കൊല്‍ക്കത്ത: ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധങ്ങള്‍ ശക്തമാക്കുന്നതിന്റെ ഭാഗമായി ഇന്ത്യയും സിംഗപ്പൂരും കലയ്കുണ്ട വ്യോമതാവളത്തില്‍ അടുത്തമാസം മുതല്‍ സംയുക്ത സൈനികാഭ്യാസം നടത്തും. 14 മുതല്‍ ഒരു മാസത്തേക്ക് സിംഗപ്പൂര്‍ വ്യോമസേനയുടെ പരിശീലനം ഈ കേന്ദ്രത്തില്‍ നടക്കുമെന്ന് പ്രതിരോധ മന്ത്രാലയ വക്താവ് അറിയിച്ചു. 150 പേരടങ്ങുന്ന സിംഗപ്പൂര്‍ വ്യോമസേനക്ക് 8 എഫ് 16 വിമാനങ്ങളും ഒരു റഡാറും പരിശീലനത്തിനായി നല്‍കും. ഇന്ത്യന്‍ വ്യോമസേനയുടെ ദഡ്കുണ്ടി റേഞ്ചില്‍ സിംഗപ്പൂര്‍ സൈനികര്‍ക്ക് ആകാശത്തുനിന്ന് ഭൂമിയിലേക്ക് വെടിയുതിര്‍ക്കാനുള്ള പരിശീലനവും നല്‍കും. 2006 ലാണ് ഇത്തരം സംയുക്ത പരിശീലനം ആരംഭിച്ചത്. പരിശീലനത്തിലൂടെ ലഭിക്കുന്ന മെച്ചപ്പെട്ട അറിവുകള്‍ പരസ്പരം കൈമാറും. കലയ്കുണ്ട വ്യോമസേനാ കേന്ദ്രം വിപുലീകരിക്കപ്പെട്ടിട്ടുണ്ട്.
ഇവിടെ അന്തര്‍ദേശീയ വൈമാനിക പ്രകടനങ്ങള്‍ നടത്താന്‍ എല്ലാവിധ സൗകര്യങ്ങളുമുണ്ട്. മലയ, ബര്‍മ്മ എന്നീ രാജ്യങ്ങള്‍ക്കുനേരെയുള്ള ജപ്പാന്റെ ആക്രമണം തടയാനാണ് രണ്ടാം ലോകമഹായുദ്ധകാലത്ത് ഈ നാവികകേന്ദ്രം ആരംഭിച്ചത്. ഇന്ത്യന്‍ വ്യോമസേനയുടെ മിസ്റ്ററി, ക്യാന്‍ബറ, തൂഫാനി, ഹണ്ടര്‍ നാറ്റ്, വാംപെയര്‍, മിഗ് വിമാനങ്ങളുടെ കേന്ദ്രമായും കലയ്കുണ്ട പ്രവര്‍ത്തിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: