കൊച്ചി: കേരളത്തിലെ അടിസ്ഥാന സൗകര്യവികസനമൊരുക്കുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് കേരള സംസ്ഥാനവ്യവസായവികസന കോര്പ്പറേഷന് (കെഎസ്ഐഡിസി) ഹഡ്കോയുമായി ധാരണാപത്രത്തില്‍ ഒപ്പുവെച്ചു. വികസനത്തിനായി സ്രോതസ്സുകളുടെ സംയുക്ത സമാഹരണവും സംസ്ഥാനത്ത് വരാനിരിക്കുന്ന അടിസ്ഥാനസൗകര്യ വികസനവുമായി ബന്ധപ്പെട്ട പദ്ധതികളിലേക്കുള്ള സാമ്പത്തികസമാഹരണവുമാണ് കരാറിലൂടെ ലക്ഷ്യമിടുന്നത്.കേന്ദ്ര ഭവന-നഗര-ദാരിദ്ര്യനിര്‍മ്മാര്‍ജ്ജന-സാംസ്കാരിക വകുപ്പ് മന്ത്രി ഷെല്‍ജ, കേരള മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, വ്യവസായ-ഐടി-നഗരകാര്യ മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി എന്നിവരുടെ സാന്നിദ്ധ്യത്തില്‍ കെഎസ്ഐഡിസി മാനേജിംഗ് ഡയറക്ടര്‍ അല്‍കേഷ് ശര്‍മ്മയും ഹഡ്കോ ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ വി.പി. ബലിഗറുമാണ് ദല്‍ഹിയില്‍ ഇതുസംബന്ധിച്ച ധാരണാപത്രം ഒപ്പുവെച്ചതെന്ന് പത്രക്കുറിപ്പില്‍ അറിയിച്ചു. സംസ്ഥാനത്തെ നിക്ഷേപ-വ്യവസായ വികസന ഏജന്‍സിയായ കെഎസ്ഐഡിസിയും ഹഡ്കോയുമായി കൈകോര്‍ക്കുന്നത് കേരളത്തില്‍ വരാനിരിക്കുന്ന വലിയ പദ്ധതികളുടെ രൂപവത്കരണത്തിലും സാമ്പത്തികകാര്യങ്ങളിലുമുള്ള ആവശ്യങ്ങള്‍ നികത്തുമെന്ന് പ്രതീക്ഷിക്കുന്നു.
അടിസ്ഥാനസൗകര്യവികസന പദ്ധതികള്‍ക്കായി പൈപ്പ്ലൈന് മാതൃകയിലായിരിക്കും ഈ കൂട്ടുകെട്ട് പ്രവര്‍ത്തിക്കുക. സാമ്പത്തിക സ്രോതസ്സുകളുടെ ആദ്യഘട്ട സ്ക്രീനിംഗിലൂടെ നിക്ഷേപകരുടെയും പണം നല്കുന്നവരുടെയും വ്യാവസായികവും സാമ്പത്തികവുമായ കാര്യങ്ങളെ സംബന്ധിച്ച വിഷയങ്ങളില്‍ കെഎസ്ഐഡിസിയോടൊത്ത് ഹഡ്കോ പ്രവര്‍ത്തിക്കും. കെഎസ്ഐഡിസി മുഖേന നടപ്പിലാക്കുന്ന അടിസ്ഥാനസൗകര്യ വികസന പദ്ധതികളില്‍ ക്രെഡിറ്റ് വിശകലന പ്രക്രിയയുടെ ഓരോ ഘട്ടത്തിലും ഹഡ്കോയുടെ സഹായം കെഎസ്ഐഡിസിക്ക് ലഭിക്കും. ഫണ്ടുകളുടെ സമാഹരണത്തിലും കോ-ഫിനാന്‍സിംഗിലും ഇരു സ്ഥാപനങ്ങളും ഒന്നിച്ച് പ്രവര്‍ത്തിക്കും. ആഭ്യന്തര-അന്താരാഷ്ട്ര മൂലധന വിപണികളില്‍ നിന്ന് സാമ്പത്തിക സ്രോതസ്സുകള്‍ കണ്ടെത്താനും ഹഡ്കോ കെഎസ്ഐഡിസിയെ സഹായിക്കും.
കൂടാതെ സംസ്ഥാനത്തെ വിവിധ വ്യവസായ പാര്‍ക്കുകളുടെ വികസനത്തിന് ഹഡ്കോയില്‍ നിന്ന് ചെലവുകുറഞ്ഞ ഫണ്ടുകള്‍ ലഭ്യമാക്കാനുള്ള സാധ്യതകള്‍ക്കും കെഎസ്ഐഡിസി ശ്രമിക്കും.
ഏപ്രില്‍ 19 മുതല്‍ 22 വരെ കൊച്ചിയില്‍ നടക്കുന്ന എമേര്‍ജിംഗ് കേരള എന്ന പരിപാടിയുടെ നോഡല്‍ ഏജന്‍സി ആയി കെഎസ്ഐഡിസിയെ സര്‍ക്കാര്‍ തെരഞ്ഞെടുത്തത് ഈയിടെയായിരുന്നു. വ്യവസായം, ഐടി, ടൂറിസം, ആരോഗ്യസംരക്ഷണം, ഗതാഗതം, തദ്ദേശ സ്വയംഭരണം, പാര്‍പ്പിടം, വിദ്യാഭ്യാസം തുടങ്ങി സര്‍ക്കാര്‍ വകുപ്പുകളില്‍ നിന്നുള്ള നിക്ഷേപ സാധ്യതകളുള്ള പദ്ധതികള്‍ ഈ നിക്ഷേപക സംഗമത്തില്‍ അവതരിപ്പിക്കും. എമേര്‍ജിംഗ് കേരള 2012 വരാനിരിക്കുന്ന സാഹചര്യത്തില്‍ സംസ്ഥാനത്തെ വന്‍ അടിസ്ഥാന സൗകര്യവികസന പദ്ധതികളുടെ സാക്ഷാത്കാരത്തിന് ഈ കരാര്‍ വഴിയൊരുക്കും.
ഒന്നിച്ച് പ്രവര്‍ത്തിക്കാനും സംയുക്തപങ്കാളിത്തത്തിനുള്ള ബിസിനസ് സാധ്യതകള്‍ കണ്ടെത്താനും ഇരുസ്ഥാപനങ്ങളില്‍ നിന്നുള്ള ഉന്നതോദ്യോഗസ്ഥരടങ്ങുന്ന സ്റ്റിയറിംഗ് കമ്മിറ്റി രൂപവത്കരിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: