എന്തുചെയ്തും അധികാരത്തില്‍ തുടരാനുള്ള പ്രധാനമന്ത്രി മന്‍മോഹന്‍സിംഗിന്റെയും കേന്ദ്രമന്ത്രിമാരുടെയും കോണ്‍ഗ്രസ് നേതാക്കളുടെയും വൃത്തികെട്ട നീക്കങ്ങളാണ് കഴിഞ്ഞ ഒരാഴ്ചയിലേറെയായി ദല്‍ഹിയില്‍ അരങ്ങേറിയത്. 2 ജി അഴിമതി വിവാദം അടഞ്ഞ അധ്യായമാണെന്ന് പറഞ്ഞുകൊണ്ട് ധനകാര്യമന്ത്രി പ്രണബ്കുമാര്‍ മുഖര്‍ജി ഇന്നലെ രംഗത്തുവന്നതോടെ അഴിമതിയുടെ കാര്യത്തില്‍ എന്ത് വിട്ടുവീഴ്ചയും ചെയ്ത് അധികാരം നുണയാനുള്ള ഇക്കൂട്ടരുടെ ആര്‍ത്തിയാണ് പ്രകടമായത്. ഏഴ് വര്‍ഷക്കാലം നീളുന്ന യുപിഎ ഭരണത്തെ അഴിമതിയുടെ കുംഭമേളയായി മാറ്റിയിരിക്കുന്ന കോണ്‍ഗ്രസ് പക്ഷെ, ജനങ്ങളുടെ കണ്ണില്‍ കുറ്റവാളികളുടെ കൂടാരമായി മാറിയിരിക്കുകയാണ്. മുഖര്‍ജിയുടെ പ്രസ്താവനകൊണ്ടൊന്നും മൂടിവെക്കാവുന്നതല്ല ഈ അവസ്ഥ. സ്വന്തം വാക്കുകളെ ഉപ്പുതൊടാതെ വിഴുങ്ങിയ മുഖര്‍ജി ജനങ്ങളുടെ മുമ്പില്‍ പരിഹാസ്യനായിരിക്കുകയാണ്. 2 ജി അഴിമതിയില്‍ ആഭ്യന്തരമന്ത്രി ചിദംബരത്തിെന്റ പങ്ക് കൃത്യമായി ചൂണ്ടിക്കാട്ടി മുഖര്‍ജി പ്രധാനമന്ത്രിയുടെ ഓഫീസിന് കത്തയച്ചതാണ്. 2008 ല്‍ ധനമന്ത്രിയായിരുന്ന ചിദംബരം മനസ്സുവെച്ചിരുന്നെങ്കില്‍ 1.76 ലക്ഷം കോടിയുടെ അഴിമതി നടക്കില്ലായിരുന്നുവെന്നാണ് കത്തില്‍ മുഖര്‍ജി വ്യക്തമാക്കിയിരുന്നത്. കത്ത് വിവാദമായതോടെ തന്റെ നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണ് മുഖര്‍ജി ചെയ്തത്. എന്നുമാത്രമല്ല ചിദംബരത്തിന്റെ പങ്ക് വ്യക്തമാക്കുന്ന കത്ത് തന്റെ വകുപ്പിന്റെ മാത്രം സൃഷ്ടിയല്ലെന്നും ധനമന്ത്രാലയം, ടെലികോം മന്ത്രാലയം, നിയമമന്ത്രാലയം, പ്രധാനമന്ത്രിയുടെ കാര്യാലയം എന്നിവയിലെ ഉദ്യോഗസ്ഥര്യോഗംചേര്ന്ന് തീരുമാനിച്ചതനുസരിച്ചാണ് കത്ത് തയ്യാറാക്കിയതെന്നും വ്യക്തമാക്കി പ്രധാനമന്ത്രിക്ക് രണ്ടാമതും മുഖര്‍ജി കത്തയക്കുകയുണ്ടായി.
ചിദംബരത്തെ വീണ്ടും പ്രതിക്കൂട്ടിലാക്കുക മാത്രമല്ല പ്രധാനമന്ത്രി മന്മോഹന്സിംഗിനെയും വെട്ടിലാക്കുന്ന നിലപാടാണ് മുഖര്‍ജി ഇതിലൂടെ സ്വീകരിച്ചത്. കത്ത് തയ്യാറാക്കുന്നത് സംബന്ധിച്ച് പ്രധാനമന്ത്രിയുടെ ഓഫീസിനും അറിവുണ്ടെന്ന് പറഞ്ഞതോടെ 2 ജി അഴിമതി സംബന്ധിച്ച് പ്രധാനമന്ത്രി മന്‍മോഹന്‍സിംഗ് ചിദംബരത്തെ രക്ഷിക്കാന്‍ സ്വീകരിച്ച തന്ത്രങ്ങള്‍ തുറന്നുകാട്ടപ്പെടുകയുണ്ടായി. ചിദംബരത്തിന് എതിരായ ആരോപണം അക്കമിട്ട് നിരത്തുന്ന മുഖര്‍ജിയുടെ കത്ത് ഡോ. സുബ്രഹ്മണ്യന്‍സ്വാമിയാണ് സുപ്രീംകോടതിയില്‍ ഹാജരാക്കിയത്. പ്രധാനമന്ത്രിയുടെ ഓഫീസില്‍നിന്ന് വിവരാവകാശനിയമപ്രകാരം ലഭിച്ചതായിരുന്നു ഈ കത്ത്. കത്ത് ചോര്‍ത്തിയത് താനല്ലെന്നും പ്രധാനമന്ത്രിയുടെ ഓഫീസാണെന്നും വ്യക്തമാക്കിയ മുഖര്‍ജി ഇക്കാര്യത്തില്‍ താന്‍ കടമ നിര്‍വഹിക്കുക മാത്രമാണ് ചെയ്തതെന്ന് പറയുകയായിരുന്നു. എന്നിട്ടും 24 മണിക്കൂറിനകം തന്റെതന്നെ നിലപാടിനെ തെറ്റായി വ്യാഖ്യാനിച്ചും ന്യായീകരിച്ചും പ്രധാനമന്ത്രിയെയും മന്ത്രി ചിദംബരത്തെയും സര്‍ക്കാരിനെയും സംരക്ഷിക്കുന്ന അവസരവാദപരമായ നിലപാടിലേക്ക് അധഃപതിക്കുകയാണ് മുഖര്‍ജി ചെയ്തത്. സര്‍ക്കാരിന് നേതൃത്വം കൊടുക്കുന്ന യുപിഎയും സര്‍ക്കാരുതന്നെയും പ്രതിസന്ധിയിലകപ്പെടുമ്പോള്‍ ട്രബിള്‍ഷൂട്ടറായി പ്രത്യക്ഷപ്പെടാറുള്ള ധനമന്ത്രി ഒരിക്കല്‍ക്കൂടി തകര്‍ച്ചയുടെ വക്കില്‍നിന്ന് സര്‍ക്കാരിനെ രക്ഷിച്ചിരിക്കുകയാണ്. അത് പക്ഷെ അഴിമതിയെ ന്യായീകരിച്ചും അതില്‍ പങ്കുള്ളവരെ വെള്ളപൂശിയുമാണെന്ന് മാത്രം.
വിവാദകത്ത് പുറത്തുവന്നതോടെ മന്ത്രി ചിദംബരത്തിന്പിന്നില് പ്രധാനമന്ത്രി മന്‍മോഹന്‍സിംഗും കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗാന്ധിയും ഉള്‍പ്പെടെയുള്ള കോണ്‍ഗ്രസ് നേതാക്കള്‍ ഒറ്റക്കെട്ടായി അണിനിരക്കുകയാണുണ്ടായത്. 2 ജി കേസില്‍ പ്രതിയായി ജയിലില്‍ കഴിയുന്ന മുന്‍മന്ത്രി എ. രാജ ഒടുവില്‍ ആവശ്യപ്പെട്ടിരിക്കുന്നത് സ്പെക്ട്രം ഇടപാട് സംബന്ധിച്ച് പ്രധാനമന്ത്രി മന്മോഹന്സിംഗിനെയും മന്ത്രി ചിദംബരത്തെയും സാക്ഷികളാക്കി വിസ്തരിക്കണമെന്നാണ്. രാജയുടെ ചുമലില്‍ കുറ്റം മുഴുവന്‍ അടിച്ചേല്‍പ്പിച്ച് രക്ഷപ്പെടുക എന്ന തന്ത്രമാണ് ഇതുവരെ കോണ്‍ഗ്രസ് നേതാക്കള്‍ പയറ്റിയത്. പൂര്‍ണമായും കുടുങ്ങുമെന്നായപ്പോള്‍ രാജ തന്നെ ഈ തന്ത്രം പൊളിച്ചിരിക്കുകയാണ്. പുറത്തുവന്ന വിവരമനുസരിച്ച് മന്ത്രി ചിദംബരവും കേസില്‍ പ്രതിയാകേണ്ടതാണ്. അങ്ങനെ വന്നാല്‍ അഴിമതി സംബന്ധിച്ച് എന്തൊക്കെ വിവരങ്ങളാകും പുറത്തുവരിക എന്ന് പ്രധാനമന്ത്രിക്കും കോണ്‍ഗ്രസ് നേതാക്കള്‍ക്കും വ്യക്തമായി അറിയാം. 2 ജി ഇടപാടില്‍ 1.76 ലക്ഷം കോടി രൂപ ഖജനാവിന് നഷ്ടം വന്നിട്ടുണ്ടെന്ന് കണ്ടെത്തിയത് ഭരണഘടനാ സ്ഥാപനമായ സിഎജിയാണ്. സങ്കല്പാതീതമായ ഇൗ തുക മുഴുവനും രാജയും കനിമൊഴിയും ചേര്‍ന്ന് വീതിച്ചെടുത്തു എന്ന് സാമാന്യബുദ്ധിയുള്ള ആരുംതന്നെ കരുതില്ല. പണം പോയ വഴികള്‍ വേറെയാണ്. സോണിയാഗാന്ധിയുടെ സഹോദരിമാര്‍ 2 ജി അഴിമതിയില്‍നിന്ന് ലഭിച്ച പണത്തിന്റെ പങ്ക് പറ്റയിട്ടുണ്ടെന്ന് സുബ്രഹ്മണ്യന്സ്വാമിതന്നെ വളരെ മുമ്പേ ആരോപിച്ചിട്ടുള്ളതാണ്. ഈ തുക യുദ്ധകാലാടിസ്ഥനത്തില്‍ രാജ്യത്തിന് പുറത്തേക്ക് ഒഴുകിയതായാണ് അറിയുന്നത്.
ചിദംബരം അകത്തായാല്‍ ഇതുസംബന്ധിച്ച് മൂടിവെക്കപ്പെട്ട രഹസ്യങ്ങള്‍ ഒന്നൊന്നായി പുറത്തുവരുമെന്നുറപ്പാണ്. ഇക്കാരണത്താലാണ് മന്ത്രിസഭയിലെ രണ്ടാമനായി കരുതപ്പെടുന്ന പ്രണബ് മുഖര്‍ജിതന്നെ ചിദംബരത്തിന്റെ പങ്ക് വെളിപ്പെടുത്തിയിട്ടും അദ്ദേഹം രാജിവെക്കാതിരിക്കാന്‍ കാരണം. തന്നെ രക്ഷിക്കാന്‍ കോണ്‍ഗ്രസ് നേതൃത്വം ബാധ്യസ്ഥമാണെന്ന് ചിദംബരത്തിന് നന്നായറിയാം. കോണ്‍ഗ്രസ് നേതാക്കള്‍ ചിദംബരത്തിന് പിന്നില്‍ അണിനിരക്കണമെന്ന് പാര്‍ട്ടി അധ്യക്ഷ സോണിയാഗാന്ധിയും ചിദംബരം രാജിവെക്കുന്ന പ്രശ്നമില്ലെന്നും കോണ്‍ഗ്രസ് നേതാക്കളും ചിദംബരത്തില്‍ പൂര്‍ണവിശ്വാസമാണ് തനിക്കെന്ന് പ്രധാനമന്ത്രി മന്‍മോഹന്‍സിംഗും ആവര്‍ത്തിച്ച് വ്യക്തമാക്കിയതിന്റെ രഹസ്യമിതാണ്. ചിദംബരത്തിനെതിരായ പുതിയ വെളിപ്പെടുത്തലോടെ മുഖം നഷ്ടമായിരിക്കുന്നത് പ്രധാനമന്ത്രി മന്മോഹന്സിംഗിനുതന്നെയാണ്. പ്രതിപക്ഷത്തിന്റെ ഇതുസംബന്ധിച്ച ആരോപണങ്ങള്‍ക്കൊന്നും മറുപടി പറയാനാവാതെ പ്രശ്നത്തില്‍നിന്ന് ജനശ്രദ്ധ തിരിച്ചുവിടാന്‍ ബാലിശമായ വാദഗതികള്‍ നിരത്തുകയാണ് മന്‍മോഹന്‍സിംഗ് ചെയ്യുന്നത്. തെരഞ്ഞെടുപ്പ് നേരത്തെയാക്കാനും സര്‍ക്കാരിനെ താഴെയിറക്കാനുമാണ് പ്രതിപക്ഷം ശ്രമിക്കുന്നതെന്ന മന്‍മോഹന്‍സിംഗിന്റെ ആരോപണം ഇതിന്റെ ഭാഗമാണ്. ജീവിതത്തിലൊരിക്കലും ഒരു തെരഞ്ഞെടുപ്പില്‍ പോലും മത്സരിക്കാന്‍ ധൈര്യം കാണിക്കാത്ത ഭരണാധികാരിയാണ് ഇങ്ങനെ പറയുന്നത്. അഴിമതിക്കാരെന്ന് ഗുരുതരമായ ആരോപണമുയര്‍ന്ന ചിദംബരത്തെ എങ്ങനെയൊക്കെ രക്ഷിക്കാന്‍ മന്‍മോഹന്‍സിംഗും കൂട്ടരും ശ്രമിച്ചാലും ഇതുസംബന്ധിച്ച രേഖകള്‍ പരമോന്നത നീതിപീഠത്തിന്റെ പരിഗണനയിലാണ്. നിയമവും നീതിപീഠവുമാണ്, കോണ്‍ഗ്രസ് നേതാക്കളുടെ ഒത്തുതീര്‍പ്പുകളല്ല മന്ത്രി ചിദംബരം അഴിമതിക്കാരനാണോ അല്ലയോ എന്ന് തീരുമാനിക്കുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: