സന: തന്റെ എതിരാളികള്‍ തെരഞ്ഞെടുപ്പില്‍ മത്സരിച്ചാല്‍ താന്‍ അധികാരം ഒഴിയുകയില്ലെന്ന് യെമന്‍ പ്രസിഡന്റ് അലി അബ്ദുള്ള സാല അറിയിച്ചു. കഴിഞ്ഞയാഴ്ച മൂന്നുമാസത്തിനുശേഷം തലസ്ഥാനത്തു തിരിച്ചെത്തിയ പ്രസിഡന്റ് ഒരു ആഭ്യന്തര യുദ്ധത്തിനു സാധ്യതയുണ്ടെന്ന് ടൈമിനും വാഷിംഗ്ടണ്‍ പോസ്റ്റിനും നല്കിയ അഭിമുഖത്തില്‍ വ്യക്തമാക്കിയിരുന്നു. പ്രസിഡന്റിനെതിരെ സായുധ സേനയിലെ ഒരു വിഭാഗവും ഗോത്രയോദ്ധാക്കളും തിരിഞ്ഞിട്ടുണ്ട്. ഇതിനൊക്കെ പുറമെയാണ് അദ്ദേഹം സ്ഥാനമൊഴിയണമെന്നാവശ്യപ്പെട്ടുകൊണ്ടുള്ള ആയിരക്കണക്കിനാളുകള്‍ പങ്കെടുക്കുന്ന പ്രകടനങ്ങള്‍. ഗള്‍ഫ് രാജ്യങ്ങള്‍ മധ്യസ്ഥത വഹിച്ച ഒരു അധികാരകൈമാറ്റത്തിന് പ്രസിഡന്റ് തയ്യാറായിട്ടില്ല. ഇതനുസരിച്ച് പ്രസിഡന്റ് അധികാരം വൈസ് പ്രസിഡന്റ് അബ്ദു റബ്ബ് മന്‍സൂര്‍ ഹുഡിക്കു കൈമാറുകയും വിചാരണകളില്‍നിന്ന് ഒഴിവാകുകയുമാകാം. ഈ കരാറിനെ പ്രസിഡന്റ് ആദ്യം അനുകൂലിക്കുന്നതായി ഭാവിച്ചുവെങ്കിലും അത് ഒപ്പുവെക്കാനോ അതുപ്രകാരം പ്രവര്‍ത്തിക്കാനോ അദ്ദേഹം തയ്യാറായിട്ടില്ല. തങ്ങള്‍ അധികാരം ശത്രുക്കളിലേക്കു കൈമാറിയാല്‍ ഒരു പട്ടാള അട്ടിമറിയിലൂടെ അധികാരം പിടിച്ചെടുത്തുവെന്ന സ്ഥിതി കൈവരുമെന്ന് യെമനില്‍ മടങ്ങി എത്തിയശേഷം ആദ്യമായി അനുവദിച്ച ഒരു അഭിമുഖ സംഭാഷണത്തില്‍ പ്രസിഡന്റ് വ്യക്തമാക്കി. നമ്മള് അധികാരം കൈമാറുന്നത് ശത്രുക്കള്ക്കാണെങ്കില് അത് അപകടമായിരിക്കുമെന്നും ഒരു ആഭ്യന്തര കലാപത്തിലേക്കു നയിച്ചേക്കുമെന്നും പ്രസിഡന്റ് കൂട്ടിച്ചേര്‍ത്തു.
പ്രസിഡന്റിന്റെ എതിരാളി ജന.അലി മൊഹസിന്‍ അല്‍ അഹമര്‍ കഴിഞ്ഞ മാര്‍ച്ചില്‍ പ്രതിഷേധ നീക്കം നടത്തുന്നവരോട് കൂറ് പ്രഖ്യാപിച്ചിരുന്നു. ഇതിനു പുറമെ പ്രബലരായ അഹ്മര് കുടുംബവും അദ്ദേഹത്തിന്റെ ശത്രുക്കളുടെ പട്ടികയില്വരുന്നു. ജൂണില്‍ തന്റെ കൊട്ടാരത്തിനുനേരെയുണ്ടായ അക്രമത്തില്‍ പരിക്കേറ്റ പ്രസിഡന്റ് സൗദി അറേബ്യയിലായിരുന്നു. അദ്ദേഹത്തിന്റെ മുഖത്ത് പാടുകളുണ്ടെന്നും കേഴ്വി ശക്തി കുറഞ്ഞതായും മാധ്യമപ്രവര്‍ത്തകര്‍ അറിയിച്ചു. സര്‍ക്കാര്‍ വിരുദ്ധ പ്രകടനക്കാര്‍ പുതിയതായി നാമകരണം ചെയ്യപ്പെട്ട ചേഞ്ച് ചത്വരത്തില്‍ കേന്ദ്രീകരിച്ച് പ്രസിഡന്റ് സ്ഥാനമൊഴിയണമെന്ന് ജനുവരി മുതല്‍ ആവശ്യപ്പെടുകയാണ്. പ്രകടനക്കാര്‍ പലരും വധിക്കപ്പെട്ടത് കാലുമാറിയ പട്ടാളക്കാരും ഗോത്രവര്‍ഗ പോരാളികളും കാരണമാണെന്ന് പ്രസിഡന്റ് അഭിപ്രായപ്പെട്ടു. ഇവര്‍ പ്രകടനക്കാരെ അക്രമിക്കുന്നത് സര്‍ക്കാരിനെ പഴിക്കാനാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഗള്‍ഫ് സഹകരണ കൗണ്‍സിലിന്റെ സമാധാന നിര്‍ദ്ദേശങ്ങള്‍ പാലിക്കാന്‍ താന്‍ തയ്യാറാണെന്നറിയിച്ച പ്രസിഡന്റ് അതിന് താമസം വരുത്തുന്നതിന് പ്രതിപക്ഷത്തെ അപലപിച്ചു. അടുത്ത ഏതാനും മണിക്കൂറുകള്‍ക്കുള്ളിലോ ദിവസങ്ങള്‍ക്കുള്ളിലോ തങ്ങള്‍ കരാര്‍ ഒപ്പുവെക്കാന്‍ തയ്യാറാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കരാര്‍ ഒപ്പിടുന്നത് നീട്ടിവെക്കാനോ രാജ്യത്ത് പ്രതിസന്ധി തുടരുന്നത് അനുവദിക്കാനോ തങ്ങള്‍ ഇഷ്ടപ്പെടുന്നില്ല. അധികാര കൈമാറ്റം എപ്പോഴായാലും നടക്കും അദ്ദേഹം തുടര്‍ന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: