Categories: Ernakulam

എന്‍ഐഎ ഉദ്യോഗസ്ഥന്‍ ചമഞ്ഞ്‌ സ്ത്രീകളെ പറ്റിച്ച്‌ പണം കവരുന്ന വിരുതന്‍ അറസ്റ്റില്‍

Published by

മൂവാറ്റുപുഴ: പുനര്‍ വിവാഹത്തിന്‌ പത്രങ്ങളില്‍ വരുന്ന പരസ്യം നോക്കി സ്ത്രീകളുമായി ബന്ധപ്പെട്ട്‌ വിവാഹ വാഗ്ദാനം നല്‍കി പണം തട്ടി വന്നിരുന്ന കുറുപ്പുംപടി തുരുത്തി മണിയേലില്‍ ഏലിയാസാണ്‌ പിടിയിലായത്‌.

പ്രധാന പത്രങ്ങളിലെ മാട്രിമോണിയല്‍ പരസ്യം നോക്കി പുനര്‍വിവാഹത്തിന്‌ താല്‍പര്യപ്പെടുന്ന സ്ത്രീകളുടെ വിലാസത്തില്‍ ബന്ധപ്പെടുകയും താന്‍ എന്‍ ഐ എയിലെ ഉയര്‍ന്ന ഉദ്യോഗസ്ഥനാണെന്ന്‌ അവരെ വിശ്വസിപ്പിച്ച്‌ അവരുടെ എ ടി എം കൈക്കലാക്കിയും നേരിട്ടും പണം തട്ടുന്നതാണ്‌ ഇയാളുടെ പതിവ്‌. ഇത്തരത്തില്‍ അഞ്ചോളം പേരെ വഞ്ചിച്ചതായി പൊലീസിന്‌ പരാതി ലഭിച്ചിട്ടുണ്ട്‌. കോലഞ്ചേരി, ചേലക്കര, കൂത്താട്ടുകുളം, അശമന്നൂര്‍ എന്നീ പ്രദേശങ്ങളിലെ സ്ത്രീകളാണ്‌ തട്ടിപ്പിനിരയായതായി പരാതി നല്‍കിയിട്ടുള്ളത്‌. കൂടുതല്‍ പേരെ വഞ്ചിച്ചിട്ടുള്ളതായി കരുതുന്നതായും വരും ദിവസങ്ങളില്‍ വിവരങ്ങള്‍ ലഭ്യമാവുമെന്നും മൂവാറ്റുപുഴ ഡി വൈ എസ്‌ പി പറഞ്ഞു.

കോതമംഗലം സ്വദേശിനിയും പൊതുമരാമത്ത്‌ വകുപ്പിലെ അസിസ്റ്റന്‍ഡ്‌ എക്സിക്യുട്ടീവ്‌ എഞ്ചിനീയറുമായ എസ്‌ സി എസ്‌ ടി വിഭാഗത്തില്‍ പെട്ട സ്ത്രീയെ പുനര്‍വിവാഹം ചെയ്യാന്‍ താല്‍പര്യമുണ്ടെന്ന്‌ അറിയിച്ച്‌ ബന്ധപ്പെടുകയും തുടര്‍ന്ന്‌ ഇവരുമായി ഫോണില്‍ സംസാരിച്ച്‌ ബന്ധം സ്ഥാപിച്ച ഇയാള്‍ ഇവരുടെ വിശ്വാസം നേടിയ ശേഷം എ ടി എം കാര്‍ഡ്‌ കൈവശപ്പെടുത്തുകയായിരുന്നു. ഏകദേശം നാലരലക്ഷത്തോളം രൂപ ഇവരില്‍ നിന്നും ഇയാള്‍ കൈവശപ്പെടുത്തിയതായാണ്‌ പരാതി. തുടര്‍ന്നും പണം ആവശ്യപ്പെട്ടുവെങ്കിലും നല്‍കാന്‍ ഇവര്‍ തയ്യാറായില്ല. ഇതോടെ ഇവരുമായി തെറ്റിപിരഞ്ഞ ഇയാള്‍ ഫോണില്‍ റെക്കോഡ്‌ ചെയ്തിരുന്ന ഔദ്യോഗിക വിവരങ്ങള്‍ വച്ച്‌ ബ്ലാക്ക്‌ മെയില്‍ ചെയ്യാനും ശ്രമിച്ചു.

ഇതിനെതുടര്‍ന്ന്‌ ഇവര്‍ പൊലീസില്‍ പരാതിപ്പെടുകയും ഇയാള്‍ വിളിച്ചിരുന്ന മൊബെയില്‍ നമ്പര്‍ പിന്തുടര്‍ന്ന്‌ ഇയാളെ അറസ്റ്റ്‌ ചെയ്യുകയുമായിരുന്നു. നേരത്തെ രണ്ട്‌ പ്രാവശ്യം വിവാഹം ചെയ്തിട്ടുള്ള ഏലിയാസ്‌ ആദ്യത്തെ വിവാഹം നിയമപ്രകാരം മോചനം നേടിയിട്ടുണ്ട്‌. ചാലക്കുടി സ്വദേശിനിയുമായുള്ള രണ്ടാം വിവാഹം നിയമപരമായി ഒഴിഞ്ഞിട്ടുമില്ല.

ആധുനിക ഫോണുകളില്‍ ഉള്ള വോയ്സ്‌ ആക്സസ്‌ ഉപയോഗിച്ച്‌ സ്ത്രീകളുടെ ശബ്ദത്തില്‍ ഇയാള്‍ തന്നെ സംസാരിച്ചാണ്‌ പലരുടെയും വിശ്വാസം നേടിയിരുന്നതെന്ന്‌ പൊലീസ്‌ പറഞ്ഞു. കുറുപ്പുപടിയില്‍ ഇന്‍വെര്‍ട്ടറും ബാറ്ററിയും വില്‍ക്കുന്ന കട ഇയാള്‍ക്ക്‌ സ്വന്തമായുണ്ട്‌. വിശ്വാസവഞ്ചന, ചതി, പട്ടികജാതി വര്‍ഗ്ഗ സ്ത്രീയെ വഞ്ചിക്കല്‍ എന്നീ വകുപ്പുകള്‍ പ്രകാരമാണ്‌ ഇയാള്‍ക്കെതിരെ കേസെടുത്തിട്ടുള്ളത്‌. മൂവാറ്റുപുഴ ഡി വൈ എസ്‌ പി ടോമി സെബാസ്റ്റ്യന്റെ നേതൃത്വത്തില്‍ എ എസ്‌ ഐ ജോയ്‌, സിവില്‍ പൊലീസ്‌ ഓഫീസര്‍മാരായ ബിനോയ്‌, ദിനേശന്‍, വിജയന്‍ എന്നിവരാണ്‌ കേസന്വോഷണം നടത്തിയത്‌.

Share
പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by