Categories: Varadyam

ക്ലൈമാക്സിന്‌ നില്‍ക്കാതെ

Published by

പഴകിത്തേഞ്ഞ ചെരുപ്പ്‌. ഇസ്തിരിയിടാതെ മുഷിഞ്ഞ്‌ ചുളിവുവീണ പാന്റ്സും ഷര്‍ട്ടും. ചുണ്ടിലേക്ക്‌ എത്തിനോക്കുന്ന മുറുക്കാന്‍ ചുവപ്പ്‌. കട്ടിക്കണ്ണട. പോക്കറ്റില്‍ ടോപ്പില്ലാതെ നിവര്‍ത്തിയിട്ടിരിക്കുന്ന പേന. പഴയ മലയാള സിനിമയിലെ അപ്രധാന നടന്‍മാരുടേതുപോലുള്ള മുറിമീശ. നെറ്റിയില്‍ അലക്ഷ്യമായി തേച്ചുപിടിപ്പിച്ച കട്ടിയുള്ള ചന്ദനക്കുറി. ശരീരത്തിന്റെ ഭാഗമെന്നുതന്നെ തോന്നിച്ചിരുന്ന തോളിലെ ബാഗ്‌.

ഒരു ദിനം ജന്മഭൂമിയുടെ കൊച്ചി ഓഫീസിലേക്ക്‌ വന്ന മോഹന്‍ദാസ്‌ കളരിക്കലിന്റെ രൂപം അവിടെനിന്ന്‌ ഔദ്യോഗികമായി വിരമിക്കുന്നതുവരെ ഒറ്റനോട്ടത്തില്‍ ഇങ്ങനെയായിരുന്നു.

അക്കാദമിക്ക്‌ എന്ന്‌ പറയാവുന്ന ശിക്ഷണം അധികമൊന്നും ലഭിച്ചിട്ടില്ലെങ്കിലും അനുഭവങ്ങളിലൂടെയും പരന്ന വായനയിലൂടെയും കളരിക്കല്‍ നേടിയ അറിവ്‌ അപാരമായിരുന്നു. ഓര്‍മയില്‍നിന്ന്‌ അടുക്കോടും ചിട്ടയോടും എപ്പോള്‍ വേണമെങ്കിലും പുറത്തെടുക്കാന്‍ കഴിയുമായിരുന്ന ഈ വിജ്ഞാനസഞ്ചയത്തിനുമുന്നില്‍ കേമന്‍മാരെന്ന്‌ നടച്ചിരുന്ന പലരും വെറും ശിശുക്കളായിരുന്നു. അപ്പോഴും അറിവിന്റെ വിനയം കളരിക്കലില്‍ നിന്ന്‌ ഒരിക്കലും മാഞ്ഞുപോയില്ല. സിനിമയുടെ കാര്യത്തില്‍ സഞ്ചരിക്കുന്ന സര്‍വ്വവിജ്ഞാനകോശം എന്ന്‌ കളരിക്കലിനെക്കുറിച്ച്‌ തീര്‍ത്ത്‌ പറയാം. ഇതുകഴിഞ്ഞാല്‍ സാമ്പത്തിക കാര്യങ്ങളിലായിരുന്നു പിടിപാട്‌.

സിനിമയെക്കുറിച്ചാണ്‌ കളരിക്കല്‍ കൂടുതലും എഴുതിയിട്ടുള്ളത്‌. മലയാളസിനിമയുടെ നാള്‍വഴി, നടീനടന്മാരുടെ ജീവിതം ഇത്ര നന്നായി അറിയാവുന്ന മറ്റൊരാള്‍ ഒരു പക്ഷെ ചേലങ്ങാട്ട്‌ ഗോപാലകൃഷ്ണന്‍ മാത്രമായിരിക്കും. ഷീലയും ജയഭാരതിയുമൊക്കെ ഒരു കാലഘട്ടത്തിലെ പ്രേക്ഷകരുടെ ആരാധനാപാത്രങ്ങളാണ്‌. എന്നാല്‍ കളരിക്കലിന്‌ ഇവരെക്കുറിച്ചൊക്കെ എത്രയെത്ര അറിയാക്കഥകളാണ്‌ പറയാനുണ്ടായിരുന്നത്‌. അതിശയോക്തിയുടെ മേമ്പോടിചേര്‍ത്താണ്‌ ഈ കഥകളൊക്കെ അവതരിപ്പിക്കാറുണ്ടായിരുന്നതെങ്കിലും താരങ്ങളുടെയൊക്കെ സിനിമാജീവിതത്തെ വളരെ അടുത്തുനിന്ന്‌ വീക്ഷിച്ച ഒരാള്‍ക്കുമാത്രം അറിയാവുന്ന കാര്യങ്ങളായിരുന്നു ഇവയെല്ലാം. ഫിലിം റെപ്രസന്റേറ്റീവ്‌ ആയിരുന്ന കാലം മുതല്‍ കളരിക്കലിന്റെ ഉള്ളില്‍ രൂപപ്പെടാന്‍ തുടങ്ങിയ കടലായിരുന്നു ഈ അനുഭവങ്ങള്‍.

ജന്മഭൂമിയുടെ വാരാദ്യപതിപ്പില്‍ പരമ്പരയായി പ്രസിദ്ധീകരിച്ച ഒര്‍മ്മയുടെ ഓളങ്ങള്‍ മനസ്സുകൊണ്ട്‌ സിനിമക്കുവേണ്ടി ജീവിതം മാറ്റിവെച്ച ഒരാളുടെ ഓര്‍മക്കുറിപ്പുകളായിരുന്നു. ഒരിക്കലും അവസാനിക്കില്ലെന്ന്‌ സഹപ്രവര്‍ത്തകരായ ഞങ്ങളില്‍ ചിലര്‍ തമാശ പറഞ്ഞിരുന്ന ഈ ആഴ്ചക്കുറിപ്പുകളില്‍ മലയാള സിനിമയുടെ അകവും പുറവും നിറഞ്ഞുനിന്നിരുന്നു. ഇവയില്‍ പരാമര്‍ശിക്കപ്പെടാത്തവരായി പഴയകാല നടീനടന്മാരിലും മറ്റ്‌ സിനിമാ പ്രവര്‍ത്തകരിലും ആരും തന്നെ ഉണ്ടാകുമെന്ന്‌ തോന്നുന്നില്ല. സിനിമയുമായി ബന്ധപ്പെട്ട നിരവധി അനുഭവങ്ങളെ, അവ എത്ര നിസ്സാരമായിരുന്നാലും സവിശേഷമായ വിവരണ രീതിയിലൂടെ വായനക്കാരുടെ ശ്രദ്ധയാകര്‍ഷിക്കാന്‍ കഴിയുന്നതായിരുന്നു ഈ കുറിപ്പുകള്‍. ഇത്ര ദൈര്‍ഘ്യമേറിയ ഓര്‍മ്മക്കുറിപ്പുകള്‍ സിനിമയുടെ കാര്യത്തില്‍ അപൂര്‍വമായേ കണ്ടിട്ടുള്ളൂ.

കളരിക്കലിന്റെ സാമ്പത്തികാവലോകനങ്ങള്‍ക്കുമുണ്ടായിരുന്നു സവിശേഷത. സാമ്പത്തിക കാര്യങ്ങളെ സൈദ്ധാന്തികമായി സമീപിക്കുന്ന രീതിയായിരുന്നില്ല അത്‌. മറിച്ച്‌ ഒരു സാധാരണക്കാരന്‌ മനസ്സിലാകുന്ന രീതിയില്‍ കാര്യങ്ങളെ അവതരിപ്പിക്കാനാണ്‌ ശ്രമിച്ചത്‌. ഈ ലേഖകന്‍ ഇപ്പോഴും ഓര്‍ക്കുന്ന ഒരു കാര്യം ഒക്ട്രോയ്‌ നിലവില്‍ വന്നപ്പോള്‍ അതേക്കുറിച്ച്‌ കളരിക്കല്‍ എഴുതിയതാണ്‌. മറ്റുപലപത്രങ്ങളും ഇത്‌ എന്താണെന്ന്‌ വിശദീകരിക്കാതെ ഈ വാക്ക്‌ ആവര്‍ത്തിച്ചുകൊണ്ടിരുന്നപ്പോള്‍ കളരിക്കലാണ്‌ യഥാര്‍ത്ഥത്തില്‍ ഇതിന്റെ അര്‍ത്ഥം വിവരിച്ചത്‌. അതിര്‍ത്തി കടന്ന്‌ വരുന്ന ചരക്കുലോറികള്‍ അടച്ചിരുന്ന നികുതിയാണിത്‌. ‘ഒക്ട്രോയ്‌’ എന്താണെന്ന്‌ ആരെങ്കിലും ചോദിച്ചാല്‍ വളരെ ആവേശത്തോടെ അവസാനത്തെ സംശയവും തീരത്തക്കവിധത്തില്‍ ഇതിനെക്കുറിച്ച്‌ പറയുമായിരുന്നു. ഇതുവഴി ഒക്ട്രോയ്‌ എന്ന കളിപ്പേരും അദ്ദേഹത്തിന്‌ വീണു. സാമ്പത്തികശാസ്ത്രത്തിലെ പ്രായോഗിക പരിസരം എന്താണെന്ന്‌ മനസ്സിലാക്കി സാങ്കേതികപദങ്ങള്‍ കഴിവതും ഒഴിവാക്കി സാമാന്യഭാഷയില്‍ വിഷയങ്ങളെ അവതരിപ്പിക്കുന്ന രീതി ആകര്‍ഷകവും വായനക്കാര്‍ക്ക്‌ ഗുണപ്രദവുമായിരുന്നു. നിയതമായ അര്‍ത്ഥത്തില്‍ ഒരു പത്രപ്രവര്‍ത്തകന്‍ അല്ലായിരുന്നുവെങ്കിലും മറ്റ്‌ ഏതൊരു സാമ്പത്തിക കാര്യലേഖകനെക്കാളും സമര്‍ത്ഥമായി പണിയെടുക്കാന്‍ കളരിക്കലിന്‌ കഴിഞ്ഞിരുന്നു. തനിക്ക്‌ അറിയാവുന്ന ചിലകാര്യങ്ങള്‍ വായനക്കാരില്‍ എങ്ങനെയും അടിച്ചേല്‍പ്പിക്കാനുള്ള നിര്‍ബന്ധത്തിന്‌ പകരം വായനക്കാര്‍ അറിയാന്‍ ആഗ്രഹിക്കുകയും പ്രായോഗിക ജീവിതത്തിന്‌ ഉപകരിക്കുന്നതുമായ കാര്യങ്ങള്‍ അധ്യാപകന്‍ വിദ്യാര്‍ത്ഥികള്‍ക്കായി വിവരിക്കുന്നത്‌ പോലെ എഴുതുന്നതിലായിരുന്നു കളരിക്കലിന്‌ താത്പര്യം.

സഹപ്രവര്‍ത്തകന്‍ എന്ന നിലയില്‍ വര്‍ഷങ്ങളുടെ പരിചയമുണ്ടെങ്കിലും കളരിക്കലിനെ അടുത്തറിയാന്‍ കഴിഞ്ഞത്‌ മൂന്ന്‌ ദിവസത്തോളം നീണ്ട ഒരു കന്യാകുമാരി യാത്രക്കിടയിലായിരുന്നു. തിരുവനന്തപുരത്തും കൊച്ചിയിലും കോഴിക്കോട്ടുമായി മാസത്തിലൊരിക്കല്‍ ഒത്തുചേരുമായിരുന്ന പത്രപ്രവര്‍ത്തകരുടേതായിരുന്നു ഈ യാത്ര. ജന്മഭൂമി മുഖ്യപത്രാധിപര്‍ നാരായണ്‍ജിയുടെ നേതൃത്വത്തിലായിരുന്നു അത്‌. അദ്ദേഹത്തിന്‌ പുറമെ ഈ ലേഖകനും കളരിക്കലുമായിരുന്നു ജന്മഭൂമിയില്‍ നിന്ന്‌ സംഘത്തിലുണ്ടായിരുന്നത്‌. ദ ഹിന്ദുവിലെ ജി.കെ.നായരും ഇന്ത്യന്‍ എക്സ്പ്രസിലെ മോഹനന്‍ പിള്ളയും മാതൃഭൂമിയില്‍ നിന്ന്‌ ജോസഫ്‌ ഡൊമനിക്കും സുധീന്ദ്രകുമാറും മറ്റുമായിരുന്നു കുടുംബസമേതമുള്ള ആ യാത്രയില്‍ ഉണ്ടായിരുന്നത്‌. കന്യാകുമാരിയിലെ വിവേകാനന്ദകേന്ദ്രത്തിലാണ്‌ ഞങ്ങള്‍ താമസിച്ചിരുന്നത്‌. കാലില്‍ വലിയൊരു നീരുമായി പതിവുപോലെ ഒരുപാട്‌ പ്രയാസങ്ങളുമായാണ്‌ സഹധര്‍മിണിയുമൊത്ത്‌ കളരിക്കല്‍ വന്നത്‌. എന്നാല്‍ അവശതകളൊന്നും വകവെയ്‌ക്കാതെ ഓരോ പരിപാടിയിലും യാതൊരുമടിയുമില്ലാതെ പങ്കെടുക്കുന്ന കളരിക്കലിനെയാണ്‌ കാണാന്‍ കഴിഞ്ഞത്‌. ഇത്‌ അദ്ദേഹത്തിന്റെ ഒരു സ്വഭാവമാണെന്ന്‌ പിന്നീട്‌ പലപ്പോഴും തോന്നിയിട്ടുണ്ട്‌. പരിചയപ്പെട്ടകാലം മുതല്‍ പ്രമേഹരോഗത്തിന്റെ പിടിയിലായിരുന്നു കളരിക്കല്‍. ഇതിന്റെ ഒരോതരം അസ്കിതകള്‍ എപ്പോഴും ശരീരത്തെ പിടികൂടുമായിരുന്നു. ചിലപ്പോള്‍ നടക്കാനാണ്‌ പ്രയാസമെങ്കില്‍ മറ്റുചിലപ്പോള്‍ കണ്ണിന്റെ കാഴ്ച കുറയുന്നതായിരുന്നു പ്രശ്നം. നീരുവന്നുവീര്‍ത്ത കാലുമായി എറണാകുളം സൗത്തില്‍ തീവണ്ടിയിറങ്ങി കിലോമീറ്ററുകള്‍ നടന്ന്‌ ജന്മഭൂമിയില്‍ എത്തിയിരുന്ന കളരിക്കലിന്റെ മുഖം ഓര്‍മ്മയില്‍ ഇപ്പോഴും തെളിഞ്ഞുനില്‍ക്കുന്നു.

പ്രായഭേദമന്യേ സഹപ്രവര്‍ത്തകരുമായി ഇടപഴകിയിരുന്ന കളരിക്കലിന്റെ നര്‍മബോധം പലപ്പോഴും ചിരിയുടെ കുഞ്ഞലകള്‍ ഉയര്‍ത്തി. നിര്‍ദോഷമായ ഹാസ്യവും പരിഹാസവുമൊക്കെ കലര്‍ന്നകഥകള്‍ പക്ഷെ ഒരിക്കലും ആരേയും ആക്ഷേപിക്കുന്നതായിരുന്നില്ല. നര്‍മ്മബോധത്തോടൊപ്പം ഉണ്ടായിരുന്ന ധര്‍മബോധമായിരുന്നു ഇതിന്‌ കാരണം. വളരെ അടുപ്പമുള്ളവരോടാകുമ്പോള്‍ കഥകളുടെ എണ്ണം കൂടും. പറയുന്നരീതി കൂടുതല്‍ രസാവഹവുമായിരിക്കും. ജന്മഭൂമിയിലെ ആര്‍ട്ടിസ്റ്റുകളായിരുന്ന എ.ആര്‍.പ്രവീണ്‍കുമാറും ഒ.ബി.നാസറുമൊക്കെയാണ്‌ ചിരിയുടെ അകമ്പടിയോടെ ഇത്തരം കളരിക്കല്‍ കഥകള്‍ എന്റെ ചെവിയില്‍ എത്തിച്ചിരുന്നത്‌. കഥപറയാന്‍ മാത്രമല്ല എഴുതുന്നതിലും കളരിക്കല്‍ മികവു പ്രകടിപ്പിച്ചു. ചെറുകഥകള്‍ ഇടക്കിടെ എഴുതുമായിരുന്നു. ജന്മഭൂമിയുടെ വാര്‍ഷിക പതിപ്പുകളില്‍ ഒരെണ്ണം തീര്‍ച്ചയായും സ്ഥാനം പിടിക്കും. കളരിക്കല്‍ പറയുന്ന കഥകളില്‍ നിന്ന്‌ എഴുതുന്ന കഥകള്‍ വ്യത്യസ്തമായിരുന്നു. അവയില്‍ എപ്പോഴും നര്‍മം കണ്ടെന്നു വരില്ല; പകരം ഉള്ളുപൊള്ളിക്കുന്ന അനുഭവങ്ങളുടെ ആവിഷ്ക്കാരമായിരിക്കും. ശ്രദ്ധവെച്ചിരുന്നെങ്കില്‍ അറിയപ്പെടുന്ന ഒരു ചെറുകഥാകൃത്തായി മാറാന്‍ കഴിയുമായിരുന്നു. കഥയുടെ കാര്യത്തില്‍ വിഷയദാരിദ്ര്യം എന്നൊന്ന്‌ കളരിക്കല്‍ അനുഭവിച്ചിരുന്നതായി ഒരിക്കലും തോന്നിയിട്ടില്ല.

ജന്മഭൂമിയുടെ കൊച്ചി എഡിഷനില്‍നിന്ന്‌ ഔദ്യോഗികമായി വിരമിച്ച ശേഷം അപൂര്‍വമായിമാത്രമേ എനിക്ക്‌ കളരിക്കലുമായി ബന്ധപ്പെടാന്‍ കഴിഞ്ഞിരുന്നുള്ളൂ. എഴുതിക്കൊണ്ടിരുന്ന പ്രതിവാര സിനിമാപംക്തി ഒരുലക്കം മുടങ്ങിയപ്പോഴായിരുന്നു ഫോണില്‍ ബന്ധപ്പെട്ടത്‌. സുഖമില്ലാതെ അശുപത്രിയിലായിരുന്നുവെന്ന്‌ അപ്പോഴാണ്‌ അറിയുന്നത്‌. പിന്നീട്‌ കോട്ടയത്തെ ആശുപത്രിയില്‍ നിന്ന്‌ എറണാകുളം ലിസി ആശുപത്രിയിലേക്ക്‌ കൊണ്ടുവന്നിരിക്കുകയാണെന്ന്‌ മാനേജരുടെ ചുമതലയുള്ള ആര്‍.രാധാകൃഷ്ണന്‍ വിളിച്ചറിയിച്ചു. കാണാന്‍ പോയില്ലേ എന്ന്‌ കുമ്മനം രാജേട്ടന്‍ വിളിച്ചുചോദിച്ചിരുന്നു. ഇന്റന്‍സീവ്‌ കീയര്‍യൂണിറ്റിലായതിനാല്‍ കാണാന്‍ കഴിയില്ലെന്നായിരുന്നു വിവരം. എന്നാല്‍ ചീഫ്‌ എഡിറ്റര്‍ ഹരി എസ്‌. കര്‍ത്ത ആശുപത്രി സന്ദര്‍ശിച്ച്‌ മടങ്ങിവന്നപ്പോഴാണ്‌, ഇന്റന്‍സീവിലല്ല റൂമിലാണ്‌ കളരിക്കലുള്ളതെന്ന്‌ അറിഞ്ഞത്‌. അപ്പോഴേക്കും വൈകിപ്പോയിരുന്നു. നേരിട്ട്‌ കാണാനായില്ല. അനുഭവ തീഷ്ണമായ ഒരു സിനിമക്ക്‌ ക്ലൈമാക്സിലെത്താന്‍ കഴിയാതിരുന്നതിന്റെ പ്രതീതിയാണ്‌ കളരിക്കലിന്റെ അകാല വേര്‍പാട്‌ ജനിപ്പിക്കുന്നത്‌. എങ്കിലും എത്തിച്ചേര്‍ന്നിടത്തോളം ആ ജീവിതം സമ്പൂര്‍ണമായിരുന്നു. അദ്ദേഹത്തിന്റെ ആത്മാവിന്‌ നിത്യശാന്തി നേരുന്നു.

മുരളി പാറപ്പുറം

Share
പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by

Recent Posts