കൊട്ടാരക്കര: വാളകം സംഭവത്തില്‍ പ്രതിഷേധിച്ച് കൊട്ടാരക്കരയില്‍ തുടര്‍ച്ചയായി മൂന്നാംദിവസവും സമരപരമ്പര. പ്രതികളെ പിടിക്കാന്‍ വൈകുന്നതില്‍ പ്രതിഷേധിച്ചും വാളകം ആര്‍വിഎച്ച്എസ്എസ് മാനേജ്മെന്റിന്റെ പങ്ക് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടും വിദ്യാര്‍ത്ഥി യുവജനസംഘടകള്‍ നിരത്തിലിറങ്ങി. ആര്. ബാ ലകൃഷ്ണപിള്ളയുടെ വീട്ടിലേക്ക് യുവമോര്‍ച്ച പ്രവര്‍ത്തകര്‍ നഗരത്തിലും ഡിവൈഎഫ്ഐ പ്രവര് ത്തകര് എസ്പി ഓഫീസിലേക്കും പ്രതിഷേധ മാര്‍ച്ച് നടത്തി. യുവമോര്‍ച്ച പ്രവര്‍ത്തകര്‍ കെ.ആര്. രാധാകൃഷ്ണന്റെ നേതൃത്വത്തിലാണ് മാര്‍ച്ച് നടത്തിയത്. മാര്‍ച്ച് പിള്ളയുടെ വീടിന് സമീപമുള്ള റോഡില്‍ പോലീസ് തടഞ്ഞു. സംസ്ഥാന പ്രസിഡന്റ് വി.വി. രാജേഷ് ഉദ്ഘാടനം ചെയ്തു.
പരമോന്നത നീതിപീഠം അഴിമതി കേസില്‍ ജയില്‍ ശിക്ഷ വിധിച്ച ബാലകൃഷ്ണപിള്ളയ്ക്ക് ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ തണലില്‍ പഞ്ചനക്ഷത്ര ഹോസ്പിറ്റലില്‍ ചികിത്സ നല്‍കിയിരിക്കുകയാണെന്ന് വി.വി. രാജേഷ് ആരോപിച്ചു. എല്ലാ ജയില്‍ നിയമങ്ങളെയും ലംഘിച്ച് മൊബെയില്‍ ഫോണ്‍വരെ ഉപയോഗിക്കുന്നത് ബാലകൃഷ്ണപിള്ളയുടെ മാടമ്പിത്തരവും സുപ്രീംകോടതിയോടുള്ള വെല്ലുവിളിയും ആണ്. വാളകം കേസിലെ അന്വേഷണം വഴിതിരിച്ചു വിടാനുള്ള നീക്കമാണ് പിള്ളയുടെ ഫോണ്‍വിളിയെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
അധ്യാപകന്റെ കൊലപാതകശ്രമത്തില്‍ തീവ്രവാദ സംഘടനകള്‍ക്കും പങ്കുണ്ടെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. ഇതിലെ യഥാര്‍ത്ഥ പ്രതികളെ ഉടന്‍ കണ്ടെത്തണമെന്നും സത്യാവസ്ഥ ജനങ്ങളെ ബോധ്യപ്പെടുത്തി ഭയാശങ്കകള്‍ മാറ്റണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. യുവമോര്‍ച്ച സംസ്ഥാന ജനറല്‍ സെക്രട്ടറി വി. സുധീര്‍, ജില്ലാ അധ്യക്ഷന്‍ കെ.ആര്. രാധാകൃഷ്ണന്, ജില്ലാ ജനറല്‍ സെക്രട്ടറി സജി കരവാളൂര്‍, ജില്ലാ സെക്രട്ടറി സുജീഷ്, യുവമോര്‍ച്ച പത്തനാപുരം മണ്ഡലം പ്രസിഡന്റ് ഇരണൂര്‍ രതീഷ്, ജില്ലാ സമിതി അംഗങ്ങളായ സജീവ് നിരപ്പുവിള, സുബീഷ് കരവാളൂര്‍, രാമു, മാമ്പുഴ ശ്രീരാജ് എന്നിവര്‍ നേതൃത്വം നല്കി.
ഇതേസമയം തന്നെ എഐഎസ്എഫ് പ്രവര്‍ത്തകരും ഇതേ ആവശ്യമുന്നയിച്ച് നഗരത്തില്‍ പ്രകടനം നടത്തി. വിദ്യാര്‍ത്ഥികളെ മര്‍ദിച്ചതില്‍ പ്രതിഷേധിച്ചും പ്രതികളെ അറസ്റ്റു ചെയ്യണമെന്നും ആവശ്യപ്പെട്ട് ഡിവൈഎഫ്ഐ എസ്പി ഓഫീസിലേക്ക് മാര്‍ച്ച് നടത്തി. പുത്തൂര്‍ റോഡില്‍ ബാരിക്കേഡ് ഉയര്‍ത്തി പോലീസ് പ്രവര്‍ത്തകരെ തടഞ്ഞു. സമരം സംസ്ഥാന സെക്രട്ടറി എം.ബി. രാജേഷ് എംഎല്‍എ ഉദ്ഘാടനം ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: