വൈദ്യുതിനിരക്കും പാല്‍വിലയും ബസ്ചാര്‍ജും വര്‍ധിപ്പിച്ച് ജനജീവിതം ദുഃസഹമാക്കിയതിന് പിന്നാലെ വെള്ളക്കരം അഞ്ചിരട്ടി വര്‍ധിപ്പിക്കാനുള്ള ജല അതോറിറ്റി ശുപാര്‍ശയും അംഗീകരിക്കപ്പെട്ടാല്‍ ഇപ്പോള്‍തന്നെ രോഗബാധയും ചികിത്സാ ചെലവും മൂലം ദുരിതമനുഭവിക്കുന്ന കേരളത്തിന്റെ നട്ടെല്ലൊടിയും. വൈദ്യുതി പ്രതിസന്ധിയുടെ പേരില്‍ സംസ്ഥാനത്ത് എല്‍ഡിഎഫ് സര്‍ക്കാര്‍ ഒഴിവാക്കിയിരുന്ന പവര്‍കട്ടും കേരളത്തില്‍ നിലവില്‍ വന്നിരിക്കുകയാണ്. ഇപ്പോള്‍ കേന്ദ്ര വൈദ്യുതി വിഹിതം ഭാഗികമായി പുനഃസ്ഥാപിച്ചിരിക്കുന്നതിനാലും സ്വകാര്യ മേഖലയില്‍നിന്ന് മൂന്നര രൂപയ്‌ക്ക് വൈദ്യുതി ലഭ്യമാകുകയും ചെയ്തതോടെ പകല്‍ പവര്‍കട്ട് പിന്‍വലിച്ചെങ്കിലും രാത്രിയില്‍ പവര്‍കട്ട് തുടരും. സംസ്ഥാനത്തെ എല്ലാ അണക്കെട്ടുകളിലും 90 ശതമാനം ജലം ലഭ്യമായിരിക്കെയാണ് വൈദ്യുതി ബോര്‍ഡിന്റെ ഈ ഇരുട്ടടി. ഒമ്പത് വര്‍ഷമായി നിലവില്‍ ഇല്ലാതിരുന്ന പവര്‍കട്ടാണ് ഇപ്പോള്‍ കഴിവുകെട്ട യുഡിഎഫ് സര്‍ക്കാര്‍ പുനഃസ്ഥാപിച്ചിരിക്കുന്നത്. രാമഗുണ്ടം താല്‍ച്ചര്‍ താപനിലയങ്ങളിലെ വൈദ്യുതി ഉല്‍പ്പാദനം കുറഞ്ഞത് ഇടുക്കിയിലെ രണ്ട് ജനറേറ്ററുകളും ശബരിഗിരിയിലെ ജനറേറ്ററുകളും കേടായിട്ട് കാലങ്ങളായി. ഇവ പ്രവര്‍ത്തനക്ഷമമാക്കാന്‍ രാഷ്‌ട്രീയ നിലനില്‍പ്പില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുന്ന കേരള സര്‍ക്കാരിനാകാത്തതാണ് അണക്കെട്ടില്‍ വെള്ളം നിറഞ്ഞിട്ടും വൈദ്യുതി ഉല്‍പ്പാദനം മെച്ചപ്പെടാതിരിക്കുന്നത്.
കൂടംകുളം പദ്ധതിക്കെതിരെ തദ്ദേശ നിവാസികള്‍ സമരത്തിലായതൊടെ അവിടെനിന്നും വൈദ്യുതി ലഭിക്കുമെന്ന കേരളത്തിന്റെ പ്രതീക്ഷ ജലരേഖയാകുകയാണ്. സംസ്ഥാനത്തിന്റെ ജലവൈദ്യുത ഉല്‍പ്പാദനം കേരളത്തിന്റെ ആവശ്യങ്ങള്‍ നിറവേറ്റാന്‍ പര്യാപ്തമല്ല എന്നാണ് ഈ പ്രതിസന്ധി തെളിയിക്കുന്നത്. പക്ഷേ സംസ്ഥാന സര്‍ക്കാര്‍ സമര്‍പ്പിച്ച പല ജലവൈദ്യുതി പദ്ധതികള്‍ക്കും കേന്ദ്രാനുമതി ലഭിക്കുന്നില്ല എന്നതും ഒരു വസ്തുതയാണ്. കായംകുളം താപനിലയത്തിന്റെ ഉല്‍പ്പാദനശേഷി 400 മെഗാവാട്ടായി ഉയര്‍ത്താനുള്ള നിര്‍ദേശവും പ്രാവര്‍ത്തികമായിട്ടില്ല. ഇപ്പോള്‍ കേന്ദ്രവിഹിതം പുനഃസ്ഥാപിച്ചതാണ് പകല്‍ പവര്‍കട്ട് ഒഴിവാക്കാന്‍ സഹായകരമായത്. കായംകുളം താപനിലയം ഉല്‍പ്പാദിപ്പിക്കുന്ന വൈദ്യുതിക്ക് യൂണിറ്റിന് 9.80 പൈസ നല്‍കേണ്ടിവരുമ്പോള്‍ കെഎസ്‌ഇബി പ്രതിദിനം അഞ്ചുകോടി രൂപ നഷ്ടം സഹിക്കേണ്ടിവരുമത്രെ. ഇങ്ങനെ പല മേഖലകളിലും വിലക്കയറ്റവും ജീവിതച്ചെലവും രൂക്ഷമാകുന്ന ജനസമൂഹം പ്രതിവിധിക്കായി ഇരുട്ടില്‍ തപ്പുമ്പോഴാണ് വെള്ളക്കരം അഞ്ചിരട്ടി വര്‍ധിപ്പിക്കാന്‍ വാട്ടര്‍ അതോറിറ്റിയുടെ ശുപാര്‍ശ. ഇരുപത് ശതമാനം മുതല്‍ 200 ശതമാനംവരെ വെള്ളക്കരം കൂട്ടാനാണ് വാട്ടര്‍ അതോറിറ്റിയുടെ ശുപാര്‍ശ. മധ്യവര്‍ഗ സമൂഹത്തിനായിരിക്കും ഇത് ഏറ്റവും വലിയ തിരിച്ചടിയാവുക. യുപിഎ-യുഡിഎഫ് ഭരണത്തിന്‍കീഴില്‍ ഏറ്റവും പീഡനം അനുഭവിക്കുന്ന സമൂഹവും മധ്യവര്‍ഗ സമൂഹമാണ്.
ഗാര്‍ഹിക ഉപഭോക്താക്കള്‍ക്ക് മിനിമം നിരക്ക് 22 രൂപയില്‍നിന്ന് നൂറ് രൂപയായാണ് ഉയര്‍ത്തുക. അഞ്ച് കിലോലിറ്ററില്‍ (5000ലിറ്റര്‍) താഴെ വെള്ളം ഉപയോഗിക്കുന്നവര്‍ ഇനിമുതല്‍ 100 രൂപ വെള്ളക്കരം നല്‍കേണ്ടിവരും. ഉപഭോഗത്തിന്റെ തോതനുസരിച്ച് 20 മുതല്‍ 150 ശതമാനം വരെ കരം വര്‍ധിച്ചേക്കാം. സ്ലാബ് അടിസ്ഥാനത്തില്‍ നിരക്ക് പുതുക്കുന്നത് മൂന്നു വര്‍ഷത്തിനുശേഷമാണ്. യൂണിറ്റിന് 10 രൂപ എന്ന് പറയുമ്പോള്‍ ഒരു യൂണിറ്റ് 1000 ലിറ്റര്‍ വെള്ളമാണ്. ഇതിന് ഈടാക്കുന്ന 20 രൂപയാണ് 100 രൂപയാകുന്നത്. പിന്നീടുള്ള ഓരോ ആയിരം ലിറ്ററിനും പത്ത് രൂപ നല്‍കേണ്ടിവരും. 20 കിലോലിറ്റര്‍ മുതല്‍ 30 കിലോ ലിറ്റര്‍ വരെ ഉപയോഗിക്കുന്നവര്‍ നല്‍കേണ്ട വില 200 രൂപ. വ്യാവസായിക ഉപഭോക്താക്കളുടെ നിരക്കില്‍ 150 ശതമാനം വര്‍ധനയാണ്.
വാട്ടര്‍ അതോറിറ്റിക്ക് 257 കോടി രൂപയുടെ കമ്മിയുണ്ടത്രെ. അത് നികത്താനാണ് ഈ ജനപീഡനം. ജല അതോറിറ്റിയുടെ കഴിവില്ലായ്മയ്‌ക്കടിവരയിട്ടുകൊണ്ട് സര്‍ക്കാര്‍ സ്ഥാപനങ്ങള്‍, ആശുപത്രികള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുടങ്ങിയവ വരുത്തിയിട്ടുള്ള കുടിശികയും ഈ വിലവര്‍ധനക്ക് പ്രേരകമാണെന്ന വിശദീകരണവും ജല അതോറിറ്റി നല്‍കുന്നു. കുടിശിക പിരിക്കാന്‍ സര്‍ക്കാര്‍ സഹായവും ജലഅതോറിറ്റി അഭ്യര്‍ത്ഥിക്കുന്നു. ജല അതോറിറ്റിയുടെ മറ്റൊരു ന്യായവാദം വൈദ്യുതിനിരക്ക് വര്‍ധന, ജീവനക്കാരുടെ ശമ്പളം, ആനുകൂല്യം ഇവയുടെ വര്‍ധന, ഇന്ധന വിലവര്‍ധന മുതലായവയാണ് കുടിശിക ഉയര്‍ത്തിയതെന്നാണ്. നിരക്ക് ഉയര്‍ത്തിയില്ലെങ്കില്‍ വാട്ടര്‍ അതോറിറ്റി കനത്ത നഷ്ടത്തിലേക്ക് പതിക്കുമെന്നും ദൈനംദിന പ്രവര്‍ത്തനങ്ങള്‍പോലും സ്തംഭിക്കുമെന്നും പറയുന്നു. ഈ നിര്‍ദേശങ്ങള്‍ സര്‍ക്കാര്‍ പരിഗണനയ്‌ക്ക് വിധേയമാക്കുമ്പോള്‍ ഈ സര്‍ക്കാര്‍ വരുത്തിയ വിലവര്‍ധനകള്‍കൂടി പരിശോധിക്കേണ്ടതാണ്.
ഇതും ഒരു വിപത്ത്
കേരളം ഇന്ന് അന്യസംസ്ഥാന തൊഴിലാളികളുടെ ഗള്‍ഫാണ്. വടക്കേ ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍നിന്നും കോണ്‍ട്രാക്ടര്‍മാര്‍ എത്തിക്കുന്ന തൊഴിലാളി പടകളാണ് ഇന്ന് കേരളത്തിലെ സമസ്ത തൊഴില്‍ രംഗത്തും പ്രവര്‍ത്തിക്കുന്നത്. മറുനാട്ടിലും അന്യസംസ്ഥാനങ്ങളിലും ചേക്കേറുന്ന മലയാളിയുടെ സ്ഥാനം ഇവര്‍ സമര്‍ത്ഥമായി സ്വായത്തമാക്കുന്നു. പക്ഷേ ഇന്ന് ഇവര്‍ കേരളത്തിലെ വര്‍ധിച്ചുവരുന്ന മലിനീകരണത്തിനും പകര്‍ച്ചവ്യാധി പടര്‍ത്തുന്നതിനും മാത്രമല്ല കാരണമാകുന്നത്. മയക്കുമരുന്ന് മാഫിയയുമായി ബന്ധമുള്ളവരും തൊഴിലാളികളായി കേരളത്തില്‍ താമസമുറപ്പിച്ചത് കേരള യുവതയെ മയക്കുമരുന്നിനടിമയാക്കുന്നു. മറ്റൊരു യാഥാര്‍ത്ഥ്യം ഇവരുടെ ഇടയില്‍ തീവ്രവാദികളും മാവോയിസ്റ്റുകളും കണ്ടേക്കാമെന്നുള്ളതാണ്. പെരുമ്പാവൂരിലെ അന്യസംസ്ഥാന തൊഴിലാളികള്‍ക്കിടയില്‍ മാവോയിസ്റ്റ് നേതാക്കന്മാര്‍ ഒളിച്ച് താമസിച്ചതായി കണ്ടെത്തിയിരുന്നു. അധ്യാപകന്റെ കൈവെട്ട് കേസിലെ പ്രതിക്ക് പെരുമ്പാവൂര്‍ ബന്ധമുണ്ടായിരുന്നു. ദല്‍ഹി ഹൈക്കോടതി ആക്രമണക്കേസിലും ഒരു പ്രതിയെ തേടിയത് പെരുമ്പാവൂരില്‍നിന്നായിരുന്നു.
പെരുമ്പാവൂരില്‍ ഇന്ന് തദ്ദേശവാസികളേക്കാള്‍ അധികം അന്യദേശ തൊഴിലാളികളാണെന്നും വിക്കിപീഡിയ വെബ്സൈറ്റ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. പെരുമ്പാവൂരിലെ ഭാഷപോലും ബംഗാളിയായി മാറിയത്രെ. പടിഞ്ഞാറന്‍ ബംഗാളില്‍നിന്നും ബംഗ്ലാദേശില്‍നിന്നും തൊഴിലാളികള്‍ ഇവിടെയുണ്ട്. ഇതെല്ലാം പറയുമ്പോഴും ഇവരുടെ മനുഷ്യാവകാശങ്ങള്‍ നിരോധിക്കപ്പെടുന്ന പല സന്ദര്‍ഭങ്ങളും മാധ്യമങ്ങളില്‍ വാര്‍ത്തയാകാറുണ്ട്. മൊബെയില്‍ ഫോണ്‍ മോഷ്ടിച്ചുവെന്ന സംശയത്തില്‍ ബംഗാളി യുവാക്കളെ നാട്ടുകാര്‍ തല്ലിച്ചതച്ച സംഭവവും ദൃശ്യമാധ്യമങ്ങള്‍ പെരുപ്പിച്ചിരുന്നു. ഇവര്‍ രോഗതുരരാകുമ്പോള്‍ ചികിത്സ ലഭിക്കാത്തതും ശുദ്ധമായ കുടിവെള്ളം ലഭിക്കാത്തതും ആരോഗ്യപ്രശ്നവും സൃഷ്ടിക്കുന്നു. കോണ്‍ട്രാക്ടര്‍മാര്‍ എത്തിക്കുന്ന അന്യദേശ തൊഴിലാളികളെപ്പറ്റി ഒരു വിവരവും സര്‍ക്കാരിനില്ല. ഇവര്‍ കുടിയൊഴിപ്പിക്കപ്പെടുമ്പോള്‍ എങ്ങോട്ട് പോകുന്നു? സര്‍ക്കാര്‍ ഈ കാര്യത്തില്‍ കുറച്ചുകൂടി ജാഗ്രതയോടെയും സൂക്ഷ്മതയോടെയും പ്രവര്‍ത്തിക്കേണ്ടതുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: