Categories: Ernakulam

കെഎസ്‌ഇബി സബ്സ്റ്റേഷനുവേണ്ടി ഭൂമി ഏറ്റെടുത്തതില്‍ ക്രമക്കേട്‌

Published by

മരട്‌: പനങ്ങാട്‌ കെഎസ്‌ഇബി സബ്സ്റ്റേഷന്‍ നിര്‍മാണത്തിനായി ഭൂമി ഏറ്റെടുത്തതില്‍ വ്യാപക ക്രമക്കേട്‌ നടന്നതായി സൂചന. മരട്‌ നഗരസഭയുടെയും കുമ്പളം പഞ്ചായത്തിന്റെയും അതിര്‍ത്തിയില്‍ നിര്‍മിക്കുന്ന 110 കെവി സബ്സ്റ്റേഷനുവേണ്ടി 159 സെന്റ്‌ ഭൂമി ഏറ്റെടുത്തതുമായി ബന്ധപ്പെട്ടാണ്‌ ആരോപണമുയര്‍ന്നിരിക്കുന്നത്‌. കുമ്പളം പഞ്ചായത്തിലേയും സമീപത്തെ ഒട്ടേറെ പ്രദേശങ്ങളിലെയും വോള്‍ട്ടേജ്‌ ക്ഷാമം ഉള്‍പ്പെടെയുള്ള വൈദ്യുതി പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനായി കോടികള്‍ മുടക്കിയുള്ള സബ്സ്റ്റേഷന്‍ നിര്‍മാണം ഇപ്പോള്‍ അന്തിമഘട്ടത്തിലാണ്‌. ഇതുമായി ബന്ധപ്പെട്ട ഭൂമി ഏറ്റെടുക്കലിലാണ്‌ ക്രമക്കേടും ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടുന്ന അഴിമതിയും നടന്നതായി സൂചനകള്‍ പുറത്തുവന്നിരിക്കുന്നത്‌.

ഭൂമി ഏറ്റെടുത്തതുമായി ബന്ധപ്പെട്ട്‌ തിരിമറി നടന്നതായി സൂചിപ്പിച്ചുകൊണ്ട്‌ പ്രദേശവാസിയായ ഒരാള്‍ മുഖ്യമന്ത്രിയുടെ സുതാര്യകേരളം പദ്ധതിയിലേക്ക്‌ പരാതി അയച്ചതോടെ ആരംഭിച്ച അന്വേഷണ നടപടികളാണ്‌ ഭൂമി ഇടപാടില്‍ ക്രമക്കേടുണ്ടെന്ന കണ്ടെത്തലില്‍ എത്തിച്ചേര്‍ന്നിരിക്കുന്നത്‌. സബ്സ്റ്റേഷനുവേണ്ടി കെഎസ്‌ഇബി വാങ്ങിയ 1.59 ഏക്കര്‍ ഭൂമിയില്‍ പുറമ്പോക്ക്‌ തോട്‌ കയ്യേറി നികത്തിയ 30 സെന്റോളം ഭൂമി ഉള്‍പ്പെട്ടതായും സ്ഥലം ഏറ്റെടുത്തതിന്‌ പിന്നില്‍ ചില തല്‍പ്പര കക്ഷികളുടെ സഹായത്തോടെ ക്രമക്കേടുകള്‍ നടന്നതായുമാണ്‌ മുഖ്യമന്ത്രിക്ക്‌ ലഭിച്ച പരാതിയിലെ സൂചനകള്‍. ഇതേത്തുടര്‍ന്ന്‌ എറണാകുളം ജില്ലാ കളക്ടര്‍ക്ക്‌ ലഭിച്ച നിര്‍ദേശപ്രകാരം ഭൂമി അളന്ന്‌ തിട്ടപ്പെടുത്താന്‍ മരട്‌ വില്ലേജ്‌ ഓഫീസര്‍ക്ക്‌ അറിയിപ്പ്‌ നല്‍കുകയായിരുന്നു.

ഇതേത്തുടര്‍ന്ന്‌ മരട്‌ വില്ലേജ്‌ ഓഫീസര്‍ ഭൂമി അളന്ന്‌ പരിശോധിച്ചപ്പോള്‍ സമീപത്തെ 15.7 മീറ്റര്‍ വീതിയുണ്ടായിരുന്ന ചുള്ളിത്തോട്‌ അനധികൃതമായി കയ്യേറിയ ഭൂമിയും വൈദ്യുതിബോര്‍ഡിന്റെ 1.59 ഏക്കറില്‍ ഉള്‍പ്പെട്ടതായി കണ്ടെത്തുകയായിരുന്നു. ഇക്കാര്യം രേഖപ്പെടുത്തിക്കൊണ്ട്‌ ഭൂമിയുടെ സ്കെച്ച്‌ സഹിതം വിശദമായ റിപ്പോര്‍ട്ട്‌ കഴിഞ്ഞ 15 ന്‌ മരട്‌ നഗരസഭാ സെക്രട്ടറിക്കും കണയന്നൂര്‍ താലൂക്ക്‌ ഓഫീസര്‍ക്കും വില്ലേജ്‌ ഓഫീസര്‍ക്കും അയച്ചുകൊടുത്തതായി രേഖകള്‍ പുറത്തുവന്നിട്ടുണ്ട്‌. തോടിന്റെ കയ്യേറ്റം ഒഴിപ്പിക്കുന്നതിനായി 2006 ല്‍ ഹൈക്കോടതി പുറപ്പെടുവിച്ച ഒരു ഉത്തരവിന്റെ പകര്‍പ്പും ഇതോടൊപ്പം ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നാണ്‌ ലഭ്യമായ വിവരം.

കോടതി ഉത്തരവിനെത്തുടര്‍ന്ന്‌ 2006 ല്‍ ഭൂമി അളന്ന്‌ തിട്ടപ്പെടുത്തുകയും റിപ്പോര്‍ട്ട്‌ താലൂക്ക്‌ റീസര്‍വെ വിഭാഗത്തിന്‌ നല്‍കുകയും ചെയ്തിരുന്നുവെങ്കിലും പിന്നീട്‌ ഇവ ബന്ധപ്പെട്ട ഓഫീസുകളില്‍നിന്നും കാണാതാവുകയായിരുന്നു. സബ്സ്റ്റേഷന്‍ നിര്‍മാണത്തിനായി പ്രമുഖ ബിസിനസ്‌ ഗ്രൂപ്പായ ‘സിന്തൈറ്റി’ല്‍നിന്നാണ്‌ സെന്റിന്‌ 1.75 ലക്ഷം രൂപ വീതം 1.59 ഏക്കര്‍ ഭൂമി കെഎസ്‌ഇബി വാങ്ങിയതെന്നാണ്‌ രേഖകള്‍. എന്നാല്‍ ഇതില്‍ 30 സെന്റോളം ഭൂമി പുറമ്പോക്ക്‌ കയ്യേറിയതാണെന്നും ഈ കയ്യേറ്റത്തിന്‌ കുമ്പളം വില്ലേജ്‌ ഓഫീസര്‍, പഞ്ചായത്ത്‌ സെക്രട്ടറി, കെഎസ്‌ഇബി ഉദ്യോഗസ്ഥര്‍, താലൂക്ക്‌ റീസര്‍വേ വിഭാഗത്തിലെ ചിലര്‍ എന്നിവര്‍ വ്യാജരേഖകള്‍ ചമച്ചും മറ്റും ഒത്താശ ചെയ്തതായാണ്‌ സൂചന. വില്ലേജ്‌ ഓഫീസറുടെ റിപ്പോര്‍ട്ട്‌ തുടര്‍ നടപടികള്‍ക്കായി ഇപ്പോള്‍ കളക്ടറുടെ പരിഗണനയിലാണെന്നാണ്‌ ലഭ്യമായ വിവരം.

Share
പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by