Categories: India

സര്‍ക്കാരില്‍നിന്ന്‌ റെയില്‍വെ 2000 കോടി വായ്പയെടുക്കുന്നു

Published by

ന്യൂദല്‍ഹി: വികസന പദ്ധതികള്‍ നടപ്പാക്കാന്‍ റെയില്‍വേ കേന്ദ്രധനമന്ത്രാലയത്തില്‍നിന്ന്‌ 2000 കോടി രൂപ കടമെടുക്കുന്നു. റെയില്‍വേമന്ത്രി ദിനേഷ്‌ ത്രിവേദി ധനകാര്യമന്ത്രിയുമായി വായ്പാകാര്യം സംസാരിച്ചുവെന്നും ഒക്ടോബര്‍ 10ന്‌ താന്‍ ഇതിനായി ധനകാര്യ മന്ത്രിയെകാണുമെന്നും റെയില്‍വേ ഫൈനാന്‍സ്‌ കമ്മീഷണര്‍ പോംപബബ്ബാര്‍ പറഞ്ഞു. തല്‍ക്കാലത്തേക്കുള്ള നീക്കുപോക്ക്‌ എന്ന നിലയ്‌ക്കായിരിക്കും വായ്പ അനുവദിക്കുന്നതെന്നും അതിന്റെ വിശദാംശങ്ങള്‍ തെയ്യാറായിവരികയാണെന്നും അവര്‍ അറിയിച്ചു. ഈ വായ്പ 13 ലക്ഷം റെയില്‍വേ തൊഴിലാളികള്‍ക്ക്‌ ബോണസ്‌ നല്‍കാന്‍ വേണ്ടിയാണോ എന്ന ചോദ്യത്തിന്‌ ശമ്പളവും ബോണസും നല്‍കാന്‍ തങ്ങളുടെ പക്കല്‍ പണമുണ്ടെന്നവര്‍ മറുപടി നല്‍കി. 12.61 ലക്ഷം ജീവനക്കാര്‍ക്ക്‌ 78 ദിവസത്തെ ബോണസ്‌ നല്‍കാനുള്ള തീരുമാനം കേന്ദ്രമന്ത്രി സഭ അംഗീകരിച്ചു. ഇതിനായി 1098.5 കോടി രൂപ ചെലവുവരും. കഴിഞ്ഞ വര്‍ഷം 77 ദിവസത്തെ ബോണസാണ്‌ റെയില്‍വെ തങ്ങളുടെ ജീവനക്കാര്‍ക്ക്‌ നല്‍കിയത്‌. റെയില്‍വേയുടെ മിച്ചമൂല്യം 75 ലക്ഷമാവുകയും പ്രവര്‍ത്തന ചെലവ്‌ 2007-2008ല്‍ ഉണ്ടായിരുന്ന 41033 കോടിയില്‍നിന്ന്‌ 2011.12 ല്‍ 73650 കോടിയായി ഉയരുകയും ചെയ്തു. ഈ കാലഘട്ടത്തിലെ പെന്‍ഷന്‍ തുക 7953 കോടിയില്‍ നിന്ന്‌ 16000 കോടിയായി വര്‍ദ്ധിച്ചു.

Share
പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by