തിരുവനന്തപുരം: ജനങ്ങള്‍ക്കിടയില്‍ സമാധാനം പ്രോത്സാഹിപ്പിക്കാനുള്ളതാണ് സാഹിത്യമെന്ന് സാഹിത്യകാരിയും പാകിസ്താന് മുന്‍ പ്രധാനമന്ത്രി സുള്‍ഫിക്കര്‍ അലി ഭൂട്ടോയുടെ പൗത്രിയുമായ ഫാത്തിമ ഭൂട്ടോ പറഞ്ഞു. കോവളം ലിറ്ററി ഫെസ്റ്റിവലിന്റെ ഉദ്ഘാടനം ചടങ്ങില്‍ ആറാമത് കെ.സി.ജോണ്‍ സ്മാരക പ്രഭാഷണം നടത്തുകയായിരുന്നു അവര്‍. സാഹിത്യത്തിന്റെ ലക്ഷ്യം സമാധാനം സ്ഥാപിക്കലാണ്. അക്രമം ഒന്നിനും പരിഹാരമല്ലെന്ന് നമ്മള് തിരിച്ചറിയണം. എവിടെ പോയാലും ജനങ്ങള്‍ ചോദിക്കുന്നത് പാകിസ്താനിലെ ഭീകരവാദവും ചാവേറാക്രമണങ്ങളും അതിനെ തുടര്‍ന്നുള്ള യുദ്ധങ്ങളുമാണെങ്കിലും താന്‍ ആഗ്രഹിക്കുന്നത് സമാധാനത്തെ കുറിച്ചു സംസാരിക്കാനാണെന്നും ഫാത്തിമ ഭൂട്ടോ പറഞ്ഞു.
പാകിസ്താന്റെയും ഇന്ത്യയുടെയും ജനന സമയം ഒന്നാണ്. ഇരു രാഷ്ട്രങ്ങളുടെയും ചരിത്രം ഒന്നാണ്, അത് ഇരുവരും പങ്കു വയ്ക്കുകയും ചെയ്യുന്നു. സിന്ധു നദീതട സംസ്കാരത്തെ ഇരുവരും തങ്ങളുടെ പാരമ്പര്യമായി അംഗീകരിച്ചിട്ടുണ്ട്. ഈ പങ്കു വയ്ക്കല്‍ ബാഹ്യപിന്തുണ കൊണ്ട് ഉണ്ടായതല്ല. എന്നാല്‍ ലിബിയ പോലുള്ള രാജ്യങ്ങളില്‍ ഇപ്പോഴുണ്ടായിരിക്കുന്ന പ്രശ്നങ്ങള്‍ ബാഹ്യപിന്തുണയോടെ ഉണ്ടായതാണ്. ഒരു കാലത്ത് ഒന്നായിരുന്ന നമ്മുടെ വാണിജ്യ വ്യാപാര ഇടപെടലുകള്‍ പേര്‍ഷ്യയും ഈജിപ്തും കടന്ന് അപ്പുറത്തേക്കു ചെന്നിരുന്നു. എന്നാലിന്ന് ഇന്ത്യയും പാകിസ്താനും തമ്മിലുള്ള വ്യാപാരം വെറും രണ്ടു ദശലക്ഷം ഡോളറിന്റെതു മാത്രമാണ്. ഇത് 20 ഇരട്ടിയായി വര്‍ധിപ്പിക്കാന്‍ നമുക്കു സാധിക്കണം. അയല്പക്കത്തുള്ള പാകിസ്താനോടുള്ളതിനെക്കാള് മികച്ച വ്യാപാര സഹകരണം ഇന്ത്യക്ക് എത്രയോ അകലെയുള്ള രാജ്യങ്ങളുമായിട്ട് ഉണ്ട്. പരസ്പരം വര്‍ത്തമാനം കുറഞ്ഞത് ഇരു രാജ്യങ്ങളും തമ്മിലുള്ള അകല്‍ച്ച വര്‍ധിപ്പിക്കാന്‍ ഇടയാക്കിയിട്ടുണ്ട്.
ആണവ നിര്‍വ്യാപന കരാറില്‍ ഇരുരാജ്യങ്ങള്‍ക്കും ഒപ്പിടാന്‍ സാധിക്കാത്തത് പരസ്പരം നിലനില്‍ക്കുന്ന സംശയം മൂലമാണെന്നും അവര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: