Categories: Ernakulam

സ്വാശ്രയ മേഖലയിലെ പ്രശ്നങ്ങള്‍ക്ക്‌ ശാശ്വതപരിഹാരം കണ്ടെത്തും: മുഖ്യമന്ത്രി

Published by

അങ്കമാലി: സ്വാശ്രയ വിദ്യാഭ്യാസ മേഖലയില്‍ നിലനില്‍ക്കുന്ന പ്രശ്നങ്ങള്‍ക്ക്‌ അടുത്ത വിദ്യാഭ്യാസ വര്‍ഷം ശാശ്വത പരിഹാരം ഉണ്ടാക്കുമെന്ന്‌ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. ഫെഡറല്‍ ഇന്‍സ്റ്റിറ്റിയൂട്ട്‌ ഓഫ്‌ സയന്‍സ്‌ ആന്റ്‌ ടെക്നോളജിയുടെ ഒരു വര്‍ഷം നീണ്ടു നില്‍ക്കുന്ന ദശവത്സര ആഘോഷങ്ങളും നാലു ഘട്ടങ്ങളിലായി പണി പൂര്‍ത്തിയാക്കിയ കെട്ടിടസമുച്ചയത്തിന്റെ ഉദ്ഘാടനവും നിര്‍വ്വഹിച്ചുകൊണ്ട്‌ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇപ്പോള്‍ നടന്നു വരുന്ന നിയമസഭാ സമ്മേളനം കഴിഞ്ഞാല്‍ സ്വകാര്യ മാനേജ്മെന്റുമായി ഈ കാര്യത്തില്‍ തുറന്ന ചര്‍ച്ച നടത്തി ഫീസ്‌, സീറ്റ്‌ എന്നീ കാര്യങ്ങളില്‍ ധാരണയുണ്ടാക്കും. ഈ കാര്യത്തില്‍ സര്‍ക്കാരിന്‌ തികഞ്ഞ ശുഭാപ്തി വിശ്വാസമാണ്‌ ഉള്ളത്‌. 2002 ല്‍ അന്ന്‌ മുഖ്യമന്ത്രിയായിരുന്ന എ. കെ. ആന്റണി നടപ്പിലാക്കിയ സ്വാശ്രയ വിദ്യഭ്യാസ പദ്ധതി നമ്മുടെ വിദ്യാഭ്യാസ രംഗത്ത്‌ വലിയൊരു മാറ്റത്തിന്‌ തുടക്കമാകേണ്ടിയിരുന്നു. എന്നാല്‍ തര്‍ക്കങ്ങളും വിവാദങ്ങളും കേസുകളുമാണ്‌ ഇതേ തുടര്‍ന്ന്‌ ഉണ്ടായത്‌. വിദ്യാഭ്യാസരംഗത്ത്‌ നമ്മള്‍ വളരെയേറെ മുന്നേറിയെന്നാണ്‌ ധരിച്ചു വച്ചിരിക്കുന്നതെങ്കിലും യഥാര്‍ത്ഥ വസ്തുത നേരെ മറിച്ചാണെന്നും അദ്ദേഹം പറഞ്ഞു.
സാങ്കേതിക വിദ്യാഭ്യാസരംഗത്ത്‌ നമ്മള്‍ വളരെ പിറകിലാണ്‌. ഈ രംഗത്ത്‌ പിന്നോക്കം നില്‍ക്കുന്ന പല സംസ്ഥാനങ്ങളും മുന്‍നിരയിലേക്ക്‌ വന്നു. കേരളത്തില്‍ കഴിഞ്ഞ 9 വര്‍ഷകാലംകൊണ്ട്‌ എത്ര പുതിയ കോഴ്സുകള്‍ തുടങ്ങിയതെന്ന്‌ പരിശോധിച്ചാല്‍ ഈ കാര്യം വ്യക്തമാകും. ഇപ്പോള്‍ നിലവിലുള്ള എന്‍ഞ്ചീനിയറിംഗ്‌ കോളേജുകളിലെ അടിസ്ഥാന സൗകര്യങ്ങള്‍ ഉപയോഗപ്പെടുത്തികൊണ്ടുതന്നെ പുതിയ കോഴ്സുകള്‍ തുടങ്ങാന്‍ നമുക്ക്‌ കഴിയണം. സാങ്കേതിക വിദ്യാഭ്യാസരംഗത്ത്‌ പുതിയൊരു മാറ്റത്തിന്‌ തുടക്കമിടുന്നതിനാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ഫിസാറ്റ്‌ ഗവേണിംഗ്‌ ബോഡി ചെയര്‍മാന്‍ പി. വി. മാത്യു അദ്ധ്യക്ഷത വഹിച്ചു. എക്സൈസ്‌ തുറമുഖ വകുപ്പ്‌ മന്ത്രി കെ. ബാബു, കെ. പി. ധനപാലന്‍ എം. പി., മുന്‍ ഗതാഗത മന്ത്രി ജോസ്‌ തെറ്റയില്‍ എം.എല്‍.എ., ഫെഡറല്‍ ബാങ്ക്‌ സി.ഇ.ഒ. ശ്യാം ശ്രീനിവാസന്‍, മുക്കന്നൂര്‍ പഞ്ചായത്ത്‌ പ്രസിഡന്റ്‌ പോള്‍ പി. ജോസഫ്‌, പി.ടി.എ. പ്രസിഡന്റ്‌ ജോസ്‌ മാടശ്ശേരി, ഫിസാറ്റ്‌ വൈസ്‌ ചെയര്‍മാന്‍ പി. വി. ബൗസാലി, ട്രഷറര്‍ ഇ. കെ. രാജവര്‍മ്മ, ഡോ. കെ. വി. സുന്ദരേശന്‍, ഡോ. സി. ഷീലാ തുടങ്ങിയവര്‍ പ്രസംഗിച്ചു.
സമ്മേളനത്തിന്‌ മുന്നോടിയായി അങ്കമാലിയില്‍ നിന്നും ഫിസാറ്റ്‌ എന്‍ജീനിയറിംഗ്‌ കോളേജിലെ വിദ്യാര്‍ത്ഥികളുടെ നേതൃത്വത്തില്‍ ദശവത്സരാഘോഷ വിളംബര റാലി സംഘടിപ്പിച്ചു.

Share
പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by