപകരം സ്വകാര്യ ആശുപത്രിയില്‍ നിയമത്തിനും നിയന്ത്രണങ്ങള്‍ക്കും അതീതമായി പ്രവര്‍ത്തിക്കാന്‍ അവസരം കിട്ടിയത്. ഫോണ്‍വഴി ഭരണ – പാര്‍ട്ടി തലത്തിലും മാധ്യമങ്ങളിലും ഇടപെടുന്നത്.
ഇതൊക്കെ ബാലകൃഷ്ണപിള്ളയ്ക്കെതിരായി ഉയര്‍ന്നുവന്ന ഗുരുതരമായ ആരോപണങ്ങളാണ്. മറ്റൊരര്‍ത്ഥത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെയും യുഡിഎഫ് ഗവണ്മെന്റിന്റെയും വിശ്വാസ്യതയും പ്രതിച്ഛായയുമാണ് ചോദ്യം ചെയ്യപ്പെടുന്നത്.
സത്യമെന്താണ് എന്ന് അന്വേഷിച്ച് പുറത്തുകൊണ്ടുവരേണ്ടത് പത്രധര്‍മത്തിന്റെ ഭാഗമാണ്. ആ നിലയ്ക്ക് ‘റിപ്പോര്‍ട്ടര്‍’ ചാനലിന്റെ ലേഖകന്‍ നടത്തിയ ഫോണിലൂടെയുള്ള അന്വേഷണം പൊതുതാല്പ്പര്യത്തിലൂന്നിയതാണ്. തടവുശിക്ഷ അനുഭവിക്കുന്ന ഒരാളെ ചതിയില്‍പ്പെടുത്തി വാര്‍ത്ത സൃഷ്ടിച്ചതാണ് എന്നാര്‍ക്കും പറയാനാവില്ല. സംഭാഷണം എഡിറ്റിംഗ് കൂടാതെ സംപ്രേഷണം ചെയ്തിട്ടുണ്ട്. അതിന്റെ പൂര്‍ണരൂപം പത്രങ്ങളില്‍ വന്നിട്ടുമുണ്ട്. അവ വ്യക്തമാക്കുന്നത് അഭിമുഖത്തിന് അദ്ദേഹം തയ്യാറായി എന്നുതന്നെയാണ്. തനിക്കത് നിരോധിക്കപ്പെട്ടതാണെന്ന് അറിഞ്ഞുകൊണ്ടുതന്നെ. അല്ലെങ്കില്‍ നിയമവിരുദ്ധമാണെന്നുപറഞ്ഞ് പ്രതികരണത്തില്‍നിന്ന് അദ്ദേഹത്തിന് പൂര്‍ണമായും ഒഴിഞ്ഞുനില്‍ക്കാമായിരുന്നു.
ആവശ്യമുള്ളതെല്ലാം പറഞ്ഞുകഴിഞ്ഞ് അദ്ദേഹം അവസാനിപ്പിച്ചതിങ്ങനെ: ‘എന്നെ വിളിച്ചെന്നേ പറയരുത്, എനിക്ക് പാടില്ലല്ലോ. ഞാന്‍ ജയില്‍ശിക്ഷ അനുഭവിക്കുന്ന ആളാണ്. പത്രസമ്മേളനമോ പത്രപ്രസ്താവനയോ ഒന്നും എനിക്ക് പാടില്ല.’ താന്‍ സംസാരിച്ചെന്നു വെളിപ്പെടുത്തി ദയവായി തന്നെ ഉപദ്രവിക്കരുത് എന്നുമാത്രമാണ് അദ്ദേഹത്തിന്റെ അപേക്ഷ.
സംഭവം നടന്ന ദിവസം മൂന്നു പ്രാവശ്യവും വിവാദ സംഭാഷണം നടന്ന ദിവസം രണ്ടു തവണയും ബാലകൃഷ്ണപിള്ള സ്വന്തം മൊബെയില്‍ ഫോണില്‍നിന്ന് പത്രപ്രവര്‍ത്തകരെ ബന്ധപ്പെട്ടിട്ടുണ്ട്. ‘റിപ്പോര്‍ട്ടര്‍’ ചാനല്‍ പ്രതിനിധി പിള്ളയെ ബന്ധപ്പെട്ടത് തെറ്റും കുറ്റവുമായി വ്യാഖ്യാനിക്കുന്നവര്‍ ഇതിനുനേരെ കണ്ണടക്കുന്നു.
പൊതുതാല്‍പ്പര്യം ഉയര്‍ത്തിപ്പിടിക്കുക എന്ന ധര്‍മ്മമാണ് പത്രപ്രവര്ത്തകന് ഇക്കാര്യത്തില്‍ ചെയ്തത്. മുന്‍ ജയില്‍ മന്ത്രികൂടിയായ തടവുകാരന് ചെയ്തത് നിയമവിരുദ്ധമായി സ്വന്തം താല്‍പ്പര്യം നേടിയെടുക്കുകയും. ഭരണഘടനാവ്യവസ്ഥയും പൊതു താല്‍പ്പര്യവും സംരക്ഷിക്കേണ്ട ഗവണ്മെന്റ് രണ്ടും തുല്യമായി വ്യാഖ്യാനിക്കുന്നു. നേരിയ ഭൂരിപക്ഷത്തില്‍ മാത്രം നിലനില്‍ക്കുന്ന ഭരണം സംരക്ഷിക്കാനുള്ള വ്യഗ്രതയില്‍ ഭരണനേതൃത്വം കുറ്റത്തിന് കൂട്ടുനില്‍ക്കുന്നു. സ്വയം കുറ്റം ചെയ്യുന്നു. അതിനായി ഏകാധിപത്യ സ്വഭാവം പുറത്തെടുക്കുന്നതാണ് നാം കാണുന്നത്.
നമുക്ക് എം.സി. ഛഗ്ലയുടെ എല്‍ഐസി അന്വേഷണത്തിലേക്ക് ഒന്നുകൂടി തിരിച്ചുപോകാം. പാര്‍ലമെന്റടക്കമുള്ള നിയമസഭകളില്‍നിന്ന് മന്ത്രിമാര്‍ (മുഖ്യമന്ത്രിമാരും പ്രധാനമന്ത്രിയും ) വസ്തുതകള്‍ മറച്ചുപിടിക്കുന്ന ഇന്നത്തെ അവസ്ഥയില്‍ ഛഗ്ല പറയുന്നതു നോക്കു: ‘ ആ സമയത്ത് മന്ത്രിയുടെ കൈവശം എല്ലാ വസ്തുതകളും ഉണ്ടായിരുന്നു എന്ന കാര്യത്തില്‍ ഒരു സംശയവുമില്ല. സമ്പൂര്‍ണമായ തുറന്ന വെളിപ്പെടുത്തല്‍ അദ്ദേഹം പാര്‍ലമെന്റില്‍ നടത്തിയാല്‍ മതിയായിരുന്നു. അപ്പോള്‍ അദ്ദേഹം വിമര്‍ശിക്കപ്പെടുമായിരിക്കാം. അങ്ങേയറ്റം വിഷയം സംബന്ധിച്ച ഒരു ചര്‍ച്ച നടക്കുകയും. അതിലപ്പുറം മറ്റൊന്നും സംഭവിക്കുമായിരുന്നില്ല. ‘ടിടികെയുടെ ആ സാമര്‍ത്ഥ്യം തന്നെയാണ് ഇന്നും നമ്മുടെ നിയമസഭകളില്‍ മന്ത്രിമാര്‍ നടത്തിപ്പോരുന്നത്. അതുകൊണ്ടാണ് വിവാദത്തിന്റെ പുകമറയില്‍ നമ്മുടെ ജനാധിപത്യം ശ്വാസം മുട്ടുന്നതും ഭരണസ്വാധീനമുണ്ടെങ്കില് ആര്‍ക്കും എന്തും ചെയ്യാമെന്ന അവസ്ഥ തുടരുന്നതും.
അപ്പുക്കുട്ടന് വള്ളിക്കുന്ന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: