Categories: Ernakulam

മാതാപിതാക്കളെ അവഗണിക്കല്‍: പരാതികള്‍ വര്‍ദ്ധിക്കുന്നതായി വനിതാ കമ്മീഷന്‍

Published by

കൊച്ചി: ജില്ലയില്‍ വനിതാ കമ്മീഷന്‍ നടത്തിയ മെഗാ അദലത്തില്‍ പരാതികള്‍ വര്‍ദ്ധിക്കുന്നതായി വനിതാ കമ്മിഷന്‍ വിലയിരുത്തി. ഇന്നലെ നടത്തിയ അദാലത്തില്‍ 100 പരാതികളാണ്‌ ലഭിച്ചത്‌. ഇതില്‍ 16 പരാതികളില്‍ തീര്‍പ്പായി. ബാക്കിയുള്ള പരാതികള്‍ അടുത്ത മാസം നടക്കുന്ന അദാലത്തില്‍ പരിഗണിക്കും.

സംസ്ഥാന വനിതാകമ്മീഷന്‍ അംഗം നൂര്‍ബിനാ റഷീദിന്റെ നേതൃത്വത്തിലായിരുന്നു അദാലത്ത്‌. മാതാപിതാക്കളെ അവഗണിച്ച്‌ മാനസികമായും അല്ലാതെയും പീഡിപ്പിക്കുന്നുവെന്ന പരാതികളുടെ എണ്ണം വര്‍ദ്ധിക്കുന്നതായി വനിതാകമ്മീഷന്‍ വിലയിരുത്തി. ഒറ്റക്ക്‌ താമസിക്കുന്ന സ്ത്രീകള്‍ക്കെതിരെ അയല്‍വാസികളും മറ്റും നോട്ടത്താലും സംസാരത്താലും പീഡിപ്പിക്കുന്ന കേസുകളില്‍ പോലീസ്‌ കൂടുതല്‍ ശ്രദ്ധ പുലര്‍ത്താത്തത്‌ അത്തരം കേസുകളുടെ എണ്ണത്തില്‍ വര്‍ദ്ധനയുണ്ടാക്കുന്നുണ്ട്‌.കുടുംബ ബന്ധങ്ങളില്‍ വിള്ളലുണ്ടാകുന്നത്‌ സ്ഥിരം കാഴ്ചയായി മാറുന്നു. ഭാര്യ ഭര്‍തൃ ബന്ധങ്ങളിലെ പ്രശ്നങ്ങള്‍ക്ക്‌ പുറമെ സഹോദരങ്ങള്‍ക്കിടയിലുള്ള പ്രശ്നങ്ങളുടെ എണ്ണവും വര്‍ദ്ധിച്ചു വരുന്നു. പോലീസില്‍ നിന്ന്‌ നീതി ലഭിക്കുന്നില്ല. പരാതികളിന്‍മേലുള്ള നടപടികള്‍ മനപ്പൂര്‍വ്വം പോലീസുകാര്‍ വൈകിപ്പിക്കുന്നു. പരാതികളില്‍ കാര്യമായ ഇടപെടലുകള്‍ നടത്തുന്നില്ല എന്നിവയാണ്‌ പരാതിയില്‍ ഏറെയും. ജോലി സ്ഥലങ്ങളില്‍ പീഡിപ്പിക്കുന്ന അനുഭവം ജില്ലയില്‍ വര്‍ദ്ധിച്ചുവരുന്നതായും ഇതിനെതിരെ ശക്തമായ ഇടപെടല്‍ നടത്തുമെന്നും വനിതാ കമ്മീഷന്‍ നൂറുബിന റഷീദ്‌ പറഞ്ഞു.

ഇതിന്റെ ഭാഗമായി ബ്ലോക്ക്‌ തലത്തില്‍ സെമിനാറുകള്‍ സംഘടിപ്പിക്കും. തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളില്‍ ജാഗ്രതാ സമിതികള്‍ രൂപീകരിക്കും. ജാഗ്രതാ സമിതി ശാക്തീകരണത്തിന്റെ ഭാഗമായി വിവിധ പദ്ധതികള്‍ നടപ്പാക്കുമെന്നും അവര്‍ പറഞ്ഞു. അദാലത്തില്‍ ഹൈക്കോടതി അഭിഭാഷകരായ പി.ആര്‍ ഷാജി, പി.എ.റസിയ, ഷിമ്മി സാദിഖ്‌, ഷെറി എന്നിവരും പങ്കെടുത്തു.

Share
പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by