സീന്‍ (1)
മദിരാശിയില്‍ വെച്ച് നടന് വിജയ് സിദ്ധിക്കില്നിന്നും ബോഡിഗാര്‍ഡിന്റെ കഥ കേട്ട് തമിഴില്‍ ചെയ്യാന്‍ താല്‍പ്പര്യം പ്രകടിപ്പിക്കുന്നു.
സീന്‍ (2)
ദിലീപ്, നയന്‍താര ചിത്രമായി മലയാളത്തില്‍ ബോഡിഗാര്‍ഡ് ഇറങ്ങുന്നു. 2009 സപ്തംബര്‍ മാസത്തില്‍.
സീന്‍ (3)
മലയാളത്തില്‍ ഫസ്റ്റ് കോപ്പി ആയ ഉടനെ ബോഡിഗാര്‍ഡ് സല്മാന്ഖാന് കാണുന്നു. ചിത്രത്തില്‍ തല്പ്പരനാകുന്നു.
സീന്‍(4)
2011-ജനുവരി 15 കാവലന് എന്ന പേരില്‍ ബോഡിഗാര്‍ഡ് തമിഴില്‍ വിജയ് ചിത്രമായി റിലീസ് ചെയ്തു. കാവലന് കണ്ട സല്മാന്ഖാന് സിദ്ധിക്കിനോട് ഈ ചിത്രം ഹിന്ദിയില്‍ സംവിധാനം ചെയ്യാന്‍ ആവശ്യപ്പെടുന്നു.
സീന്‍ (5)
2011 ജനുവരി 16 മുംബൈ, പൂന, പഞ്ചാബ് ലൊക്കേഷനുകളില്‍ സല്മാന്ഖാന്, കരീനകപൂര്‍ താരങ്ങളെ വച്ച് സിദ്ധിക്ക് തന്റെ ആദ്യ ഹിന്ദി ചിത്രമായ ‘ബോഡിഗാര്‍ഡ്’ പെരുന്നാള്‍ റിലീസ് ഉദ്ദേശിച്ച് ചിത്രീകരണം ആരംഭിക്കുന്നു.
സീന്‍(6)
2011 ആഗസ്റ്റ് 31 പെരുന്നാള്‍ ദിനം. (പകല്‍) എറണാകുളത്ത് വീട്ടില്‍ സിദ്ധിക്ക് ഭാര്യ സാജിത, മക്കള്‍ സുമയ്യ, സാറാ, സുക്കൂന്‍, മരുമകന് നബീല്‍ മെഹറാന്, പേരക്കുട്ടി എന്നിവരോടൊപ്പം. സിദ്ധിക്കിന്റെ ഫോണ്‍ നിലയ്ക്കാതെ ശബ്ദിക്കുന്നു.
സിദ്ധിക്കിന് ലഭിച്ച പെരുന്നാള്‍ സമ്മാനം, ഹിന്ദി സിനിമയില്‍ ആദ്യ പത്തു ദിവസം കൊണ്ട് നൂറുകോടി കൊയ്ത ആദ്യത്തെ മലയാള സംവിധായകന് എന്ന ബഹുമതി ആയിരുന്നു.
? ബോളിവുഡിലെ ആദ്യ ചിത്രത്തിന് ഇത്രയും വലിയ വിജയം ലഭിച്ചത് എങ്ങനെ നോക്കിക്കാണുന്നു.
എല്ലാം ദൈവനിശ്ചയമാണ്. മിമിക്രിയെ പ്രണയിച്ച കാലത്ത് ലാലുമായി പരിചയപ്പെടുന്നതും ഞങ്ങള്‍ കലാഭവനില്‍ മിമിക്സ് പരേഡിന് രൂപം നല്കിയതും ഫാസില്‍ സാറിന്റെ അസിസ്റ്റന്റ് ഡയറക്ടറായതുമെല്ലാം. ‘റാംജിറാവു സ്പീക്കിംഗ്’ മുതല്‍ ‘കാബൂളിവാല’വരെ ഞങ്ങള്‍ ഇരട്ട സംവിധായകരായി തുടര്‍ന്നു, ഒടുവില്‍ സംവിധാനരംഗത്ത് ഇനിമുതല്‍ ഒന്നിച്ചുവേണ്ട എന്ന തീരുമാനമെടുത്ത്, തെറ്റിപ്പിരിയാതെ വേര്‍പിരിഞ്ഞു. തുടര്‍ന്ന് ഞാന്‍ സംവിധാനം ചെയ്ത ‘ഹിറ്റ്ലര്‍’ നിര്‍മിച്ചത് ലാലാണ്. എന്റെ ആദ്യത്തെ തമിഴ് ചിത്രമായ ‘ഫ്രണ്ട്സ്’ എനിക്ക് സ്വന്തമായൊരു മേല്‍വിലാസമുണ്ടാക്കി തന്നു. ഹിന്ദിയിലേക്ക് പലപ്പോഴും ഓഫറുകള്‍ വന്നപ്പോള്‍ ഹിന്ദി ചെയ്യാന്‍ സമയമായിട്ടില്ലെന്ന് മനസ്സ് പറയുകയായിരുന്നു. ‘ബോഡിഗാര്‍ഡ്’ മലയാളത്തിലും തമിഴിലും ഹിന്ദിയിലും സംവിധാനം ചെയ്ത് വിജയിച്ചിട്ടുണ്ടെങ്കില്‍ അത് ആ കഥയുടെ ശക്തിയാണ്.
? ബോളിവുഡില്‍ ആദ്യ ചിത്രത്തില്‍ തന്നെ സിദ്ദിക്ക് മാജിക് സംഭവിച്ചിരിക്കുകയാണല്ലോ
ഹിന്ദിയിലേക്ക് വന്ന ഓഫറുകളൊക്കെ നിരസിക്കുമ്പോള്‍ എനിക്കറിയാമായിരുന്നു, ആദ്യം അവിടുത്തെ കള്‍ച്ചര്‍ പഠിച്ചെടുക്കേണ്ടതുണ്ടെന്ന്. മലയാളികള്‍ സെന്റിമെന്‍സ് ഉള്‍ക്കൊള്ളുമെങ്കില്‍ തമിഴില്‍ അതത്ര പറ്റില്ല. ഹിന്ദിയിലാകട്ടെ ഇമോഷന്‍സിന്റെ അളവ് കൂടിയാല്‍ അവര്‍ റിജക്ട് ചെയ്യും. ഞാന്‍ മലയാളത്തില്‍ പറഞ്ഞ ബോഡിഗാര്‍ഡിനെ സല്മാന്ഖാന് ഇഷ്ടപ്പെട്ട് എന്നെ വിളിച്ചിട്ടുണ്ടെങ്കില്‍, അത് സ്റ്റോറിയുടെ ശക്തിയാണെന്ന് എനിക്ക് മനസ്സിലായി. ഒരു ഭാരിച്ച ഉത്തരവാദിത്തം തന്നെ അങ്ങേയറ്റം ക്ഷമയോടെ ഏറ്റെടുക്കുന്നു. ഒടുവില്‍ റിലീസ് ചെയ്തപ്പോള്‍ ഇന്ത്യന്‍ സിനിമയുടെ ചരിത്രത്തില്‍ ആദ്യത്തെ പത്തുദിവസംകൊണ്ട് നൂറുകോടി നേടാന്‍ ബോഡിഗാര്‍ഡിന് സാധിച്ചത് ചിത്രത്തിന്റെ സമര്‍ത്ഥമായ സ്ക്രിപ്റ്റിംഗാണ്. ടെക്നീഷ്യന്സെല്ലാം മറ്റു ഭാഷക്കാരാണെങ്കിലും പൂര്‍ണമായ പിന്തുണയും ലഭിച്ചു. അതില്‍ നിര്‍മാതാക്കള്‍ പ്രത്യേകം ശ്രദ്ധിച്ചിരുന്നു. റിലീസിംഗ് സമയം ഹിന്ദി ഇന്‍ഡസ്ട്രിയില്‍ സല്മാന് ചിത്രങ്ങളുടെ സുവര്‍ണ കാലമായിരുന്നു. തുടര്‍ച്ചയായ സല്മാന് ചിത്രങ്ങളുടെ വിജയവും ബോഡിഗാര്‍ഡിന് അനുകൂലമായി. ഇതിനെല്ലാം പുറമെ അവരുടെ ഭാഗത്തുനിന്നും കിട്ടിയ മാര്‍ക്കറ്റിംഗ് സ്ട്രാറ്റജി, റിലയന്‍സിന്റെ വിപണനതന്ത്രം എല്ലാം സിനിമയ്ക്ക് അനുകൂലമായി. പെരുന്നാള്‍ ദിനത്തില്‍ ബോഡിഗാര്‍ഡ് റിലീസ് ചെയ്തു. ഇന്ത്യ കൂടാതെ ദുബായ്, യുകെ, ആസ്ട്രേലിയ, ആഫ്രിക്ക ഇങ്ങനെ ഹിന്ദി ചിത്രങ്ങള്‍ ഇറങ്ങുന്ന എല്ലാ രാഷ്ട്രങ്ങളിലും. റിലീസിംഗ് ആഴ്ചയിലെ ഹോളിഡേ കഴിഞ്ഞ് തിങ്കളാഴ്ചയും സിനിമ അതേപോലെ മുന്നേറി എന്നതാണ് ഇന്‍ഡസ്ട്രിയെ ഞെട്ടിച്ച സത്യം. യുകെയില്‍ ആദ്യവാരം ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടിയ ഏക ചിത്രവും ബോഡിഗാര്‍ഡാണ്. ഇങ്ങനെയൊക്കെയാണ് ബോളിവുഡിലെ ശതകോടിപതി ക്ലബില്‍ ഞങ്ങള്‍ എത്തിപ്പെടുന്നത്. ബോളിവുഡിലെ കന്നിസംരംഭത്തിന് ദൈവം ഈ വിജയം നിശ്ചയിച്ചത്, സിനിമയെ സത്യസന്ധമായി സമീപിച്ചതിനും കഠിനാദ്ധ്വാനത്തിനുമായുള്ള പ്രതിഫലമാണ്. നല്ല സിനിമ നന്നായി മാര്‍ക്കറ്റ് ചെയ്താല്‍ അതിന്റെ മുതല്‍മുടക്കും ലാഭവും ആദ്യത്തെ മൂന്ന് ദിവസംകൊണ്ടുതന്നെ തിരിച്ചുപിടിക്കാം എന്ന് ബോഡിഗാര്‍ഡ് തെളിയിച്ചു.
? ബോഡിഗാര്‍ഡിന്റെ കഥ രൂപപ്പെട്ടത്
‘ക്രോണിക് ബാച്ചിലര്‍’ കഴിഞ്ഞ് ‘എങ്കള്‍ അണ്ണന്’ എന്ന തമിഴ് ചിത്രത്തിനുശേഷം പുതിയ കഥ തേടുമ്പോള്‍ മനസ്സില്‍ വന്നത് പത്രമാധ്യമങ്ങളില്‍ മിക്കവാറും കാണാറുള്ള ക്വട്ടേഷന്‍ സംഘത്തെക്കുറിച്ചുള്ള ഓര്‍മയായിരുന്നു. ഇങ്ങനെയുള്ള ക്വട്ടേഷന്‍ സംഘങ്ങള്‍ പിടിക്കപ്പെടുമ്പോള്‍ അതില്‍ രണ്ടോ മൂന്നോ നല്ല കുടുംബത്തില്‍ പെട്ട കുട്ടികളേയും കാണാറുണ്ട്. നല്ല കുടുംബത്തില്‍ ജനിച്ച ഇവര്‍ എങ്ങനെയാണ് ഈ ഒരു സംഘത്തില്‍ എത്തിപ്പെടുന്നതെന്ന് ആലോചിച്ചപ്പോള്‍, നമ്മുടെ പുത്തന്‍ സമൂഹത്തില്‍ ചെറിയൊരു വിഭാഗമെങ്കിലും ഗുണ്ടകളെ ആരാധനയോടെ വീക്ഷിക്കുന്നുണ്ടെന്ന് മനസ്സിലായി.
അങ്ങനെയാണ് ദിലീപ് ചെയ്ത ജയകൃഷ്ണന് എന്ന കഥാപാത്രത്തെ അദ്ധ്യാപക ദമ്പതിമാരുടെ കുട്ടിയായി എഴുതിത്തുടങ്ങിയത്. എന്നാല്‍ അവന്റെ മനസ്സിലെ നന്മ കൈവിടാതെയാണ് ഗുണ്ടകളെ ആരാധിക്കുന്നത്. ആ നന്മയുള്ള ചെറുപ്പക്കാരന്റെ മേന്മയാണ് ക്ലൈമാക്സായി ചിത്രത്തില്‍ സംഭവിച്ചതു തന്നെ. മലയാളത്തില്‍ ഞാനുദ്ദേശിച്ച രീതിയില്‍ നല്ല മാര്‍ക്കറ്റിംഗ് നിര്‍മാതാവില്‍നിന്നും ഉണ്ടാകാതെപോയെങ്കിലും തമിഴിലും ഹിന്ദിയിലും ചിത്രത്തിന്റെ നിലവാരം മനസ്സിലാക്കി നിര്‍മാതാക്കള്‍ അത് ചെയ്തു. സല്‍മാന്‍ഖാന്റെ സഹോദരിയുടെയും ഭര്‍ത്താവിന്റെയും നിര്‍മാണ കമ്പനിയാണ് ഹിന്ദിയില്‍ ബോഡിഗാര്‍ഡ് നിര്‍മിച്ചത്. ബോഡിഗാര്‍ഡിന്റെ കഥ തയ്യാറായപ്പോള്‍ വിജയ് ആദ്യം തമിഴില്‍ ചെയ്യാനാണ് പറഞ്ഞത്. മലയാളം ഫസ്റ്റ് കോപ്പിയായതോടെ സല്മാന്ഖാന് ബോഡിഗാര്‍ഡില്‍ ആകൃഷ്ടനായി. കാവലന്റെ വന്‍വിജയം കൂടിയായപ്പോള്‍ എന്നെ വിളിച്ച് സല്മാന് പറഞ്ഞത് ഐ ലവ് ബോഡിഗാര്‍ഡ്, വി ഡു ഇറ്റ് ആന്റ് യു ആര് ദി ഡയറക്ടര്‍ എന്നാണ്.
? ഗൗരവമായ പ്രമേയം ഹാസ്യാത്മകമാക്കുന്ന രീതി സിനിമയില്‍ കൊണ്ടുവന്നത്.
വാപ്പായ്ക്ക് തുണിക്കടയിലായിരുന്നു ജോലി. തുച്ഛമായ വരുമാനംകൊണ്ട് കുടുംബം പുലര്‍ത്താന്‍ വാപ്പാ ബുദ്ധിമുട്ടിയിരുന്നു. എന്നാല്‍ ഹാസ്യം സംസാരിക്കുന്ന കാര്യത്തില്‍ വാപ്പാ എന്നും സമ്പന്നനായിരുന്നു. അദ്ദേഹത്തിന്റെ ലളിതമായ ജീവിതരീതി എന്നെ സ്വാധീനിച്ചിട്ടുണ്ട്. പത്താംതരം കഴിഞ്ഞ് ഞാന്‍ മിമിക്രിയില്‍ സജീവമാകുമ്പോള്‍ ലാലുമായി ചേര്‍ന്ന് കലാഭവനില്‍ മിമിക്സ് പരേഡ് അവതരിപ്പിക്കുന്നു. തുടര്‍ന്ന് ഡിഗ്രി മലയാളത്തിന് പഠിക്കുമ്പോള്‍ കുറെ ബുക്കുകള്‍ വായിച്ചു. ഫാസില്‍ സാറിന്റെ അസിസ്റ്റന്റായി ഞങ്ങള്‍ സിദ്ധിക്ക് ലാല്‍ എന്ന പേരില്‍ വര്‍ക്ക് ചെയ്തു. അവിടെയാണ് സിനിമ എന്തെന്ന് ഞങ്ങള്‍ പഠിക്കുന്നത്.
എറണാകുളം ശ്രീധര്‍ തിയേറ്ററില്‍ വരുന്ന ഇംഗ്ലീഷ് ചിത്രങ്ങള്‍ കണ്ട് ചര്‍ച്ച ചെയ്യുമായിരുന്നു. സിനിമ തുടങ്ങിആദ്യത്തെ മിനുട്ടിനുള്ളില്‍ ഓഡിയന്സിന്റെ മുഴുവന്‍ ശ്രദ്ധയും സ്ക്രീനിലേക്ക് ആവാഹിച്ച അവരുടെ രീതി ഞങ്ങള്‍ തിരിച്ചറിഞ്ഞു, ഹുക്ക് എന്ന ടെക്നിക്ക് ആയിരുന്നു അത്. വര്‍ഷങ്ങള്‍ക്കുശേഷം ഫാസില്‍സാര്‍ ഞങ്ങള്‍ക്ക് സിനിമ ചെയ്യുവാന്‍ നിര്‍മാതാവിന്റെ മേലങ്കിയണഞ്ഞിപ്പോള് എന്റെ ബാല്യകാല നൊമ്പരങ്ങളും ലാലിന്റെ അനുഭവങ്ങളും പങ്കിട്ട് ഒടുവില്‍ റാംജിറാവു സ്പീക്കിംഗ് രൂപപ്പെടുന്നു. ഒരു കഥ പ്രേക്ഷകരിലേക്ക് ഏറ്റവും വേഗം കമ്മ്യൂണിക്കേറ്റ് ചെയ്യാന്‍ പറ്റിയ മാധ്യമം ഹാസ്യമാണ്. ബാല്യം മുതല്‍ കേള്‍ക്കുന്ന വാപ്പായുടെ ശുദ്ധഹാസ്യവും കലാഭവനിലെ മിമിക്സ് പരേഡിന്റെ ഹാസ്യാനുഭവവും തിരക്കഥ വേളയില്‍ എന്നില്‍ അറിയാതെ വന്നു ഭവിക്കുകയാണ്.
? ശക്തമായ തിരക്കഥയാല്‍ സമ്പന്നമാണല്ലോ സിദ്ധിക്ക് ചിത്രങ്ങള്‍
ഫിലിം ഇന്‍സ്റ്റിറ്റിയൂട്ടില്‍ പോയി തിരക്കഥ പഠിച്ചല്ല ഞാന്‍ സംവിധായകനായത്. ചെറുപ്പം മുതല്‍ സിനിമ പലയാവര്‍ത്തി കാണുമായിരുന്നു. ചര്‍ച്ച ചെയ്യുമായിരുന്നു. ആദ്യമായി എഴുതിയ തിരക്കഥ ‘പപ്പന് പ്രിയപ്പെട്ട പ്പന്’ ഹരിശ്രീയിലെ ഹരി നിര്‍മിച്ച് സത്യന് അന്തിക്കാട് സംവിധാനം ചെയ്തു. ‘കാലില്ലാക്കോലങ്ങള്’ എന്ന ഞങ്ങളുടെ കഥ ‘നാടോടിക്കാറ്റ്’ എന്ന പേരില്‍ സത്യന് സിനിമയാക്കി. ഒരു സിനിമയുടെ ശക്തി എന്നത് തിരക്കഥയിലധിഷ്ഠിതമാണ്. തൊഴിലില്ലായ്മയുടെ കയ്പ്പു രുചി അനുഭവിക്കുന്ന ചെറുപ്പക്കാരുടെ വേദനയാണ് റാംജിറാവു സ്പീക്കിംഗില്‍ പറഞ്ഞത്. അധോലോകത്തിലെ കുടിപ്പക ‘ഇന്‍ഹരിഹര്‍ നഗറി’ല്‍ വിഷയമായി.
രണ്ടു കുടുംബങ്ങള്‍ തമ്മിലുള്ള തീവ്രവൈരാഗ്യത്തില് ബുദ്ധിമുട്ടുന്ന പ്രണയിതാക്കളുടെ ലവ്സ്റ്റോറി ‘ഗോഡ്ഫാദറി’ല്‍ അവതരിപ്പിച്ചു. ഭൂമാഫിയ കഥയുമായി വന്ന ‘വിയറ്റ്നാം കോളനി’ ഞങ്ങളുടെ ആദ്യ മോഹന്‍ലാല്‍ പടവും മമ്മൂക്കയെ വച്ച് വല്യേട്ടന് പരിവേഷത്തില്‍ ചെയ്ത ഹിറ്റ്ലറും തെരുവ് മക്കളുടെ കഥ പറഞ്ഞ കാബൂളിവാലയും ഫ്രണ്ട്സും ബോഡിഗാര്‍ഡും ഒരുപോലെ ചരിത്രവിജയമായത് കെട്ടുറപ്പുള്ള തിരക്കഥ കൊണ്ടുതന്നെയാണ്. വിദേശരാജ്യങ്ങളെപ്പോലുള്ള സ്ക്രീന്‍ പ്ലേ കോഴ്സുകള്‍ ഇല്ലാതിരുന്നിട്ടും മലയാള ചലച്ചിത്രരംഗത്ത് ഞാനൊക്കെ വരുന്നതിനുമുന്പ് പത്മരാജന് ഉള്‍പ്പെടെയുള്ള പ്രതിഭാധനരായ തിരക്കഥാ കൃത്തുകളും സംവിധായകരും ഉണ്ടായിട്ടുണ്ട്. അവരൊക്കെ സ്വന്തം ഭാവനയ്ക്കനുസരിച്ച് എഴുതി വികസിപ്പിച്ച് ജന്മസിദ്ധമായ കഴിവുകളിലൂടെ സിനിമയുണ്ടാക്കി. പിന്നീട് അത് സ്വയം വിലയിരുത്തി പഠിച്ചു. ഇതൊക്കെ മലയാള സിനിമയുടെ ചരിത്രത്തില്‍ എഴുതിവെക്കേണ്ടുന്ന ഏറ്റവും വലിയ നേട്ടങ്ങളാണ്.
? നമ്മുടെ സിനിമാരംഗത്തെ പ്രതിസന്ധി എങ്ങനെ വിലയിരുത്തുന്നു.
പാശ്ചാത്യ സിനിമയില്‍ വര്‍ഷങ്ങള്‍ക്കുമുമ്പ് ഇതേപ്രതിസന്ധി ഉണ്ടായതാണ്. ടെലിവിഷന്റെ പ്രസരണവും മറ്റും പ്രശ്നമായപ്പോള്‍ അതിനപ്പുറത്തേക്ക് അവര്‍ സിനിമയെ പൊളിച്ചെഴുതി. സൂര്യന് കിഴക്കുനിന്നാണ് ഉദിക്കുന്നതെങ്കിലും നമ്മളില്‍ പല സംഭവങ്ങളും എത്തുന്നത് പടിഞ്ഞാറുനിന്നാണ്. അത് എന്തുകൊണ്ടാണെന്ന് ഇന്നും എനിക്ക് മനസ്സിലാവുന്നില്ല. നമ്മുടെ കുടുംബ ജീവിതശൈലിയിലെ മാറ്റം പോലും പാശ്ചാത്യരില്‍നിന്നും കടന്നുവന്നതാണ്. പഴയ അവസ്ഥയല്ല ഇന്ന് സിനിമാരംഗത്ത്. ഇനി നമുക്കും സാങ്കേതിക വിദ്യ അത്യന്താപേക്ഷിതമാണ്. മലയാള സിനിമയോട് മത്സരിക്കാന്‍ വിദേശചിത്രങ്ങള്‍ ഇങ്ങോട്ടാണ് വരുന്നത്. അത്യാധുനിക സാങ്കേതിക വിദ്യയുള്ള വിദേശ ചിത്രങ്ങളും നമ്മുടെ സാധാരണ ചിത്രങ്ങളും ഒരേ ടിക്കറ്റ് നിരക്കില്‍ തിയേറ്ററുകളിലെത്തുമ്പോള്‍ പ്രേക്ഷകര്‍ വിദേശചിത്രങ്ങളില്‍ ആകൃഷ്ടരാകാം. കലാമേന്മയുള്ള ബംഗാളി ചിത്രങ്ങളോട് മത്സരിക്കാന്‍ കളര്‍ഫുള്ളായ ഹിന്ദിചിത്രങ്ങള്‍ വന്നു തുടങ്ങിയതോടെ അവിടുത്തെ അവസ്ഥ മാറി. ജുറാസി പാര്‍ക്ക്, അവതാര്‍ പോലുള്ള ചിത്രങ്ങള്‍ ടെലിവിഷനില്‍ കാണാന്‍ പ്രേക്ഷകര്‍ താല്പ്പര്യപ്പെടാതെ തിയേറ്ററില്‍ പോകാന്‍ നിര്‍ബന്ധിതരാകുന്നത് സിനിമയുടെ ശക്തിയാണ്. നല്ല തിരക്കഥയും നല്ല വിപണനതന്ത്രവും അതോടൊപ്പം ടെക്നോളജിയും സിനിമാ പ്രതിസന്ധിയെ മറികടക്കാന്‍ അത്യാവശ്യമാണ്. മികച്ച കഥയോ കഥാപാത്രങ്ങളോ ഒന്നുമില്ലാതെ വെറും ടെക്നിക്കല്‍ പെര്‍ഫോര്‍മന്‍സ് മാത്രമായാല്‍ അത്തരം ചിത്രങ്ങള്‍ വെറും ജാടകളായിത്തീരും. എന്റെ സിനിമ കണ്ടിട്ട് നല്ല കഥ, നല്ല ഗാനചിത്രീകരണം, നല്ല ഡയലോഗ് എന്നിങ്ങനെ അഭിപ്രായങ്ങള്‍ പറയുന്നതിലല്ല, ഉഗ്രന്‍ സിനിമ എന്ന് പ്രേക്ഷകര്‍ പറയുന്നത് കേള്‍ക്കുമ്പോഴാണ് സംതൃപ്തി തോന്നുന്നത്. എന്തൊക്കെ പ്രതിസന്ധി ഉണ്ടായാലും സിനിമയ്ക്ക് ഒരിക്കലും നാശമുണ്ടാകില്ല. ഹ്യൂമര്‍ സിനിമയുടെ കാലം കഴിഞ്ഞു എന്ന് പറയുന്നവരോട് എനിക്ക് പറയാനുള്ളത് അങ്ങനെയെങ്കില്‍ ചാര്‍ളി ചാപ്ലിന്റെ കാലത്തോടെ അത് സംഭവിക്കണമായിരുന്നു എന്നാണ്. സിനിമ എന്നത് ഒരു വലിയ ഇന്‍ഡസ്ട്രിയാണ്. ആ മഹാശക്തിയെ നിലനിര്‍ത്താന്‍ ഇവിടെ കാലാകാലങ്ങളായി കലാകാരന്മാര് ഉണ്ടായിക്കൊണ്ടേയിരിക്കും.
? ഹിന്ദി രംഗത്തെ വന്‍ സ്വീകരണം മലയാളിക്ക് സിദ്ധിക്കിനെ നഷ്ടപ്പെടുത്തുമോ.
ഒരിക്കലുമില്ല. മലയാള സിനിമ ചെയ്ത് തമിഴ്, തെലുങ്ക് കഴിഞ്ഞ് ഇപ്പോള്‍ ഹിന്ദി സംവിധായകനായി. അതേ രീതിയില്‍ ഇനി വരുന്ന ഓഫറുകള്‍ ഒന്നൊന്നായി മുന്നോട്ട് കൊണ്ടുപോകാനാണ് താല്‍പ്പര്യം. അതില്‍ മാറ്റമൊന്നുമില്ല. ഉടനെ ഞാന്‍ ചെയ്യുന്ന ചിത്രം മലയാളമാണ്. മോഹന്‍ലാല്‍ നായകനാകുന്നു. ഹിന്ദി, തമിഴ് പ്രോജക്ട് ഉണ്ട്. മമ്മൂക്കയുടെ പടവും കമ്മിറ്റഡാണ്. ഒരാളുടെ അഭിരുചി കലയാണെങ്കില്‍ അതുമായി ബന്ധപ്പെട്ട തൊഴില്‍ ചെയ്യുന്നതാണ് ഏറ്റവും ഉത്തമം. സിനിമാ നിര്‍മാണം പോലുള്ള മേഖല എനിക്ക് പറ്റില്ല. അതിന്റെ ടെന്‍ഷന്‍ ഞാന്‍ ഇഷ്ടപ്പെടുന്നില്ല. പല കഥകളും എഴുതി ഒടുവില്‍ എനിക്ക് പൂര്‍ണവിശ്വാസം തോന്നുന്ന കഥ തിരഞ്ഞെടുത്ത് പ്രിയപ്പെട്ട പ്രേക്ഷകര്‍ക്ക് നല്കുന്ന സ്വാതന്ത്ര്യവും സംതൃപ്തിയും ബിസിനസില്‍ കിട്ടില്ല. ഈ സ്വഭാവത്തിന് തടസ്സമാകുന്ന മറ്റേത് രംഗത്തുനിന്നും എത്ര വലിയ പണം കിട്ടുമെന്ന് പറഞ്ഞാലും ഞാന്‍ പോകില്ല. മലയാള സിനിമയോ ഹിന്ദി സിനിമയോ ആദ്യം എന്നല്ല, വാക്ക് കൊടുക്കുന്നത് ഏത് നിര്‍മാതാവിനാണ് എന്നതാണ് പ്രധാനം.
ഇസ്മയില്‍- സൈനബ ദമ്പതിമാരുടെ എട്ടുമക്കളില്‍ ഒരാളായ സിദ്ധിക്ക് സിനിമാ രംഗത്ത് ശ്രദ്ധേയമാകുമ്പോഴും വീട്ടില്‍ പ്രിയപ്പെട്ട കുടുംബനാഥനാണ്. മനസ്സില്‍ സ്നേഹത്തിന്റെ പരിമളം കാത്തുസൂക്ഷിക്കുന്നവര്‍ക്കേ സ്നേഹബന്ധത്തിന്റെ തീവ്രത തിരിച്ചറിയാന്‍ പറ്റൂ. എന്നെന്നും സ്നേഹബന്ധങ്ങളുടെ പശ്ചാത്തലത്തില്‍ ചിത്രങ്ങള്‍ ഒരുക്കി മഹത്തായ വിജയം കൈവരിക്കുമ്പോഴും നന്മയും സ്നേഹവും ഈ സംവിധായകനില്‍നിന്നും തെല്ലും അകലുന്നില്ല എന്നതാണ് യാഥാര്‍ത്ഥ്യം.
സുജിത്ത് ചന്ദ്രന് പയ്യന്നൂര്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: