സംസാരമാകുന്ന വലയില്‍ കുടുങ്ങിക്കിടക്കുന്ന മനുഷ്യര്‍ തങ്ങളുടെ ആത്മാവിന്റെ നില മനസ്സിലാക്കാതെ, “ഞങ്ങള്‍ക്കതിനൊന്നും സമയമില്ലെന്ന് പറഞ്ഞ് ഈശ്വരാരാധനകളില്‍ നിന്ന് ബഹുദൂരം ഓടിപ്പോകുന്നു.
അവര്‍ കുട്ടികള്‍ക്കും കുടുംബത്തിനും വേണ്ടി വളരെയധികം ക്ലേശം അനുഭവിക്കുന്നു. അവരുടെ ഭാവിയെക്കുറിച്ച് ചിന്താകുലരാകുന്നു. എന്തു ചെയ്തിട്ടാണ് ദുഃഖം അനുഭവിക്കുന്നതെന്ന് ചിന്തിയ്ക്കാതെ മൂഢരായ അവര്‍ അതുതന്നെ വീണ്ടും ചെയ്യുന്നു.
ഒട്ടകം എപ്പോഴും മുള്ളുകടിച്ചു തിന്നുന്നതുകൊണ്ട് വായകീറി മുറിഞ്ഞു രക്തം ഒഴുകുന്നു. എന്നാലും അതില്‍ വല്ലാത്ത ലഹരി തോന്നുകയാല്‍ ക്ഷണനേരത്തെയ്ക്കെങ്കിലും വേണ്ടെന്ന് വയ്ക്കുവാന്‍ അതിന് കഴിയുന്നില്ല.
മനുഷ്യന് ചിലപ്പോള്‍ പുത്രന്റെ മരണം നിമിത്തം വ്യസനിയ്ക്കുന്നു. മറ്റൊരിക്കല്‍ പുത്രിയുടെ കല്യാണക്കാര്യം ചിന്തിച്ച് വ്യാകുലപ്പെടുന്നു. എന്നാലും കൊല്ലം തോറും അയാള്‍ക്കു കുട്ടികള്‍ ഉണ്ടാവുകയും “എന്റെ തലയിലെഴുത്തിന്റെ ദോഷമാണെ”ന്ന് പറയുകയും ചെയ്യുന്നു.
ഗൃഹസ്ഥന് തീര്ത്ഥയാത്രയില്പ്പോലും ഈശ്വരനെ സ്മരിക്കാന്‍ ഒഴിവുകിട്ടില്ല. അല്പബുദ്ധിയായ അയാളുടെ പ്രാണന് കുടുംബഭാരം ചുമക്കാനുള്ള കാഷ്ടപ്പാടുകള് കൊണ്ടുതന്നെ പുറത്തുപോയിട്ടുണ്ടാവാം.
എപ്പോഴെങ്കിലും ഒരിക്കല്‍ ഇയാള്‍ എങ്ങനെയോ ദേവാലയത്തിലെത്തിയാല്‍ തന്റെ കുട്ടികളുടെ നന്മയ്ക്കുവേണ്ടിതന്നെ പാടുപെടുന്നു. പ്രസാദം സ്വീകരിക്കുമ്പോഴും “എന്റെ കുട്ടികള്‍ക്ക് നല്ലതുവരണേ, ഈശ്വരാ” എന്ന് പലവുരു പ്രാര്‍ത്ഥിയ്ക്കുന്നു.
തന്റെ പത്നി, പുത്രന് മുതലായവരുടെ വയറുനിറപ്പാന് പണത്തിനുവേണ്ടി സേവ, പ്രശംസ, കളവ്, ചതി മുതലായ ദുഷ്കൃത്യങ്ങള്‍ ചെയ്യുന്നു. ഈശ്വരഭക്തന്മാരെ മൂഢന്മാരെന്ന് പറയുകയും ചെയ്യുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: