തിരുവനന്തപുരം: സംസ്ഥാനത്തെ വെള്ളക്കരം കുത്തനെ ഉയര്‍ത്തണമെന്നു ജല അതോറിറ്റിയുടെ ശുപാര്‍ശ. വെള്ളക്കരം നിലവിലുള്ളതില്‍ നിന്ന് അഞ്ചിരട്ട് വര്‍ധിപ്പിക്കാനാണ് ശുപാര്‍ശയില്‍ പറയുന്നത്. ഈ ശുപാര്‍ശ സംസ്ഥാന സര്‍ക്കാര്‍ അംഗീകരിച്ചാല്‍ നിലവില്‍ 20 രൂപ ഏറ്റവും കുറഞ്ഞ വെള്ളക്കരം നല്കുന്ന ഉപഭോക്താവ് 100 രൂപ നല്‍കേണ്ടിവരും.
നിലവിലുള്ള ആദ്യ മൂന്നു സ്ലാബുകള്‍ക്ക് ഒരു യൂണിറ്റിന് നാലു മുതല്‍ അഞ്ചു രൂപ വരെ ആയിരുന്നത് ഒരുമിച്ച് 10 രൂപയായി ഉയര്‍ത്താനാണ് നിര്‍ദ്ദേശം. 5000 ലിറ്റര്‍ വരെയാണ് ആദ്യ സ്ലാബ് വരുന്നത്. ഈ സ്ലാബിലെ കുറഞ്ഞ നിരക്ക് 20 രൂപയായിരുന്നത് 100 രൂപയാക്കണം. ആദ്യത്തെ 20,000 ലിറ്റര്‍ വരെയും പുതിയ ഘടനപ്രകാരം കുറഞ്ഞ നിരക്ക് 100 രൂപയായിരിക്കും. അതോറിട്ടിയുടെ നിര്‍ദ്ദേശം അംഗീകരിക്കപ്പെട്ടാല്‍ ജല ഉപഭോഗത്തിന്റെ തോതനുസരിച്ച് 20 മുതല്‍ 150 ശതമാനം വരെയായി നിരക്ക് ഉയരും.
നിലവില്‍ 5000 ലിറ്റര്‍ വരെയുള്ള സ്ലാബിന് യൂണിറ്റിന് നാലു രൂപയും കുറഞ്ഞ നിരക്ക് 20 രൂപയുമാണ്. 5000 ലിറ്റര്‍ മുതല്‍ 10,000 ലിറ്റര്‍ വരെയുള്ള സ്ലാബില്‍ 20 രൂപയോടൊപ്പം ഓരോ 1000 ലിറ്ററിനും നാല് രൂപ വീതം കൂടും. അതായത്, 6000 ലിറ്ററിന് 24 രൂപ. 10,000 മുതല്‍ 20,000 ലിറ്റര്‍ വരെ 40 രൂപയ്ക്കൊപ്പം ഓരോ 1000 ലിറ്ററിനും അഞ്ചു രൂപ വീതം കൂട്ടി നല്‍കണം. അതായത്, 11,000 ലിറ്ററിന് 45 രൂപ. ഈ സംവിധാനമാണ് ഇപ്പോള്‍ മാറ്റാന്‍ അതോറിട്ടി നിര്‍ദ്ദേശിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: