എന്‍ഡോസള്‍ഫാന്‍ എന്ന മാരക കീടനാശിനിയുടെ ഉല്പാദനം, വിതരണം, ഉപയോഗം എന്നിവ നിരോധിച്ചുകൊണ്ടുള്ള സുപ്രീംകോടതിവിധി എന്‍ഡോസള്‍ഫാന്‍ ഉപയോഗം ഉളവാക്കുന്ന ജനനവൈകല്യത്തിന്റെയും ആരോഗ്യ നശീകരണത്തിന്റെയും പ്രതീകമായി മാറിയിരിക്കുന്ന കേരളത്തിലെ കാസര്‍കോഡ് ജില്ലക്ക് ഏറ്റവും ആശ്വാസമാണ്. അതുകൊണ്ടുതന്നെ ഈ വിധിയെ നിര്‍ണായക വിധിയായി സ്വാഗതം ചെയ്യപ്പെട്ടിരിക്കുകയാണ്.
അതോടൊപ്പംതന്നെ ഇവിടെ കെട്ടിക്കിടക്കുന്ന 1090 മെട്രിക് ടണ്‍ എന്‍ഡോസള്‍ഫാന്‍ കയറ്റിയയക്കാനും കോടതി അനുമതി നല്കിയിരിക്കുന്നു. പക്ഷെ കാസര്‍കോട്ടെ പ്ലാന്റേഷന് കോര്‍പ്പറേഷന്റെ ഗോഡൗണില്‍ കെട്ടിക്കിടക്കുന്ന എന്ഡോസള്ഫാനെപ്പറ്റിയോ എന്‍ഡോസള്‍ഫാന്‍ നിര്‍മിക്കുന്നതിന് ഉപയോഗിക്കുന്ന 4071 മെട്രിക്ടണ്‍ അസംസ്കൃത വസ്തുശേഖരം എന്ത് ചെയ്യണമെന്നോ സുപ്രീംകോടതി പരാമര്‍ശിച്ചിട്ടില്ല. കര്‍ശന നിയന്ത്രണത്തോടെയായിരിക്കണം കയറ്റുമതി എന്നു പറയുന്ന സുപ്രീംകോടതി നിലവിലുള്ള ശേഖരം മാത്രമേ കയറ്റുമതി ചെയ്യാവൂ എന്ന വകുപ്പുകൂടി ചേര്‍ത്തതും ആശങ്കയുളവാക്കുന്നു. ഉല്പാദനത്തിനുള്ള നിരോധനം തുടരുമെന്നും പരിസര മലിനീകരണം അനുവദിക്കില്ലെന്നും ഇത് നിരീക്ഷിക്കാന്‍ തൃത്താല സംവിധാനം ഏര്‍പ്പെടുത്തണമെന്നും കോടതി നിര്‍ദ്ദേശമുണ്ട്.
സ്റ്റോക്ഖോം കണ്‍വെന്‍ഷനില്‍ കീടനാശിനി ഉല്പാദകരുടെ ഭാഗത്തുനിന്നായിരുന്നു ഇന്ത്യയുടെ വാദം. ലോകത്തെ പല രാജ്യങ്ങളിലും എന്‍ഡോസള്‍ഫാന്‍ നിരോധനം ഇപ്പോള്‍തന്നെ നിലവിലുള്ള പശ്ചാത്തലത്തില്‍ പോലും ഇന്ത്യയുടെ നിലപാട് കീടനാശിനി മാഫിയക്കനുകൂലമായിരുന്നു. എന്‍ഡോസള്‍ഫാന്‍ നിരോധനം ഒഴിവാക്കാനായിരുന്നു ശരദ് പവാറിന്റെ കൃഷിമന്ത്രാലയവും തന്ത്രങ്ങള്‍ മെനഞ്ഞത്. ഐസിഎംആര്‍ പഠനം തന്നെ എന്‍ഡോസള്‍ഫാന്‍ മാരകമായ വിഷമാണെന്ന് പ്രഖ്യാപിച്ചിരുന്നു. കാസര്‍കോടിലെ പ്ലാന്റേഷന് കോര്‍പ്പറേഷന്റെ ക്രൂരമായ എന്‍ഡോസള്‍ഫാന്‍ ഉപയോഗത്തിന്റെ ഫലമായി ഉണ്ടായിട്ടുള്ള ജനനവൈകല്യങ്ങളോടെ ജനിക്കുന്ന കുട്ടികളും ഗര്‍ഭഛിദ്രം നേരിടേണ്ടിവരുന്ന സ്ത്രീകളും കാന്‍സര്‍ ബാധിതരും ബുദ്ധിമാന്ദ്യം ബാധിച്ചവരും മറ്റും വിവിധതരം രോഗങ്ങള്‍ അനുഭവിക്കുന്ന വലിയൊരു ജനവിഭാഗവും ഇരകളായി ഇഴഞ്ഞും നിരങ്ങിയും ശയ്യാവലംബികളായി കഴിയുന്നു. എന്നിട്ടും കൃഷി മന്ത്രാലയവും രാഷ്ട്രീയക്കാരും സ്വീകരിച്ച നിലപാട് അത് പ്ലാന്റേഷന് കോര്പ്പറേഷന് ആകാശത്തുനിന്ന് സ്പ്രേ ചെയ്തതിനാലാണെന്നും എന്‍ഡോസള്‍ഫാന്‍ അന്തരീക്ഷത്തിലലിയാതെ ചെടിയില്‍ കേന്ദ്രീകരിക്കാനായാല് ഈ വിപത്തുക്കള്‍ ഉണ്ടാകില്ലെന്നും ആയിരുന്നു.
പക്ഷെ എന്‍ഡോസള്‍ഫാന്‍ തമിഴ്നാട്ടില്‍നിന്നും മറ്റും ശേഖരിച്ച് പ്രയോഗിക്കുന്ന മൂന്നാര്‍, ഇടുക്കി മേഖലയിലും സമാനമായ രോഗങ്ങള്‍ പ്രത്യക്ഷപ്പെട്ടതോടെയാണ് ഈ കീടനാശിനി നിരോധനത്തിനുള്ള രോദനം ഉച്ചത്തിലായത്. ഇതിനെതിരെ കോടതിയില്‍ പോയവര്‍ ആവശ്യപ്പെട്ടിരുന്ന മറ്റൊരു കാര്യം എന്‍ഡോസള്‍ഫാന്‍ കയറ്റുമതി അനുവദിക്കരുതെന്നായിരുന്നു. അതിന് കാരണമായി അവര്‍ അപേക്ഷിച്ചത് ഇവിടെനിന്നും ഈ മാരകവിഷം കയറ്റുമതി ചെയ്യാന്‍ അനുവദിക്കരുതെന്നും അത് നശിപ്പിക്കണം എന്നുമാണ്. പക്ഷെ എന്‍ഡോസള്‍ഫാന്‍ നിരോധനം ഏര്‍പ്പെടുത്തിയിട്ടില്ലാത്ത ഏത് രാജ്യത്തേക്കും കയറ്റുമതി ചെയ്യാം എന്നാണ് സുപ്രീംകോടതി വിധി. എന്‍ഡോസള്‍ഫാന്‍ നശിപ്പിക്കാന്‍ വന്‍തുക ചെലവാകും എന്നും ഇതിന് മാനദണ്ഡങ്ങള്‍ തയ്യാറാക്കിയിട്ടില്ലെന്നും കോടതിതന്നെ നിയോഗിച്ച സംയുക്ത സമിതി വ്യക്തമാക്കിയിരുന്നു. പക്ഷെ കേരളത്തെ ആശങ്കയിലാക്കുന്നത് ഇപ്പോള്‍ കയറ്റുമതി ചെയ്യുന്ന എന്‍ഡോസള്‍ഫാന്‍ മറ്റൊരു രൂപത്തില്‍ കേരളത്തിലേക്കുതന്നെ തിരിച്ചെത്തിയേക്കാം എന്നതിന്റെ സാധ്യതയാണ്. വിഷം മറ്റ് രാജ്യങ്ങളില്‍ ഉപയോഗിക്കട്ടെ എന്നു പറയുന്നതിന്റെ അധാര്‍മികതക്ക് പുറമെ ഈ വിഷം വേറെ ലേബലില്‍ കേരളത്തില്‍ വന്നേക്കാം എന്ന ധാരണയും ശക്തമാണ്.
ഇപ്പോള്‍തന്നെ എന്‍ഡോസള്‍ഫാന്‍ കടത്തിക്കൊണ്ടുവന്ന് ഇടുക്കി, ഹൈറേഞ്ച് മേഖലകളില്‍ ഉപയോഗിക്കുന്നത് തമിഴ്നാട്ടില്‍നിന്നും കര്ണാടകയില്നിന്നുമാണല്ലൊ. എന്‍ഡോസള്‍ഫാന്‍ ഒരു രൂപത്തിലും കേരളത്തിലേക്ക് കടന്നുവരാതിരിക്കാന്‍ വേണ്ടത് ജനജാഗ്രതയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: