Categories: India

2ജി സ്പെക്ട്രം : അന്വേഷണം തീരും‌ വരെ വിചാരണ ബഹിഷ്‌കരിക്കുമെന്ന് രാജ

Published by

ന്യൂദല്‍ഹി: 2 ജി സ്‌പെക്ട്രം കേസില്‍ സി.ബി.ഐ കേസന്വേഷണം പൂര്‍ത്തിയാക്കുന്നത് വരെ വിചാരണ ബഹിഷ്‌കരിക്കുമെന്ന് മുന്‍ ടെലികോം മന്ത്രി എ.രാജ പ്രത്യേക സി.ബി.ഐ. കോടതിയെ അറിയിച്ചു. കഴിഞ്ഞയാഴ്ച വഞ്ചനക്കുറ്റമടക്കമുള്ള ക്രിമിനല്‍ കേസുകള്‍ ചുമത്താന്‍ സി.ബി.ഐ ആവശ്യപ്പെട്ടിരുന്നു.

ഇന്ന് കേസില്‍ തുടര്‍വാദം നടന്നപ്പോഴാണ് രാജയുടെ തീരുമാനം അഭിഭാഷകന്‍ കോടതിയെ അറിയിച്ചത്. 409 വകുപ്പ് പ്രകാരം സര്‍ക്കാര്‍ പദവിയിലിരുന്ന് വഞ്ചിച്ചെന്ന കേസില്‍ ജീവപര്യന്തം തടവു വരെ ലഭിച്ചേക്കാം. ഇതിനെയാണ് രാജ ഇന്ന് എതിര്‍ത്തത്. അന്വഷണം പൂര്‍ത്തിയാക്കിയ ശേഷമേ പുതിയ കേസുകള്‍ ചുമത്താനാകൂവെന്ന് രാജയുടെ അഭിഭാഷകന്‍ സുപ്രീംകോടതിയെ അറിയിച്ചു. ഇക്കാര്യം വ്യക്തമാക്കി വിചാരണക്കോടതിയില്‍ സി.ബി.ഐ സത്യവാങ്മൂലം നല്‍കണമെന്നും അഭിഭാഷകന്‍ ആവശ്യപ്പെട്ടു.

രാജയ്‌ക്കുപുറമെ അദ്ദേഹത്തിന്റെ മുന്‍ പ്രൈവറ്റ് സെക്രട്ടറി ആര്‍.കെ ചന്ദോലിയ, മുന്‍ ടെലികോം സെക്രട്ടറി സിദ്ധാര്‍ഥ ബെഹുറ എന്നിവര്‍ക്കെതിരെയും 409 വകുപ്പുപ്രകാരം വിശ്വാസവഞ്ചനക്കുറ്റം ചുമത്തണമെന്ന് സി.ബി.ഐക്കുവേണ്ടി ഹാജരായ സ്‌പെഷല്‍ പബ്ലിക് പ്രോസിക്യുട്ടര്‍ യു.യു ലളിത് ആവശ്യപ്പെട്ടിട്ടുണ്ട്.

കേസ് ഇനി ഒക്ടോബര്‍ ഏഴിന് വീണ്ടും പരിഗണിക്കും.

Share
പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by