Categories: Kerala

വര്‍ഗീയകലാപവിരുദ്ധ ബില്‍ ഹിന്ദുക്കളെ അടിച്ചമര്‍ത്താന്‍: ജെ. നന്ദകുമാര്‍

Published by

തൃശൂര്‍ : ദേശവിരുദ്ധമായ ഒന്നാണ്‌ യുപിഎ സര്‍ക്കാര്‍ രൂപം കൊടുത്തിട്ടുള്ള സാമുദായിക കലാപ വിരുദ്ധ ബില്ലെന്ന്‌ ആര്‍എസ്‌എസ്‌ ക്ഷേത്രീയ ബൗദ്ധിക്‌ പ്രമുഖ്‌ ജെ.നന്ദകുമാര്‍ പറഞ്ഞു. ഭാരതത്തിന്റെ ഹിന്ദുസ്വഭാവം ഇല്ലാതാക്കാനുള്ള ഗൂഢനീക്കത്തിന്റെ ഭാഗമാണിതെന്ന്‌ അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തൃശൂരില്‍ കേസരി വാരികയുടെ അറുപതാം വാര്‍ഷികാഘോഷത്തിന്റെ സ്വാഗതസംഘ രൂപീകരണ ചടങ്ങില്‍ സാമുദായിക കലാപ ബില്ലിനെക്കുറിച്ച്‌ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

സോണിയാഗാന്ധിയുടെ ഹിഡന്‍ അജണ്ടയാണ്‌ ഈ ബില്ലിന്‌ പുറകില്‍. ന്യൂനപക്ഷ വോട്ടുബാങ്ക്‌ ലക്ഷ്യമിട്ടുകൊണ്ടുള്ള ബില്‍ ഹിന്ദു സമൂഹത്തെ അടിച്ചമര്‍ത്താനും ലക്ഷ്യമിടുന്നു. ഹിന്ദു സമൂഹത്തില്‍ പിളര്‍പ്പുണ്ടാക്കാന്‍ ഗൂഢതന്ത്രമാണ്‌ ബില്ലില്‍ മെനഞ്ഞിരിക്കുന്നത്‌. ന്യൂനപക്ഷങ്ങള്‍ കലാപമുണ്ടാക്കിയാലും എല്ലാ ആനുകൂല്യങ്ങളും അവര്‍ക്ക്‌ ലഭിക്കുന്ന തരത്തില്‍ രൂപപ്പെടുത്തിയിട്ടുള്ള ബില്ലിനെതിരെ സമൂഹ മനസ്സാക്ഷി ഉണര്‍ന്ന്‌ പ്രവര്‍ത്തിക്കേണ്ടതുണ്ട്‌. സാമുദായിക കലാപം ഉടലെടുത്താലും പ്രതികള്‍ ഹിന്ദുക്കളാണെന്ന വിചിത്ര സാഹചര്യമാണ്‌ ഇതിലൂടെ സൃഷ്ടിക്കപ്പെടുക. രാഷ്‌ട്രത്തോട്‌ പ്രതിബദ്ധതയില്ലാത്ത സോണിയാഗാന്ധിയുടെ ഉപദേശകരായ ഒരു കൂട്ടം പേരാണ്‌ ബില്ലിന്റെ ശില്‍പികള്‍. രാജ്യത്തെ ശിഥിലീകരിക്കുന്ന ഭീകരവാദ പ്രവര്‍ത്തനങ്ങള്‍ തടയാന്‍ കര്‍ശന നിയമം വേണമെന്ന ആവശ്യത്തെ എതിര്‍ത്ത ഭൂരിഭാഗം പേരും ഈ സമതിയിലുണ്ട്‌. ന്യൂനപക്ഷ വിഭാഗങ്ങളെ സംരക്ഷിക്കാനെന്ന പേരിലാണ്‌ ബില്ല്‌ തട്ടിക്കൂട്ടിയിരിക്കുന്നത്‌. എന്നാല്‍ കാശ്മീരില്‍ ഹിന്ദുക്കള്‍ ന്യൂനപക്ഷമായതിനാല്‍ അവിടെ ബില്ല്‌ ബാധകമാകില്ല എന്നതും വൈരുദ്ധ്യമാണ്‌. നരേന്ദ്രമോഡിയെപ്പോലുള്ള ദേശീയവാദികളെ എങ്ങിനെയെങ്കിലും കേസില്‍കുടുക്കുക എന്ന സോണിയയുടെ തലയില്‍ ഉദിച്ച ബുദ്ധികൂടി ഇതിന്റെ പുറകിലുണ്ട്‌.

വനിതാകോഡ്‌ ബില്ല്‌ അവതരിപ്പിച്ച വി.ആര്‍.കൃഷ്ണയ്യര്‍ക്കെതിരെ ന്യൂനപക്ഷങ്ങള്‍ തിരിഞ്ഞപ്പോള്‍ അദ്ദേഹം പറഞ്ഞ അഭിപ്രായത്തിന്റെ അടിസ്ഥാനത്തില്‍ കൃഷ്ണയ്യരെ വരെ തുറുങ്കിലടക്കാവുന്ന തരത്തിലുള്ളതാണ്‌ വരാന്‍ പോകുന്ന സാമുദായിക കലാപ ബില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സിപിഎമ്മില്‍ നിന്നും അബ്ദുള്ളക്കുട്ടിയെ പുറത്താക്കിയ പിണറായി വിജയന്‍ പോലും ഈ ബില്‍ വന്നാല്‍ കുടുങ്ങും. ചടങ്ങില്‍ സി.കെ.സജിനാരായണന്‍ അദ്ധ്യക്ഷത വഹിച്ചു. ജി.മഹാദേവന്‍, കെ.എസ്‌.ജയചന്ദ്രന്‍, കെ.സുരേഷ്കുമാര്‍ എന്നിവര്‍ സംസാരിച്ചു.

Share
പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by